ഡോ. അച്ചാരുപറമ്പില്‍ കാലം ചെയ്തു

Imageസംസ്കാര ശുശ്രൂഷ നാളെ മൂന്നരയ്ക്ക്‌

കൊച്ചി: കെ.സി.ബി.സി അധ്യക്ഷനും, വരാപ്പുഴ ആര്‍ച്ച്ബിഷപ്പുമായ ഡോ. ഡാനിയല്‍ അച്ചാരുപറമ്പില്‍ കാലം ചെയ്തു. ഇന്നലെ രാവിലെ എറണാകുളം ലൂര്‍ദ്ദ്‌ ആശുപത്രിയിലായിരുന്നു അന്ത്യം.

രണ്ടുദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. സംസ്കാരശുശ്രൂഷകള്‍ സമ്പൂര്‍ണ സഭാബഹുമതികളോടെ നാളെ ഉച്ചകഴിഞ്ഞ്‌ 3.30-ന്‌ എറണാകുളം സെന്റ്‌ ആല്‍ബട്സ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന്‌ തുടങ്ങും. ലൂര്‍ദ്ദ്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ഇന്നുരാവിലെ സെന്റ്‌ ഫ്രാന്‍സിസ്‌ അസ്സീസി കത്തീഡ്രലില്‍ എത്തിച്ച്‌ 9.00 മണി മുതല്‍ പൊതുദര്‍ശനത്തിന്‌ വെക്കും. രാവിലെ 10.00 മണിക്ക്‌ അതിരൂപത അഡ്മിനിസ്ട്രേറ്ററും സഹായമെത്രാനുമായ ബിഷപ്പ്‌ ജോസഫ്‌ കാരിക്കശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി ആംഭിക്കും. ഇന്നുമുഴുവനും കത്തീഡ്രല്‍ ദേവാലയത്തില്‍ പൊതുജനങ്ങള്‍ക്ക്‌ അന്തിമോപചാരം അര്‍പ്പിക്കുവാന്‍ അവസരമുണ്ടാകുമെന്ന്‌ കെ സി ബി സി വക്താവ്‌ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ അറിയിച്ചു.


നാളെ രാവിലെ ഏഴിന്‌ ഭൗതികശരീരം സെന്റ്‌ ആല്‍ബട്സ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലെ പ്രത്യേക വേദിയിലേക്ക്‌ മാറ്റും. ഉച്ചകഴിഞ്ഞ്‌ 3.30ന്‌ കബറടക്ക ശുശ്രൂഷകള്‍ ആരംഭിക്കും. ബോംബെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ്‌ ഗ്രേഷ്യസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ശുശ്രൂഷകളില്‍ വത്തിക്കാന്‍ സ്ഥാനപതി പെദ്രോ ലോപ്പസ്‌ ക്വിന്താന, സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനും സി.ബി.സി.ഐ. പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, മലങ്കര കത്തോലിക്കാസഭയുടെ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാബാവ എന്നിവരടക്കം അന്‍പതോളം മെത്രാന്മാര്‍ സഹകാര്‍മ്മികരായിരിക്കും. തിരുവനന്തപുരം മെത്രാപ്പോലീത്ത ഡോ. സൂസപാക്യം അനുസ്മരണ പ്രഭാഷണം നടത്തും.


അന്തിമോപചാര തിരുക്കര്‍മ്മങ്ങള്‍ക്ക്‌ ശേഷം എറണാകുളം പട്ടണവീഥിയിലൂടെ നഗരി കാണിക്കല്‍ പ്രദക്ഷിണം ആരംഭിക്കും. വിലാപയാത്രയില്‍ വരാപ്പുഴ അതിരൂപതയിലെ നൂറ്റിഅമ്പതോളം ഇടവകകളില്‍ നിന്നുള്ള ദര്‍ശനസമൂഹാംഗങ്ങള്‍ സ്ഥാനവസ്ത്രങ്ങളണിഞ്ഞ്‌ കുരിശും വഹിച്ച്‌ പങ്കെടുക്കും. സെന്റ്‌ ഫ്രാന്‍സിസ്‌ അസ്സീസി കത്തീഡ്രലില്‍ എത്തിച്ചേരുന്ന പ്രദക്ഷിണത്തെ തുടര്‍ന്ന്‌ കത്തീഡ്രല്‍ ദേവാലയത്തിലെ അള്‍ത്താരയ്ക്ക്‌ സമീപം പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കല്ലറയില്‍ ഭൗതികശരീരം സംസ്കരിക്കും. കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി, കെ.പി.സി.സി പ്രസിഡണ്ട്‌ രമേശ്‌ ചെന്നിത്തല, കേന്ദ്രമന്ത്രി കെ.വി. തോമസ്‌, ചാള്‍സ്‌ ഡയസ്‌ എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബെന്നി ബഹനാന്‍,എന്‍.എസ്‌.യു അഖിലേന്ത്യാ പ്രസിഡണ്ട്‌ ഹൈബി ഈഡന്‍, യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി ഡൊമിനിക്‌ പ്രസന്റേഷന്‍, കെ. ബാബു എം.എല്‍.എ., ഡി.സി.സി പ്രസിഡണ്ട്‌ വി.ജെ. പൗലോസ്‌ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
1996 ആഗസ്റ്റ്‌ അഞ്ചിനാണ്‌ വരാപ്പുഴ ആര്‍ച്ച്ബിഷപ്പായി ഡോ. അച്ചാരുപറമ്പില്‍ അഭിഷിക്തനായത്‌.

 

1939 ല്‍ കോട്ടപ്പുറം രൂപതയില്‍പെട്ട പള്ളിപ്പുറം മഞ്ഞുമാതാ ഇടവയില്‍ അച്ചാരുപറമ്പില്‍ റോക്കിയുടെയും മോനിക്കയുടെയും പുത്രനായി ജനിച്ചു. രാമവര്‍മ്മ യൂണിയന്‍ ഹൈസ്കൂള്‍, സെന്റ്‌ ആല്‍ബര്‍ട്സ്‌ കോളേജ്‌, ബനാറസ്‌ ഹിന്ദു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു ഉന്നത വിദ്യാഭ്യാസം.കര്‍മ്മലഗിരി സെന്റ്‌ ജോസഫ്‌ പൊന്തിഫിക്കല്‍ സെമിനാരി, മംഗലപ്പുഴ സെന്റ്‌ ജോസഫ്‌ പൊന്തിഫിക്കല്‍ സെമിനാരി എന്നിവിടങ്ങളിലായിരുന്നു വൈദിക പഠനം. പൂന പേപ്പല്‍ സെമിനാരിയില്‍നിന്നും തത്വശാസ്ത്രത്തില്‍ 'ലൈസന്‍ഷ്യേറ്റ്‌' നേടി. റോമിലെ സെന്റ്‌ തോമസ്‌ അക്വിനാസ്‌ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍നിന്നും ശ്രീ അരബിന്ദോവിനെക്കുറിച്ചുള്ള തിസീസില്‍ ഡോക്ടറേറ്റ്‌ നേടി.റോമിലെ ഊര്‍ബന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍, ലാറ്ററന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാല പ്രൊഫസര്‍, തെരേസിയന്‍ പൊന്തിഫിക്കല്‍ ദൈവശാസ്ത്ര കോളേജ്‌ പ്രൊഫസര്‍, കളമശ്ശേരി ജ്യോതിര്‍ഭവനില്‍ വിസിറ്റിംഗ്‌ പ്രൊഫസര്‍ എന്നീനിലകളില്‍ അദ്ദേഹം വ്യക്തിമുദ്രപതിപ്പിച്ചു.


1996 നവംബര്‍ ആറിന്‌ ആര്‍ച്ച്ബിഷപ്പ്‌ ഡോ. കൊര്‍ണേലിയസ്‌ ഇലഞ്ഞിക്കലിന്റെ പിന്‍ഗാമിയായാണ്‌ ഡോ. അച്ചാരുപറമ്പില്‍ വരാപ്പുഴ അതിരൂപതയുടെ സാരഥ്യം ഏററ്റത്‌. 1997- മുതല്‍ മരണം വരെ കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക്‌ കൗണ്‍സില്‍ പ്രസിഡന്റായിരുന്നു. 98-2001 വരെയും 2007 മുതലും കെ.സി.ബി.സി അദ്ധ്യക്ഷനായിരുന്നു. 2008 ഒക്ടോബര്‍ 24 മുതല്‍ 2009 മെയ്‌ 8 വരെ കൊച്ചി രൂപത അപ്പസ്തോലിക്‌ അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചു. 1986-1988 കാലഘട്ടത്തില്‍ ഊര്‍ബന്‍ യൂണിവേഴ്സിറ്റി മിസിയോളജി വിഭാഗം ഡീനായിരുന്നു. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്റര്‍- റിലീജ്യസ്‌ ഡയലോഗ്‌ കണ്‍സള്‍ട്ടന്റായി 1990 മുതല്‍ 1995 വരെയും കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഇവാഞ്ചലൈസേഷന്‍ കണ്‍സള്‍ട്ടര്‍ ആയി 1991- മുതല്‍ 1996 വരെയും സേവനമനുഷ്ഠിച്ചു.ദി ഡസ്റ്റിനി ഓഫ്‌ മാന്‍ ഇന്‍ ദ എവല്യൂഷണറി തോട്ട്‌ ഓഫ്‌ ശ്രീ അരബിന്ദൊ, ഹൈന്ദവമതവും ജീവിതവും ദര്‍ശനങ്ങളും ഹൈന്ദവ മതം- സനാതന സത്യത്തിന്റെ നിത്യാന്വേഷണം, ഹൈന്ദവ മിസ്റ്റിസിസവും അധ്യാത്മികതയും എന്നിവയാണ്‌ പ്രധാന ഗ്രന്ഥങ്ങള്‍.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls