|
അടൂര്‍: മലയാള സിനിമയില്‍ അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച അടൂര്‍ഭവാനി അന്തരിച്ചു. സംസ്ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍.
അടൂര്‍ പന്നിവിഴയിലെ രാജീവ് ഭവനില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. അസ്ഥി ദ്രവിക്കുന്ന രോഗത്തെതുടര്‍ന്ന് വര്‍ഷങ്ങളായി അവശനിലയിലായിരുന്നു. 'ശരിയോ തെറ്റോ' എന്ന സിനിമയിലൂടെയാണ് അടൂര്‍ ഭവാനി സിനിമ രംഗത്ത് എത്തുന്നത്. അവസാനമായി അഭിനയിച്ച സിനിമ സേതുരാമയ്യര്‍ സി.ബി.ഐ ആണ്. അഞ്ഞൂറില്‍പരം സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ച ഭവാനിക്ക് ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പരേതനായ ജനാര്‍ദ്ദനന്‍ പിള്ളയാണ് ഭര്‍ത്താവ്. ഏകമകന്‍ രാജീവ്, മരുമക്കള്‍ കവിത.മൃതദേഹം ഇന്നുരാവിലെ പത്തുമണിക്ക് അടൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ടൗണ്‍ചുറ്റി വീട്ടിലെത്തിച്ചശേഷം സംസ്കാരം നടത്തും. സിനിമ-നാടകലോകത്തെയും രാഷ്ട്രീയ സാമൂഹ്യരംഗത്തെയും പ്രമുഖര്‍ അന്ത്യോമചാരമര്‍പ്പിച്ചു. അടൂര്‍ ഭവാനിയുടെ നിര്യാണത്തില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, വീക്ഷണം മാനേജിങ് ഡയറക്ടര്‍ ബെന്നി ബെഹന്നാന്‍, എ.ഐ.സി.സി കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ.പി.ജെ കുര്യന്‍ എം.പി,ആന്റോആന്റണി എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അടൂര്‍ പ്രകാശ് എം.എല്‍.എ, ഡി.സി.സി. പ്രസിഡന്റ് പി.മോഹന്‍രാജ്, യു.ഡി.എഫ് ജില്ലാകണ്‍വീനര്‍ അഡ്വ.പീലിപ്പോസ് തോമസ് എന്നിവര്‍ അനുശോചിച്ചു. |