സി പി എം ബ്രാഞ്ച്‌ സെക്രട്ടറിയുടെ വിറക്‌ പുരയിലും വോട്ടര്‍മാര്‍

Imageപി.സജിത്‌ കുമാര്‍

സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറിയുടെ വിറക്‌ പുരയിലും വോട്ടര്‍മാര്‍ ഏറെ. കണ്ണൂര്‍ വോട്ടര്‍പട്ടികയിലെ ക്രമക്കേടിന്റെ വലിയൊരു ഉദാഹരണം എളയാവൂര്‍ പഞ്ചായത്തിലാണ്‌. സി പി എം എളയാവൂര്‍ സൗത്ത്‌ (സി) ബ്രാഞ്ച്‌ സെക്രട്ടറി രാജന്റെ വീട്ടിലാണ്‌ വിറക്‌ പുരയിലടക്കം പല കുടുംബക്കാരെത്തിയത്‌.

എട്ടാം വാര്‍ഡില്‍ 224 വീട്ടുനമ്പറില്‍ ദയരംകണ്ടി എന്നാണ്‌ രാജന്റെ വീട്ടുപേര്‌. രാജന്‌ പുറമേ ഭാര്യയും ഭാര്യാപിതാവും ഭാര്യാസഹോദരനും വോട്ടര്‍മാരായിരുന്ന ഈ വീട്ടില്‍, കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ മകള്‍ രജിഷയും കൂടി വോട്ടറായി. എന്നാല്‍ ഇപ്പോള്‍ ഇതേ വീട്ടുനമ്പറില്‍ രജിഷ നിവാസ്‌ എന്ന പുതിയ വീടും അവിടെ പുതുതായി ഏഴ്‌ വോട്ടര്‍മാരും! രജിഷ നിവാസിലെ വോട്ടര്‍മാര്‍ രജിഷയുടെ കുടുംബക്കാരല്ല. അപ്പയുടെ മകന്‍ കോരമ്പേത്ത്‌ ശശി, ശ്രീധരന്റെ മകന്‍ എം കനകന്‍, ബാലന്റെ മകന്‍ കെ നാരായണന്‍, ആണ്ടിയുടെ മകന്‍ എന്‍ കെ പ്രദീപന്‍, കൃഷ്ണന്റെ മകന്‍ സി രജീഷ്‌, ഭാസ്കരന്റെ മകന്‍ എന്‍ രസിത്‌, ചീറ്റക്കണ്ടി ഗംഗാധരന്റെ മകന്‍ സി കെ രഞ്ചിത്ത്‌ എന്നിവരാണ്‌ രജീഷ നിവാസിലെ താമസക്കാര്‍. ഒരേ നമ്പറില്‍ രണ്ട്‌ വീടുള്ളത്‌ അന്വേഷിച്ചപ്പോഴാണ്‌ വ്യക്തമായത്‌ രജിഷ നിവാസ്‌ ഇവരുടെ വിറക്‌ പുരയാണെന്ന്‌. വീടിനോട്‌ ചേര്‍ന്നുള്ള വിറക്‌ പുരയില്‍ ഇപ്പോള്‍ ഒരു അംഗന്‍വാടിയും പ്രവര്‍ത്തിക്കുന്നുണ്ട്‌. ആള്‍ താമസമില്ലെന്ന്‌ ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തം. ഇതാണ്‌ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ഏഴ്‌ പേര്‍ താമസിക്കുന്ന വീടായത്‌. ഇതേ ബൂത്തില്‍ എളയാവൂര്‍ ക്ഷേത്രം റോഡില്‍ ഹംസ പള്ളിക്ക്‌ സമീപമുള്ള റുബീന ക്വാട്ടേഴ്സില്‍ നാല്‌ പേര്‍ മാത്രമാണ്‌ താമസം. പക്ഷേ വോട്ടര്‍പട്ടികയില്‍ താമസക്കാരുടെ എണ്ണം ഒമ്പത്‌.

കണ്ണൂരിലെ പല വീട്ടുടമകളും ഇപ്പോള്‍ ധര്‍മ്മസങ്കടത്തിലാണ്‌. അവരുടെ വീടുകളില്‍ അവരറിയാതെ ആരൊക്കയോ താമസിക്കുന്നുണ്ടെന്ന്‌ രേഖകളില്‍ വരുമ്പോള്‍ ആരുടെ മനസാണ്‌ പിടയാത്തത്‌. വടകരയിലെ മുന്‍ എം പി എ കെ പ്രേമജത്തിന്റെ സഹോദരന്‍ എ കെ പ്രഭാകരന്‍ ഇക്കൂട്ടത്തില്‍ ഒരാള്‍ മാത്രം. പുഴാതി പഞ്ചായത്തില്‍ 11/870 എ നമ്പറിലുള്ള യശോറാം അപ്പാര്‍ട്ട്മെന്റ്സ്‌ പ്രഭാകരന്റേതാണ്‌. നാലോ, അഞ്ചോ പുരുഷന്‍മാര്‍ താമസിക്കുന്ന വീട്‌. പക്ഷേ വോട്ടര്‍പട്ടിക കണ്ടപ്പോള്‍ പ്രഭാകരന്റെ കണ്ണ്‌ തള്ളിപ്പോയി. തന്റെ വീട്ടിന്‌ എ കെ ജി മെമ്മോറിയല്‍ ഹോസ്റ്റല്‍ എന്ന്‌ പേരിട്ടിരിക്കുന്നു. 16 സ്ത്രീകള്‍ ഇവിടെ താമസിക്കുന്നു. ഇവിടെ സ്ത്രീകള്‍ താമസിക്കുന്നത്‌ ശരിയാണോയെന്ന്‌ പ്രഭാകരനോടും അയല്‍പക്കക്കാരോടും ചോദിച്ചു. അവരാരും ഈ വീട്ടില്‍ സ്ത്രീകളെ കണ്ടിട്ടില്ല. ചാനലുകാരുടെ മുന്നില്‍ പ്രഭാകരന്‍ കൃത്യമായി കാര്യം പറഞ്ഞു. ഇവിടെ സ്ത്രീകളാരും താമസിക്കുന്നില്ലെന്ന്‌. വീട്ടുടമ പറയുന്നത്‌ ചാനലികളിലൂടെ ലോകം മുഴുവന്‍ കണ്ടു. പക്ഷേ എ കെ ജി ആശുപത്രിയിലെ നേഴ്സുമാര്‍ക്ക്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ കൃത്യമായ റസിഡന്‍സി സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിട്ടുണ്ട്‌. ഇത്‌ ചൂണ്ടിക്കാട്ടി സി പി എം നേതാക്കളും ദേശാഭിമാനിയും പറയും ഈ സ്ത്രീകളൊക്കെ കൃത്യമായ രേഖകളുള്ള യഥാര്‍ത്ഥ വോട്ടര്‍മാരാണെന്ന്‌.

 

വീട്ടുടമ പോയി പണി നോക്കട്ടെ. പുഴാതി പഞ്ചായത്തിലെ കണ്ണോത്തുംചാലില്‍ അടഞ്ഞുകിടക്കുന്ന വീട്ടിലുമുണ്ട്‌ ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയ രേഖകള്‍ പ്രകാരം സ്ഥിരതാമസക്കാര്‍. പാര്‍ട്ട്‌ നമ്പര്‍ 95 ല്‍ ക്രമനമ്പര്‍ 1142 മുതല്‍ 1147 വരെയുള്ള വോട്ടര്‍മാറാണിവര്‍. വീട്ടുപേര്‌ ദയ. താമസിക്കുന്നത്‌ 18 നും 36 നും ഇടയ്ക്ക്‌ പ്രായമുള്ളവര്‍. ഷൈജു, രമേശന്‍, ശരത്ചന്ദ്രന്‍, പി പി ഷഹീര്‍, റജീഷ്‌ ബാബു, പി പി സുജേഷ്‌ എന്നിവരാണിവര്‍. വീട്ടില്‍ ആളെ കണ്ടില്ലെങ്കില്‍ ആയല്‍വാസികള്‍ ദയവായി പൊറുക്കുക. ഇവരെല്ലാം അഴീക്കോട്‌ മണ്ഡലത്തിലെ വോട്ടര്‍മാരായ സഖാക്കളാണ്‌.ഒണ്ടേന്‍പറമ്പ്‌ സി പി എം ഓഫീസിന്റെ പേര്‌ തന്നെ മാറ്റിയിരിക്കുന്നു. വാലക്കണ്ടി മുപ്പന്റവിട എന്നാണ്‌ പുതിയ പേര്‌. കേള്‍ക്കുമ്പോള്‍ ഇത്‌ സി പി എം ഓഫീസാണെന്ന്‌ ഒരാളും കരുതുകയില്ല. എന്നാല്‍ ഈ വീട്ടുപേരില്‍ സി പി എം ഓഫീസിലെ താമസക്കാരെന്ന വ്യാജേന വോട്ടര്‍മാരായത്‌ അബ്ദുള്ളയും മഹമ്മദ്‌ ജാഫീറും ഓമനക്കുട്ടനും, ബൈജുവും പ്രേമനും (പാര്‍ട്ട്‌ നമ്പര്‍ 95, ക്രമനമ്പര്‍ 1152 മുതല്‍ 1156 വരെ).
അഴീക്കോട്‌ പഞ്ചായത്ത്‌ മെമ്പറും സി പി എമ്മുകാരനുമായ പി വി വിജയന്‍ പതിനഞ്ചാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്നു. വിജയന്‍ ഇപ്പോള്‍ പുഴാതി പഞ്ചായത്തിലെ 92-ാ‍ം ക്രമനമ്പര്‍ ബൂത്തില്‍ വോട്ടറാണ്‌. നാട്ടുകാര്‍ക്ക്‌ സുപരിചിതനായ ഈ വാര്‍ഡ്‌ മെമ്പര്‍ പുഴാതി പഞ്ചായത്തില്‍ താമസക്കാരനാണെന്ന്‌ ഈ പ്രദേശത്തുകാര്‍ അറിയുന്നത്‌ വോട്ടര്‍ പട്ടിക പുറത്തുവന്നതോടെയാണ്‌.
പൗരബോധത്തെക്കുറിച്ച്‌ സി പി എം നേതാവ്‌ ഇ പി ജയരാജന്‌ പോലും വെളിവ്‌ വന്നിരിക്കുന്നത്‌ ഈ തെരഞ്ഞെടുപ്പിലാണ്‌.

 

അദ്ദേഹം പ്രസിഡന്റായിട്ടുള്ള തെക്കീബസാറിലെ വൃദ്ധസദനത്തില്‍ ഇക്കുറി ചേര്‍ത്തത്‌ 26 വോട്ടര്‍മാരെ. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ 26 പേര്‍ക്ക്‌ ഇവിടെ വോട്ട്‌ വേണമെന്ന ചിന്ത ജയരാജന്‍ സഖാവിന്‌ ഉണ്ടായിട്ടില്ല. പല നാടുകളില്‍ താമസിക്കുന്നവരെ സഹമുറിയരാക്കി മാറ്റിയതിന്‌ ദേശാഭിമാനിക്ക്‌ പ്രത്യേത അവാര്‍ഡ്‌ തന്നെ നല്‍കണം. പത്രപ്രവര്‍ത്തകരോട്‌ എന്തുമാത്രം പ്രതിബന്ധതയാണ്‌ ദേശാഭിമാനിക്ക്‌.ജീവനക്കാര്‍ക്ക്‌ മുഴുവന്‍ ദേശാഭിമാനി കെട്ടിടത്തിന്‌ മുകളിലെ മുകളിലത്തെ മുറിയില്‍ അന്തിയുറങ്ങാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടത്രേ ദേശാഭിമാനി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റയില്‍ വോട്ട്‌ ചെയ്ത ദേശാഭിമാനി ലേഖിക എ പി സജിഷ പള്ളിക്കുന്നിലെ വര്‍ക്കിംഗ്‌ വുമണ്‍സ്‌ ഹോസ്റ്റലിലാണ്‌ താമസമെന്ന്‌ ചുറ്റുവട്ടമുള്ള മുഴുവനാളുകള്‍ക്കും അറിയാം. നിലേശ്വരം പടിഞ്ഞാറ്റ കൊഴുവലിലെ സഖാവ്‌ അമ്പുനായരുടെ മകള്‍ ലക്ഷ്മിക്കുട്ടി ദേശാഭിമാനിയില്‍ ദിവസവും പോയിവരുന്ന ജീവനക്കാരിയാണ്‌.

സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന സി മോഹനനും നിലേശ്വരം പടിഞ്ഞാറ്റ കൊഴുവലില്‍ നിന്ന്‌ ദിവസവും കണ്ണൂരില്‍ പോയിവരുന്ന സീസണ്‍ ടിക്കറ്റ്‌ യാത്രക്കാരനാണ്‌. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഉദിനൂര്‍ തടിയന്‍ കൊവ്വലിലെ പി പി കരുണാകരനും ദേശാഭിമാനിയില്‍ ദിവസവും നാട്ടില്‍ നിന്ന്‌ പോയിവരുന്നു. ഇത്തരം ആളുകളെ മുഴുവന്‍ ദേശാഭിമാനി ക്വാട്ടേഴ്സിലെ താമസക്കാരാണെന്ന പേരില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ യു ഡി എഫ്‌ വ്യക്തമായ പരാതികള്‍ ഉന്നയിച്ചതാണ്‌. പക്ഷേ അന്തിമ വോട്ടര്‍പട്ടികയില്‍ ദേശാഭിമാനി ക്വാട്ടേഴ്സിലെ വോട്ടര്‍മാര്‍ അതേപടി കിടക്കുന്നു. ക്വാട്ടേഴ്സ്‌ ഉണ്ടെന്ന്‌ തെളിയിക്കാന്‍ ഏതാനും ചാനലുകാരെ ദേശാഭിമാനി യൂണിറ്റ്‌ മാനേജര്‍ ക്ഷണിച്ചുകൊണ്ടുപോയി. ചാനലുകള്‍ ഷൂട്ടിംഗിന്‌ വേണ്ടിമാത്രം അവിടെ ഒരുക്കിയിരുന്ന സജ്ജീകരണങ്ങള്‍ കണ്ടപ്പോള്‍ നാടകസെറ്റിനെയാണ്‌ ഓര്‍മ്മ വന്നതെന്ന്‌ ഒരു ചാനല്‍ പ്രവര്‍ത്തകന്‍ പിന്നീട്‌ പറഞ്ഞു. ചാനല്‍ പ്രവര്‍ത്തകര്‍ എത്തുന്ന സമയം നോക്കി 'സ്ഥിരതാമസക്കാരെ' പല്ല്‌ തേക്കാനും കുളിക്കാനുമൊക്കെ വിട്ട്‌ ദൃശ്യസമ്പന്നമാക്കാനുള്ള ചേരുവകളൊക്കെ ഒപ്പിച്ചുവച്ചിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ ഇത്‌ ആളുകളെ പൊട്ടന്മാരാക്കാനുള്ള നാടകം കളിയാണെന്ന്‌ മനസിലാക്കി ഒരു ചാനലും ഇത്‌ സംപ്രേഷണം ചെയ്തില്ല.

 

പാര്‍ട്ടിയുടെ സ്വന്തം പീപ്പിളില്‍ പോലും ക്വാട്ടേഴ്സിനകത്തെ ദൃശ്യങ്ങള്‍ കാണിക്കാതെ ദേശാഭിമാനി യൂണിറ്റ്‌ മാനേജറുടെ വിശദീകരണത്തില്‍ വാര്‍ത്ത ഒതുക്കി.വോട്ടര്‍മാരെ മറ്റ്‌ മണ്ഡലങ്ങളില്‍ നിന്ന്‌ കണ്ണൂരിലേക്ക്‌ ഇറക്കുമതി ചെയ്തതില്‍ ഒരു അസ്വാഭിവകതയും സി പി എം കാണുന്നില്ല. പക്ഷേ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി പി എം ഇവരെ യൊന്നും എന്തുകൊണ്ട്‌ കണ്ണൂരില്‍ വോട്ടര്‍മാരാക്കിയില്ലെന്ന ചോദ്യം സ്വാഭാവികമായും ഉയരുകയാണ്‌. ദേശാഭിമാനി ജീവനക്കാരൊക്കെ വര്‍ഷങ്ങളായി കണ്ണൂരില്‍ ജോലി ചെയ്യുന്നവരാണ്‌. അവരൊന്നും ഇതുവരെ അവരുടെ നാട്ടില്‍ വോട്ട്‌ ചെയ്തിട്ടില്ലെന്നാണോ കരുതേണ്ടത്‌. പഴയരേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ പോലും ഇവരൊക്കെ കൃത്യമായി വോട്ട്‌ ചെയ്തിരുന്നു അവരുടെ മണ്ഡലത്തില്‍. ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ്‌ കണ്ണൂരിലാണ്‌. പരമാവധി വോട്ടര്‍മാരെ മറ്റു മണ്ഡലങ്ങളില്‍ നിന്നും കണ്ണൂരില്‍ എത്തിച്ച്‌ കൃത്രിമവിജയം നേടാനുള്ള കാലേക്കൂട്ടിയുള്ള പരിപാടിയുടെ പ്രതിഫലനമാണ്‌ ഈ വോട്ടര്‍പട്ടിക.

വിവാദങ്ങള്‍ അവസാനിക്കുന്നില്ല, വി കെ ബാലകൃഷ്ണനെന്ന കലക്ടര്‍ നോക്ക്‌ കുത്തിയായി നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഒരുകൂട്ടം ജീവനക്കാര്‍ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ചെയ്ത വിക്രിയകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. ഉദ്യോഗസ്ഥര്‍ ഭരിക്കുന്നവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ക്ക്‌ മാത്രം വിധേയരായി പ്രവര്‍ത്തിച്ചാല്‍ എങ്ങനെയാകുമെന്നതിന്റെ നേര്‍ച്ചിത്രം ഇവിടെ തെളിഞ്ഞ്‌ കാണുന്നു. ഇന്നലെ ചുമതലയേറ്റ പുതിയ കലക്ടര്‍ പി ബി സലിമിന്‌ സമയം കിട്ടുമെങ്കില്‍ ചെറുതായൊന്ന്‌ പരിശോധിക്കാനായാല്‍ ഇനിയും ലഭിക്കും ക്രമക്കേടുകളുടെ പുതിയ തെളിവുകള്‍.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls