പോരിന്റെ വിരലടയാളങ്ങളുമായി ഖിലാഫത്ത്‌

Imageനിസാര്‍ മുഹമ്മദ്‌
നൂറ്റാണ്ടുകളുടെ അതിദൈര്‍ഘ്യമുള്ള സമരങ്ങള്‍ക്കൊടുവിലാണ്‌ ഭാരതം സ്വാതന്ത്ര്യപ്രാപ്തിയിലെത്തിയത്‌.

രാജകീയ പോരാട്ടങ്ങളും ജനകീയ സമരങ്ങളും വര്‍ഗ-വര്‍ണ സമരങ്ങളുമൊക്കെ സ്വാതന്ത്ര്യസമര ഭാഗങ്ങലായി പലഘട്ടങ്ങളിലായി പലയിടങ്ങളിളായി അരങ്ങേറിയിട്ടുണ്ട്‌. ത്യാഗധനരും സ്വാതന്ത്ര്യപ്രേമികളുമായ ധീരദേശാഭിമാനികളുടെ ജീവത്യാഗത്തിലൂടെയാണ്‌ നമുക്ക്‌ സ്വാതന്ത്ര്യം ലഭ്യമായതെന്ന വസ്തുത അവിതര്‍ക്കിതമായ ചരിത്രസത്യമായി നിലനില്‍ക്കുന്നു. ഇന്ന്‌ കേരള സംസ്ഥാനത്തിന്റെ ഭാഗമായിത്തീര്‍ന്ന പഴയ മലബാര്‍ ദേശത്ത്‌ നടന്ന ഖിലാഫത്ത്‌ സമരവും സ്വാതന്ത്രേശ്ചുക്കളായ അന്നത്തെ നാട്ടുകാര്‍ നടത്തിയ സ്വാതന്ത്ര്യസമരഭാഗമായിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചിന്തകള്‍ക്ക്‌ ദിശാബോധം പകര്‍ന്നതും ഏകരൂപമാര്‍ജ്ജിച്ച സമരമാര്‍ഗങ്ങളിലൂടെ ബഹുജന പങ്കാളിത്തമുറപ്പാക്കിയതും കോണ്‍ഗ്രസിന്റെയും മഹാത്മാഗാന്ധിയുടെയും ശ്രദ്ധേയമായ പ്രവര്‍ത്തനശൈലിയിലൂടെയായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ അവലംബിക്കേണ്ട മാര്‍ഗങ്ങളും രീതികളും ഗാന്ധിജി രൂപപ്പെടുത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ വിജയകരമായി പരീക്ഷിച്ച സത്യാഗ്രഹമെന്ന സമരമുറയാണ്‌ ഇവിടെയും ഗാന്ധിജി നടപ്പാക്കിയത്‌.

ഗാന്ധിയന്‍ ശൈലിയിലുള്ള സത്യാഗ്രഹത്തെ സാമാന്യജനം അംഗീകരിക്കുവാനും സ്വീകരിക്കുവാനും മതിയായ സമയമെടുക്കുകയും ചെയ്തു. അഹിംസയില്‍ അടിയുറച്ചുനിന്ന്‌ അക്രമരഹിതമായ സഹനസമരത്തിലൂടെ ബ്രിട്ടീഷ്‌ ഭരണകൂടത്തെ ഇവിടെനിന്നും തുരത്തിയോടിക്കാന്‍ കഴിയുമെന്ന ഗാന്ധിയുടെ പ്രസ്താവനകളെ ആദ്യഘട്ടങ്ങളിലൊന്നും കാര്യമായി ആരും അംഗീകരിച്ചിരുന്നില്ല. സഹനസമരമല്ല, സായുധസമരമാണ്‌ സ്വാതന്ത്ര്യപ്രാപ്തിയ്ക്കുള്ള പോംവഴി എന്ന്‌ ഉദ്ഘോഷിച്ചുകൊണ്ട്‌ സമരസംഘങ്ങള്‍ ചേരിതിരിയുകയുണ്ടണ്ടായി. ഇത്തരത്തില്‍ സമരത്തിന്റെ മുഖ്യധാരയില്‍ നിന്നും വേറിട്ട്‌ സായുധസമരാവേശത്താല്‍ രംഗത്തുവന്നവരാണ്‌ ഖിലാഫത്ത്‌ മൂവ്മെന്റിലുണ്ടായിരുന്നത്‌.
കേരളത്തിലെ ഖിലാഫത്ത്‌ പ്രസ്ഥാനക്കാര്‍ മലബാറില്‍ നടത്തിയ ലഹളയാണ്‌ ഖിലാഫത്ത്‌ ലഹളയായി ചരിത്രത്തില്‍ ഇടംതേടിയത്‌. ഈ സമരാധ്യായത്തിന്റെ ഹൃദയസ്പര്‍ശിയായതും ദേശീയ ബോധോദ്ദീപകവുമായ ചലച്ചിത്രാവിഷ്കാരമാണ്‌ ഖിലാഫത്ത്‌.

മണ്ണിന്റെ മണവും മനുഷ്യഗന്ധവും അലിഞ്ഞുചേര്‍ന്നിട്ടുള്ള കഥകളാണ്‌ പി. വത്സല എന്ന നോവലിസ്റ്റിന്റെ സവിശേഷത. ഗ്രാമസൗന്ദര്യത്തിന്റെ നിറച്ചാര്‍ത്തുക്കളില്‍ അലിഞ്ഞുകിടക്കുന്ന നൊമ്പരങ്ങളുടെ വസ്തുനിഷ്ഠമായ ആവിഷ്കാരം കൊണ്ട്‌ ശ്രദ്ധേയമായ വത്സലയുടെ 'നെല്ല്‌' എന്ന ചിത്രത്തിനുശേഷം അവരുടെതന്നെ 'വിലാപം' എന്ന കൃതിയാണ്‌ ഖിലാഫത്ത്‌ എന്ന പേരില്‍ ചലച്ചിത്രമായിരിക്കുന്നത്‌. കഥാപാത്രങ്ങളുടെ കാമ്പും കരുത്തും കളയാത്ത ദൃശ്യാവിഷ്കരണമാണ്‌ ചിത്രത്തിന്റെ ആകര്‍ഷണം. ഭാവതീവ്രതയോടെ ഓരോ വേഷവും രംഗത്ത്‌ അവതരിപ്പിച്ചിരിക്കുന്നു. മണ്‍മറഞ്ഞ കാലത്തിന്റെ മറവിയിലെത്തിയ കഥാംശങ്ങള്‍, പാരമ്പര്യത്തിന്റെ പേക്കോലങ്ങള്‍ ഉറഞ്ഞുതുള്ളിയിരുന്ന ആ കാലത്തിന്റെ കരിവാളിച്ച മുഖവും ഭീകരതയും അവയ്ക്കുമുന്നില്‍ ചെറുത്തുനില്‍പ്പിന്റെ ഉരുക്കുമുഷ്ടികളുയര്‍ത്തുന്ന ജനസഞ്ചയത്തിന്റെ അപ്രതിരോധ്യശക്തിയും മങ്ങലേല്‍ക്കാതെ ആവിഷ്കരിച്ചതാണ്‌ ഖിലാഫത്തിന്റെ വിജയം.

പി വത്സലയുടെ 'വിലാപം' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ്‌ ഖിലാഫത്ത്‌. സ്വാതന്ത്ര്യസമരത്തിന്റെ കയ്പ്പ്‌ നിറഞ്ഞ അധ്യായങ്ങളെ വീണ്ടും മലയാളി മനസ്സില്‍ ജ്വലിപ്പിക്കുന്ന ചടുലരംഗങ്ങള്‍ കൂട്ടിയിണക്കി ഖിലാഫത്തിനെ ആസ്വാദകര്‍ക്ക്‌ മുന്നിലെത്തിക്കുന്നത്‌ സംവിധായകന്‍ ജിഫ്രി ജലീലാണ്‌. മഹാത്മാഗാന്ധിയുടെ സ്വാധീനത്തില്‍ വളര്‍ന്ന കോണ്‍ഗ്രസ്‌ സംസ്ക്കാരത്തിന്റെയും ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരെ ഒടുവില്‍ അഹിംസാമാര്‍ഗ്ഗം സ്വീകരിക്കേണ്ടിവന്ന യുവജനതയുടെയും നെടുവീര്‍പ്പുകളുമാണ്‌ ഖിലാഫത്തിന്റെ ഇതിവൃത്തം. മലയാളി സൗകര്യപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്ന സ്വാതന്ത്ര്യസമരകാലത്തെ രക്തംപുരണ്ട വഴികളിലൂടെയുള്ള യാത്രയാണ്‌ ഖിലാഫത്ത്‌. മാപ്പിളലഹളയുടെ പശ്ചാത്തലം പ്രേക്ഷകരുടെ മുന്നില്‍ തുറന്നിടുന്ന ഖിലാഫത്ത്‌ മതമൈത്രിയുടെ വിശാലലോകവും വരച്ചുകാട്ടുന്നുണ്ട്‌. തുര്‍ക്കിയില്‍ രൂപംകൊണ്ട ഖിലാഫത്ത്‌ മൂവ്മെന്റ്‌ ഇന്ത്യയില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ചെറുചെറു സംഘങ്ങളായി തിരിഞ്ഞ്‌ ബ്രിട്ടീഷുകാര്‍ക്കെതിരെ അണിനിരക്കുന്നു. എന്നാല്‍ ഈ സംഘങ്ങള്‍ക്ക്‌ സമൂഹത്തിന്റെ മറ്റ്‌ മേഖലകളില്‍ നിന്ന്‌ പിന്തുണ ലഭിക്കുന്നില്ല. അഹിംസാ മാര്‍ഗ്ഗത്തിലൂടെ സ്വാതന്ത്ര്യം നേടാന്‍ കഴിയില്ലെന്നും പകരം ഹിംസയുടെ മാര്‍ഗ്ഗത്തിലേക്ക്‌ തിരിയണമെന്നുമാണ്‌ ഖിലാഫത്ത്‌ മൂവ്മെന്റ്‌ ആദ്യഘട്ടത്തില്‍ അണികളെ ആഹ്വാനം ചെയ്യുന്നത്‌.

 

ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധനീക്കത്തിന്‌ തുനിഞ്ഞാല്‍ ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്‌ മുഴുവന്‍ ദുരിതമുണ്ടാകുമെന്ന്‌ തിരിച്ചറിയുന്ന ഗാന്ധിജി ഇടപെട്ട്‌ ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ സമരപാതയെ അഹിംസയുടെ മാര്‍ഗ്ഗത്തിലേക്ക്‌ വഴിതിരിച്ചുവിടുന്നതാണ്‌ ചലച്ചിത്രത്തിന്റെ കാതല്‍. ഗാന്ധിജിയുടെ ഇടപെടലോടെ മുസ്ലീം സമുദായത്തില്‍ ഏകോപനമുണ്ടാവുകയും മറ്റ്‌ സമുദായങ്ങളുടെ പിന്തുണ ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്‌ ലഭിക്കുകയും ചെയ്തുവെന്ന്‌ സംവിധായകന്‍ ജിഫ്രി ജലീല്‍ വിശദീകരിക്കുന്നു."ബ്രിട്ടീഷ്‌ പോലീസിന്റെ ആസ്ഥാന ക്യാമ്പിലുള്ള ഒരു ലോക്കപ്പ്‌. ഗംഗന്‍, മാധവന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം നിരവധി കോണ്‍ഗ്രസുകാര്‍ ലോക്കപ്പില്‍. മറ്റൊരു ലോക്കപ്പില്‍ പാര്‍വ്വതിയും സംഘവും. മാധവനെയും ഗംഗനെയും ലാത്തികൊണ്ട്‌ കുത്തിപ്പിടിച്ച്‌ ബൂട്ടിട്ട്‌ ചവിട്ടുന്ന പോലീസുകാര്‍"... ഖിലാഫത്ത്‌ തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌. ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരെ പൊരുതുന്ന കഥാപാത്രങ്ങളാണ്‌ ഖിലാഫത്തിന്റെ ശക്തി. ഗാന്ധിജിയുടെ തത്വങ്ങളില്‍ അടിയുറച്ച്‌ വിശ്വസിക്കുന്ന കോണ്‍ഗ്രസുകാരനായ ഗംഗന്‍ വക്കീലും ജന്മി-കുടിയാന്‍ സംഘര്‍ഷത്തില്‍ സ്വന്തം കുടുംബം നഷ്ടപ്പെട്ടിട്ടും പ്രതിസന്ധിയില്‍ തളരാതെ സമരത്തിന്‌ നേതൃത്വം നല്‍കുന്ന ഹാജിയും ഉള്‍പ്പെടെ നിരവധി കഥാപാത്രങ്ങള്‍.

 

ബ്രിട്ടീഷ്‌ ഭരണത്തില്‍ വീര്‍പ്പുമുട്ടുന്ന ജനതയെ സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക്‌ ആനയിക്കണമെന്ന്‌ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന കഥാപാത്രമാണ്‌ ഗംഗന്‍വക്കീലിന്റേത്‌. സൈജു കുറുപ്പാണ്‌ ഈ വേഷത്തിലെത്തുന്നത്‌. തന്റെ പ്രശ്നങ്ങളെക്കുറിച്ച്‌ ചിന്തിക്കാതെ കഷ്ടത അനുഭവിക്കുന്ന ഒരു ജനതയുടെ പ്രശ്നങ്ങള്‍ക്കായി ഗംഗന്‍ വക്കീലിനൊപ്പം ഖിലാഫത്ത്‌ പ്രസ്ഥാനത്തിലൂടെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഒരുമിപ്പിക്കുന്ന ഹാജിയെന്ന കഥാപാത്രമായി മനോജ്‌ കെ ജയന്‍ ഉജ്ജ്വലപ്രകടനമാണ്‌ കാഴ്ചവെയ്ക്കുന്നത്‌. ജഗതി ശ്രീകുമാറും ഭാമയും സറീനാ വഹാബും വിനുമോഹനും കോഴിക്കോട്‌ നാരായണനും അനില്‍ മുരളിയും ശോഭാമോഹനും തങ്ങള്‍ക്ക്‌ ലഭിച്ച വേഷങ്ങളിലൂടെ ഖിലാഫത്തിന്റെ സമരപോരാട്ടങ്ങളില്‍ സജീവമാകുന്നുണ്ട്‌. സമൂഹത്തില്‍ ഏറെ സ്വാധീനമുണ്ടായിരുന്ന നാലകത്ത്‌ തറവാട്ടിലെ വൈദ്യരിലൂടെയാണ്‌ ഖിലാഫത്തിന്റെ കഥ പുരോഗമിക്കുന്നത്‌. ഗ്രാമവാസികള്‍ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വൈദ്യരുടെ രണ്ടുമക്കളില്‍ ഒരാളാണ്‌ ഗംഗന്‍ വക്കീല്‍. ഗാന്ധിജിയുടെ സിദ്ധാന്തങ്ങളില്‍ അടിയുറച്ച്‌ വിശ്വസിക്കുന്ന ഗംഗന്‍, നാട്ടില്‍ മാപ്പിളമാരെ സംഘടിപ്പിക്കുന്നതിനും കോണ്‍ഗ്രസ്‌-ഖിലാഫത്ത്‌ ഐക്യത്തിനും വേണ്ടി നിലകൊള്ളുന്നു. സൈജു കുറുപ്പ്‌ അവതരിപ്പിക്കുന്ന ഈ കഥാപാത്രം സിനിമയുടെ മര്‍മ്മ പ്രധാന കേന്ദ്രങ്ങളില്‍ സ്പര്‍ശിച്ചാണ്‌ കടന്നുപോകുന്നത്‌.


ബ്രിട്ടീഷുകാരുടെ ആക്രമണത്തില്‍ മനം നൊന്ത്‌ ഹാജിയുടെ നേതൃത്വത്തില്‍ ഖിലാഫത്ത്‌ പ്രസ്ഥാനം ഹിംസയുടെ മാര്‍ഗ്ഗത്തിലേക്ക്‌ മാറുന്നതാണ്‌ കഥയുടെ വഴിത്തിരിവ്‌. അന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ പുരുഷമേധാവിത്വത്തില്‍ വീര്‍പ്പുമുട്ടുന്ന തമ്പുരാട്ടിയുടെ വേഷത്തിലെത്തുന്ന മുക്തയുടെ അഭിനയം പ്രശംസനീയമാണ്‌. അച്ഛനുറങ്ങാത്ത വീട്‌ എന്ന സിനിമയ്ക്ക്‌ ശേഷം തമിഴില്‍ ഗ്ലാമര്‍ വേഷത്തില്‍ അഭിനയിച്ചിരുന്ന മുക്തയ്ക്ക്‌ പുതിയൊരു ഇമേജുണ്ടാക്കാന്‍ ഖിലാഫത്തിലെ തമ്പുരാട്ടിക്ക്‌ കഴിയുമെന്നാണ്‌ പ്രതീക്ഷ. ഖിലാഫത്ത്‌ കാലത്തെ മുസ്ലിം യുവാക്കളുടെ മനസ്സാണ്‌ ഖാദര്‍ ഉണ്ണി എന്ന കഥാപാത്രത്തിലൂടെ വിനുമോഹന്‍ തുറന്നുകാട്ടുന്നത്‌. സിനിമയുടെ ശക്തമായ അടിത്തറയ്ക്ക്‌ നര്‍മ്മത്തില്‍ ചാലിച്ച കരുത്താണ്‌ ഖാദര്‍ ഉണ്ണി. മുസ്ലിം മതവിശ്വാസങ്ങള്‍ മുറുകെപ്പിടിച്ച്‌ സമൂഹത്തില്‍ ഉദ്ബോധനത്തിന്റെ കരുത്താകുന്ന മുസ്ലിയാരായി കോഴിക്കോട്‌ നാരായണന്റെ കഥാപാത്രം അരങ്ങ്‌ തകര്‍ക്കുന്നു. ഗാന്ധിയന്‍ തത്വങ്ങളില്‍ ഉറച്ചുവിശ്വസിക്കുന്ന ഇളയമകന്റെയും ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥനായ മൂത്തമകന്റെയും വ്യക്തിജീവിതത്തില്‍ ഒരുപോലെ അഭിമാനിക്കുകയും ദുഃഖിക്കുകയും ചെയ്യുന്ന വൈദ്യരുടെ ക്യാരക്ടര്‍ വേഷമാണ്‌ ജഗതി ശ്രീകുമാറിന്റേത്‌.

കോണ്‍ഗ്രസ്‌ പ്രസ്ഥാനം മാപ്പിള ലഹളയിലും ഖിലാഫത്ത്‌ പ്രസ്ഥാനത്തിലും എത്രമാത്രം സ്വാധീനം ചെലുത്തിയെന്ന്‌ വരച്ചുകാട്ടാനാണ്‌ തന്റെ ശ്രമമെന്ന്‌ സംവിധായകന്‍ ജിഫ്രി ജലീല്‍ പറയുന്നു. അതുകൊണ്ടുതന്നെ അക്കാലത്ത്‌ കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തെ നയിക്കുന്ന നേതാക്കള്‍ക്ക്‌ ഇപ്പോഴുള്ള കോണ്‍ഗ്രസ്‌ നേതാക്കളുടെ മാനറിസങ്ങള്‍ നല്‍കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്‌. ഇതിന്‌ ഉദാഹരണമായി ജിഫ്രി ചൂണ്ടിക്കാട്ടുന്നത്‌ സെറിനാ വഹാബ്‌ അവതരിപ്പിക്കുന്ന കോണ്‍ഗ്രസ്‌ അധ്യക്ഷയുടെ വേഷമാണ്‌. ചിത്രത്തില്‍ മറ്റൊരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌ ഭാമയാണ്‌. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ ഭീതിയോടെ നോക്കി കാണുന്ന മുസ്ലിം സ്ത്രീ. ഹാജിയുടെ ഭാര്യയാണ്‌ ഭാമയുടെ കഥാപാത്രം. ഇംഗ്ലീഷ്‌, ഹിന്ദി, അറബി, മലയാളം തുടങ്ങി വിവിധ ഭാഷകളിലുള്ള ഗാനങ്ങളാണ്‌ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. 1500 വര്‍ഷം പഴക്കമുള്ള അറബി പഴഞ്ചൊല്ലില്‍ നിന്ന്‌ ചിട്ടപ്പെടുത്തിയ അറബി-മലയാളം ഗാനം വഞ്ചിപ്പാട്ടിന്റെ അലയൊലികളോടെയാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. ഇംഗ്ലീഷ്‌ ആധിപത്യകാലത്തിന്‌ ചേര്‍ന്നതാണ്‌ ഇംഗ്ലീഷ്‌ ഗാനം.

 

ഏഴുഗാനങ്ങളുള്ള ചിത്രത്തിന്‌ വേണ്ടി പൂര്‍ണത്രേയി ജയപ്രകാശ്‌, ഒ എം കരുവാരക്കുണ്ട്‌, രാജ്‌ സി ചേന്നാട്‌, മുരുകന്‍ കാട്ടാക്കട, പുന്നപ്ര ജ്യോതികുമാര്‍ എന്നിവരാണ്‌ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്‌. വി എം കുട്ടി, ജ്യോതിസ്‌ കൃഷ്ണ, യൂനസ്‌, റുഡോള്‍ഫ്‌ എന്നിവരാണ്‌ സംഗീത സംവിധായകര്‍. ഷിജോയ്‌ വര്‍ഗ്ഗീസിന്റെ ഛായാഗ്രഹണത്തില്‍ സ്വാതന്ത്ര്യസമര കാലത്തിന്റെ ദൃശ്യങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ വിരുന്നായി മാറുന്നു. രണ്ടരക്കോടി രൂപ ചെലവില്‍ ഖിലാഫത്ത്‌ നിര്‍മ്മിച്ചിരിക്കുന്നത്‌ എഫ്‌ എഫ്‌ ഹിലരിയാണ്‌. സമൂഹത്തില്‍ കോണ്‍ഗ്രസ്‌ പ്രസ്ഥാനം ചെലുത്തിയിട്ടുള്ള സ്വാധീനം തുറന്നുകാട്ടുന്ന പ്രമേയമെന്ന നിലയിലാണ്‌ ചിത്രം നിര്‍മ്മിക്കാന്‍ ഹിലരി മുന്നോട്ടുവന്നതെന്ന്‌ സംവിധായകന്‍ പറയുന്നു. ഹൈഫൈ ക്രിയേഷന്‍സിന്റെ ബാനറില്‍ ഈ മാസം അവസാനം തിയേറ്ററിലെത്തുന്ന ഖിലാഫത്തിനെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ്‌ അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls