|
അമേരിക്കയില്‍ തീപിടുത്തത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു |
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയില്‍ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. കവിയൂര്‍ പൗവ്വത്തില്‍ പാസ്റ്റര്‍ പി.വൈ. ഫിലിപ്പോസ്(69), ഭാര്യ എലിക്കുട്ടി(65) എന്നിവരാണ് മരിച്ചത്. അമേരിക്കന്‍ സമയം തിങ്കളാഴ്ച രാവിലെ ഡെസ്പ്ലെയിന്‍സിലെ വീട്ടിലാണ് അപകടമുണ്ടായത്.
വീട്ടില്‍ നിന്നും പുകയുയരുന്നത് കണ്ട അയല്‍വാസികളാണ് വിവരം ഫയര്‍ ഫോഴ്സിനെ അറിയിച്ചത്.സ്ഥലത്തെത്തിയ ഫയല്‍ഫോഴ്സാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പുക ശ്വസിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം ഇന്നു നടത്തും. ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായിരുന്ന പാസ്റ്റര്‍ ഫിലിപ്പോസ് 1994 ലാണ് ഷിക്കാഗോയില്‍ സ്ഥിരതാമസമാവുന്നത്. ഐപിസി കുമ്പനാട് ഹൈബ്രോണ്‍ ബൈബിള്‍ കോളജില്‍ നിന്നും വൈദിക വിദ്യാഭ്യാസം നേടിയ ശേഷം ഐപിസിയുടെ പുത്തന്‍കാവ്, നിരണം സഭകളില്‍ പാസ്റ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡെസ്പ്ലെയിനിലെ ഐപിസി ഹൈബ്രോണ്‍ സഭയിലെ അംഗങ്ങളായി പ്രവര്‍ത്തിക്കവേയാണ് മരണമുണ്ടായത്. സംസ്കാരശുശ്രൂഷകള്‍ ഡെസ്പ്ലെയിന്‍സിലുള്ള ഐപിസി ഹൈബ്രോണ്‍ സഭയുടെ നേതൃത്വത്തില്‍ പിന്നീട് നടക്കും.
|