| നാലാം തവണയും സോണിയ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് |
ബി.എസ് ഷിജുന്യൂഡല്ഹി: തുടര്‍ച്ചയായി നാലാം തവണയും സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ സോണിയാ ഗാന്ധിക്കു വേണ്ടിയല്ലാതെ മറ്റാര്‍ക്കു വേണ്ടിയും പത്രിക സമര്‍പ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മറ്റു നടപടി ക്രമങ്ങളിലേക്ക് കടക്കാതെ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം ഇന്നു നടത്താന്‍ കേന്ദ്രതെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചത്. 56 സെറ്റു പത്രികകളാണ് സോണിയാ ഗാന്ധിക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ ചണ്ഡീഗഡില്‍നിന്നും സമര്‍പ്പിക്കപ്പെട്ട പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളി. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങാണ് സോണിയാ ഗാന്ധിയെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടുള്ള ആദ്യ സെറ്റ് പത്രിക സമര്‍പ്പിച്ചത്. രണ്ടാമത്തെ സെറ്റ് പത്രിക ധനമന്ത്രി പ്രണബ് മുഖര്‍ജിയും. ഈ രണ്ടു സെറ്റ് പത്രികകളിലും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരാണ് ഒപ്പുവച്ചത്. എ.ഐ.സി.സി ട്രഷറര്‍ മോത്തിലാല്‍ വോറ സമര്‍പ്പിച്ച പത്രികയിലാണ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി ഒപ്പുവച്ചത്. വിവിധ പി.സി.സികളും പത്രിക സമര്‍പ്പിച്ചിരുന്നു. കേരളത്തില്‍ നിന്നും മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലെത്തിയാണ് സംസ്ഥാനത്തു നിന്നുള്ള നേതാക്കള്‍ പത്രിക കൈമാറിയത്. എ.ഐ.സി.സി കോ-ഓര്‍ഡിനേറ്ററും രാജ്യസഭയിലെ ചീഫ് വിപ്പുമായ പ്രൊഫ. പി.ജെ.കുര്യന്‍, നിയമസഭാകക്ഷി ഉപനേതാവ് ജി. കാര്‍ത്തികേയന്‍, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം.ഐ.ഷാനവാസ്, പീതാംബര കുറുപ്പ്, ആന്റോ ആന്റണി, എ.ഐ.സി.സി സെക്രട്ടറിമാരായ ടോം വടക്കന്‍, രഞ്ജി തോമസ്, എന്‍.എസ്.യു.ഐ അധ്യക്ഷന്‍ ഹൈബി ഈഡന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ആദ്യസെറ്റ് പത്രികയില്‍ കെ.കരുണാകരന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, സി.വി.പത്മരാജന്‍, തെന്നല ബാലകൃഷ്ണപിള്ള, പി.ജെ.കുര്യന്‍, ആര്യാടന്‍ മുഹമ്മദ്, വി.എം.സുധീരന്‍, എം.ഐ.ഷാനവാസ്, എം.എം.ഹസ്സന്‍ എന്നിവരടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് ഒപ്പുവച്ചിട്ടുള്ളത്. രണ്ടാമത്തെ സെറ്റ് പത്രികയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി.തോമസ് തുടങ്ങിയവര്‍. ഷാനിമോള്‍ ഉസ്മാന്‍, ഹൈബി ഈഡന്‍ എന്നിവരടങ്ങിയ പോഷക സംഘടനാ ഭാരവാഹികള്‍ ഒപ്പിട്ടതാണ് മൂന്നാമത്തെ സെറ്റ് പത്രിക. ഇന്ന് നാലരയ്ക്ക് എ.ഐ.സി.സി ആസ്ഥാനത്തു നടക്കുന്ന പ്രഖ്യാപനത്തോടെ നിലവിലുള്ള പ്രവര്‍ത്തക സമിതി പിരിച്ചുവിടപ്പെടും. പിന്നീട് സ്റ്റിയറിംഗ് കമ്മിറ്റി നിലവില്‍വരും. തുടര്‍ന്ന് പ്ലീനറി സമ്മേളനത്തിലാകും പ്രവര്‍ത്തക സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുക. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ബി.എസ് ഷിജു
-°C 