സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് അന്ത്യശ്വാസം
Imageഗൂഢലക്ഷ്യത്തോടെ സര്‍ക്കാരിന്റെ അട്ടിമറി
നിസാര്‍ മുഹമ്മദ്
തിരുവനന്തപുരം: ഐടി രംഗത്ത് കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ സ്മാര്‍ട്‌സിറ്റി  യാഥാര്‍ത്ഥ്യമാക്കുന്നതില്‍ അതിദയനീയമായി പരാജയപ്പെട്ട ഇടതുസര്‍ക്കാര്‍
പദ്ധതിയുടെ പ്രായോജകരായ ടീകോമിന് അന്ത്യശാസനം നല്‍കിയതിന് പിന്നില്‍ ഗൂഢലക്ഷ്യം. ഭരണത്തില്‍ ഇനി മാസങ്ങള്‍ മാത്രം അവശേഷിക്കെ സ്മാര്‍ട്‌സിറ്റി പദ്ധതി സംബന്ധിച്ച് ഒരു നീക്കുപോക്കും വേണ്ടെന്ന് തീരുമാനിച്ചിരിക്കുന്ന ഇടതു സര്‍ക്കാര്‍, തുടര്‍ന്ന് അധികാരത്തിലെത്തുന്ന സര്‍ക്കാരിനും പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത തരത്തില്‍ നിയമക്കുരുക്ക് ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായാണ് സ്മാര്‍ട്‌സിറ്റി പ്രായോജകരായ ടീകോമിന് അന്തിമ കത്ത് അയക്കാനുള്ള തീരുമാനം. സ്മാര്‍ട്‌സിറ്റി പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിഇഒ ഫരീദ് അബ്ദുല്‍ റഹുമാനും ടീകോം സിഇഒ അബ്ദുല്‍ ലത്തീഫ് അല്‍മുള്ളയ്ക്കുമാണ് കത്ത് അയക്കുന്നത്.

സ്വതന്ത്രാവകാശത്തോടെ നല്‍കുന്ന ഭൂമി വില്‍ക്കാനാവില്ലെന്നും ഈ ഭൂമി പ്രത്യേക സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത് തയ്യാറായിരിക്കുന്നത്. ടീകോമിന്റെ മറുപടി ലഭിച്ചതിന് ശേഷം പദ്ധതി മുന്നോട്ടുകൊണ്ടുപോകണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇനി ടീകോം മറുപടി നല്‍കിയില്ലെങ്കില്‍ അവര്‍ക്ക് പദ്ധതി നടത്തിപ്പില്‍ താല്‍പ്പര്യമില്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ കത്ത് ലഭിച്ച ശേഷം പ്രതികരിക്കാമെന്നാണ് ടീകോമിന്റെ നിലപാട്.
അതേസമയം സര്‍ക്കാരിന്റെ നീക്കം പദ്ധതിയെ നിയമക്കുരുക്കിലെത്തിക്കുമെന്നുറപ്പാണ്.
 
കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതിരിക്കുന്നതാണ് പദ്ധതിയെ അവതാളത്തിലാക്കിയതെങ്കിലും തങ്ങള്‍ക്കുണ്ടായിട്ടുള്ള സാമ്പത്തികനഷ്ടം നിയമപരമായി ടീകോമിനു ചോദ്യം ചെയ്യാം. സ്മാര്‍ട് സിറ്റിക്കായി ഇതുവരെ 105 കോടി രൂപ ടീകോം ചെലവഴിച്ചിട്ടുണ്ട്. ഈ പണം നഷ്ടപ്പെടുത്തി പിന്‍മാറാന്‍ ടീകോമിന് കഴിയില്ല. നേരത്തെ ടീകോമിന്റെ പങ്കാളികളായ സാമ ദുബായിയുടെ ഡയറക്ടര്‍ ബോര്‍ഡ്  സ്മാര്‍ട്‌സ് സിറ്റിക്കാര്യത്തില്‍ അന്തിമ തീരുമാനത്തിനു ടീകോമിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ നിയമനടപടികളിലേക്ക് കടക്കണമെന്ന് സാമ ദുബായി ടീകോമിനോടു നിര്‍ദേശിക്കുകയും ചെയ്തു.

എന്നാല്‍ സര്‍ക്കാരിന്റെ വാക്കുകള്‍ വിശ്വസിച്ച ടീകോം അന്ന് അതിന് മുതിര്‍ന്നില്ല. പിന്നീട്  ടീകോമിനെതിരേ മുഖ്യമന്ത്രി നടത്തിയ ആക്രമണം സ്മാര്‍ട് സിറ്റി എന്ന അധ്യായം അടക്കാനുള്ള നീക്കത്തിന്റെ പ്രാഥമിക നടപടിയെന്ന നിലയിലാണ് വിലയിരുത്തപ്പെട്ടത്. ടീകോമിനെ റിയല്‍ എസ്റ്റേറ്റുകാരെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ തത്വത്തില്‍ പദ്ധതിയുടെ ഫയല്‍ മടക്കിയിരുന്നു. ടീകോമിനെ ഭൂമി കച്ചവടക്കാരെന്നും നിബന്ധനകള്‍ പാലിക്കാത്തവരെന്നും ആക്ഷേപിച്ചിരുന്നെങ്കിലും പദ്ധതി ഉപേക്ഷിച്ചുവെന്ന ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരുന്നുമില്ല. ഇന്നലത്തെ മന്ത്രിസഭാ യോഗത്തോടെ സ്മാര്‍ട്‌സിറ്റിയുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാവില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്.

എന്നാല്‍ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന തീരുമാനം സര്‍ക്കാരിന് വരുത്തിയേക്കാവുന്ന ക്ഷീണം കണക്കിലെടുത്താണ് അന്തിമനോട്ടീസ് എന്ന പരാമര്‍ശം മുഖ്യമന്ത്രി ഉപയോഗിച്ചത്. ഇതാകട്ടെ ടീകോമിനെ കൂടുതല്‍ ചൊടിപ്പിക്കാനേ ഉപകരിക്കൂ. പ്രത്യേക സാമ്പത്തിക മേഖലാ പദവിയുള്ള ഭൂമിയുടെ 12 ശതമാനത്തിന് പാട്ടക്കരാറില്‍ സ്വതന്ത്രാവകാശം നല്‍കണമെന്നായിരുന്നു ടീകോമിന്റെ  പ്രധാന ആവശ്യം. ഇതില്‍ നിന്നും പിന്നോട്ടു പോകാന്‍ ടീകോം ഒരുഘട്ടത്തിലും തയാറായിരുന്നില്ല. 240 ഏക്കര്‍ പ്രദേശത്തിനും ഒന്നാകെ സെസ് പദവി ലഭിക്കുന്നതിനുള്ള നടപടികള്‍, പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍  ഉള്‍പ്പെടെയുള്ളവ പലപ്പോഴായി സര്‍ക്കാരും ടീക്കോമും തമ്മില്‍ ചര്‍ച്ച ചെയ്തിരുന്നു.
 
ചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയാറായിരുന്നില്ല. ടീകോമിന്റെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വ്യക്തമായി മറുപടി നല്‍കിയതുമില്ല. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് തയ്യാറായി പദ്ധതി തുടങ്ങിയാലും ഇതിന്റെ ഫലം ഇടതുസര്‍ക്കാരിന് ലഭിക്കില്ലെന്ന തിരിച്ചറിവാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. 2007 മെയ് 13-നാണ് സര്‍ക്കാരുമായി ടീകോം കരാര്‍ ഒപ്പിട്ടത്.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls