| കഴിയാന്‍ നേരം വിഴിഞ്ഞം-2 |
അന്ന് ഫ്രീസറിലാക്കി; ഇന്ന് നേട്ടമാക്കാന്‍ ശ്രമിക്കുന്നുഅഡോള്ഫ് ജെറോം എ.ഡി. 9, 12 നൂറ്റാണ്ടുകള്‍ക്കിടയില്‍ രചിക്കപ്പെട്ട സംഘകാല കൃതികളായ പാണ്ടിക്കോവയ്, ഇരൈയ്‌നാര്‍, അഹപൊരുള്‍ഉറയ്, കലിംഗത്ത് പരണി, വിക്രമചോളനുള്ള തുടങ്ങിയവയിലും വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് നിരവധി തവണ ചൂണ്ടിക്കാണിക്കുന്നുണ്ട്. എട്ടാം നൂറ്റാണ്ടില്‍ പാണ്ഡ്യ രാജാവായിരുന്ന നെടുംചടയന്റെ ചെമ്പുതകിടിലും വിഴിഞ്ഞം പരാമര്‍ശിക്കപ്പെടുന്നു. പാണ്ഡ്യ, ചേര, ചോള സാമ്രാജ്യങ്ങളുടെ വിവിധ തലങ്ങളിലെ ചരിത്രത്തില്‍ വിഴിഞ്ഞത്തിന് തനതായ പ്രൗഢി നല്‍കിയിരുന്നതായി കാണാം. പ്രകൃതി സൗന്ദര്യം തുടിച്ചുനില്‍ക്കുന്ന വിഴിഞ്ഞം നിരവധി യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും അതുവഴി നിരവധി ചരിത്ര സ്മരണകള്‍ തകര്‍ക്കപ്പെടുകയും ചെയ്തതിനാല്‍ ഇന്ന് അവശേഷിപ്പുകള്‍ വിരളമാണ്. ചേര, ചോളന്മാര്‍ തമ്മിലുള്ള നൂറ് വര്‍ഷം നീണ്ട യുദ്ധം വിഴിഞ്ഞത്തെ പാടെ തകര്‍ത്തുകളഞ്ഞു. ബാക്കിയായവ ചരിത്ര പഴമകള്‍ വിളിച്ചോതുന്ന ചില സ്ഥലനാമങ്ങള്‍ മാത്രം. കുതിരപന്തി, മേല്‍കോട്ട, ആനപന്തി, ഊട്ടുകാല്‍ പറമ്പ്, തുപ്പായ്ക്കികുടി, മരുന്ത്‌കോട്ട, കിടാരക്കുഴി (കിടങ്ങുകുഴി) എന്നീ പേരുകള്‍ ചരിത്ര അവശേഷിപ്പുകളായി ഇന്നും പുതിയ തലമുറ ഉപയോഗിച്ച് വരുന്നു. 16-ാം നൂറ്റാണ്ടോടുകൂടി പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വരുകയും തുടര്‍ന്ന് വി.ഫ്രാന്‍സിസ് സേവ്യര്‍ വിഴിഞ്ഞത്തെത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നു. ഒമ്പതാം നൂറ്റാണ്ടിലെ ശിലാനിര്‍മ്മിതമായ ഒരു ഗുഹാക്ഷേത്രം ഇന്നും വിഴിഞ്ഞം ജംഗ്ഷനില്‍ ഓര്‍മ്മകളുമായി നില്‍ക്കുന്നു. വിഴിഞ്ഞത്തെ പഴയ ക്രിസ്ത്യന്‍ പള്ളി പോര്‍ച്ചുഗീസുകാരാണ് നിര്‍മ്മിച്ചത്. 1875 ല്‍ അവര്‍ തന്നെ അതിനെ പുതുക്കി പണിയുകയും ചെയ്തു. മത്സ്യബന്ധന തുറമുഖം 1905 ആഗസ്റ്റില്‍ തിരുവിതാംകൂര്‍ ദിവാന്‍ സി.പി. രാമസ്വാമി അയ്യരാണ് വിഴിഞ്ഞം തുറമുഖത്തിന് ഒരു രൂപരേഖ തയ്യാറാക്കിയത്. കിഴക്ക് ചൊവ്വര കോടി മുതല്‍ പടിഞ്ഞാറ് വിഴിഞ്ഞം മുനമ്പുവരെയാണ് തുറമുഖത്തിനായി അദ്ദേഹം തിരഞ്ഞെടുത്തത്. വെള്ളായണി കായലുമായി ബന്ധിപ്പിച്ച് കപ്പല്‍ കയറ്റി നിര്‍ത്താനാണ് വിഭാവന ചെയ്തത്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ദിവാന് കഴിഞ്ഞില്ല.1947ല്‍ ഒരു മത്സ്യബന്ധന തുറമുഖത്തിന് തുടക്കമിട്ടെങ്കിലും തിരുകൊച്ചി സംയോജനത്തോടെ അതും വഴിയിലായി. 1955-57 ല്‍ സി.ആര്‍.ജൂക്കിന്റെ നേതൃത്വത്തില്‍ എഫ്.എ.ഒ. സംഘം വിഴിഞ്ഞത്തെക്കുറിച്ച് ഒരു പഠന റിപ്പോര്‍ട്ട് തയ്യാറാക്കി. 1962 സെപ്റ്റംബര്‍ 12ന് കേന്ദ്ര ഭക്ഷ്യ കാര്‍ഷിക വകുപ്പ് മന്ത്രി എസ്.കെ. പാട്ടീല്‍ തുറമുഖപദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അങ്ങനെയാണ് മത്സ്യബന്ധന തുറമുഖം ഇന്ന് കാണുന്ന നിലയില്‍ യാഥാര്‍ത്ഥ്യമായത്. കടല്‍ പ്രക്ഷുബ്ധമാകുന്ന ജൂണ്‍, ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ സമീപ പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയായും ആശാകേന്ദ്രവുമായും വിഴിഞ്ഞം നിലകൊള്ളുന്നു. വാണിജ്യ തുറമുഖ പദ്ധതി 1995 ലെ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് വിഴിഞ്ഞം വാണിജ്യ തുറമുഖത്തിന്റെ അനന്തമായ സാദ്ധ്യതകളെക്കുറിച്ച് ആലോചന തുടങ്ങിയത്. തുറമുഖ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി എം.വി.രാഘവന്‍ അതിനുവേണ്ട ക്രമീകരണങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. മദ്രാസിലെ കുമാര്‍ ഗ്രൂപ്പുമായി തുറമുഖനിര്‍മ്മാണ കരാര്‍ ഒപ്പിട്ടു. പക്ഷേ അന്നത്തെ ഇടതു പ്രതിപക്ഷവും, ഈ പ്രദേശത്തെ വന്‍കിട ഹോട്ടല്‍ ഉടമകളും, ചില സ്ഥാപിത താല്പര്യക്കാരും ചേര്‍ന്ന് തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികളെ ഇളക്കിവിട്ട് പദ്ധതിയെ മരവിപ്പിച്ചു. തുടര്‍ന്നുവന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഭരണത്തിന്റെ ശീതളനാളുകളില്‍ യാതൊന്നും ചെയ്യാതെ അവസാനഘട്ടത്തില്‍ ജനങ്ങളെ പറ്റിക്കാന്‍ 1999ല്‍ ഒരു ബി.ഒ.ടി കരാര്‍ മാത്രം ഒപ്പിട്ട് ഫ്രീസറിലാക്കി കാലാവധി തീര്‍ത്ത് മടങ്ങിപോകുകയും ചെയ്തു. പ്രകൃതി തന്നെ ഒരു തുറമുഖത്തിനുവേണ്ട എല്ലാ ക്രമീകരണങ്ങളും നല്കി അനുഗ്രഹിച്ച ഒരു പ്രദേശമാണ് വിഴിഞ്ഞം. അത് തന്നെയാണ് ചരിത്രാതീതകാലം മുതല്‍ക്ക് വിഴിഞ്ഞത്തിന് ലഭിച്ച പ്രാധാന്യത്തിനു കാരണവും. കരയോടടുത്തുള്ള കടലിന് ഏകദേശം ഒരു നോട്ടിക്കല്‍ മൈല്‍ ദുരത്തിനുള്ളില്‍ 22 മുതല്‍ 24 മീറ്റര്‍ വരെ ആഴമുണ്ട് അതിനാല്‍ മദര്‍ഷിപ്പുകള്‍ക്ക് നേരിട്ട് തന്നെ കരയ്ക്ക് അടുക്കാനാകും. ഈ സൗകര്യം പ്രകൃതി തന്നെ കനിഞ്ഞ് അനുഗ്രഹിച്ചതിനാല്‍ സാധാരണ തുറമുഖത്തിനാവശ്യമായ വര്‍ഷം തോറുമുള്ള ഡ്രഡ്ജിംഗ് സംവിധാനം ഇവിടെ വേണ്ടിവരുന്നില്ല. രാജ്യാന്തര കപ്പല്‍ റൂട്ടിന് ഏകദേശം 12 നോട്ടിക്കല്‍ മൈല്‍ അഥവാ 22 കിലോമീറ്റര്‍ അടുത്ത് കിടക്കുന്ന ഇന്ത്യയിലെ ഏക തുറമുഖം വിഴിഞ്ഞം മാത്രമാണ്. അതിനാല്‍ ഈ റൂട്ടിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ഇന്ധനം നിറക്കുന്ന ബങ്കറിംഗ് സംവിധാനം ഇവിടെ സജ്ജീകരിക്കുമ്പോള്‍ നിരവധി കപ്പലുകള്‍ സ്വാഭാവികമായി ഇവിടെ വന്നുപോകം. ഇത്തരത്തില്‍ ബഹുമുഖ സൗകര്യങ്ങള്‍ വിഴിഞ്ഞത്തിനു ലഭിക്കുന്നതിനാല്‍ മുന്‍ നിരയിലുള്ള ഏഷ്യന്‍ തുറമുഖങ്ങള്‍ ആശങ്കയോടെയാണ് വിഴിഞ്ഞത്തെ കാണുന്നത്. കൊളംമ്പോ, സിംഗപ്പൂര്‍, ദുബായ്, സലാല തുടങ്ങിയ തുറമുഖലോബികള്‍ ഏഷ്യയുടെ കവാടമായി മാറാവുന്ന വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകാതിരിക്കാന്‍ വേണ്ട ശ്രമങ്ങള്‍ അണിയറയില്‍ അവരും നടത്തിവരുന്നു. ഇന്ത്യയിലെ 75 ശതമാനം ചരക്കും ഇപ്പോള്‍ കൊളമ്പോ, സിംഗപ്പൂര്‍ വഴിയാണ് വിനിമയം നടത്തുന്നത്. അതു വഴി നമ്മുടെ രാജ്യത്തിന് നഷ്ടമാകുന്നത് പ്രതിവര്‍ഷം 600 കോടിയിലധികം രൂപയാണ്. വിഴിഞ്ഞം ഇന്ത്യയുടെ അമ്മത്തുറമുഖമാക്കി മാറ്റാവുന്ന ബ്രഹത് പദ്ധതിയുമായി 2006 ല്‍ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിയും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി.രാഘവനും ചേര്‍ന്ന് രൂപം കൊടുത്തതാണ് രാജ്യന്തര കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെന്റ് തുറമുഖം. ഫയല്‍ ജോലികളെല്ലാം പൂര്‍ത്തിയാക്കി അന്നത്തെ പ്രധാനമന്ത്രിയെക്കൊണ്ട് ഉത്ഘാടനം ചെയ്യാനിരിക്കെയാണ് മുഖ്യമന്ത്രിക്ക് വിദേശത്ത് അപകടമുണ്ടാവുകയും തുടര്‍ന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാലും ഉത്ഘാടനം തടസ്സപ്പെട്ടു. തുടര്‍ന്ന് 2007 ലെ വി.എസ്.അച്ച്യുതാനന്ദന്റെ നേതൃത്വത്തിലെ എല്‍.ഡി.എഫ്. ഗവണ്‍മെന്റ് ജനവികാരം കണക്കിലെടുത്ത് വിഴിഞ്ഞം പദ്ധതിയുമായി മുന്നോട് പോയി. തുറമുഖ വകുപ്പ് മന്ത്രിയായ എം.വിജയകുമാറും ഗവണ്‍മെന്റ് കമ്പനിയായ വിസിലും ചേര്‍ന്ന് നേതൃത്വം നല്‍കി. കേരളത്തിന്റെ ഈ സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ യു.പി.എ. സര്‍ക്കാരിന്റെയും പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെയും ഇടപെടലുകള്‍ കാരണം കാലതാമസം വരുത്താതെ കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട സുരക്ഷ അനുമതിയും, കേന്ദ്ര ഇന്റലിജന്‍സിന്റെയും രഹസ്യാന്വേഷണ വിഭാഗമായ റോയുടെയും അനുമതി വേഗത്തില്‍ ലഭിക്കുകയുണ്ടായി. കേന്ദ്രഗവണ്‍മെന്റിന്റെ ഇത്തരത്തിലുള്ള എല്ലാ പിന്‍തുണയും ലഭിച്ചിട്ടുപോലും കേരള സര്‍ക്കാരിന്റെ ലക്ഷ്യബോധമില്ലായ്മയും ചില സ്വാര്‍ത്ഥതാല്പര്യങ്ങളും കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു. (തുടരും) |
| < മുന്‍ പേജ് | അടുത്തത് > |
|---|

അന്ന് ഫ്രീസറിലാക്കി; ഇന്ന് നേട്ടമാക്കാന്‍ ശ്രമിക്കുന്നു
-°C 