| നഗരക്കൊയ്ത്ത്-20 |
നഗരഭരണം മാഫിയ പിടിയില്‍ പടിവാങ്ങാന്‍ ഉദ്യോഗസ്ഥരുംനിസാര് മുഹമ്മദ് സംസ്ഥാനം ഭരിക്കുന്നത് മാഫിയകളാണോയെന്ന് കോടതി നിരീക്ഷിച്ചുവെന്ന് മാധ്യമങ്ങളും പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ന്യായാധിപനും
പൊതുജന മധ്യത്തില്‍ വ്യക്തമാക്കിയതോടെ ചെറിയൊരു വിവാദം മുളപൊട്ടിയത് ഈയിടെയാണ്. ഭരണത്തില്‍ മാഫിയയുടെ പങ്കിനെക്കുറിച്ച് കോടതി ചോദിച്ചാലും ഇല്ലെങ്കിലും ഒരുകാര്യം നിസംശയം പറയാം; തിരുവനന്തപുരം നഗരസഭ ഭരിക്കുന്നത് മാഫിയകളാണ്.വ്യാജ കെട്ടിടങ്ങള്‍ക്ക് എതിരേയുള്ള ഉത്തരവുകള്‍ അട്ടിമറിക്കുന്ന മാഫിയയുടെ പ്രവര്‍ത്തനങ്ങളാണ് തിരുവനന്തപുരം നഗരസഭയിലെ പുതിയ വാര്‍ത്ത. കോഴ നല്‍കിയാല്‍ സുപ്രീം കോടതിയുടെ വരെ ഉത്തരവുകള്‍ മുക്കാന്‍ ഉദ്യോഗസ്ഥരിലെ ചിലര്‍ നാണംകെട്ടും റെഡിയാണ്.അനധികൃത കെട്ടിടങ്ങള്‍ക്കും മറ്റുമെതിരെ പരാതി ഉയരുമ്പോള്‍ ഇവയുടെ ലൈസന്‍സ് റദ്ദാക്കാന്‍ കൗണ്‍സില്‍ തീരുമാനിക്കാറുണ്ട്. കൗണ്‍സിലിന്റെ തീരുമാനം ഉടന്‍ നടപ്പാക്കണമെന്നാണു ചട്ടം. പക്ഷേ, കാണേണ്ടവരെ കാണേണ്ടപോലെ കണ്ടാല്‍ ഫയല്‍ മുക്കും. പിന്നെ, കുറേ ദിവസം തിരഞ്ഞാലും ഫയല്‍ കാണില്ല. പരാതിക്കാരന്‍ പിന്തുടര്‍ന്ന് എത്തിയാല്‍ ഉഴപ്പന്‍ മറുപടി പറയും. ഒരുമാതിരിപ്പെട്ടവരെല്ലാം മടുത്ത് മടങ്ങും.പരാതിക്കാരന്‍ വാശിയോടെ പിന്തുടര്‍ന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ലീവെടുത്തു മുങ്ങും. നടപടി മനപ്പൂര്‍വം വൈകിപ്പിച്ച്, നിയമലംഘനം നടത്തിയയാള്‍ക്ക് ട്രൈബ്യൂണലിനെയും കോടതികളെയും സമീപിച്ച് കേസ് വലിച്ചുനീട്ടാനുള്ള സൗകര്യമൊരുക്കാന്‍ വന്‍തുകയാണു കോഴ. ട്രൈബ്യൂണലിലും പരാജയപ്പെട്ടാല്‍ വീണ്ടും ഫയലില്‍ അടയിരിക്കും. നിയമലംഘകനു ഹൈക്കോടതിയെ സമീപിക്കാന്‍ സമയമൊരുക്കാനാണിത്. ട്രൈബ്യൂണല്‍, ഹൈക്കോടതി, ഡിവിഷന്‍ ബെഞ്ച്, സുപ്രീം കോടതി തുടങ്ങി, ഓരോ ഘട്ടം കഴിയുംതോറും കോഴ കുത്തനെ കൂടും.കൗണ്‍സില്‍ തീരുമാനം വരുമ്പോള്‍ത്തന്നെ തട്ടിപ്പുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും, ട്രൈബ്യൂണലോ മറ്റോ ഈ തീരുമാനത്തെ സ്റ്റേ ചെയ്താല്‍ നടപടി പിന്‍വലിക്കുകയും ചെയ്യുന്ന രീതിയാണ് അഴിമതി കുറഞ്ഞ മറ്റു നഗരസഭകളിലുള്ളത്. എന്നാല്‍, തിരുവനന്തപുരം നഗരസഭയില്‍ മാഫിയ ഏതു കോടതി ഉത്തരവിനെയും വിഴുങ്ങാന്‍ കരുത്തുള്ളവരാണ്. പാര്‍ക്കിങ്ങിനായി സ്ഥലം കാണിച്ച ശേഷം അവിടെ നിയമവിരുദ്ധമായി ഓഫിസ് മുറികള്‍ കെട്ടിയ ബഹുനില കെട്ടിട ഉടമയില്‍ നിന്ന് ലക്ഷങ്ങളാണു കോഴ വാങ്ങിയത്.നഗരത്തിലെ പല അനധികൃത കെട്ടിടങ്ങളും നിയമത്തെ കൊഞ്ഞനം കുത്തി പ്രവര്‍ത്തിക്കുകയാണ്. ചാക്കയിലെ വിവാദ ഹോട്ടല്‍ കെട്ടിടം അടച്ചുപൂട്ടാനുള്ള നഗരസഭാ കൗണ്‍സിലിന്റെയും മേയറുടെയും ഉത്തരവ് അട്ടിമറിച്ച നഗരസഭയിലെ ആരോഗ്യവിഭാഗത്തിലെ ചിലര്‍ എല്‍എസ്ജി ട്രൈബ്യൂണലിന്റെ ഉത്തരവും കഴിഞ്ഞദിവസം പൂഴ്ത്തി. ഹോട്ടല്‍ നിയമവിരുദ്ധമാണെന്ന തദ്ദേശസ്വയംഭരണ ട്രൈബ്യൂണല്‍ ജോസഫ് തെക്കേകുരുവിനാലിന്റെ ഉത്തരവാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത്. രണ്ടുമാസം മുന്‍പാണു ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നഗരസഭാ കൗണ്‍സില്‍ ഉത്തരവിട്ടത്. നടപടിയെടുക്കേണ്ട ആരോഗ്യവിഭാഗം ഫയല്‍ പൂഴ്ത്തി. നടപടി സ്വീകരിക്കാന്‍ മേയര്‍ സി. ജയന്‍ബാബു ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. നഗരസഭാ തീരുമാനത്തിനെതിരെ ഹോട്ടല്‍ നടത്തിപ്പുകാരന്‍ തദ്ദേശസ്വയംഭരണ ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും പരാതി തള്ളി.
ഹോട്ടല്‍ നിയമവിരുദ്ധമാണെന്ന ട്രൈബ്യൂണലിന്റെ ഉത്തരവാണ് ഇത്തവണ നഗരസഭയിലെ മുക്കല്‍ വിദഗ്ധര്‍ മുക്കിയിരിക്കുന്നത്. ട്രൈബ്യൂണലിന്റെ ഉത്തരവിനെത്തുടര്‍ന്നു നടപടി സ്വീകരിക്കാന്‍ നഗരസഭാ സെക്രട്ടറി കെ. ബിജു തന്നെ നിര്‍ദേശിച്ച ഫയലാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥന്റെ മേശപ്പുറത്ത് നടപടിയില്ലാതെ കിടക്കുന്നത്. ചാക്കയിലെ ഹോട്ടല്‍ കെട്ടിടം നിയമവിരുദ്ധമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു മേയ് 21-നാണ് ഇത് അടച്ചുപൂട്ടാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചത്. അനധികൃത ഹോട്ടലിന് അനുകൂലമായി ആരോഗ്യവിഭാഗത്തിലെ ചില ഉദ്യോഗസ്ഥര്‍ വ്യാജരേഖ ചമച്ചെങ്കിലും പിന്നീട് ഇതു തിരുത്തി.
ബന്ധപ്പെട്ട ക്ലാര്‍ക്ക് അവധിയിലായതിനാലാണു കൗണ്‍സില്‍ തീരുമാനം നടപ്പാക്കാന്‍ പറ്റാത്തത് എന്നാണു ഹെല്‍ത്ത് ഓഫിസര്‍ പറഞ്ഞത്. പക്ഷേ ഇങ്ങനെ ഒരു ഉദ്യോഗസ്ഥന്‍ അവധിയിലായ കാര്യം മറ്റാര്‍ക്കും അറിയില്ല. ഒന്നരമാസം ഫയല്‍ മുക്കിയശേഷം ഇപ്പോള്‍ ട്രൈബ്യൂണലിന്റെ ഉത്തരവിന്‍മേലും അടയിരിക്കാനാണ് ആരോഗ്യവിഭാഗത്തിലെ ചിലരുടെ തീരുമാനം. ഭരണക്കാരില്‍ ചിലരെങ്കിലും അറിയാതെ ഇതൊന്നും നഗരസഭയില്‍ നടക്കില്ലെന്ന് ജനങ്ങള്‍ക്കും അറിയാം.
കാരണം അന്വേഷിച്ചപ്പോള്‍ ഭരണക്കാരും ഉദ്യോഗസ്ഥരും കണക്കിന് കൈക്കൂലി വാങ്ങിയെന്ന് വ്യക്തമായി. ഈ സാമ്പത്തികവര്‍ഷം ഒരു ബോര്‍ഡിനു മാത്രമേ അനുമതി നല്‍കിയിട്ടുള്ളു എന്നിരിക്കെ നഗരത്തിലെമ്പാടും പരസ്യബോര്‍ഡുകള്‍ സ്ഥാനംപിടിച്ചതിന് കാരണം വേറെ അന്വേഷിക്കേണ്ട. പരസ്യബോര്‍ഡ് നീക്കല്‍ ഇടയ്ക്കൊന്ന് ശക്തിപ്രാപിച്ചു. തൊട്ടുപിന്നാലെ ആരോപണങ്ങളും. പൊളിക്കലില്‍ നഗരസഭ രണ്ടു പക്ഷം കാണിച്ചെന്നായിരുന്നു ആരോപണം. ചിലതു ഗ്യാസ്കട്ടര്‍ വരെ ഉപയോഗിച്ചു നാമാവശേഷമാക്കിയപ്പോള്‍ ഭരണക്കാരെ 'നേരാംവണ്ണം കണ്ടവരുടെ ഹോര്‍ഡിങ്ങുകളിലെ ഫ്ലക്സ് ഭാഗം മാത്രമേ കീറിയുള്ളു എന്നാണ് ആക്ഷേപമുയര്‍ന്നത്. മോഡല്‍ സ്കൂള്‍ ജംക്ഷന്‍, തമ്പാനൂര്‍ എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ വെറുതെവിട്ടവയില്‍ പലതിലും വീണ്ടും ഫ്ലക്സ് സ്ഥാപിച്ചുകഴിഞ്ഞു.
വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട പണികള്‍ നടക്കുന്നതിനാല്‍ മേല്‍നോട്ടത്തിന് ഉദ്യോഗസ്ഥരെ വിട്ടുകിട്ടാത്തതാണ് അനധികൃത ബോര്‍ഡുകള്‍ നശിപ്പിക്കുന്നതിലുള്ള കാലതാമസത്തിന് കാരണമായി നഗരസഭ പറഞ്ഞത്. നഗരസഭയിലെ റവന്യു വിഭാഗത്തിനാണു ബോര്‍ഡ് സ്ഥാപിക്കുന്നതിന്റെയും പൊളിക്കുന്നതിന്റെയും ചുമതല. ഉദ്യോഗസ്ഥരെ നേരാംവണ്ണം കണ്ടാല്‍ ബോര്‍ഡ് പൊളിക്കാതിരിക്കുകയോ ഉടമസ്ഥര്‍ക്കു കൈനഷ്ടം വരാതെ സംരക്ഷിക്കുകയോ ചെയ്യാം. (തുടരും) |
| < മുന്‍ പേജ് | അടുത്തത് > |
|---|

നഗരഭരണം മാഫിയ പിടിയില്‍ പടിവാങ്ങാന്‍ ഉദ്യോഗസ്ഥരും
-°C 