നഗരക്കൊയ്ത്ത്‌-19
Imageചാല നവീകരണം പാഴ്ക്കിനാവായി; നടപ്പാതപ്പണി പോക്കറ്റടിക്കപ്പെട്ടു

നിസാര്‍ മുഹമ്മദ്‌

സംസ്ഥാനത്തിന്റെ തലസ്ഥാനം എന്ന നിലയിലും ഭരണസിരാകേന്ദ്രമെന്ന നിലയിലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ പുറമെ വിവിധ യുവജനപ്രസ്ഥാനങ്ങളും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും
 
ബഹുജന പ്രസ്ഥാനങ്ങളും പ്രവര്‍ത്തിക്കുന്നതും തങ്ങളുടെ പ്രവര്‍ത്തന പരിപാടികള്‍ രൂപപ്പെടുത്തുന്നത്‌ തിരുവനന്തപുരത്താണ്‌. കേരളത്തിന്റെ മുഴുവന്‍ രാഷ്ട്രീയ സ്പന്ദനങ്ങളുടെയും ഉറവിടമാണ്‌ അനന്തപുരി. ചരിത്രത്തില്‍ സ്ഥാനം പിടിച്ച അനേകം വിദ്യാര്‍ത്ഥിസമരങ്ങള്‍ക്കും, യുവജനസമരങ്ങള്‍ക്കും, ബഹുജനസമരങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുളള നഗരമാണിത്‌. രാജാധിപത്യത്തില്‍ നിന്നു ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിനു സാക്ഷ്യം വഹിച്ച തിരുവനന്തപുരം നഗരസഭയുടെ പ്രവര്‍ത്തനം രാഷ്ട്രീയമായും വിലയിരുത്തപ്പെടുന്നുണ്ട്‌.
 

അടിസ്ഥാന സൗകര്യവികസനത്തിന്‌ ഏഷ്യന്‍ ഡവലപ്മെന്റ്‌ ബാങ്കില്‍ (എഡിബി) നിന്നു കടമെടുത്ത തുക കൃത്യമായി ചെലവഴിക്കാതിരുന്നത്‌ മൂലം മുടങ്ങിപ്പോയ പദ്ധതികളേറെയാണ്‌ നഗരത്തില്‍. നഗരസഭയ്ക്ക്‌ പറ്റിയ കൈപ്പിഴവെന്ന്‌ പറഞ്ഞ്‌ തള്ളിക്കളയാനാവില്ല ഇതൊന്നും. ഭരണക്കാരുടെ അനാസ്ഥയുടെ പ്രത്യക്ഷ ഉദാഹരണമാണ്‌ ചാല മാര്‍ക്കറ്റിലെ നടപ്പാതയുടെ നവീകരണം. നവീകരണ പദ്ധതിക്കായി നഗരസഭ എഡിബിയില്‍ നിന്ന്‌ കടം വാങ്ങിയത്‌ യാതൊരു ആസൂത്രണവുമില്ലാതെയാണ്‌. അതുകൊണ്ടുതന്നെ ഇത്‌ നടക്കാത്ത സ്വപ്നമാണെന്ന്‌ ഭരണപക്ഷത്തിലെ ചിലര്‍ തന്നെ തുറന്നുപറഞ്ഞു. 36.30 കോടി രൂപയുടെ പദ്ധതി രേഖ തയ്യാറാക്കിയെങ്കിലും ഇതുവരെ ചെറുവിരലനക്കാന്‍ നഗരസഭയ്ക്ക്‌ കഴിഞ്ഞിട്ടില്ലെന്നതാണ്‌ സത്യം. പദ്ധതി തന്നെ മറന്ന മട്ടാണ്‌.

 

ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ നഗര പുനരുദ്ധാരണ മിഷന്റെ സുസ്ഥിര നഗര ഗതാഗത പദ്ധതിയിലുള്‍പ്പെടുത്തി ചാലയിലെ നടപ്പാതകള്‍ നവീകരിക്കാനായിരുന്നു ലക്ഷ്യം. കിള്ളിപ്പാലം മുതല്‍ ഗാന്ധിപാര്‍ക്ക്‌ വരെ ഒന്നര കിലോമീറ്റര്‍ ദൂരം റോഡിന്റെ ഇരുവശത്തും ഇന്റര്‍ ലോക്കിങ്‌ ടെറാറ്റെയില്‍ പാകി നടപ്പാതകള്‍ നിര്‍മിക്കുക, ചെടികളും മരങ്ങളും ഉപയോഗിച്ചു നിരത്തുവക്ക്‌ മോടിപിടിപ്പിക്കുക, വാഹനം പാര്‍ക്ക്‌ ചെയ്യാന്‍ പ്രത്യേക സ്ഥലം കണ്ടെത്തി സംവിധാനമുണ്ടാക്കുക എന്നിവയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതുവരെ നടന്ന പ്രവൃത്തികള്‍ വട്ടപ്പൂജ്യം.

 

ആര്യശാലയിലും എംജി റോഡിനു കുറുകെ കിഴക്കേക്കോട്ടയിലും കാല്‍നട യാത്രയ്ക്കായി സബ്‌വേ നിര്‍മിക്കാന്‍ പദ്ധതിയില്‍ നിര്‍ദേശമുണ്ടായിരുന്നു. തമ്പാനൂര്‍ ബസ്സ്സ്റ്റാന്‍ഡിനെയും ചാലക്കമ്പോളത്തെയും ബന്ധിപ്പിച്ചു നടപ്പാലം നിര്‍മിക്കുന്നതിനു തുക വകകൊള്ളിച്ചിരുന്നു. എട്ടു മീറ്റര്‍ വീതിയും 5.76 മീറ്റര്‍ നീളവുമുളള നടപ്പാലമാണു വിഭാവനം ചെയ്തിരുന്നത്‌. ഒരൊറ്റ ടെയില്‍ പോലും പാകാന്‍ നഗരസഭയ്ക്കായില്ല. പ്രഖ്യാപനം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടതല്ലാതെ ഇപ്പോള്‍ ഒരക്ഷരം നഗരസഭ ഇതിനെക്കുറിച്ചു പറയുന്നില്ല.
സബ്‌വേ, നടപ്പാത, മേല്‍പ്പാലം എന്നിവയുടെ വശങ്ങളില്‍ സ്ഥാപിക്കുന്ന പരസ്യബോര്‍ഡുകള്‍, പാര്‍ക്കിങ്‌ ഫീ, കടവാടക എന്നിവയിലൂടെ 2.48 കോടിയുടെ വരുമാനം ഉണ്ടാകുമെന്നു നഗരസഭ സ്വപ്നംകണ്ടു.

 

പദ്ധതി നടക്കാത്തതിനെ തുടര്‍ന്നു സ്വപ്നം പാഴായി. കാല്‍നട യാത്രാസൗകര്യം വര്‍ധിപ്പിക്കാന്‍ 1.269 കോടി, പാര്‍ക്കിങ്‌ സൗകര്യമൊരുക്കാന്‍ 5.376 കോടി, കിഴക്കേക്കോട്ടയില്‍ അടിപ്പാത പണിയാന്‍ .862 കോടി, ആര്യശാലയിലെ അടിപ്പാതയ്ക്ക്‌ .768 കോടി, നടപ്പാലത്തിനു 18.408 കോടി, വൈദ്യതീകരണത്തിന്‌ 1.896 കോടി എന്നിങ്ങനെയാണു തുക വകയിരുത്തിയത്‌. എല്ലാം വൃഥാവിലായി. അങ്ങനെ എഡിബിയുടെ സഹായത്താലുള്ള ഒരു പദ്ധതികൂടി ചാപിള്ളയാകുന്നതിന്‌ തലസ്ഥാന നഗരി സാക്ഷ്യം വഹിക്കുകയാണ്‌.
രാജ്യാന്തര മാതൃകയില്‍ വികസിപ്പിക്കാനായി തിരഞ്ഞെടുത്തിരുന്ന പ്ലാമൂട്‌ ജംക്ഷനിലെ നവീകരണ ജോലികള്‍ പാതി വഴിയില്‍ അവസാനിപ്പിച്ചതാണ്‌ നഗരസഭയുടെ മറ്റൊരു 'നേട്ടം'.

 

ഡിവൈഡറിനു വീതി കൂട്ടി, യു ടേണ്‍ എടുക്കാനുള്ള സൗകര്യമൊരുക്കുകയും ഫുട്പാത്തില്‍ രണ്ടിടത്ത്‌ കൈവരി നിര്‍മിക്കുകയും ചെയ്തതോടെയാണു ജോലികള്‍ അവസാനിപ്പിച്ചത്‌. ഇതിനു മാത്രം 34 ലക്ഷത്തോളം രൂപ ചെലവായി എന്നാണു വിശദീകരണം. പിഎംജി ജംക്ഷനില്‍ നിന്ന്‌ പ്ലാമൂട്‌ ജംക്ഷന്‍ വരെയുള്ള ഇറക്കത്തില്‍ നിര്‍മിക്കേണ്ട റംബിള്‍ സ്ട്രിപ്സ്‌, ജംക്ഷനിലെ സിഗ്നല്‍, രണ്ടു ബസ്‌ സ്റ്റോപ്പുകളുടെ സ്ഥാനമാറ്റം എന്നീ ജോലികളെല്ലാം ഉപേക്ഷിച്ചിരിക്കുകയാണ്‌. റോഡ്‌ സേഫ്റ്റി വിദഗ്ധര്‍ പോലും നിര്‍ണായകമെന്നു വിലയിരുത്തിയ ജോലികളാണ്‌ ഉപേക്ഷിക്കപ്പെട്ടത്‌. ബസ്‌ സ്റ്റോപ്പുകള്‍ മാറ്റാതെ പ്ലാമൂട്ടിലെ ഗതാഗത, അപകട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്ന്‌ ലോക ബാങ്കിന്റെ പ്രതിനിധി സ്റ്റെയ്ന്‍ ലുണ്ട്ബി അഭിപ്രായപ്പെട്ടിരുന്നു.

 

ഇരുപതു ലക്ഷത്തിന്റെ കരാര്‍ 34 ലക്ഷത്തിലേക്ക്‌ വലിച്ചു നീട്ടിയിട്ടും ബസ്‌ സ്റ്റോപ്പുകള്‍ അവിടെനിന്ന്‌ മാറിയില്ല. സമീപത്തെ കടക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധം കൊണ്ടാണ്‌ പണികള്‍ ഉപേക്ഷിച്ചതെന്നു കെഎസ്ടിപി അധികൃതര്‍ പറഞ്ഞു. നാട്ടുകാര്‍ക്കൊപ്പം ജനപ്രതിനിധികള്‍ കൂടി ചേര്‍ന്നപ്പോള്‍ പണികള്‍ മുന്നോട്ടുനീക്കാന്‍ മാര്‍ഗമില്ലാതായി എന്നാണ്‌ അവരുടെ വിലയിരുത്തല്‍.കേരള സ്റ്റേറ്റ്‌ ട്രാന്‍സ്പോര്‍ട്ട്‌ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയാണ്‌ അഞ്ചു ജില്ലകളിലെ പ്രധാന ജംക്ഷനുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു പദ്ധതിയിട്ടിരുന്നത്‌. തിരുവനന്തപുരത്ത്‌ പ്ലാമൂട്‌ ജംക്ഷനും എറണാകുളത്ത്‌ കലൂര്‍ ജംക്ഷനുമായിരുന്നു ആദ്യം വികസിപ്പിക്കേണ്ടിയിരുന്നത്‌.

 

കോട്ടയത്ത്‌ തിരുനക്കര ജംക്ഷന്‍, തൃശൂര്‍, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ ഓരോ ജംക്ഷനുകള്‍ എന്നിവയും നവീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, മോഡല്‍ പ്രോജക്ട്‌ ആയി ഏറ്റെടുത്തിരുന്ന പ്ലാമൂട്ടില്‍ നിന്നു തന്നെ ഇത്രയും പ്രതിഷേധം വന്നതോടെ മറ്റു ജില്ലകളിലെ പദ്ധതികളും ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്‌ കെഎസ്ടിപി അധികൃതര്‍. നവീകരണത്തിന്റെ എടുത്തുപറയത്തക്ക പ്രവര്‍ത്തനം നടന്നതു ഡിവൈഡറിന്റെ വീതി കൂട്ടിയതിലാണ്‌. പട്ടം ഭാഗത്തു നിന്ന്‌ പ്ലാമൂട്ടിലെത്തി, യു ടേണ്‍ എടുക്കുകയും വലതു വശത്തേക്ക്‌ തിരിയുകയും ചെയ്യേണ്ട വാഹനങ്ങള്‍ക്ക്‌ ഏറ്റവും സൗകര്യപ്രദമായാണ്‌ ഈ ആധുനിക രീതിയിലുള്ള ഡിവൈഡര്‍ നിര്‍മിച്ചിരിക്കുന്നത്‌.

 

വാഹനങ്ങള്‍ റോഡിന്റെ വലതുവശം ചേര്‍ത്തു നിര്‍ത്തി ശ്രദ്ധയോടെ തിരിക്കാനുള്ള സൗകര്യം ഇപ്പോഴുണ്ട്‌. പിന്നില്‍ നിന്ന്‌ വരുന്ന വാഹനങ്ങള്‍ക്കു തടസ്സവും ഉണ്ടാകുന്നില്ല. ഗതാഗതക്കുരുക്ക്‌ കുറയ്ക്കണമെങ്കില്‍ ബസ്‌ സ്റ്റോപ്പുകള്‍ മാറ്റാതെ നിവൃത്തിയില്ലെന്നായിരുന്നു സ്റ്റെയ്ന്‍ ലുണ്ട്ബിയുടെ വിലയിരുത്തല്‍. നവീകരണ പദ്ധതി തയാറാക്കിയതും ബസ്‌ സ്റ്റോപ്പുകള്‍ മാറ്റിസ്ഥാപിക്കേണ്ട വിധത്തിലാണ്‌. എന്നാല്‍, ഇതും അധികൃതര്‍ വിഴുങ്ങി. പ്രതിഷേധം കടുത്തപ്പോഴാണ്‌ ബസ്‌ സ്റ്റോപ്പ്‌ മാറ്റേണ്ടെന്നുവച്ചത്‌ എന്നാണ്‌ അധികൃതരുടെ ഭാഷ്യം. എന്നാല്‍, ശാസ്ത്രീയമായ അഭിപ്രായങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന കടുത്ത നിലപാടെടുത്ത പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വാക്കുകള്‍ക്ക്‌ എന്തുവില എന്ന ചോദ്യത്തിന്‌ ആര്‍ക്കും ഉത്തരമില്ല.

 

പൊതുമരാമത്ത്‌ വകുപ്പില്‍ നിന്ന്‌ വിരമിച്ച സൂപ്രണ്ടിങ്‌ എന്‍ജിനീയറുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കാണ്‌ നവീകരണത്തിന്റെ കരാര്‍ നല്‍കിയിരിക്കുന്നത്‌. റോഡ്‌ സൈനുകള്‍ സ്ഥാപിക്കുന്നതില്‍ വൈദഗ്ധ്യമുള്ള സ്ഥാപനത്തിന്‌ റോഡ്‌ നവീകരണത്തിന്റെ കരാര്‍ നല്‍കിയതിനെക്കുറിച്ച്‌ മരാമത്ത്‌ വകുപ്പില്‍ത്തന്നെ ചിലര്‍ സംശയങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌.തലസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്ന ജംക്ഷനാണു പ്ലാമൂട്‌ ജംക്ഷന്‍. ലോകബാങ്കിന്റെ റോഡ്‌ സേഫ്റ്റി വിദഗ്ധനും ഡല്‍ഹിയിലെ പ്രധാന ജംക്ഷനുകള്‍ വികസിപ്പിച്ച ചീഫ്‌ എന്‍ജിനീയറും ചേര്‍ന്ന്‌ തയാറാക്കിയ ഡിസൈന്‍ പ്രകാരമായിരുന്നു വികസനം.

 

ആദ്യ ഘട്ടത്തില്‍തന്നെ പ്രതിഷേധവുമായി ജനങ്ങള്‍ എത്തിയെങ്കിലും ഇതുകൊണ്ടൊന്നും പദ്ധതിയില്‍ നിന്ന്‌ പിന്നോട്ടു പോകില്ലെന്നു പൊതുമരാമത്ത്‌ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്‌ പത്രക്കുറിപ്പിറക്കിയിരുന്നു. എന്നാല്‍, പ്രതിഷേധം കനത്തതോടെ പൊതുമരാമത്ത്‌ വകുപ്പിന്റെ നിലപാടുകളുടെ മുനയൊടിഞ്ഞു.പിഎംജി ജംക്ഷനില്‍ നിന്ന്‌ രണ്ടു വരിയായി വാഹനങ്ങള്‍ ഇറക്കമിറങ്ങി വരുന്നതാണ്‌ അപകടത്തിനു പ്രധാന കാരണമെന്നായിരുന്നു വിലയിരുത്തല്‍. ഇതു പരിഹരിക്കാന്‍ റോഡിന്റെ വലതു വശത്ത്‌ റംബിള്‍ സ്ട്രിപ്സ്‌ (ചെറിയ ഹംപുകള്‍) നിര്‍മിക്കും. വാഹനങ്ങള്‍ ഇതില്‍ കയറുന്നതുകൊണ്ട്‌ കുഴപ്പമില്ലെങ്കിലും ഡ്രൈവിങ്‌ സുഖകരമാകാത്തതുകൊണ്ട്‌ ഈ ട്രാക്കില്‍ നിന്ന്‌ മാറി മാത്രമേ സഞ്ചരിക്കുകയുള്ളൂ.

 

ഫലത്തില്‍ ഒരു വരിയായിട്ടായിരിക്കും വാഹനങ്ങള്‍ താഴെ പ്ലാമൂട്‌ ജംക്ഷനില്‍ എത്തുക. പദ്ധതിയുടെ പ്രാഥമികമായ ഈ ലക്ഷ്യം തന്നെ ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടു. പിഎംജി- പ്ലാമൂട്‌ ഇറക്കത്തില്‍ രണ്ടിടത്തായി അഞ്ച്‌ റംബിള്‍ സ്ട്രിപ്സ്‌ മാത്രമാണ്‌ ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്നത്‌. ഇപ്പോഴും വാഹനങ്ങള്‍ രണ്ടു വരിയായിത്തന്നെ യാത്ര ചെയ്ത്‌ പ്ലാമൂട്ടിലെത്തുന്നു.
തിരുവനന്തപുരം നഗരത്തിലൂടെ നടന്നു നീങ്ങുമ്പോള്‍, നടപ്പാതകള്‍ ഇല്ലാത്ത ഒരു കാലത്താണോ നമ്മള്‍ ജീവിക്കുന്നതെന്ന്‌ തോന്നിപ്പോകും. അപൂര്‍വ്വം നിരത്തുകള്‍ക്ക്‌ മാത്രം കിട്ടുന്ന സൗഭാഗ്യമായിരുന്നു നടപ്പാത. തിരുവനന്തപുരം നഗരസഭ നടപ്പാതയുടെ പേരില്‍ അഹങ്കരിച്ച നഗരമായിരുന്നു.

 

ഇന്ന്‌ ഓരോ ദിവസവും ഈ അഹങ്കാരത്തിന്‌ ക്ഷതമേല്‍ക്കുന്നു. എല്ലാ നിരത്തിനും നടപ്പാതകള്‍ ഇല്ലായിരുന്നുവെങ്കിലും മനുഷ്യര്‍ക്ക്‌ നടക്കാന്‍ സ്ഥലമുണ്ടായിരുന്നു. നിരത്തിലൂടെ നടന്ന്‌ പോകാന്‍ കഴിയുമായിരുന്നു. കാല്‍നടയാത്രക്കാരന്റെ നടക്കാനുള്ള അവകാശം ഇന്ന്‌ കവര്‍ന്നെടുക്കപ്പെട്ട്‌ കഴിഞ്ഞു. നമ്മുടെ അവകാശത്തെ ആരാണിങ്ങനെ പോക്കറ്റടിക്കുന്നത്‌?. റോഡുകള്‍ വളര്‍ന്നുവന്ന്‌ മനുഷ്യര്‍ക്ക്‌ നടന്നു പോവാനായി അവശേഷിച്ചിരുന്ന ഒറ്റയടി സ്ഥലം കൂടി കവര്‍ന്നെടുത്തിരിക്കുന്നു. നമ്മുടെ ഭരണ സംവിധാനവും അത്‌ കയ്യാളുന്നവരുമാണ്‌ ഈ ചെറിയ അവകാശം നമ്മളില്‍ നിന്ന്‌ കവര്‍ന്നെടുക്കുന്നതെന്നാണ്‌ ഭീതിയുളവാക്കുന്നത്‌. നിരത്തുകള്‍ വാഹനങ്ങള്‍ക്ക്‌ മാത്രം എന്ന നീതിബോധമാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌.

 

നിരത്തുകള്‍ കാല്‍നട യാത്രക്കാരന്‌ കൂടി അവകാശപ്പെട്ടതാണെന്ന്‌ നഗരസഭാ അധികൃതര്‍ക്ക്‌ അറിയില്ല. ഉള്ള നടപ്പാതകളാകട്ടെ, ഓടകള്‍ ഇളകിയ ഗര്‍ത്തങ്ങളായി കാല്‍നടയാത്രക്കാരന്‌ മുന്നില്‍ ഭീഷണിയുയര്‍ത്തി നില്‍ക്കുന്നു.
ലോകത്തൊരിടത്തും ഇതുപോലെ കാല്‍നടയാത്രക്കാരന്‍ അവഹേളിക്കപ്പെടാറില്ലെന്നാണ്‌ വിദേശരാജ്യങ്ങളില്‍ പലകുറി സന്ദര്‍ശനം നടത്തിയിട്ടുള്ള അനന്തപുരിക്കാരുടെ അനുഭവസാക്ഷ്യം. പല രാജ്യങ്ങളിലം സ്വസ്ഥമായി നടക്കാന്‍ റോഡിനിരുവശവും ഏറെക്കുറെ നിരത്തോളം വീതിയുള്ള നടപ്പാതയുണ്ടാവും. കാല്‍നടയാത്രക്കാരന്റെ നടപ്പുദോഷം കൊണ്ടല്ല നടപ്പാതകള്‍ ലോപിച്ചില്ലാതാവുന്നത്‌. ഭരിക്കുന്നവര്‍ക്ക്‌ സാധാരണ ജനങ്ങളോടുള്ള പുച്ഛം കൊണ്ടാണ്‌ അതില്ലാതെയാകുന്നത്‌....

(തുടരും)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls