നഗരക്കൊയ്ത്ത്‌-18
Imageകേന്ദ്രം കാത്തു തലസ്ഥാനത്തെ
നിസ്സാര്‍ മുഹമ്മദ്‌
തിരുവനന്തപുരം നഗരസഭയ്ക്ക്‌ ഇത്‌ സപ്തതി വര്‍ഷമാണ്‌. 1940ല്‍ രൂപീകരിക്കപ്പെട്ട നഗരസഭ, അതിന്റെ എഴുപതാം വാര്‍ഷികാഘോഷം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍.
70 വര്‍ഷം പിന്നിടുമ്പോഴും വികസന കാര്യത്തില്‍ ആരംഭകാലം കടക്കാന്‍ തലസ്ഥാന നഗരസഭയ്ക്ക്‌ കഴിഞ്ഞിട്ടില്ലെന്നതാണ്‌ വാസ്തവം. വികസനമെന്നാല്‍ ജനങ്ങളുടെ ജീവിത നിലവാരത്തെ പടിപടിയായി ഉയര്‍ത്തുന്ന സ്ഥായിയായ ഒരു സാമൂഹ്യ പ്രക്രിയയാണ്‌. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവ വര്‍ദ്ധമാനമായ തോതില്‍ ലഭ്യമാക്കണം. ഉല്‍പാദന സേവനമേഖലകളുടെ ദ്രുതഗതിയിലുളള വികസനം മുഖ്യ ഉപാധിയാകണം. സാമ്പത്തിക വളര്‍ച്ചയുടെ നേട്ടങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കണം. സ്ഥായിയായ വികസനത്തിലൂടെ കൈവരിക്കുന്ന സാമ്പത്തിക വളര്‍ച്ച ഭാവി തലമുറയ്ക്കു കൂടി പ്രയോജനപ്രദമായി നിലനില്‍ക്കുമെന്ന്‌ ഉറപ്പുവരുത്തണം.
 
പ്രത്യക്ഷവും പരോക്ഷവുമായ പ്രവര്‍ത്തന ഫലങ്ങളുടെ ഹ്രസ്വ-ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്തുകൊണ്ടു വേണം സാമ്പത്തിക വളര്‍ച്ചയുടെ തന്ത്രം ആവിഷ്ക്കരിക്കേണ്ടത്‌. ഇക്കാര്യങ്ങള്‍ തിരുവനന്തപുരം നഗരസഭയ്ക്ക്‌ അറിയുമെന്ന്‌ തോന്നുന്നില്ല. കഴിഞ്ഞ നാലുവര്‍ഷത്തെ മാത്രം ഭരണത്തെ വിലയിരുത്തുമ്പോള്‍ തന്നെ ഇത്‌ വ്യക്തമാകും. തലസ്ഥാന നഗരമെന്ന നിലയില്‍ തിരുവനന്തപുരത്ത്‌ തീരെ വികസനമുണ്ടായിട്ടില്ലെന്ന്‌ പറയാന്‍ കഴിയില്ല. അതില്‍ നഗരസഭ വഹിച്ചിട്ടുള്ള പങ്ക്‌ എന്താണെന്ന്‌ അന്വേഷിക്കേണ്ടതുണ്ട്‌. നാലുവര്‍ഷത്തെ നേട്ടമെന്ന പേരില്‍ നഗരസഭ പ്രസിദ്ധീകരിച്ച വികസന രേഖ വായിക്കുക. കേന്ദ്രാവിഷ്കൃത പദ്ധതികളെല്ലാം തങ്ങളുടെ നേട്ടമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തന്ത്രം തന്നെയാണ്‌ നഗരസഭയും ആവര്‍ത്തിച്ചിരിക്കുന്നത്‌.
 
ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ (ജെഎന്‍എന്‍യുആര്‍എം) പദ്ധതികളും കെഎസ്‌യുഡിപി പദ്ധതികളും ബിഎസ്‌യുപി ഭവന പദ്ധതിയുമെല്ലാം തങ്ങളുടെ നേട്ടമായി ചിത്രീകരിച്ച്‌ വികസനരേഖ പ്രസിദ്ധീകരിച്ചതോടെ വരുന്ന തെരഞ്ഞെടുപ്പില്‍ ഭരണം അനുകൂലമായെന്ന സ്വപ്നത്തിലാണ്‌ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം നഗരസഭാ ഭരണാധികാരികള്‍.ജെഎന്‍എന്‍യുആര്‍എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ തിരുവനന്തപുരം നഗരസഭയ്ക്ക്‌ നല്‍കിയ കോടിക്കണക്കിന്‌ രൂപയുടെ വികസനമല്ലാതെ തനത്‌ ഫണ്ടില്‍ നിന്ന്‌ എത്രകോടി രൂപയാണ്‌ വികസനത്തിന്‌ ചെലവഴിച്ചതെന്ന്‌ തുറന്ന്‌ പറയാന്‍ ഭരണക്കാര്‍ക്ക്‌ ബാധ്യതയുണ്ട്‌.
 
ജലവിതരണത്തിന്‌ 22.43 കോടി രൂപയാണ്‌ കേന്ദ്രത്തില്‍ നിന്ന്‌ ലഭിച്ചത്‌. സിവേജ്‌ ഫെയ്സ്‌-1 ന്‌ 4.36 കോടി, ഫെയ്സ്‌-2 ന്‌ 24.23 കോടി, ഖരമാലിന്യ പരിപാലനത്തിന്‌ 4.91 കോടി എന്നിവയെല്ലാം കേന്ദ്രം നല്‍കിയതാണ്‌. വെള്ളപ്പൊക്ക നിവാരണത്തിന്‌ 8.07 കോടി ജെഎന്‍എന്‍യുആര്‍എം പദ്ധതിയില്‍ അനുവദിച്ചപ്പോള്‍ നഗരഗതാഗത സംവിധാനത്തിന്‌ 19.22 കോടിയാണ്‌ നല്‍കിയത്‌. ബിഎസ്‌യുപി ഒന്ന്‌, രണ്ട്‌, മൂന്ന്‌, നാല്‌ ഫെയ്സുകള്‍ക്കായി യഥാക്രമം 2.01 കോടി, 14.92 കോടി, 25.17 കോടി, 7.79 കോടി എന്നിങ്ങനെയാണ്‌ കേന്ദ്രസര്‍ക്കാര്‍ തലസ്ഥാനത്തെ കോര്‍പ്പറേഷന്‌ നല്‍കിയ സഹായം. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ ഭൂരിഭാഗത്തിനും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം പത്തുശതമാനവും നഗരസഭയുടെ വിഹിതം പത്തുശതമാനവും മാത്രമാണ്‌.
 
പക്ഷേ പദ്ധതികള്‍ പൂര്‍ത്തിയായപ്പോള്‍ അതെല്ലാം സ്വന്തം നേട്ടമായി നഗരസഭ വികസന രേഖയില്‍ എഴുതിച്ചേര്‍ത്തു. അടിസ്ഥാന സൗകര്യവികസനത്തിന്‌ ഏഷ്യന്‍ ഡവലപ്മെന്റ്‌ ബാങ്കില്‍ (എഡിബി) നിന്നു കടമെടുത്ത തുക കൃത്യമായി ചെലവഴിക്കാന്‍ കഴിയാത്ത നഗരസഭയാണ്‌ വികസനത്തിന്റെ പേരില്‍ മേനി നടിക്കുന്നത്‌. എഡിബി വായ്പയില്‍ സംസ്ഥാനത്തെ നഗരസഭകള്‍ ആകെ ഉപയോഗിച്ചത്‌ 15 ശതമാനം മാത്രം. അതില്‍ത്തന്നെ ഏറ്റവും കുറവു പണം ചെലവഴിച്ചതിന്റെ ഖ്യാതി തിരുവനന്തപുരം നഗരസഭയ്ക്ക്‌. അഞ്ചു നഗരസഭകള്‍ക്കായി കഴിഞ്ഞ മാസം വരെ 873.28 കോടി അനുവദിച്ചു. ചെലവഴിച്ചതു 136.87 കോടി. വിവിധ പദ്ധതികള്‍ക്കായി തിരുവനന്തപുരം നഗരസഭയ്ക്കു 157.13 കോടി നല്‍കിയെങ്കിലും ചെലവഴിച്ചതു 10.81 കോടി രൂപ മാത്രമാണ്‌.
 
മലിനജല, ഖരമാലിന്യ സംസ്കരണം, നഗര ഗതാഗതം, കുടിവെളള മേഖലകള്‍ക്കായി ലോകബാങ്കിന്റെ സഹായം ആവശ്യപ്പെടാമെന്ന്‌ 2006-ലാണു തീരുമാനമായത്‌. ഇതിനായി കേരള സുസ്ഥിര നഗരവികസന പദ്ധതി എന്ന പുതിയ പദ്ധതിയും ഉണ്ടാക്കി. നടത്തിപ്പു ചുമതല നഗരസഭകള്‍ക്കു നല്‍കിയ പദ്ധതിക്ക്‌ ആകെ 1422 കോടിയാണു ചെലവ്‌. ഇതില്‍ 994 കോടി കടമെടുക്കാനായിരുന്നു തീരുമാനം. ബാക്കി 269 കോടി സര്‍ക്കാരും 158 കോടി നഗരസഭയും വഹിക്കണം. 2007-ല്‍ തുടങ്ങിയ പദ്ധതി തീരേണ്ടതു 2011-ലാണ്‌. ഒരു വര്‍ഷം തികച്ചില്ലാത്തതു കാരണം വായ്പ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്താനാവില്ലെന്നു വ്യക്തമാണ്‌.
 
കൊല്ലം കോര്‍പറേഷനു 179 കോടി കിട്ടിയപ്പോള്‍ 20.77 കോടി വിനിയോഗിച്ചു. കൊച്ചിക്ക്‌ 227 കോടി കിട്ടി, 15.12 കോടി ചെലവഴിച്ചു. ഏറ്റവും കുറവു കിട്ടിയ തൃശൂര്‍ 54.89 കോടി ചെലവാക്കി. കോഴിക്കോടിന്‌ 188.4 കോടി കിട്ടിയെങ്കിലും ചെലവാക്കിയതു 35.28 മാത്രം. അഞ്ചു നഗരസഭകളിലായി 1.55 ഹെക്ടര്‍ സ്ഥലം മാത്രമേ ഏറ്റെടുക്കാനുള്ളുവെങ്കിലും അതും കൃത്യമായി നടന്നില്ല. വായ്പ നല്‍കിയ എഡിബി നിഷ്കര്‍ഷിച്ച ഗുണനിലവാര സൂചികകള്‍ക്കനുസരിച്ചു പണിചെയ്യാന്‍ തക്ക സാങ്കേതിക സന്നാഹം ഒരുക്കാന്‍ കഴിയാത്തതാണു പദ്ധതികള്‍ പലതും പെരുവഴിയിലാകാന്‍ കാരണം. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍ എങ്ങനെയൊക്കെ പണി നടത്തണമെന്നു ബാങ്കിന്റെ സാങ്കേതിക വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു.
 
ഒന്നും ആലോചിക്കാതെ എടുത്തുചാടിയ സര്‍ക്കാരാകട്ടെ ഇതെല്ലാം കേട്ട്‌ അന്തംവിട്ടു നില്‍ക്കുകയാണിപ്പോള്‍. സാങ്കേതിക വൈദഗ്ധ്യമുളള കരാറുകാരുടെ അഭാവം ഒരു പരിധിവരെ തടസ്സമായതായി അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്‌. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുളള മണലിനു കടുത്ത ക്ഷാമം നേരിട്ടതും തിരിച്ചടിക്കു കാരണമായി. വായ്പയുടെ കാലാവധി തീരുന്ന മുറയ്ക്കു തിരിച്ചടയ്ക്കേണ്ടതുണ്ട്‌. പദ്ധതികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തിരിച്ചടയ്ക്കാനുളള സമയം നീട്ടണമെന്നാവശ്യപ്പെട്ടു എഡിബിയുടെ കാലുപിടിക്കുകയേ നിവൃത്തിയുള്ളുവെന്ന്‌ അര്‍ത്ഥം.
 
എഡിബി വായ്പ ചെലവഴിക്കുന്നതില്‍ നഗരസഭ കാട്ടിയ ഉത്തരവാദിത്വരാഹിത്യം മൂലം മുട്ടത്തറ, വിളപ്പില്‍ശാല,ചാല, പേയാട്‌, പൂജപ്പുര, തിരുമല, കോട്ടണ്‍ഹില്‍ എന്നീ പ്രദേശങ്ങളിലെ വികസന സ്വപ്നങ്ങളാണ്‌ കരിഞ്ഞത്‌. മുട്ടത്തറ സ്വീവേജ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌ നിര്‍മാണമാണ്‌ എഡിബി വായ്പയിലൂടെ നടത്താന്‍ തീരുമാനിച്ച തിരുവനന്തപുരത്തെ വന്‍ പദ്ധതികളില്‍ ഒന്ന്‌. വിളപ്പില്‍ശാല ലാന്‍ഡ്‌ ഫില്‍ പ്രോജക്ട്‌, ചാല നടപ്പാത ആധുനികീകരണം, തമ്പാനൂരില്‍നിന്നു ചാലയിലേക്കു നടപ്പാത, ഓട നവീകരണം, പേയാട്‌-വലിയവിള, പൂജപ്പുര-തിരുമല റോഡ്‌ വികസനം, കോട്ടണ്‍ഹില്‍ സ്കൂളില്‍ 70 ഗേള്‍സ്‌ ഫ്രണ്ട്ലി ടോയ്‌ലറ്റ്‌ നിര്‍മാണം എന്നിവയും നടത്താനുദ്ദേശിച്ചിരുന്നു. ഇവയെല്ലാം ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്‌.
 
ദീര്‍ഘകാലത്തെ സാമൂഹ്യ രാഷ്ട്രീയ പ്രക്രിയയിലൂടെയാണ്‌ കേരളത്തിലെ സാമാന്യ ജനങ്ങള്‍ക്ക്‌ വിദ്യാഭ്യാസം, ആരോഗ്യം, കിടപ്പാടം തുടങ്ങി അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ കഴിഞ്ഞത്‌. എന്നാല്‍ എട്ടു പഞ്ചവത്സര പദ്ധതികള്‍ക്കു ശേഷവും സാമ്പത്തിക വളര്‍ച്ചയുടെ പിന്നോക്കാവസ്ഥയും വികസനത്തിന്റെ വെല്ലുവിളികളും മൂര്‍ച്ഛിക്കുകയായിരുന്നു. ഈ വസ്തുതകള്‍ പരിഗണിച്ചുകൊണ്ടാണ്‌ ഒമ്പതാം പഞ്ചവത്സര പദ്ധതി ജനകീയാസൂത്രണ പദ്ധതിയായി ആവിഷ്ക്കരിച്ചു നടപ്പാക്കിയത്‌. ഒമ്പതാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്‌ മുന്നോടിയായി തിരുവനന്തപുരം നഗരസഭ ഒരു സമഗ്ര വികസനരേഖ തയ്യാറാക്കി.
 
നഗരസഭാ ഉദ്യോഗസ്ഥന്‍മാരും വിദഗ്ദ്ധരും പരിശീലനം ലഭിച്ച സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഏകോപിച്ച്‌ വിപുലമായ പ്രചരണപ്രവര്‍ത്തനങ്ങള്‍ നടത്തി സംഘടിപ്പിച്ച വിശേഷാല്‍ വാര്‍ഡുസഭകളില്‍ ഉയര്‍ന്നുവന്ന സ്ഥിതിവിവരങ്ങളും വികസന ചരിത്രവും അടങ്ങുന്ന വികസനരേഖയുടെ അടിസ്ഥാനത്തില്‍ വികസന തന്ത്രത്തിന്‌ രൂപം നല്‍കി.
വിവിധ കര്‍മ സമിതികള്‍ ആ വികസന തന്ത്രത്തിന്‌ അനുരൂപമായ കരട്‌ പ്രോജക്ട്‌ നിര്‍ദ്ദേശങ്ങളും രൂപപ്പെടുത്തി. വാര്‍ഡുസഭകളിലും നഗരസഭാതല വികസന സെമിനാറിലും ചര്‍ച്ച ചെയ്ത്‌ മുന്‍ഗണനാക്രമം നിശ്ചയിച്ച്‌ പദ്ധതികള്‍ സംപുഷ്ടമാക്കി നിര്‍വ്വഹണ സമിതികളിലൂടെയും ഗുണഭോക്തൃ സമിതികളിലൂടെയും വിവിധ വാര്‍ഡുകളില്‍ നടപ്പാക്കാനായിരുന്നു തീരുമാനം. ആ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നഗരസഭയ്ക്ക്‌ കഴിഞ്ഞോ?
(തുടരും)
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls