| നഗരക്കൊയ്ത്ത്-17 |
|
ഇ.പി മുഹമ്മദ് വഹര്‍ലാല്‍ നെഹ്‌റു ദേശീയ നഗര വികസന പദ്ധതി നിലവില്‍ 63 നഗരങ്ങളിലാണ് അനുവദിച്ചിരിക്കുന്നത്. കോര്‍പ്പറേഷനോട് ഇതുസംബന്ധിച്ച് പദ്ധതി രേഖ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഒരു പദ്ധതിയും കേന്ദ്രത്തിന് മുന്നില്‍ വെക്കാന്‍ കോര്‍പ്പറേഷന് സാധിച്ചില്ല. നേരത്തെ പദ്ധതി സമര്‍പ്പിച്ച തിരുവനന്തപുരം നഗരസഭക്ക് 670.42 കോടിയുടെ കേന്ദ്രസഹായം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് നഗരസഭയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട പഞ്ചായത്തുകളോടൊപ്പം സമീപത്തെ പഞ്ചായത്തുകളെ കൂടി ചേര്‍ത്താണ് പദ്ധതി സമര്‍പ്പിക്കുകയെന്നാണ് മേയര്‍ എം ഭാസ്കരന്‍ അറിയിച്ചിരുന്നത്. കോര്‍പ്പറേഷന്‍ വളരെ വൈകി തയ്യാറാക്കിയ പദ്ധതി രേഖയില്‍ നടപ്പുവര്‍ഷത്തില്‍ ആരംഭിച്ച് 2030 നകം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികളാണ് ഉള്‍ക്കൊള്ളിച്ചിരുന്നത്. എന്നാല്‍ പ്രൊജക്ട് സമര്‍പ്പിക്കാന്‍ വൈകിയതോടെ ബൃഹത് പദ്ധതി നഷ്ടപ്പെടുകയായിരുന്നു. പിടിപ്പുകേടിന്റെ സ്മാരകമായി വനിതാ ഹോസ്റ്റല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാണം തുടങ്ങി പാതിവഴി പോലും പിന്നിടാത്ത പദ്ധതികള്‍ നഗരത്തിന് ബാധ്യതയാവുകയാണ്. സര്‍ക്കാര്‍ ഖജനാവിലെ പണം എങ്ങനെ തുലയ്ക്കാമെന്ന് കാണണമെങ്കില്‍ ഈ പദ്ധതികള്‍ പരിശോധിച്ചാല്‍ മതി. ചെലവഴിച്ച കോടികള്‍ക്ക് പുല്ലുവില പോലും അധികൃതര്‍ കല്‍പ്പിക്കുന്നില്ല. നഗരസഭയുടെ കെടുകാര്യസ്ഥതക്ക് നല്ലൊരു ഉദാഹരണമാണ് മാങ്കാവിലെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ കെട്ടിടം. 17 വര്‍ഷം മുമ്പാണ് ആഘോഷപൂര്‍വം ഇവിടെ നഗരത്തിലെ ഏറ്റവും വലിയ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിന് തറക്കല്ലിട്ടത്. നാലുവര്‍ഷം കഴിഞ്ഞ് നിര്‍മാണം തുടങ്ങിയ കെട്ടിടത്തിന്റെ അസ്ഥികൂടം മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. കേരള അര്‍ബന്‍ ഡവലപ്മെന്റ് പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തി 70 ലക്ഷം രൂപയാണ് ഹോസ്റ്റലിനായി നീക്കിവെച്ചത്. 140 പേര്‍ക്ക് താമസിക്കാന്‍ മൂന്ന് നിലകളിലായി 70 മുറികള്‍ നിര്‍മിക്കാനാണ് പദ്ധതിയിട്ടത്. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനായിരുന്നു നിര്‍മാണ കരാര്‍. എന്നാല്‍ ഇവര്‍ മറ്റൊരു കമ്പനിക്ക് ഉപകരാര്‍ നല്‍കിയതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. നിര്‍മാണം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനും നിര്‍മാണ കമ്പനിയും തമ്മില്‍ തര്‍ക്കമായി. ഇതേത്തുടര്‍ന്ന് പണി മുടങ്ങി. അപ്പോഴേക്കും അനുവദിച്ച പണത്തിന്റെ പകുതിയോളം ചെലവഴിച്ചിരുന്നു. അവശേഷിക്കുന്ന തുക പല ആവശ്യങ്ങള്‍ക്കായി വകമാറ്റി. ഇതോടെ നിര്‍മാണം പൂര്‍ണമായും മുടങ്ങി. ഇപ്പോള്‍ സാമൂഹ്യദ്രോഹികളുടെയും മദ്യപരുടെയും താവളമായിരിക്കുകയാണ് ഈ കെട്ടിടം. പദ്ധതി മുടങ്ങിയതിന് കുറ്റസമ്മതം നടത്തിയ കോര്‍പ്പറേഷന്‍ ഭരണനേതൃത്വം ഈ വര്‍ഷത്തെ ബജറ്റില്‍ ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 40 ലക്ഷം നീക്കിവെച്ചിട്ടുണ്ട്. ആര്‍ക്കും വേണ്ടാത്ത ഫ്ലാറ്റുകള്‍ വെള്ളയില്‍ ബി.ജി റോഡിലെ ഇരട്ട ഫ്ലാറ്റിനും സമാനമായ കഥയാണ് പറയാനുള്ളത്. അനിശ്ചിതത്വങ്ങളുമായി അസൗകര്യങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞു കൂടുകയാണ് ഇവിടത്തെ താമസക്കാര്‍. 26 വര്‍ഷം മുമ്പ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടപ്പാക്കിയ ചേരി നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായാണ് ഫ്ലാറ്റുകള്‍ നിര്‍മിച്ചത്. രാജ്യത്തെ മുഴുവന്‍ ചേരി നിവാസികളെയും പുനരധിവസിപ്പിക്കുന്ന പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയാണ് ഇന്ദിരാഗാന്ധി നടപ്പിലാക്കിയത്. കോഴിക്കോട്ടെ ചേരിനിര്‍മാര്‍ജ്ജന പദ്ധതി ഏറ്റെടുത്ത നഗരസഭ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കായി 1984ലാണ് ഫ്ലാറ്റ് നിര്‍മിച്ചത്. ഇരുകെട്ടിടങ്ങളിലുമായി 24 ഫ്ലാറ്റുകള്‍. ഫ്ലാറ്റ് സംസ്കാരം അന്യമായിരുന്ന അക്കാലത്ത് നഗരത്തിലെ ഭവനരഹിതര്‍ക്ക് അനുഗ്രഹമായിരുന്നു ബി ജി റോഡിലെ ഈ ഫ്ലാറ്റുകള്‍. എന്നാല്‍ ഇതെല്ലാം പഴങ്കഥ. കാലമേറെ കഴിഞ്ഞപ്പോള്‍ ഫ്ലാറ്റിന്റെ സ്ഥിതിയും മോശമായി. അനുദിനം ആധുനിക സൗകര്യങ്ങളോടെയുള്ള ഫ്ലാറ്റുകള്‍ തലപൊക്കുന്ന നഗരത്തിന് ബി ജി റോഡിലെ ഫ്ലാറ്റുകള്‍ ശാപമായിരിക്കുകയാണ്. ചെന്നു കേറുന്നിടത്തുതന്നെ പൊട്ടിപ്പൊളിഞ്ഞ സെപ്റ്റിക് ടാങ്ക്. നിറഞ്ഞ ടാങ്ക് പലപ്പോഴും ഒഴുകുന്നത് ഫ്ലാറ്റിന്റെ ഉമ്മറത്തേയ്ക്ക്. മേല്‍ക്കൂര പൊട്ടിപ്പൊളിഞ്ഞു വെള്ളം വീണുതുടങ്ങിയിട്ടു കാലമേറെ. ഈയിടെ ആസ്ബറ്റോസ് ഷീറ്റുകൊണ്ട് മൂടിയതു ഭാഗ്യം. ഫ്ലാറ്റില്‍ വൈദ്യുതി ലഭിച്ചിട്ട് മാസങ്ങളേ ആയുള്ളൂ. കാലംമാറിയപ്പോള്‍ ഫ്ലാറ്റിലെ സൗകര്യങ്ങളും മതിയാവാതെയായി. ആകെയുള്ളതൊരു ചെറിയ ഡൈനിങ് ഹാളും ബാത്ത്‌റൂമും അടുക്കളയും. ഇടുങ്ങിയ ഡൈനിങ് ഹാള്‍ ഒരു തുണികൊണ്ടോ മറ്റോ മറച്ചുപകുത്താണു മുറിയായി ഉപയോഗിക്കുക. അഞ്ചും പത്തും പേരടങ്ങുന്ന കുടുംബമായാലും കഴിയുന്നത് ഇങ്ങനെത്തന്നെ. അസൗകര്യങ്ങള്‍ക്കിടയില്‍ നിന്ന് വിട്ടുപോകണമെന്ന ആഗ്രഹത്തിലാണ് താമസക്കാരില്‍ അധികം പേരും. ദുരിതക്കാഴ്ചയായി കല്ലുത്താന്‍കടവ് കോളനി നാലുവരിപ്പാതയും ഹൈടെക് നടപ്പാതകളും വൈ-ഫൈ ബസ് സ്റ്റോപ്പുകളുമായി നഗരം 'ബ്ലൂമിംഗ് ' ആകുമ്പോള്‍ നഗരമധ്യത്തിലെ കല്ലുത്താന്‍കടവ് കോളനി നിവാസികളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലേക്ക് നീങ്ങുകയാണ്. ഒരു ചെറുമഴ പെയ്താല്‍ ഇവരുടെ വീടുകള്‍ വെള്ളത്തിലാകും. ഇങ്ങനെ മഴയെ പേടിച്ച് നൂറോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. മഴ പെയ്താല്‍ വീട്ടിനുള്ളിലേക്ക് പുഴയില്‍ നിന്നും വെള്ളംകയറും. ഓരോ മഴക്കാലവും ഉണ്ടാക്കുന്ന ദുരിതങ്ങള്‍ക്ക് പുറമേ നഗരത്തിലെ മാലിന്യങ്ങളും ഇവരുടെ വീടുകളിലേക്ക് ഒഴുകിയെത്തും. വര്‍ഷങ്ങളായി തുടരുന്ന ഈ ദുരവസ്ഥക്ക് പരിഹാരമായി പുതിയവീടുകളില്‍ പുനരധിവാസമെന്ന പദ്ധതി അവതരിപ്പിക്കാറുണ്ടെങ്കിലും അതെല്ലാം ജലരേഖകളായി തന്നെ തുടരുകയാണ്. ഇത്തവണ മഴ തുടങ്ങുമ്പോള്‍ തന്നെ പുഴയിലെ ജലനിരപ്പുയര്‍ന്ന് കോളനിയിലെ മിക്ക വീടുകളും വെള്ളത്തിനടിയിലായി. മഴകനത്തതോടെ സമീപ്രദേശങ്ങളില്‍ നിന്നു പുഴയിലേക്ക് തള്ളുന്ന മാലിന്യങ്ങളടക്കം കോളനിക്കുള്ളിലൂടെ ഒഴുകിനടക്കാന്‍ തുടങ്ങിയതോടെ കോളനിയില്‍ സാംക്രമിക രോഗങ്ങളും പടര്‍ന്നു. വീടിനെ മൂടുന്ന തരത്തില്‍ വെള്ളമുയരുമ്പോള്‍ അടുത്തുള്ള സ്കൂളുകളിലേക്ക് താമസം മാറ്റുന്നത് മാത്രമാണ് അധികൃതര്‍ ചെയ്യുന്നത്. ഒന്നോരണ്ടോ ദിവസത്തേക്ക് സൗജന്യ റേഷനും ലഭിക്കും. ഇതോടെ തങ്ങളുടെ ബാധ്യത കഴിഞ്ഞെന്ന നിലപാടിലാണ് അധികൃതര്‍. മൂരിയാട് മരപ്പാലം വീഴാറായ് കനോലി കനാലിന് കുറുകെയുള്ള മൂരിയാട് പാലം ഏതുനിമിഷവും വീഴാമെന്ന അവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. 120 വര്‍ഷം പഴക്കമുള്ള ഈ മരപ്പാലത്തെ രക്ഷിക്കാന്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധ പരിപാടികള്‍ക്ക് കണക്കില്ല. പ്രതിഷേധവും ഒപ്പം അധികൃതരുടെ അവഗണനയും ഇപ്പോഴും തുടരുന്നു. പാലം ഒരുവശത്തേക്ക് ചെരിഞ്ഞിട്ട് വര്‍ഷം മൂന്നായി. ജീവന്‍ പണയംവെച്ചാണ് ചെരിഞ്ഞ പാലത്തിലൂടെ കുട്ടികളും വൃദ്ധരുമടക്കമുള്ളവര്‍ നടന്നുപോകുന്നത്. കോഴിക്കോട്ടെ പ്രധാന മരക്കച്ചവട കേന്ദ്രമാണ് അന്നും ഇന്നും മൂരിയാട്. ഇവിടെ മരവ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികള്‍ അനവധി. അവരും സമീപപ്രദേശത്തെ 200ഓളം കുടുംബങ്ങളും പാലം കടന്നാണ് ഇരുകരയും എത്തുന്നത്. പിഞ്ചുകുഞ്ഞുങ്ങളടക്കം സ്കൂളുകളില്‍ പോകുന്നത് ഇതുവഴി തന്നെ. അടുത്തകാലത്ത് പാലത്തിന്റെ കാലുകള്‍ വീണ്ടും ചെളിയില്‍ ആഴ്‌ന്നു. ഇതോടെ പാലം എപ്പോഴും വീഴാമെന്ന അവസ്ഥയിലായി. പാലം വീഴാതിരിക്കാന്‍ പൈപ്പുകമ്പികള്‍ വലിച്ചുകെട്ടി താങ്ങുനല്‍കിയിരിക്കുകയാണ് നാട്ടുകാര്‍. പാലത്തിന്റെ ഇരുമ്പ് ബീം രണ്ടായി പിളര്‍ന്നു. മൂരിയാടിനെയും കാളൂര്‍ റോഡിനെയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം. നേരത്തെ വാഹനഗതാഗതവും ഇതിലെ ആയിരുന്നു. 1965ല്‍ മരപ്പാലത്തിന് സമീപം കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചതോടെ വാഹനഗതാഗതം ഇതിലൂടെയായി. എന്നാല്‍, കാല്‍നടക്കാരെ അക്കരെയിക്കരെ എത്തിക്കുന്ന ജോലി മരപ്പാലംതന്നെ തുടര്‍ന്നു. പാലം നവീകരിച്ച് നിലനിര്‍ത്തണമെന്ന ആവശ്യം അവഗണിക്കുന്ന കോര്‍പ്പറേഷന്‍ ജീവന്‍ പണയംവെച്ച് യാത്രചെയ്യുന്ന പിഞ്ചുകുട്ടികളെ പോലും കണക്കിലെടുക്കുന്നില്ല. (തുടരും) |
| < മുന്‍ പേജ് | അടുത്തത് > |
|---|

ചേരിവാസികളെ കൂട്ടിലടച്ചു
-°C 