| നഗരക്കൊയ്ത്ത്-14 |
നഗരവികസനം സ്തംഭിച്ചുഇ.പി മുഹമ്മദ്
വരുമാനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ കോര്‍പ്പറേഷനുകളില്‍ മൂന്നാം സ്ഥാനം കോഴിക്കോടിനാണ്. വിവിധ ഇനം നികുതികള്‍, കെട്ടിട നിര്‍മാണ അനുമതി ഫീസ്, ഭൂമി, കെട്ടിടങ്ങളില്‍ നിന്നുള്ള വരുമാനം, ലൈസന്‍സ് ഫീസ് എന്നിവയാണ് നഗരസഭയുടെ തനത് വരുമാന സ്രോതസ്സുകള്‍. ഇതുകൂടാതെ ജനകീയാസൂത്രണ പദ്ധതി വിഹിതം, സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവിധതരം ഗ്രാന്റുകള്‍, ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ, കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എന്നീ ഇനങ്ങളില്‍ നിന്നും പണം ലഭിക്കുന്നു. 121 കോടി ആറ് ലക്ഷം രൂപയാണ് 2009- 10 വര്‍ഷത്തില്‍ കോര്‍പ്പറേഷന് വരുമാനമായി ലഭിച്ചത്. തൊട്ടുമുമ്പത്തെ വര്‍ഷം 136 കോടിയായിരുന്നു റവന്യൂ, മൂലധന വിഭാഗത്തില്‍ നിന്നുള്ള വരുമാനം. 198. 54 കോടി രൂപയാണ് ഈ വര്‍ഷത്തെ പ്രതീക്ഷിത വാര്‍ഷിക വരുമാനം. റവന്യൂ വരുമാനമായി 7655 ലക്ഷവും മൂലധന വരുമാനമായി 10620 ലക്ഷവും കോര്‍പ്പറേഷന്‍ പ്രതീക്ഷിക്കുന്നു. 2266 ലക്ഷം രൂപയാണ് ജനകീയാസൂത്രണ പദ്ധതി വിഹിതമായി കോര്‍പ്പറേഷന് ലഭിക്കുന്നത്. 4750 ലക്ഷം രൂപയാണ് സുസ്ഥിര നഗര വികസന പദ്ധതി (കെ.എസ്.യു.ഡി.പി) വിഹിതം. വരുമാനത്തിന് കുറവൊന്നുമില്ലെങ്കിലും നഗരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാണം ആരംഭിച്ച പല വികസന പ്രവര്‍ത്തനങ്ങളും ഇപ്പോഴും പാതിവഴിയിലാണ്. നഗരത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതികളൊന്നുമില്ലാതെയാണ് കഴിഞ്ഞ കുറേ വര്‍ഷമായി നഗരസഭയുടെ വാര്‍ഷിക ബജറ്റ് അവതരിപ്പിക്കുന്നത്. കണക്കുകള്‍ കൊണ്ടുള്ള കസര്‍ത്ത് മാത്രമായി ബജറ്റ് മാറി. പ്രഖ്യാപിക്കുന്ന പദ്ധതികള്‍ പലതും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചവ. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഇ മൊയ്തു മൗലവിക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രമായിരുന്ന കോഴിക്കോട് ഉചിതമായ സ്മാരകം നിര്‍മിക്കുമെന്ന് കോര്‍പ്പറേഷന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച് ബജറ്റില്‍ തുക വകയിരുത്തിയതാണ്. എന്നാല്‍ സ്മാരക നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഈ വര്‍ഷത്തെ ബജറ്റിലും മൊയ്തു മൗലവി സ്മാരകം ഇടംനേടിയിട്ടുണ്ട്. ടൗണ്‍ഹാള്‍ നവീകരണമാണ് ഇതുപോലെ തുടര്‍ച്ചയായി ബജറ്റ് പ്രസംഗങ്ങളില്‍ ആവര്‍ത്തിക്കുന്ന മറ്റൊന്ന്. വര്‍ഷങ്ങള്‍ വൈകി ആരംഭിച്ച ടൗണ്‍ഹാള്‍ നവീകരണം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് തിരക്കിട്ട് പൂര്‍ത്തിയാക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി തിരക്കിട്ട പണികളാണ് നടക്കുന്നത്. ആനക്കുളത്ത് സാംസ്കാരിക നിലയം നിര്‍മിക്കുമെന്ന് നഗരവാസികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാലുവര്‍ഷമായി. എന്നാല്‍ സാംസ്കാരിക നിലയം ഇപ്പോഴും കടലാസില്‍ മാത്രം. കരിക്കാംകുളത്തെ കളിസ്ഥലം, പന്നിയങ്കരയിലെ മള്‍ട്ടി പര്‍പ്പസ് കെട്ടിടം എന്നിവയും മുന്‍ വര്‍ഷങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ട് നടപ്പിലാകാതെ കിടക്കുന്ന പദ്ധതികളില്‍ ചിലതുമാത്രം. മൂന്ന് വര്‍ഷം മുമ്പ് പ്രഖ്യാപിക്കപ്പെട്ട കല്ലുത്താന്‍കടവിലെ ഫ്ലാറ്റ്/ഫ്രൂട്ട് വെജിറ്റബിള്‍ മാര്‍ക്കറ്റ് കം മാര്‍ക്കറ്റിംഗ് കോംപ്ലക്സ് നിര്‍മാണം ഇതുവരെ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇത്തവണത്തെ ബജറ്റ് പ്രസംഗത്തിലും ആവര്‍ത്തിക്കപ്പെട്ടു. പല പദ്ധതികളും നഗരത്തിന് ഇപ്പോഴും സ്വപ്നമായി അവശേഷിക്കുകയാണ്. കാലിക്കറ്റ് ഡവലപ്മെന്റ് അതോറിറ്റി (സി ഡി എ) മുന്നോട്ടുവെച്ച പദ്ധതികളാണ് മുന്‍ വര്‍ഷങ്ങളിലെ ബജറ്റുകളില്‍ പ്രഖ്യാപിക്കപ്പെട്ടവയില്‍ അധികവും. സി ഡി ഐ ഇടതുസര്‍ക്കാര്‍ പിരിച്ചുവിടുകയായിരുന്നു. ഈ നടപടി ഫലത്തില്‍ കോഴിക്കോടിന് പല വികസന പദ്ധതികളും നഷ്ടപ്പെടാനാണ് ഇടയാക്കിയത്. നഗരത്തില്‍ സ്ഥിരം എക്സിബിഷന്‍ ഗ്രൗണ്ട് നിര്‍മിക്കാന്‍ കോംട്രസ്റ്റിന്റെ സ്ഥലം ഏറ്റെടുക്കണമെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് സി ഡി എ ആവശ്യപ്പെട്ടെങ്കിലും കോര്‍പ്പറേഷന്‍ അവഗണിക്കുകയായിരുന്നു. കോര്‍പ്പറേഷന് ഓംബുഡ്സ്മാന്റെ പഴി നഗരസഭയുടെ സാമാന്യ അധികാരം വിനിയോഗിക്കുന്നതിലുള്ള വീഴ്ചക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. ഈയടുത്ത് ഏറെ വിവാദമായിരുന്നു ടോയ്‌ലറ്റ് പ്രശ്നം. ഒരു സ്വകാര്യ ഹോട്ടലിലെ ടോയ്‌ലറ്റില്‍ ഒളി ക്യാമറ വെച്ച് ഹോട്ടല്‍ ജീവനക്കാരന്‍ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് ഏറെ പ്രതിഷേധത്തിനും വിവാദത്തിനും കാരണമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ ദിവസങ്ങളോളം അടച്ചിട്ടു. ഇതിനിടെ നഗരത്തിലെ സ്ത്രീകളുടെ ടോയ്‌ലറ്റ് സൗകര്യത്തിന്റെ അപര്യാപ്തയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. സൗന്ദര്യവല്‍ക്കരിക്കുന്ന നഗരത്തില്‍ സ്ത്രീകള്‍ക്ക് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ വിരലിലെണ്ണാവുന്ന ടോയ്‌ലറ്റുകള്‍ പോലുമുണ്ടായിരുന്നില്ല. പ്രതിക്കൂട്ടിലായ കോര്‍പ്പറേഷന്‍ കൈകഴുകി രക്ഷപ്പെടാനാണ് ശ്രമിച്ചത്. ഈ വിഷയത്തില്‍ ഓംബുഡ്സ്മാനും ജില്ലാ ഭരണകൂടവും ഇടപെട്ടത് കോര്‍പ്പറേഷന് നാണക്കേടാവുകയായിരുന്നു. സ്വകാര്യ കച്ചവട സ്ഥാപനങ്ങളില്‍ ടോയ്‌ലറ്റ് സൗകര്യമില്ലാത്തതും ഏറെ ചര്‍ച്ചയായി. ടോയ്‌ലറ്റ് സൗകര്യം ഏര്‍പ്പെടുത്താന്‍ കെട്ടിട ഉടമകളോട് ആവശ്യപ്പെടാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു കോര്‍പ്പറേഷന്റെ വിശദീകരണം. കേരള മുന്‍സിപ്പാലിറ്റി നിയമത്തില്‍ ടോയ്‌ലറ്റ് നിര്‍മിക്കാന്‍ ആവശ്യപ്പെടാന്‍ നഗരസഭക്ക് അധികാരമുണ്ടെന്ന് പ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ട്. മുന്‍സിപ്പാലിറ്റി നിയമത്തില്‍ 'സ്വകാര്യ കക്കൂസുകള്‍' എന്ന വിഭാഗത്തില്‍ 320 മുതല്‍ 325 വരെയുള്ള വകുപ്പുകളിലാണ് ഇതിന്റെ പ്രാധാന്യവും നഗരസഭയുടെ അധികാരപരിധിയും ചൂണ്ടിക്കാണിക്കുന്നത്. ഈ നിയമം കാറ്റില്‍ പറത്തിയാണ് കോഴിക്കോട് മിഠായ്തെരുവിലെ അസംഘടിത തൊഴിലാളികള്‍ ടോയ്‌ലറ്റ് സൗകര്യത്തിന്‌വേണ്ടി നടത്തിയ സമരത്തിന് നേരെ നഗരസഭയും ചില വ്യാപാരി സംഘടനകളും പുറം തിരിഞ്ഞുനിന്നത്. വീക്ഷണം ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ ഇതുസംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ സ്വകാര്യവ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ ടോയ്‌ലറ്റുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതോടെയാണ് വിവാദം അവസാനിച്ചത്. എന്നാല്‍ പ്രഖ്യാപിക്കപ്പെട്ട പല ടോയ്‌ലറ്റുകളും ഇപ്പോഴും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. അനധികൃത നിര്‍മാണം തകൃതി അനുദിനം ആകാശംമുട്ടുന്ന കെട്ടിടങ്ങള്‍ നഗരത്തില്‍ ഉയര്‍ന്നുവരികയാണ്. വന്‍കിട നിര്‍മാണ കമ്പനികളുടെ ഫ്ലാറ്റുകളാണ് എവിടെ നോക്കിയാലും. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചാണ് പല നിര്‍മാണങ്ങളും നടക്കുന്നതെങ്കിലും കോര്‍പ്പറേഷന്റെ ഭാഗത്തുനിന്ന് കാര്യമായി ഇടപെടല്‍ ഉണ്ടാവുന്നില്ല. അനധികൃത നിര്‍മാണത്തെ കുറിച്ച് ആരെങ്കിലും പരാതി നല്‍കിയാല്‍ പോലും നടപടി ഉണ്ടാവുന്നില്ല. അനധികൃത നിര്‍മാണം ശ്രദ്ധയില്‍പെട്ടാലും പലപ്പോഴും ഒന്നും ചെയ്യാതെ നോക്കിനില്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് നഗരാസൂത്രണ സമിതി ചെയര്‍മാന്‍ തന്നെ സമ്മതിക്കുന്നു. നടപടിയെടുക്കുന്നതിന് രാഷ്ട്രീയ ഇടപെടല്‍ തടസ്സമാവുന്നു. അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടിയുമായി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ മുന്നോട്ടുവന്നാല്‍ ഉടന്‍ 'മുകളില്‍നിന്ന്' വിളിവരുന്നു. അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുന്നതിന് മുന്‍പ് നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥയുണ്ട്. ഏഴു ദിവസത്തിനുള്ളില്‍ ഇതിന് മറുപടി നല്‍കണം. ഈ സമയം കൊണ്ട് ഉടമകള്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുന്നതും അധികൃതര്‍ക്ക് തലവേദനയാവാറുണ്ട്. എന്നാല്‍ ഇത്തരം നിയമങ്ങളുണ്ടെന്ന് അറിയാത്ത കെട്ടിട ഉടമകള്‍ക്ക് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ തന്നെ നിയമോപദേശം നല്‍കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. വിദ്യാഭ്യാസ രംഗത്തും അവഗണന പഞ്ചായത്ത് ആക്ട് നിലവില്‍ വന്നതോടെ സ്കൂളുകളുടെ പ്രവര്‍ത്തനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തമേറെയാണ്. അടുത്തിടെ പാര്‍ലമെന്റില്‍ പാസാക്കിയ ദേശീയ വിദ്യാഭ്യാസ നിയമത്തില്‍ സ്കൂളുകളുടെ നടത്തിപ്പില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ചുമതലകള്‍ എടുത്തുപറയുന്നുണ്ട്. നിയമങ്ങള്‍ എന്തൊക്കെയായാലും ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണസമിതിക്ക്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കാരണം നഗരപരിധിയിലെ സര്‍ക്കാര്‍ സ്കൂളുകളുടെ നിലനില്‍പ്പ് ഭീഷണിയില്‍ ആയിരിക്കുകയാണെന്ന് അധ്യയന വര്‍ഷാരംഭത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇംഗ്ലീഷ് മീഡിയം, അണ്‍ എയിഡഡ് സ്കൂളുകളുടെ മത്സരത്തിനിടയില്‍ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് കുട്ടികളെ പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുമ്പോള്‍ ഇതിന് പരിഹാരം കണ്ടെത്താന്‍ കോര്‍പ്പറേഷന് സാധിക്കുന്നില്ല. നഗരത്തിലെ വെള്ളയില്‍ വെസ്റ്റ് ഗവ. യു.പി സ്കൂളില്‍ ഒന്നാം ക്ലാസില്‍ ചേരാന്‍ ഒരു വിദ്യാര്‍ത്ഥിപോലും എത്തിയില്ലെന്ന വാര്‍ത്ത എല്ലാവരെയും ഞെട്ടിച്ചിരുന്നു. ചിന്താവളപ്പിലെ ബൈരായിക്കുളം ഗവ. എല്‍ പി സ്കൂള്‍, ചിന്താവളപ്പ് ജി.യു.പി സ്കൂള്‍, സിവില്‍സ്റ്റേഷന്‍ ഗവ. യു.പി സ്കൂള്‍ എന്നിവിടങ്ങളില്‍ ഈ അധ്യയന വര്‍ഷം അഞ്ചില്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഒന്നാംക്ലാസില്‍ പ്രവേശനത്തിന് എത്തിയത്. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ നില മെച്ചപ്പെടുത്താന്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് കോര്‍പ്പറേഷന്‍ ആണയിടുമ്പോഴും ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നതാണ് വസ്തുത. (തുടരും) |
| < മുന്‍ പേജ് | അടുത്തത് > |
|---|

നഗരവികസനം സ്തംഭിച്ചു
-°C 