| നഗരക്കൊയ്ത്ത്-13 |
കുടിവെള്ളം കിട്ടാക്കനിയായ നഗരംഇ.പി മുഹമ്മദ് നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതില്‍ കോര്‍പ്പറേഷന്‍ കാണിച്ച ഉദാസീനത നഗരവാസികളുടെ വെള്ളംകുടി മുട്ടിക്കുകയായിരുന്നു. വെള്ളം കിട്ടാതാവുമ്പോള്‍ വാട്ടര്‍ അതോറിറ്റിയെ കുറ്റംപറഞ്ഞ് രക്ഷപ്പെടുകയല്ലാതെ ക്രിയാത്മകമായ ഒരു നടപടിയും കോര്‍പ്പറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടാവാറില്ല. വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാനുള്ള പ്രാഥമിക ചുമതല പോലും നിര്‍വഹിക്കപ്പെടുന്നില്ല. വല്ലപ്പോഴുമെത്തുന്ന കുടിവെള്ള വണ്ടി കാത്ത് പാത്രങ്ങളുമായി ക്യൂ നില്‍ക്കുന്ന കാഴ്ച നഗരത്തിലെ പല മേഖലയിലും കാണാം. കുടിവെള്ളക്ഷാമത്തെ കുറിച്ച് കൗണ്‍സില്‍ യോഗത്തില്‍ പരാതി ഉയരുമ്പോള്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുന്നത് പതിവാണ്. യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ തങ്ങളുടെ വാര്‍ഡിലെ പ്രശ്നങ്ങള്‍ ഒന്നൊന്നായി അവതരിപ്പിക്കും. ജോലിക്കാരെ കിട്ടാത്തതും സാങ്കേതിക പ്രശ്നങ്ങളും ഉപകരണങ്ങളുടെ കാലപ്പഴക്കവും ചൂണ്ടിക്കാട്ടി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തടിതപ്പും. ഇത്തരം യോഗങ്ങള്‍ നിരവധി കഴിഞ്ഞിട്ടും നഗരത്തിലെ ജലവിതരണം ഇപ്പോഴും മുടങ്ങുകയാണ്. വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാത്തത് വാട്ടര്‍ അതോറിറ്റി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി ഉണ്ടാവുന്നില്ല. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ജപ്പാന്‍ പദ്ധതി നടപ്പിലാവുന്നതു വരെ കാത്തിരക്കണമെന്നാണ് അധികൃതര്‍ പറയുന്നത്. 140 ദശലക്ഷം ലിറ്റര്‍ കുടിവെള്ളം ആവശ്യമായ നഗരത്തില്‍ ഇപ്പോള്‍ 60 ദശലക്ഷം മാത്രമേ വിതരണം ചെയ്യുന്നുള്ളൂ. നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന കൂളിമാട് പമ്പിംഗ് സ്റ്റേഷനില്‍ നിന്ന് 72 ദശലക്ഷം ലിറ്ററും പൂളക്കടവില്‍ നിന്ന് 11.74 ദശലക്ഷം ലിറ്ററുമാണ് പമ്പ് ചെയ്യുന്നത്. ഇത് പൈപ്പുകളിലൂടെ എത്തുമ്പോള്‍ ആകെ 60 ദശലക്ഷം ലിറ്റര്‍ മാത്രമേ ജനങ്ങള്‍ക്ക് ലഭിക്കുന്നുള്ളൂ. ജപ്പാന്‍ പദ്ധതി പൂര്‍ത്തിയായാലല്ലാതെ കുടിവെള്ള ക്ഷാമം സമ്പൂര്‍ണമായി പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നു. പൂളക്കടവിലെ 650 എച്ച് പിയുടെ മോട്ടോര്‍ കേടായിട്ട് ഒരുവര്‍ഷമായിട്ടും ഇതുവരെ നന്നാക്കിയിട്ടില്ല. പൈപ്പുപൊട്ടി കുടിവെള്ളം പാഴാവുന്നതും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു. നഗരത്തിന്റെ പല ഭാഗത്തും പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാവുന്നത് നിത്യസംഭവമാണ്. നവീകരിച്ച് 'കുളമാക്കിയ' മാനാഞ്ചിറ സ്ക്വയര്‍ പുല്‍ത്തകിടിയും പച്ചത്തുരുത്തുമായി നഗരത്തിലെ പ്രധാന ജൈവസാന്നിധ്യമായിരുന്നു മാനാഞ്ചിറ സ്ക്വയര്‍. നഗരഹൃദയത്തിലെ പ്രധാന വിശ്രമകേന്ദ്രമായ സ്ക്വയര്‍ ഇന്ന് നാശത്തിന്റെ വക്കിലാണ്. കോഴിക്കോട്ടെ പ്രധാന ജലസ്രോതസ്സായ ചിറയും സമീപത്തെ മൈതാനവും അന്‍സാരി പാര്‍ക്കും ഉള്‍പ്പെട്ട സ്ഥലം വിശ്രമകേന്ദ്രമെന്ന നിലയ്ക്ക് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത് 1994ലാണ്. കോര്‍പ്പറേഷന്‍ മേയറുടെ ചുമതല വഹിച്ചിരുന്ന അന്നത്തെ ജില്ലാ കലക്ടര്‍ അമിതാഭ്കാന്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ അടയാളമാണ് സ്ക്വയര്‍. അന്നത്തെ യു ഡി എഫ് സര്‍ക്കാരിന്റെ വികസനനയവും ഇതിന് മുതല്‍ക്കൂട്ടായി. നഗരത്തിന്റെ പ്രധാന ആകര്‍ഷണമായി മാറിയ മാനാഞ്ചിറ സ്ക്വയറില്‍ ദിവസവും ആയിരക്കണക്കിന് ജനങ്ങളാണ് വിശ്രമിക്കാനെത്തുന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സ്ക്വയറിലെ പുല്‍ത്തകിടി ഉണങ്ങി നശിക്കാന്‍ തുടങ്ങി. ഇതിനിടെ അന്‍സാരി പാര്‍ക്ക് അടച്ചുപൂട്ടാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. പാര്‍ക്ക് തുറക്കണമെന്നും സ്ക്വയര്‍ നവീകരിക്കണമെന്നും ആവശ്യം ശക്തമായിട്ടും കോര്‍പ്പറേഷന്‍ മുഖം തിരിക്കുകയായിരുന്നു. ഒടുവില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരും പരാതി പറയാന്‍ തുടങ്ങിയതോടെ നവീകരണത്തിനായി ടെണ്ടര്‍ ക്ഷണിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. പുതിയ പുല്‍ത്തകിടിയും നടപ്പാതയും നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി രണ്ടു തവണ ടെണ്ടര്‍ ക്ഷണിച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഇതിനിടെ 2010 ജനുവരിയില്‍ കോഴിക്കോട്ട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദിയായി മാനാഞ്ചിറ സ്ക്വയര്‍ വിട്ടുകൊടുത്തു. കലോത്സവം അവസാനിക്കുമ്പോഴേക്കും മനോഹരമായ ഈ സ്ഥലം നാശത്തിലേക്ക് നീങ്ങുകയായിരുന്നു. സ്കൂള്‍ കലോത്സവത്തിന് വിട്ടുകൊടുക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നെങ്കിലും അധികൃതര്‍ ചെവികൊണ്ടില്ല. ഇതിനിടെ പ്രശ്നത്തില്‍ ഓംബുഡ്സ്മാന്‍ ഇടപെട്ടു. വിവാദം കൊഴുത്തതോടെ ഓംബുഡ്സ്മാനെ തെറ്റിദ്ധരിപ്പിച്ച് ചുറ്റുമതില്‍ പൊളിച്ച് സ്റ്റേജ് നിര്‍മാണം തുടങ്ങി. സ്റ്റേജ് നിര്‍മാണത്തിനായി കുഴികളെടുത്തതും വാഹനങ്ങള്‍ കയറിയിറങ്ങിയതും മാനാഞ്ചിറ സ്ക്വയറിന്റെ നാശത്തിന് ആക്കംകൂട്ടി. കലോത്സവത്തിന് ശേഷം പുല്‍ത്തകിടി തരിശുനിലം പോലെയായി. കലോത്സവം കഴിഞ്ഞാല്‍ ഉടന്‍ അറ്റകുറ്റപ്പണി നടത്തി സ്ക്വയര്‍ പഴയപടി ആക്കുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. കലോത്സവത്തിന് ശേഷം അറ്റകുറ്റ പണി നടത്തുന്നതിന് പകരം സര്‍ക്കാര്‍ പരിപാടികള്‍ക്ക് സ്ഥലം വിട്ടുകൊടുക്കുന്നതിനാണ് കോര്‍പ്പറേഷന്‍ ഉത്സാഹം കാട്ടിയത്. ഇതിനിടെ അവതരിപ്പിക്കപ്പെട്ട കോര്‍പ്പറേഷന്റെ വാര്‍ഷിക ബജറ്റില്‍ സ്ക്വയര്‍ നവീകരണമെന്ന വാഗ്ദാനം ആവര്‍ത്തിച്ചു. ഏപ്രിലില്‍ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ക്വയര്‍ സന്ദര്‍ശിക്കുന്നവര്‍ മൂക്കത്ത് വിരല്‍വെക്കും. നവീകരണത്തിന്റെ ഭാഗമായി കുഴികളെടുത്തും മണ്ണ് നീക്കിയും ചെളിക്കുളമായി മാറിയ സ്ക്വയറിലേക്ക് നോക്കാന്‍ പോലും ജനം മടിക്കുന്നു. കോര്‍പ്പറേഷന്റെ വികലമായ വികസന നയത്തിന്റെ ഇരയായി നശിക്കാനാണ് നഗരത്തിന് അഭിമാനമായിരുന്ന സ്ക്വയറിന്റെ വിധി. നവീകരണ പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാവുമെന്ന് പോലും അധികൃതര്‍ക്ക് നിശ്ചയമില്ല. സ്വന്തം അധികാര പരിധിയിലുള്ള അന്‍സാരിപാര്‍ക്ക് സാമൂഹ്യവിരുദ്ധരുടെ താവളമായിട്ടും കോര്‍പ്പറേഷന്‍ തിരിഞ്ഞുനോക്കുന്നില്ല. കോഴിക്കോടിന്റെ പെരുമ ലോകം മുഴുവനുമെത്തിച്ച വി.കെ കൃഷ്ണമേനോന്റെ പ്രതിമക്കു പോലും ഇവിടെ രക്ഷയില്ലാതായി. കോര്‍പ്പറേഷന്‍ അധികൃതര്‍ നാട്ടുകാര്‍ക്കു നല്‍കിയ വാഗ്ദാനം പാഴ്‌വാക്കായപ്പോള്‍ നാട്ടുകാര്‍ക്കു നഷ്ടമായതു നഗരത്തിരക്കിലെ പച്ചപ്പ്. ഒപ്പം നഗരഹൃദയത്തിലെ സായാഹ്ന സൗഹൃദങ്ങള്‍ക്കുള്ള ഇരിപ്പിടവും. മാനാഞ്ചിറയ്ക്കു ചുറ്റും അലങ്കാര വിളക്കുകള്‍ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. വന്‍ തുക ചെലവഴിച്ചാണ് പുതിയ വിളക്കുകളും കാലുകളും വാങ്ങിയത്. ലൈറ്റ് കത്താതായതോടെ പഴയ വിളക്കുകാലുകള്‍ ഓരോന്നായി മോഷണം പോവുകയായിരുന്നു. മോഷണം ശ്രദ്ധയില്‍പ്പെട്ടിട്ടും കോര്‍പ്പറേഷന്‍ നടപടിയെടുത്തില്ല. മാനാഞ്ചറയുടെ കാര്യത്തില്‍ കോര്‍പ്പറേഷന്‍ കാണിക്കുന്ന പൊതു ഉദാസീനതയുടെ ഭാഗമാണ് ഇതെന്നും പരാതി ഉയര്‍ന്നു. സ്ക്വയറിന്റെ സംരക്ഷണത്തിന് സദാ കാവലുള്ളപ്പോള്‍ തന്നെയാണു മോഷണം അരങ്ങുതകര്‍ത്തത്. അപ്രോച്ച് റോഡില്ലാതെ നോക്കുകുത്തിയായ കോതിപ്പാലം കല്ലായ്പുഴക്കു കുറുകെ കോതിയില്‍ പാലം നിര്‍മിച്ചിട്ട് വര്‍ഷം പന്ത്രണ്ടായി. എന്നാല്‍ പാലത്തിലേക്ക് റോഡ് നിര്‍മിക്കാനുള്ള നടപടികള്‍ തുടങ്ങിയിടത്തുതന്നെ. അപ്രോച്ച് റോഡു വേണമെങ്കില്‍ ്യൂനാട്ടുകാരില്‍ ചിലരെ ഒഴിപ്പിക്കുകയും അവരെ പുരധിവസിപ്പിക്കുകയും വേണം. ഇതു നീളുന്നതാണ് റോഡ് നിര്‍മാണത്തിന് തടസ്സം. പുനരധിവാസ കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കോര്‍പ്പറേഷന്. അപ്രോച്ച് റോഡില്ലാത്തതിനാല്‍ കോണി വെച്ചാണ് ഈ പാലത്തിലേക്ക് ആളുകള്‍ കയറുന്നത്. തീരദേശ റോഡിനായി 34ാം വാര്‍ഡില്‍്യൂനിന്നു 94 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടത്. മറ്റിടങ്ങളിലെ കുടിയൊഴിപ്പിക്കല്‍ കൂടിയാവുമ്പോള്‍ കോര്‍പ്പറേഷനില്‍ മൊത്തം 200 കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കണം. ഇതിനുള്ള നടപടികള്‍ തുടങ്ങിവെക്കുന്നതില്‍ കോര്‍പ്പറേഷന് സംഭവിച്ച വീഴ്ചയാണ് പ്രശ്നങ്ങള്‍ ഗുരുതരമാക്കിയത്. നിര്‍ദിഷ്ട തീരദേശ ഹൈവേ കടന്നുപോകേണ്ടത് കോതിപ്പാലം വഴിയാണ്. അപ്രോച്ച് റോഡ് വൈകിയാല്‍ തീരദേശ റോഡെന്ന സ്വപ്നവും വെറുതെയാവും. നഗരത്തിലെ തിരക്കൊഴിവാക്കാം എന്ന പ്രതീക്ഷ കൂടിയുണ്ടായിരുന്നു കോതിപാലം നിര്‍മിക്കുമ്പോള്‍. 1998ല്‍ സംസ്ഥാന സര്‍ക്കാര്‍ പാലത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍, പാലത്തിന്റെ അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കല്‍ മാത്രം നടന്നില്ല. മൂന്നു കൊല്ലം മുന്‍പു നാട്ടുകാര്‍ 25,000 രൂപ മുടക്കി നിര്‍മിച്ച ഇരുമ്പു കോണിയിലൂടെയാണു പരിസരവാസികള്‍ ഇപ്പോള്‍ പാലത്തില്‍ കയറിപ്പറ്റുന്നത്. ആരോഗ്യവിഭാഗത്തിലെ കെടുകാര്യസ്ഥത കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം കെടുകാര്യസ്ഥതയുടെ വിളനിലമാണെന്ന് ഭരണകക്ഷിയില്‍ നിന്നുപോലും വിമര്‍ശനം ഉയര്‍ന്നു. നഗരം കൊതുകുവളര്‍ത്തല്‍ കേന്ദ്രമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികള്‍ ഒന്നുമുണ്ടാവുന്നില്ല. ചെയില്‍ഡ് റീപ്രൊഡക്ടീവ് ഹെല്‍ത്ത് സെന്ററുകള്‍ നോക്കുകുത്തി ആയിരിക്കുകയാണ്. പലതും പൂട്ടിക്കിടക്കുന്നു. ഉടന്‍ തുറക്കുമെന്ന് മേയര്‍ ഇടക്കിടെ പറയാറുണ്ടെങ്കിലും സെന്ററുകളുടെ വാതില്‍ ഇപ്പോഴും അടഞ്ഞുതന്നെ. മഴക്കാല രോഗങ്ങള്‍ തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് ഉപയോഗിക്കുന്നതില്‍ വീഴ്ചവരുത്തിയത് ജില്ലാ ആരോഗ്യ ഓഫിസറുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നഗരത്തില്‍ ശുചീകരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ അധികവും കട്ടപ്പുറത്താണ്. ട്രാക്ടര്‍, ലോറി, പ്രൊക്ലെയിം തുടങ്ങി 16 വാഹനങ്ങള്‍ കേടായി നശിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെ ആയെങ്കിലും ആരോഗ്യവിഭാഗം അറിഞ്ഞമട്ടില്ല. നഗരത്തിലെ ആരോഗ്യകാര്യങ്ങളില്‍ വിവേചന അധികാരത്തോടെ പ്രവര്‍ത്തിക്കേണ്ട ഹെല്‍ത്ത് ഓഫിസറുടെ കസേരയില്‍ ആളില്ലാതായിട്ട് 12 വര്‍ഷമായി. മൂന്ന് ഭരണസമിതികള്‍ മാറി വന്നിട്ടും ഈ തസ്തികയില്‍ ആളെ നിയമിക്കാന്‍ നടപടി ആയിട്ടില്ല. കോര്‍പ്പറേഷന്‍ കീഴിലുള്ള ഡിസ്പെന്‍സറിയിലെ മെഡിക്കല്‍ ഓഫിസര്‍ക്കാണ് ഹെല്‍ത്ത് ഓഫിസറുടെ ചുമതല. ഭക്ഷ്യവസ്തുക്കളും ഹോട്ടല്‍ ഭക്ഷണവും മാംസ, മത്സ്യ ഇനങ്ങളും പരിശോധിക്കുന്നതില്‍ കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗം വലിയ താല്‍പര്യം കാണിക്കാറില്ല. നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും ഗുരുതരമായ തോതില്‍ മായം ചേര്‍ക്കുന്നതായും ക്യാന്‍സറിന് കാരണമാകുന്ന അജിനാമോട്ടോ വന്‍തോതില്‍ ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍പെട്ടിട്ടും പരിശോധന നടത്താന്‍ അധികൃതര്‍ മടിക്കുകയാണ്. ആധുനിക അറവുശാലകള്‍ നിര്‍മിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും ഓംബുഡ്സ്മാനും കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം മാത്രമാണ് ഉണ്ടായത്. (തുടരും) |
| < മുന്‍ പേജ് | അടുത്തത് > |
|---|

കുടിവെള്ളം കിട്ടാക്കനിയായ നഗരം
-°C 