|
മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ.എം മാത്യു അന്തരിച്ചു |
കോട്ടയം: മലയാള മാധ്യമ രംഗത്തെ കുലപതികളിലൊരൊളായ മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ.എം മാത്യൂ(93) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ കോട്ടയത്തെ സ്വവസതിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് നാലു മണിയോടെ കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടില്‍ കൊണ്ടുവരും.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കോട്ടയം മലയാള മനോരമ ഓഫിസില്‍ പൊതുദര്‍ശനത്തിനു വക്കും. തുടര്‍ന്ന് സംസ്കാരം നാല് മണിയോടെ കോട്ടയം പുത്തന്‍പള്ളി സെമിത്തേരിയില്‍ നടക്കും. പരേതയായ അന്നമ്മ മാത്യുവാണ് ഭാര്യ. മക്കള്‍: മാമന്‍ മാത്യു(എഡിറ്റര്‍ ആന്‍ഡ് മാനേജിങ് എഡിറ്റര്‍). തങ്കം, ഫിലിപ്പ് മാത്യു(മാനേജിങ് എഡിറ്റര്‍), ജേക്കബ് മാത്യു(എക്സിക്യുട്ടീവ് എഡിറ്റര്‍). 1917 ല്‍ കെ.സി മാമന്‍ മാപ്പിളയുടേയും കുഞ്ഞമ്മയുടേയും മകനായി ആലപ്പുഴയിലായിരുന്നു ജനനം. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. പി.ടി.ഐ, ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി, എ.ബി.സി, പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, റിസേര്‍ച്ച് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ ന്യൂസ് പേപ്പര്‍ ഡെവലപ്മെന്റ് എന്നിവയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ച അദ്ദേഹം 1954 ലാണ് മലയാള മനോരമയുടെ മാനേജിങ് എഡിറ്ററായി നിയമിതനായത്. കെ.എം ചെറിയാന് ശേഷം 1973 മെയ് 14നാണ് ചീഫ് എഡിറ്ററായി ചുമതലയേല്‍ക്കുന്നത്. 1998 ല്‍ അദ്ദേഹത്തെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 1996ല്‍ ബി.സി ഗോയങ്ക അവാര്‍ഡ്. 1997 ല്‍ പ്രസ് അക്കാദമി അവാര്‍ഡ് എന്നിവയ്ക്കും അര്‍ഹനായിട്ടുണ്ട്. എട്ടാമത്തെ മോതിരം എന്ന പേരില്‍ ആത്മകഥ എഴുതിയിട്ടുണ്ട്. ഭാര്യയെക്കുറിച്ച് അന്നമ്മ എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. 1991 ല്‍ ഫൗണ്ടേഷന്‍ ഓഫ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പുരസ്കാരം, 1992 ല്‍ നാഷണല്‍ സിറ്റിസണ്‍സ് പുരസ്കാരം എന്നിവ ലഭിച്ചിരുന്നു.
|