| നഗരക്കൊയ്ത്ത്-12 |
കായികപ്രേമികളെ ഇരുട്ടിലാക്കിയ ഫ്ലഡ് ലൈറ്റ് അഴിമതി ഇ.പി മുഹമ്മദ് കോര്‍പ്പറേഷന്‍ ഭരണനേതൃത്വത്തിന്റെ അഴിമതിക്ക് ഏറ്റവും വലിയ ഉദാഹരണമാണ് സ്റ്റേഡിയത്തിലെ ഫ്ലഡ്ലൈറ്റ് ഇടപാട്. കാല്‍പ്പന്തുകളിയെ നെഞ്ചേറ്റുന്ന കോഴിക്കോട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു സ്റ്റേഡിയത്തിലെ ഫ്ലഡ്ലൈറ്റ്. വര്‍ഷങ്ങളുടെ മുറവിളിക്ക് ശേഷം ഫ്ലഡ്ലൈറ്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് വന്‍ അഴിമതിക്കുള്ള കളമൊരുക്കലാണെന്ന് കായികപ്രേമികള്‍ കരുതിയിരുന്നില്ല. ഒരു കോടിയിലധികം രൂപ കോര്‍പ്പറേഷന് നഷ്ടം വരുത്തിയ ഇടപാടിന് പിന്നില്‍ നടന്ന ചരടുവലികളും ഗൂഡാലോചനകളും ഇപ്പോള്‍ നാട്ടില്‍പാട്ടാണ്. മൂന്നര വര്‍ഷം മുമ്പാണ് സ്റ്റേഡിയത്തില്‍ അഞ്ചര കോടി രൂപ ചെലവിട്ട് ലൈറ്റ് സ്ഥാപിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. നിര്‍മാണത്തിനായി കോര്‍പ്പറേഷന്‍ ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ നാല് കമ്പനികള്‍ രംഗത്തുണ്ടായിരുന്നു. ഫിലിപ്സ് കമ്പനിയുമായി ടെണ്ടര്‍ ഉറപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഫിലിപ്സ് കമ്പനി ഹാജരാക്കിയ രേഖകള്‍ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി സ്പേസ് ഏജുമായി കോര്‍പ്പറേഷന്‍ ടെണ്ടര്‍ ഉറപ്പിക്കുകയായിരുന്നു. ടെണ്ടറില്‍ കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിയെ ഒഴിവാക്കിയാണ് സ്പേസ് ഏജ് കമ്പനിക്ക് കരാര്‍ നല്‍കിയത്. 5,09,55500 രൂപ രേഖപ്പെടുത്തിയ ഫില്‍പ്സ് ഇലക്ട്രോണിക്സ് ഇന്ത്യയെ മറികടന്ന് 5,15,04306 രൂപ ക്വാട്ട് ചെയ്ത സ്പേസ് ഏജ് കമ്പനിക്ക് ടെണ്ടര്‍ ലഭിച്ചു. കോര്‍പ്പറേഷന്‍ അധികൃതര്‍ കമ്പനിയുമായി നടത്തിയ നെഗോസിയേഷനില്‍ അരശതമാനം കുറച്ചതിനാല്‍ അഞ്ചുകോടി പന്ത്രണ്ട് ലക്ഷത്തി നാല്‍പത്തി ഏഴായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ആറ് രൂപയ്ക്ക് ടെണ്ടര്‍ ഉറപ്പിച്ചു. ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക കാണിച്ചവരുമായി വിലപേശല്‍ ചര്‍ച്ചകള്‍ നടത്തി തുക കുറയ്ക്കുന്നതിന് പകരം കൂടുതല്‍ തുക കാണിച്ചവര്‍ക്ക് വീണ്ടും തുക കുറച്ചു കൊടുക്കുകയായിരുന്നു. ഫിലിപ്സിന് തന്നെ കരാര്‍ നല്‍കണമെന്ന നിയമോപദേശവും കോര്‍പ്പറേഷന്‍ തള്ളിക്കളഞ്ഞു. മരാമത്ത് കമ്മിറ്റിയുടെ അനുവാദമില്ലാതെയാണ് കൂടുതല്‍ തുക ക്വോട്ട് ചെയ്ത കമ്പനിക്ക് ടെണ്ടര്‍ നല്‍കിയതെന്നും ആരോപണമുണ്ടായി. സ്പേസ് ഏജ് ഗിയര്‍സ് ലിമിറ്റഡിന് ധൃതിപിടിച്ച് മൂന്നുകോടി രൂപ നല്‍കിയതും പരാതിക്കിടയാക്കി. എന്നാല്‍ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടായിരുന്നു നഗരസഭാ ഭരണനേതൃത്വം കൈക്കൊണ്ടത്. തുടക്കത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് പിന്നീട് അരങ്ങേറിയ സംഭവങ്ങള്‍.120 ദിവസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. നിശ്ചിത കാലാവധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ രണ്ടുതവണ കരാര്‍ സമയപരിധി നീട്ടി. നിര്‍മാണം പൂര്‍ത്തിയാക്കി ഫ്ലഡ്ലൈറ്റ് പ്രകാശിപ്പിക്കുമ്പോഴേക്കും മൂന്നര വര്‍ഷം കഴിഞ്ഞിരുന്നു. സ്റ്റേഡിയത്തിന്റെ നാലു ഭാഗത്തായി 45 മീറ്ററോളം ഉയരത്തിലുള്ള നാല് ഹൈമാസ്റ്റുകളിലാണ് ലൈറ്റ് സ്ഥാപിച്ചത്. ഓരോ ഹൈമാസ്റ്റിലും 2000 വാട്സ് വീതമുള്ള 80 ലൈറ്റുകളാണ് ഉള്ളത്. ലൈറ്റ് കത്തിയിട്ടും പ്രശ്നങ്ങള്‍ തീര്‍ന്നില്ല. സ്റ്റേഡിയത്തില്‍ ദേശീയ ലീഗ് ഫുട്ബാള്‍ മത്സരം നടക്കുന്നതിനിടെ ലൈറ്റ് തകരാറായി രണ്ടു തവണ കളി മുടങ്ങി. വിവാദം ആളിക്കത്തി. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസത്തിനകം ലൈറ്റ് കത്താതായപ്പോള്‍ ഫ്ലഡ്ലൈറ്റിന്റെ ഗുണനിലവാരത്തെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്നു. പില്ലറില്‍ ആണിയടിച്ചതാണ് ലൈറ്റ് കത്താത്തതിന് കാരണമെന്ന നിലപാടുമായി മേയര്‍ രംഗത്തെത്തി. ആരോപണ-പ്രത്യാരോപണങ്ങള്‍ മാധ്യമങ്ങളിലും നിറഞ്ഞു. ഫ്ലഡ്ലിറ്റിന്റെ തകരാര്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തി. ഫുട്ബാള്‍ കളിക്കാരും കോര്‍പ്പറേഷനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. എന്നാല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് ഒരു കുലുക്കവും ഉണ്ടായില്ല. ഫ്ലഡ്ലൈറ്റിന്റ ടെണ്ടര്‍ നടപടി മുതല്‍ ആണി വിവാദംവരെ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നുമുള്ള ആവശ്യം തള്ളിക്കളഞ്ഞ് ആണി അടി മാത്രം മതിയെന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിച്ചത്. കേബിളില്‍ ആണി അടിച്ചതാണ് ആകെയുള്ള പ്രശ്നം എന്ന നിലയ്ക്കാണ് പിന്നീട് കോര്‍പ്പറേഷന്‍ പ്രചരണം നടത്തിയത്. ഹൈക്കോടതിയും ഓഡിറ്റ് വിഭാഗവും പറഞ്ഞതുകൊണ്ടാണ് സ്പേസ് ഏജിന് കരാര്‍ നല്‍കിയതെന്ന വിചിത്രമായ വിശദീകരണവും വന്നു. ഒടുവില്‍ കളി പകല്‍ സമയത്തേക്ക് മാറ്റുന്നതിലെത്തി കാര്യങ്ങള്‍. സ്റ്റേഡിയത്തില്‍ രാത്രി കാല മത്സരം നിരോധിച്ചുകൊണ്ട് അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ ഉത്തരവിറക്കി. സ്റ്റേഡിയത്തില്‍ സ്ഥാപിച്ച ഫ്ലഡ്ലിറ്റ് നോക്കുകുത്തിയാവുകയായിരുന്നു. ഫുട്ബാള്‍ ഫെഡറേഷന്റെ വിലക്ക് ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. ഫ്ലഡ്ലൈറ്റ് തകരാറായ സംഭവത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാന്‍ കേസെടുത്തതു കോര്‍പ്പറേഷന് നാണക്കേടായി. ഫ്ലഡ്ലൈറ്റ് തകരാര്‍ വിവാദമായതോടെ ദേശീയ മത്സരങ്ങള്‍ പലതും കോഴിക്കോടിന് നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമുണ്ടായി. ലൈറ്റ് സംവിധാനത്തെ കുറിച്ച് ഐ ലീഗ് മാച്ച് കമ്മിഷണര്‍ അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അടുത്ത കാലത്തൊന്നും കോഴിക്കോട്ട് ദേശീയ മത്സരങ്ങള്‍ നടക്കാന്‍ സാധ്യതയില്ല. വിവാദത്തിന്റെ ശക്തി കുറഞ്ഞെങ്കിലും ഫ്ലഡ്ലൈറ്റിന്റെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ കോര്‍പ്പറേഷന് ഇതുവരെ സാധിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ സ്റ്റേഡിയം നവീകരണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ദീര്‍ഘവീക്ഷണമില്ലാത്ത തീരുമാനങ്ങളാണ് നവീകരണം അനന്തമായി നീളുന്നതിന് ഇടയാക്കിയത്. ഗ്രാന്റ് സ്റ്റാന്റ് പവലിയന്‍ പുതുക്കി നിര്‍മിക്കുമെന്ന് പ്രഖ്യാപനം വന്നെങ്കിലും പണിയാരംഭിച്ചിട്ടില്ല. സ്റ്റേഡിയം നവീകരണ പ്രവൃത്തിയിലും അഴിമതിയുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടിയ ഓഡിറ്റ് റിപ്പോര്‍ട്ട് അന്നത്തെ കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ മറച്ചുവെക്കുകയായിരുന്നു. പുനര്‍ നിര്‍മ്മാണത്തിനായി ഹഡ്ക്കോയില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കുന്നതില്‍ നഗരസഭയ്ക്കുണ്ടായ നാലരക്കോടിയുടെ അധിക ബാധ്യതയും പുനര്‍ നിര്‍മ്മാണ പ്രവൃത്തിയിലെ രണ്ടുകോടിയോളം രൂപയുടെ അപാകതയുമാണ് 2004 ജൂലൈയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. (തുടരും) |
| < മുന്‍ പേജ് | അടുത്തത് > |
|---|

കായികപ്രേമികളെ ഇരുട്ടിലാക്കിയ ഫ്ലഡ് ലൈറ്റ് അഴിമതി 
-°C 