നഗരക്കൊയ്ത്ത്‌-11

Imageമുതലക്കുളം

ഇ.പി മുഹമ്മദ്‌

ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്‌ കോഴിക്കോട്‌ നഗരസഭയ്ക്ക്‌. ബ്രിട്ടീഷ്‌ ഭരണകാലത്താണ്‌ കോഴിക്കോട്ട്‌ വ്യവസ്ഥാപിത നഗരസഭാ ഭരണം ആരംഭിച്ചത്‌. എന്നാല്‍ അതിനും മുമ്പ്‌ തന്നെ ഗ്രാമപ്രദേശങ്ങളില്‍നിന്ന്‌ വ്യത്യസ്തമായി കോഴിക്കോട്ട്‌ തനതായ നഗരഭരണ സംവിധാനം നിലനിന്നിരുന്നുവെന്നതാണ്‌ ചരിത്രം.
1866 ജൂലൈ മൂന്നിനാണ്‌ കോഴിക്കോട്‌ മുന്‍സിപ്പാലിറ്റി പിറവിയെടുത്തത്‌. 1942ല്‍ സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചതിന്റെ പേരില്‍ പിരിച്ചുവിട്ട നഗരസഭ 1947ല്‍ പുനസംഘടിപ്പിച്ചു. 1962 നവംബര്‍ ഒന്നിന്‌ കോഴിക്കോട്‌ മുനിസിപ്പാലിറ്റി കോര്‍പ്പറേഷനായി ഉയര്‍ത്തി.പിന്നീട്‌ 35 വര്‍ഷമായി ഇടതുഭരണത്തിന്‍ കീഴിലാണ്‌ കോഴിക്കോട്‌ കോര്‍പ്പറേഷന്‍. ഈ കാലയളവില്‍ നാലുതവണ ഒഴിച്ച്‌ സി പി എമ്മുകാര്‍ തന്നെയാണ്‌ മേയര്‍ പദവി അലങ്കരിച്ചത്‌.

മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി കൊണ്ടുവന്ന പഞ്ചായത്ത്‌ രാജ്‌ ആക്ടിനെ തുടര്‍ന്ന്‌ കൂടുതല്‍ അധികാരത്തോടെ 1995ല്‍ പുതിയ കൗണ്‍സില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒട്ടേറെ പ്രതീക്ഷകളുണ്ടായിരുന്നു നഗരവാസികള്‍ക്ക്‌.

 

എന്നാല്‍ സി പി എമ്മിന്റെ അന്ധമായ രാഷ്ട്രീയവല്‍ക്കരണത്തിനിടയില്‍ നഗരവികസനമെന്ന സ്വപ്നം വൃഥാവിലാവുകയായിരുന്നു. പിന്നീട്‌ വന്ന ഭരണസമിതിയുടെ കാലത്തും പ്രത്യേകിച്ച്‌ മാറ്റമൊന്നുമുണ്ടായില്ല. 2005ല്‍ നിലവില്‍ വന്ന ഇപ്പോഴത്തെ കൗണ്‍സില്‍ നഗരവാസികള്‍ക്ക്‌ നിരാശ മാത്രം സമ്മാനിച്ചാണ്‌ പടിയിറങ്ങുന്നത്‌. ര്‍ഷാവര്‍ഷം അവതരിപ്പിക്കുന്ന ബജറ്റില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെങ്കിലും ഒന്നും നടപ്പാകാറില്ല. ഈ വര്‍ഷത്തെ ബജറ്റും തഥൈവ. കേന്ദ്ര, സംസ്ഥാന പദ്ധതികള്‍ തങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ക്കുന്നതാണ്‌ കോര്‍പ്പറേഷന്‍ ഭരണാധികാരികളുടെ വിനോദം.

 

വികസനത്തിന്‌ ദീര്‍ഘ അവധി
ഏതു ഭരണകൂടത്തിന്റെയും പ്രാഥമിക കര്‍ത്തവ്യമാണ്‌ നാടിന്റെ വികസനം. ഇപ്പോഴത്തെ ഭരണസമിതി അധികാരത്തിലെത്തിയതും വികസനത്തിന്റെ പേരുപറഞ്ഞാണ്‌. എന്നാല്‍ ഭരണമേറ്റെടുത്തതോടെ നഗരത്തില്‍ വികസനത്തിന്‌ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്‌.വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആരംഭിച്ച പല പ്രവൃത്തികളും പൂര്‍ത്തിയായിട്ടില്ല. സ്റ്റേഡിയം നവീകരണം അനന്തമായി നീളുന്നത്‌ മൂലം കോര്‍പ്പറേഷന്‌ വന്‍ നഷ്ടമാണ്‌ സംഭവിക്കുന്നത്‌. നഗരത്തിന്‌ സ്വന്തമായ ഒരു മാസ്റ്റര്‍ പ്ലാന്‍ പോലുമില്ലാത്ത കോര്‍പ്പറേഷനെന്ന അപഖ്യാതിയും കോഴിക്കോടിന്‌ സ്വന്തം. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കാലിക്കറ്റ്‌ ഡവലപ്പ്മെന്റ്‌ അതോറിറ്റി (സി.ഡി.എ) തയ്യാറാക്കിയ പ്ലാന്‍ അനുസരിച്ചുള്ള പദ്ധതികളാണ്‌ ഇപ്പോഴും നടപ്പാക്കുന്നത്‌.

 

മാസ്റ്റര്‍ പ്ലാന്‍ ഇല്ലാത്തത്‌ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പലതും നഷ്ടപ്പെടാന്‍ ഇടയാക്കി. തിരുവനന്തപുരവും കൊച്ചിയും കേന്ദ്രാവിഷ്കൃത ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ കുറ്റകരമായ അനാസ്ഥയില്‍ കോഴിക്കോടിന്‌ നഷ്ടപ്പെട്ടത്‌ കോടികള്‍. വികസന പ്രവൃത്തികള്‍ പ്രഖ്യാപിക്കുന്നില്ലെന്ന്‌ കോര്‍പ്പറേഷനെ ആരും കുറ്റംപറയില്ല. എന്നാല്‍ അവ നടപ്പാക്കിയോ എന്ന കാര്യം മാത്രം ചോദിക്കരുത്‌. കോര്‍പ്പറേഷന്റെ സമ്മര്‍ദത്തിന്‌ വഴങ്ങിയാണ്‌ സംസ്ഥാന സര്‍ക്കാര്‍ സി.ഡി.ഐ പിരിച്ചുവിട്ടത്‌. വ്യവസ്ഥാപിതമായ നഗരഭരണ സംവിധാനം നിലവില്‍ ഉള്ളപ്പോള്‍ ഇത്തരമൊരു ഏജന്‍സിയുടെ ആവശ്യമില്ലെന്നായിരുന്നു ഇതിന്‌ കാരണമായി ചൂണ്ടിക്കാട്ടിയത്‌.സി.ഡി.എ ആസൂത്രണം ചെയ്ത നഗര വികസനത്തിന്‌ മുതല്‍ക്കൂട്ടായേക്കാവുന്ന പല വന്‍ പദ്ധതികളും ഇതോടെ തകിടം മറിഞ്ഞു.

 

നഗരാസൂത്രണത്തിന്റെ മാനദണ്ഡം രാഷ്ട്രീയം മാത്രം
ഭരണാധികാരികളുടെ ധാര്‍ഷ്ട്യവും കഴിവില്ലായ്മയും നഗരത്തെ തളര്‍ത്തുകയായിരുന്നു. ഭരണാധികാരികളുടെ അഹങ്കാരത്തിന്‌ ഒന്നാംസ്ഥാനം പ്രഖ്യാപിച്ചാല്‍ അത്‌ കോഴിക്കോട്‌ കോര്‍പ്പറേഷന്‍ മേയര്‍ക്കും ഡപ്യൂട്ടി മേയര്‍ക്കും സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ക്കും പങ്കിട്ടെടുക്കാം. കോര്‍പ്പറേഷനെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ കൃത്യമായ മറുപടി നല്‍കുന്നതിന്‌ പകരം അസഹിഷ്ണുതയോടെ നോക്കിക്കാണുന്നത്‌ പലപ്പോഴും വിവാദത്തിലാണ്‌ അവസാനിക്കാറുള്ളത്‌.

 

നഗരാസൂത്രണത്തിലെ പിഴവിന്റെ ഭാരം പേറുന്നവരാണ്‌ നഗരവാസികള്‍. രാഷ്ട്രീയ താല്‍പര്യം നഗരാസൂത്രണത്തിലെ പ്രധാന മാനദണ്ഡമാവുന്നു.നഗരാസൂത്രണത്തിലെ പിഴവിന്‌ പ്രകടമായ ഉദാഹരണങ്ങള്‍ ഈ നഗരത്തില്‍ അന്വേഷിച്ച്‌ നടക്കേണ്ടതില്ല.മഴയൊന്നു പെയ്താല്‍ നഗരം വെള്ളത്തിനടിയിലാവും. ഈ വര്‍ഷവും സ്ഥിതിയില്‍ മാറ്റമില്ല. എല്ലാ വര്‍ഷവും ഇത്‌ ആവര്‍ത്തിച്ചിട്ടും നഗരസഭ നടപടിയെടുക്കാത്തത്‌ ജനങ്ങളുടെ ദുരിതത്തിന്റെ ആക്കം വര്‍ധിപ്പിക്കുന്നു.

 

പാഴാക്കിയത്‌ നൂറുകോടിയുടെ എ ഡി ബി ഫണ്ട്‌
നഗരത്തിന്റെ അടിസ്ഥാന വികസനത്തിന്‌ ഉപകരിക്കേണ്ടിയിരുന്ന എ ഡി ബി ഫണ്ട്‌ യഥാസമയം ഉപയോഗിക്കുന്നതിലും കോര്‍പ്പറേഷന്‌ വീഴ്ചപറ്റി. സുസ്ഥിര നഗര വികസനത്തിന്‌ എ ഡി ബി അനുവദിച്ച 135 കോടി രൂപയില്‍ 35 കോടി മാത്രമാണ്‌ ചെലവഴിച്ചത്‌. റോഡ്‌ വികസനം, ഭൂഗര്‍ഭ അഴുക്കുചാല്‍ പ്രവൃത്തി, കുടിവെള്ള പദ്ധതി തുടങ്ങിയ അവശ്യവികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പണം ആവശ്യമായിരിക്കെയാണ്‌ ഇത്രയും തുക അധികൃതര്‍ പാഴാക്കിയത്‌. എ ഡി ബിക്കെതിരെ സര്‍ക്കാര്‍ ഓഫിസുകള്‍ ദിവസങ്ങളോളം സ്തംഭിപ്പിക്കുകയും കരി ഓയില്‍ പ്രയോഗം നടത്തുകയും ചെയ്തവര്‍ നയംമാറ്റി വായ്പ വാങ്ങിയപ്പോള്‍ അതെന്ത്‌ ചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയായിരുന്നു.

 

ഗ്രീന്‍ കേരള എക്സ്പ്രസ്‌ റിയാലിറ്റി ഷോയില്‍ കോര്‍പ്പറേഷന്റെ സ്വന്തം നേട്ടമായി അവതരിപ്പിച്ചത്‌ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മാനാഞ്ചിറയും മറ്റു കുളങ്ങളുമാണ്‌. പ്രകൃതിദത്ത ജലസ്രോതസ്സുകളെ തങ്ങളുടെ ഭരണനേട്ടമായി കൊട്ടിഘോഷിക്കാന്‍ കോര്‍പ്പറേഷന്‍ ഭരണസമിതി കാണിച്ച തൊലിക്കട്ടിക്ക്‌ മുന്നില്‍ കാണ്ടാമൃഗം തോറ്റുതൊപ്പിയിടും. പൊതുമേഖലയുടെ സംരക്ഷകര്‍ എന്നു വീമ്പിളക്കുന്നവര്‍ സ്വകാര്യസംരംഭകരെ വഴിവിട്ടു സഹായിക്കുന്നതാണ്‌ കോഴിക്കോട്ടെ പല പദ്ധതികളിലും കണ്ടത്‌. പദ്ധതികള്‍ നടപ്പിലാക്കാന്‍ സഹകരണം വാഗ്ദാനം ചെയ്ത്‌ മുന്നോട്ടുവന്ന സര്‍ക്കാര്‍ ഏജന്‍സികളെ കണ്ടില്ലെന്ന്‌ നടിച്ചത്‌ സ്വകാര്യ കമ്പനികള്‍ക്കുവേണ്ടിയായിരുന്നു.

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ തനതുഫണ്ട്‌ ഉപയോഗിച്ച്‌ ചെയ്യാവുന്ന വികസന പ്രവൃത്തികള്‍ സ്വകാര്യ സംരംഭകര്‍ക്ക്‌ കൈമാറിയതിലൂടെ കോടിക്കണക്കിന്‌ രൂപയുടെ വരുമാനമാണ്‌ കോര്‍പ്പറേഷന്‍ നഷ്ടപ്പെടുത്തിയത്‌. ഇതിലൂടെ ഭരണകക്ഷി നേതാക്കളുടെ കീശ നിറഞ്ഞുവെന്നത്‌ വേറെ കാര്യം.
ഏറെ വിവാദമായ മെഡിക്കല്‍ കോളജ്‌ ബസ്‌ സ്റ്റാന്റ്‌ ഇതിനുദാഹരണമാണ്‌. നഗരസഭയുടെ ഫണ്ട്‌ ഉപയോഗപ്പെടുത്തി നിര്‍മിച്ച്‌ പ്രവര്‍ത്തിപ്പിച്ചാല്‍ വന്‍തോതില്‍ വരുമാനം ലഭിക്കുമായിരുന്ന ഈ പദ്ധതി സ്വകാര്യ വ്യക്തിക്ക്‌ നല്‍കിയതിന്‌ പിന്നില്‍ ഒട്ടേറെ ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. 1989ലാണ്‌ മെഡിക്കല്‍കോളജ്‌ പരിസരത്ത്‌ ബസ്‌ സ്റ്റാന്റ്‌ നിര്‍മിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്‌. ഇതിനായി ഭൂമി ഏറ്റെടുക്കലും പ്രഖ്യാപിച്ചു.

 

ഇതറിഞ്ഞ്‌ പ്രദേശത്തെ സ്ഥലമുടമകള്‍ കിട്ടിയ വിലയ്ക്ക്‌ സ്ഥലം വില്‍ക്കാന്‍ തയ്യാറായപ്പോള്‍ മുഴുവനായി വാങ്ങിക്കൂട്ടിയത്‌ സി പി എമ്മിലെ ഉന്നതനേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു സ്വകാര്യ വ്യക്തിയാണ്‌. ഈ വ്യക്തിയുടെ കൈവശം സ്ഥലം വന്നുചേര്‍ന്നതോടെ ബസ്‌ ടെര്‍മിനല്‍ നിര്‍മിക്കാന്‍ പണമില്ലെന്നും ഭൂമി കൈവശമുള്ള സ്വകാര്യ വ്യക്തികള്‍ വന്നാല്‍ അനുമതി നല്‍കുമെന്നും കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചു. ഒടുവില്‍ നേതാക്കളുടെ ഉറ്റസുഹൃത്തിന്‌ തന്നെ അനുമതി ലഭിച്ചു. ബസ്‌ ടെര്‍മിനലിന്‌ പ്രവേശന കവാടം ഒരുക്കാന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 10 സെന്റ്‌ സ്ഥലം ഈ വ്യക്തിക്ക്‌ തുച്ഛവിലയ്ക്ക്‌ നല്‍കാനുള്ള ഉദാരതയും കോര്‍പ്പറേഷനുണ്ടായി.

 

സൗന്ദര്യവല്‍ക്കരണത്തിന്റെ നേട്ടം സ്വകാര്യ കമ്പനിക്ക്‌
നഗരത്തില്‍ സൗന്ദര്യവല്‍ക്കരണം പൊടിപൊടിക്കുകയാണ്‌. കോടികള്‍ ചെലവിട്ട്‌ ഹൈടെക്‌ നടപ്പാതകളും വൈ ഫൈ ബസ്‌ സ്റ്റോപ്പുകളും നിര്‍മിച്ചിട്ടുണ്ട്‌. മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാന ജംഗ്ഷനുകളിലും ട്രാഫിക്‌ ഐലന്റുകളിലും ഡിവൈഡറുകള്‍ സ്ഥാപിച്ചത്‌ നഗരത്തിലെ ഗതാഗതക്കുരുക്ക്‌ രൂക്ഷമാക്കിയിരിക്കുകയാണ്‌. നടപ്പാതകള്‍ മനോഹരമാണെന്നതില്‍ പ്രതിപക്ഷത്തിന്‌ പോലും തര്‍ക്കമില്ല. പക്ഷേ മഴക്കാലത്ത്‌ തെന്നി വീഴാതെ നോക്കല്‍ നടക്കുന്നവരുടെ ബാധ്യതയാണ്‌. നടപ്പാതയെ റോഡില്‍ നിന്ന്‌ വേര്‍തിരിക്കുന്ന കമ്പിവേലികള്‍ നഗരത്തിലൂടെ കാല്‍നട യാത്ര ചെയ്യുന്നവര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട്‌ ചില്ലറയല്ല.

 

കമ്പിവേലിയുള്ള കാര്യം അറിയാതെ നടപ്പാതയിലൂടെ നടക്കുന്നവര്‍ വട്ടംചുറ്റിയത്‌ തന്നെ. വൈ-ഫൈ ബസ്‌ വെയിറ്റിംഗ്‌ ഷെഡുകള്‍ സ്വകാര്യ കമ്പനികളുടെ പരസ്യകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്‌. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലാണ്‌ സ്വകാര്യ കമ്പനി വൈ ഫൈ ബസ്‌ വെയിറ്റിംഗ്‌ ഷെഡുകള്‍ നിര്‍മിച്ചത്‌. യാത്രക്കാര്‍ക്ക്‌ ബസ്‌ കാത്തുനില്‍ക്കാനോ ഇരിക്കാനോ സൗകര്യം ഇവിടെയില്ല. ബസ്‌ സ്റ്റോപ്പുകളിലെ വിലപിടിച്ച വസ്തുക്കള്‍ പതിവായി മോഷ്ടിക്കപ്പെടുന്നു. പകരം സ്ഥാപിക്കാന്‍ സ്റ്റോപ്പ്‌ നിര്‍മ്മിച്ച പരസ്യകമ്പനി തയ്യാറാകുന്നില്ല. മോഷ്ടിക്കപ്പെടുന്ന വസ്തുക്കളുടെ വില തന്നെയാണ്‌ ട്രൈറ്റാന്‍ കമ്പനി മുഖംതിരിക്കാന്‍ പ്രധാന കാരണം. മോഷണം പതിവായ സാഹചര്യത്തില്‍ വിലകൂടിയ വസ്തുക്കള്‍ ഉപയോഗിച്ച്‌ ബസ്‌ സ്റ്റോപ്പുകള്‍ നിര്‍മ്മിക്കാന്‍ പരസ്യ കമ്പനി തയ്യാറാകില്ലെന്നും സൂചനയുണ്ട്‌. ഇതോടെ കമ്പനിയുമായി ധാരണയിലെത്തിയ നഗരസഭയാണ്‌ പ്രതിക്കൂട്ടിലാകുന്നത്‌.

 

സംസ്ഥാന ചരിത്രത്തില്‍ ഇതുവരെ ഒരു നഗരസഭയിലും നടന്നിട്ടില്ലാത്ത അഴിമതികള്‍ക്ക്‌ കളമൊരുങ്ങിയത്‌ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയാണ്‌. തീവെട്ടിക്കൊള്ളയും കയ്യിട്ടുവാരലും നിര്‍ബാധം തുടര്‍ന്നപ്പോള്‍ ഭരണതലത്തിലെ താഴെതട്ടിലുള്ളവര്‍ മുതല്‍ ഉന്നതര്‍ വരെ അഴിമതിയുടെ ചെളിക്കുണ്ടില്‍ ആണ്ടു.
സ്റ്റേഡിയത്തില്‍ ഫ്ലഡ്ലിറ്റ്‌ സ്ഥാപിച്ചതിലെ അഴിമതി പുറത്തുവന്നതോടെ നഗരസഭാ ഭരണനേതൃത്വത്തിന്‌ നില്‍ക്കക്കള്ളിയില്ലാതായി. ഐ ലീഗ്‌ മത്സരങ്ങള്‍ നടക്കുന്നതിനിടെ ഫ്ലഡ്ലിറ്റ്‌ തകരാറിലായതോടെയാണ്‌ അഴിമതിയുടെ വ്യാപ്തി ജനങ്ങള്‍ക്ക്‌ ബോധ്യമായത്‌. നഗരത്തിന്‌ നാണക്കേടായ ഈ ഇടപാടിനെ കുറിച്ച്‌ നാളെ.
(തുടരും)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls