നഗരക്കൊയ്ത്ത്‌-10
Imageവി.എല്‍. വര്‍ഗ്ഗീസ്‌
'ഇ.എം.എസ്‌' അഴിമതി മറച്ചു പിടിക്കാന്‍ മൂന്നക്ഷരം
ഇ.എം.എസ്‌ ഭവന നിര്‍മ്മാണ പദ്ധതിയുടെ പേരില്‍ സി.പി.എം നടത്തിയ അഴിമതിയുടെ കഥകള്‍ തൃശൂരില്‍ അങ്ങാടിപ്പാട്ടാണ്‌. ഇക്കാര്യം വിശദീകരിക്കാന്‍ പോലും പാര്‍ട്ടി നേതൃത്വം തയ്യാറായിട്ടില്ല.
 
സി.പി.എം. കൗണ്‍സിലര്‍മാരും ഭൂമാഫിയയും ഉദ്യോഗസ്ഥരും ചേര്‍ന്നാണ്‌ അഴിമതി നടത്തിയത്‌. ഇ.എം.എസ്‌. ഭവന നിര്‍മ്മാണ പദ്ധതിക്ക്‌ ഭൂമി വാങ്ങിയ ഘട്ടം മുതല്‍ അഴിമതി തുടങ്ങി. പ്രതിപക്ഷം ഇക്കാര്യം ഉന്നയിക്കുമ്പോഴെല്ലാം അത്‌ മേയര്‍ നിഷേധിക്കുകയായിരുന്നു പതിവ്‌. എന്നാല്‍, ഒന്നരമാസം മുമ്പ്‌ അഴിമതി പ്രതിപക്ഷം അക്കമിട്ട്‌ നിരത്തുകയും തെളിവുകളും രേഖകളും ഹാജരാക്കുകയും ചെയ്തപ്പോള്‍ മിണ്ടാട്ടം മുട്ടി. പദ്ധതിയുടെ ഗുണഭോക്താക്കള്‍ തന്നെയാണ്‌ വന്‍ അഴിമതിയുടെ തെളിവുകളുമായി കോര്‍പ്പറേഷന്‍ ഓഫീസില്‍ എത്തിയത്‌.
 
ഭവന പദ്ധതിയില്‍ ഭൂമി വാങ്ങുന്നതിന്‌ പണം ലഭിക്കാന്‍ അര്‍ഹരായവരുടെ പട്ടിക ഭൂമാഫിയക്ക്‌ ചോര്‍ത്തി കൊടുത്താണ്‌ സി.പി.എം കൗണ്‍സിലര്‍മാരും സി.പി.എം സംഘടനയില്‍ പെട്ട ഉദ്യോഗസ്ഥരും പണംതട്ടിയത്‌. ഓരോ ഡിവിഷനിലും ഭൂമി വാങ്ങാന്‍ പണം നല്‍കുന്നത്‌ ആര്‍ക്കൊക്കെയാണെന്ന്‌ അതാത്‌ ഡിവിഷന്‍ കൗണ്‍സിലര്‍മാര്‍ അറിയും മുമ്പ്‌ വന്‍തോതില്‍ ഭൂമി ഇടപാട്‌ നടത്തുന്ന വസ്തു ബ്രോക്കര്‍മാരും ഭൂമാഫിയയും വിവരം അറിഞ്ഞിരുന്നു. ഗുണഭോക്താക്കളെ ഇക്കാര്യം അറിയിച്ചതും ഭൂമാഫിയക്കാരാണ്‌. കോര്‍പ്പറേഷനില്‍ നിന്ന്‌ ലിസ്റ്റ്‌ സി.പി.എം കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും തരപ്പെടുത്തി ഭൂമാഫിയക്ക്‌ ചോര്‍ത്തിക്കൊടുത്തു.
 
ഭൂമാഫിയ ഗുണഭോക്താക്കള്‍ക്ക്‌ കത്ത്‌ അയക്കുകയും ചെയ്തു. ഇ.എം.എസ്‌. പദ്ധതി പ്രകാരം സ്ഥലത്തിനും വീടിനും കോര്‍പ്പറേഷനില്‍ നിന്ന്‌ പണം അനുവദിച്ചിട്ടുണ്ടെന്നും ചില സ്ഥലങ്ങളില്‍ മിതമായ വിലയ്ക്ക്‌ സ്ഥലം നല്‍കി തുടങ്ങിയിട്ടുണ്ടെന്നുമായിരുന്നു കത്തിലെ വിവരണം. സ്ഥലത്തിന്റെ ആവശ്യത്തിനു വേണ്ടി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും കത്തില്‍ നല്‍കിയിരുന്നു.
കോര്‍പ്പറേഷനില്‍ നിന്ന്‌ ഭവന പദ്ധതിക്ക്‌ 4,500 സെന്റ്‌ സ്ഥലം ആവശ്യമുണ്ട്‌. 3,143 പേര്‍ക്കാണ്‌ സഹായം നല്‍കേണ്ടത്‌. പരമാവധി ഒന്നര സെന്റ്‌ ഭൂമി വീതമാണ്‌ വാങ്ങേണ്ടത്‌. ഗുണഭോക്താക്കള്‍ കത്തിലെ ഫോണ്‍ നമ്പറിലേക്ക്‌ വിളിച്ചപ്പോള്‍ എടുത്തത്‌ ബ്രോക്കറാണ്‌.
 
സ്ഥലം ഉണ്ടെന്നും കോര്‍പ്പറേഷനില്‍ നിന്ന്‌ കത്തുമായി വന്നാല്‍ ഉടന്‍ ശരിയാക്കാമെന്നും മറുപടി. ഭൂമി പരിശോധിക്കേണ്ട ഉദ്യോഗസ്ഥന്റെ സര്‍ട്ടിഫിക്കറ്റ്‌ പോലും ഭൂമാഫിയ സംഘടിപ്പിച്ച്‌ നല്‍കുകയാണ്‌. തങ്ങളുടേതല്ലാത്ത സ്ഥലം വാങ്ങിയാല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കില്ലെന്നും പണം നഷ്ടപ്പെടുമെന്നും ഭീഷണിപ്പെടുത്തിയാണ്‌ ഗുണഭോക്താക്കളെ കൊണ്ട്‌ ഭൂമി വാങ്ങിപ്പിച്ചത്‌. ഗുണഭോക്താക്കള്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ എത്തിയപ്പോള്‍ എല്ലാം ശരിയാക്കാന്‍ ഭൂമാഫിയ അവിടെയുണ്ടായിരുന്നു. കോര്‍പ്പറേഷന്റെ ഓഫീസ്‌ മുറികളില്‍ സി.പി.എം കൗണ്‍സിലര്‍മാര്‍ക്ക്‌ ഒപ്പമിരുന്ന്‌ ഭൂമാഫിയ പ്രതിനിധികള്‍ വിശ്വാസ്യത സൃഷ്ടിക്കുകയും ചെയ്തു.
 
കൗണ്‍സിലര്‍മാരും ഭൂമാഫിയയും ചേര്‍ന്ന്‌ നിമിഷങ്ങള്‍ക്കകം പണം അനുവദിച്ചതിന്റെ രേഖ നല്‍കി. കോര്‍പ്പറേഷനില്‍ നിന്ന്‌ അയച്ചത്‌ എന്നപോലെ കിട്ടിയ കത്തുമായി വിശദാംശങ്ങള്‍ അറിയാന്‍ ഗുണഭോക്താക്കള്‍ സമീപിച്ചപ്പോഴാണ്‌ കൗണ്‍സിലര്‍മാര്‍ വിവരം അറിയുന്നത്‌. സി.പി.എമ്മുകാരുടെ ഒത്താശയോടെയുള്ള ഭൂമിക്കച്ചവടം ഇപ്പോഴും പൊടിപൊടിക്കുകയാണ്‌. സി.പി.എം നേതാക്കളുടെ പോക്കറ്റുകളിലേക്ക്‌ ഇതുവഴി കോടികളാണ്‌ വന്നുചേരുന്നത്‌.
 
പൊതുസ്ഥലം കയ്യേറുന്നവര്‍ക്ക്‌ എല്ലാ ഒത്താശയും ചെയ്തു കൊടുത്താണ്‌ മറ്റൊരു അഴിമതി അരങ്ങേറുന്നത്‌. നഗരത്തില്‍ വെള്ളക്കെട്ട്‌ പ്രശ്നം രൂക്ഷമായപ്പോള്‍ യു.ഡി.എഫ്‌ ഭരണത്തില്‍ തോടുകളുടേയും മറ്റും സര്‍വ്വെ നടത്തി കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടികള്‍ തുടങ്ങിയിരുന്നു. സര്‍വ്വെയിലൂടെ പ്രധാന കയ്യേറ്റങ്ങള്‍ കണ്ടെത്തുകയും ചെയ്തു. യു.ഡി.എഫ്‌. ഭരണത്തിന്റെ അവസാനത്തെ രണ്ട്‌ വര്‍ഷം പല സ്ഥലത്തേയും കയ്യേറ്റങ്ങള്‍ ഒഴിവാക്കി ചിലയിടങ്ങളിലെങ്കിലും വെള്ളക്കെട്ട്‌ പ്രശ്നം വലിയൊരു പരിധി വരെ കുറയ്ക്കാന്‍ സഹായകമാവുകയും ചെയ്തു. എന്നാല്‍ ഇടതു ഭരണം വന്നപ്പോള്‍ ആ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചുപോയി. കയ്യേറ്റം നടത്തിയവരെ ഭീഷണിപ്പെടുത്തി പ്രാദേശിക സി.പി.എം നേതാക്കള്‍ പിരിവ്‌ നടത്തുകയാണെന്ന്‌ പരാതിയുണ്ട്‌.
 
പ്രാദേശിക നേതാക്കള്‍ക്ക്‌ എല്ലാ സഹായവും ചെയ്യുന്ന വിധത്തിലാണ്‌ കോര്‍പ്പറേഷന്‍ ഭരണ നേതൃത്വത്തിന്റെ നടപടികള്‍. ഇതുകാരണം വെള്ളക്കെട്ട്‌ കൂടുതല്‍ രൂക്ഷമായി. പുതിയതായി നിരവധി സ്ഥലങ്ങളിലാണ്‌ കയ്യേറ്റം നടന്നിരിക്കുന്നത്‌. നേരത്തെ ഒല്ലൂക്കര പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്ന മണ്ണുത്തി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളക്കെട്ട്‌ രൂക്ഷമാണ്‌. മണ്ണുത്തിയിലെ അലയന്‍സ്‌ സ്ട്രീറ്റില്‍ കയ്യേറ്റം തടയുന്നതിന്‌ ഉണ്ടായിരുന്ന സ്റ്റേ ഉത്തരവ്‌ നീക്കിയിട്ടും നടപടിയെടുക്കാന്‍ കോര്‍പ്പറേഷന്‍ ഭരണക്കാര്‍ തയ്യാറാവുന്നില്ല. നിയമ തടസ്സം നീങ്ങിയപ്പോള്‍ എസ്റ്റിമേറ്റ്‌ തയ്യാറാക്കി കൗണ്‍സില്‍ പാസ്സാക്കണമെന്നും ടെണ്ടര്‍ നടപടി വേണമെന്നും പറഞ്ഞ്‌ കയ്യേറ്റം ഒഴിപ്പിക്കുന്നത്‌ നീട്ടിക്കൊണ്ടു പോവുകയാണ്‌. എന്നാല്‍, ആറ്‌ മാസമായിട്ടും യാതൊരു നടപടിയും കോര്‍പ്പറേഷന്‍ സ്വീകരിക്കാത്തത്‌ അന്വേഷിച്ചപ്പോഴാണ്‌ നാട്ടുകാര്‍ അഴിമതിയുടെ കഥകള്‍ അറിയുന്നത്‌.
(തുടരും)


 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls