നഗരക്കൊയ്ത്ത്‌-9
Imageവി.എല്‍. വര്‍ഗ്ഗീസ്‌
തൃശൂരില്‍ അഴിമതിയുടെ പൊടിപൂരം; കടമുറി ലൈസന്‍സ്‌ കിട്ടാന്‍ സി.പി.എം നേതാവ്‌ കനിയണം
നികുതിയേതര വരുമാനം വര്‍ദ്ധിപ്പിച്ച്‌ നഗരവാസികളില്‍ നിന്ന്‌ ഏറ്റവും കുറഞ്ഞ നികുതി മാത്രം പിരിച്ചെടുക്കുന്നതിലായിരുന്നു
 

തൃശൂര്‍ നഗരസഭയിലെ മുന്‍ ഭരണകര്‍ത്താക്കള്‍ ശ്രദ്ധിച്ചിരുന്നത്‌ തൃശൂര്‍ നഗരം ദീര്‍ഘകാലം കോണ്‍ഗ്രസ്‌ ഭരണത്തിലായിരുന്നു. കോര്‍പ്പറേഷനായി ഉയര്‍ത്തപ്പെട്ടതിനുശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യു.ഡി.എഫിനായിരുന്നു ഭരണം. സി.പി.എമ്മിന്‌ ആദ്യമായി അധികാരം കിട്ടിയത്‌ 2005 ലെ തെരഞ്ഞെടുപ്പിലാണ്‌. കോണ്‍ഗ്രസ്സ്‌ ഭരണത്തില്‍ നിരവധി ഷോപ്പിങ്‌ കോംപ്ലക്സുകള്‍ നഗരത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്‌. ഇവയിലൂടെയുള്ള ലൈസന്‍സ്‌ ഫീസ്‌ വരുമാനം ധാരാളമുള്ളതുകൊണ്ട്‌ കുറേക്കാലം നഗരത്തില്‍ യാതൊരുവിധത്തിലുള്ള നികുതി വര്‍ദ്ധനയും നടപ്പാക്കിയിരുന്നില്ല. എന്നാല്‍ നാലരവര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ അത്തരത്തില്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ യാതൊരു നടപടികളും ഉണ്ടായില്ല. മുന്‍കാലങ്ങളിലെ വരുമാനസ്രോതസ്സുകള്‍ മാത്രം ആശ്രയിച്ചാണ്‌ ഇടതുഭരണം മുന്നോട്ട്‌ പോകുന്നത്‌.

 

കടമുറികളുടെ ലൈസന്‍സ്‌ മാറ്റം നഗരസഭ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ ലൈസന്‍സ്‌ മാറ്റം നിര്‍ത്തിവെച്ച ഭരണത്തിന്റെ ആദ്യത്തെ രണ്ടരവര്‍ഷക്കാലം ലൈസന്‍സ്‌ മാറ്റിക്കൊടുത്തിരുന്നില്ല.
ലൈസന്‍സികള്‍ മരണമടഞ്ഞ കേസുകളിലും മറ്റും അത്‌ മാറ്റി നല്‍കാന്‍ കഴിയാതെ വ്യാപാരികള്‍ ഏറെ ബുദ്ധിമുട്ടി. ലൈസന്‍സ്‌ മാറ്റത്തിനായി വ്യാപാരികള്‍ പിന്‍വാതിലിലൂടെ സി.പി.എം നേതാക്കളെ കാണാന്‍ തുടങ്ങി. പിന്നീട്‌ കോര്‍പ്പറേഷന്‍ ഓഫീസ്‌ ലൈസന്‍സ്‌ കൈമാറ്റത്തിന്റെ ലേലകേന്ദ്രമായി മാറി.
പതിനായിരം രൂപ മുതല്‍ അറുപതിനായിരം രൂപ വരെ വാങ്ങിയാണ്‌ ലൈസന്‍സുകള്‍ മാറ്റിക്കൊടുത്തിരുന്നത്‌.

 

പാര്‍ട്ടിയില്‍ പ്രമുഖനായ ഒരു കൗണ്‍സിലറുടെ നേതൃത്വത്തിലാണ്‌ ഈ അവിഹിത ഇടപാടുകള്‍ നടന്നിരുന്നത്‌. യു.ഡി.എഫിന്റെ കാലത്ത്‌ ഉദ്ഘാടനം ചെയ്ത നടുവിലാലിലെ ഷോപ്പിംഗ്‌ കോംപ്ലക്സ്‌ ഇടതുഭരണം വന്ന്‌ നാലരവര്‍ഷമായിട്ടും വാടകയ്ക്ക്‌ നല്‍കാന്‍ തയ്യാറാകാത്തതിന്‌ പിന്നിലും അഴിമതിയുടെ നാറ്റക്കഥകളുണ്ട്‌. ചതുരശ്ര അടിക്ക്‌ 42ര രൂപയ്ക്ക്‌ നല്‍കാന്‍ കൗണ്‍സില്‍ തീരുമാനമെടുത്ത കെട്ടിടം 21 രൂപയ്ക്ക്‌ നല്‍കാമെന്നാണ്‌ ഇപ്പോള്‍ കോര്‍പ്പറേഷന്റെ ഓഫര്‍. ഒരുവര്‍ഷം മുമ്പ്‌ 25 രൂപയ്ക്ക്‌ മുറി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന്‌ വ്യാപാരികള്‍ സമ്മതിച്ച സ്ഥാനത്താണ്‌ ഈ തീരുമാനം.

 

നടുവിലാല്‍ ജംഗ്ഷന്‍ വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക്‌ നല്‍കുന്ന മുറികള്‍ക്കാണ്‌ ഇത്രയും കുറഞ്ഞ നിരക്ക്‌. അതേസമയം ഈ മുറികള്‍ക്കായി ടെണ്ടര്‍ വിളിച്ചപ്പോള്‍ ചതുരശ്ര അടിക്ക്‌ 110 രൂപയ്ക്ക്‌ വരെ മുറികള്‍ വാടകയ്ക്ക്‌ എടുക്കാന്‍ ഓഫര്‍ ലഭിച്ചിട്ടുണ്ട്‌.
നഗരമധ്യത്തിലുള്ള നടുവിലാല്‍ ഷോപ്പിംഗ്‌ കോംപ്ലക്സില്‍ 21 രൂപയ്ക്ക്‌ കടമുറി നല്‍കുമ്പോള്‍ രണ്ട്‌ കി.മീറ്റര്‍ അകലെയുള്ള കിഴക്കേകോട്ട ഷോപ്പിംഗ്‌ കോംപ്ലക്സില്‍ ചതുരശ്രഅടിക്ക്‌ 25 രൂപ നിരക്കിലാണ്‌ നല്‍കിയിരിക്കുന്നത്‌. നഗരമധ്യത്തില്‍ നിന്ന്‌ ആറു കിലോമീറ്റര്‍ ദൂരത്തിലുള്ള മണ്ണൂത്തിയില്‍ 18 രൂപ നിരക്കിലാണ്‌ മുറി അനുവദിച്ചിരിക്കുന്നത്‌.

 

ആഴ്ചകള്‍ക്കുള്ളില്‍ പലതവണ 'നന്നാക്കിയ' നഗര റോഡ്‌
സര്‍ക്കാരില്‍ നിന്ന്‌ ലഭിക്കുന്ന മെയിന്റനന്‍സ്‌ ഗ്രാന്റ്‌ ചെലവഴിക്കുന്നതിലാണ്‌ മറ്റൊരു അഴിമതി. ഇതുസംബന്ധിച്ച പ്രവൃത്തികള്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതുവരേക്ക്‌ മാറ്റിവച്ചാണ്‌ തിരിമറി നടത്തുന്നത്‌. ഫെബ്രുവരി പകുതിയാകുമ്പോഴാണ്‌ ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ തുടങ്ങുന്നത്‌. ഭരണക്കാരും കരാറുകാരും ഒത്തുകളിച്ച്‌ കരാറുകാര്‍ ടെണ്ടര്‍ നടപടികളില്‍ നിന്ന്‌ മാറിനില്‍ക്കും. പ്രവൃത്തി ഏറ്റെടുക്കാന്‍ ആരും തയ്യാറായി വരുന്നില്ലെന്ന്‌ പറഞ്ഞ്‌ ഏതെങ്കിലുമൊക്കെ കരാറുകാര്‍ക്ക്‌ നല്ലൊരു തുകയ്ക്ക്‌ നെഗോഷിയേഷന്‍ നടത്തി പ്രവൃത്തികള്‍ ഏല്‍പ്പിച്ചു കൊടുക്കും.

 

മാര്‍ച്ച്‌ 31 നകം പ്രവൃത്തി നടത്തിയില്ലെങ്കില്‍ ഗ്രാന്റായി ലഭിക്കുന്ന തുക ലാപ്സായി പോകുമെന്ന ന്യായം പറഞ്ഞാണ്‌ ഇങ്ങിനെ ചെയ്യുന്നത്‌. ടെണ്ടര്‍ നടപടികള്‍ നേരത്തെ ആരംഭിച്ചുകൂടെയെന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ അധികാരികളില്‍നിന്ന്‌ വ്യക്തമായ മറുപടി ഉണ്ടാകില്ല. 2009-10 സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തിലും ഇത്തരം ചില നീക്കങ്ങള്‍ ഉണ്ടായി. അവസാനകാലത്ത്‌ അടിയന്തരമെന്ന പേരില്‍ വിളിച്ച്‌ ചേര്‍ത്ത കൗണ്‍സില്‍ യോഗത്തിലാണ്‌ വന്‍വെട്ടിപ്പിന്‌ ഇടയാക്കുന്ന വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തി കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനയ്ക്ക്‌ വന്നത്‌. ഇഷ്ടമുള്ള കരാറുകാരന്‌ അവര്‍ ആവശ്യപ്പെടുന്ന തുകയ്ക്ക്‌ കരാര്‍ നല്‍കാനുള്ള നീക്കം പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടല്‍ കാരണം നടക്കാതെ പോയി.

 

റോഡ്‌ പണിയുടെ പേരില്‍ പല വെട്ടിപ്പുകളും നടക്കുന്നുണ്ടെങ്കിലും ചെയ്യാത്ത പണിയുടെ പേരില്‍ തുക അനുവദിച്ച നടപടിയും ഉണ്ടായി. സ്വരാജ്‌ റൗണ്ട്‌ ഉള്‍പ്പെടെയുള്ള നഗരത്തിലെ പല റോഡുകളും എ.ഡി.ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി റീടാറിംഗ്‌ ചെയ്യാനിരിക്കെ കൗണ്‍സിലിന്റെ മുന്‍കൂര്‍ അനുമതി പ്രതീക്ഷിച്ച്‌ അറ്റകുറ്റപ്പണി നടത്താന്‍ മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കിയതാണ്‌ വലിയ പ്രതിഷേധത്തിന്‌ ഇടയാക്കിയത്‌. എ.ഡി.ബി പദ്ധതിയില്‍ റീടാറിംഗ്‌ നടത്തുന്ന പ്രധാന റോഡുകളില്‍ അതിന്‌ ഏതാനും ആഴ്ചകള്‍ക്കുമുമ്പ്‌ അറ്റകുറ്റപ്പണി നടത്താന്‍ ലക്ഷങ്ങള്‍ മുടക്കിയത്‌ കൗണ്‍സിലിന്‌ പുറത്തും വന്‍ പ്രതിഷേധത്തിന്‌ ഇടയാക്കി.വിഷയം കൗണ്‍സിലിന്റെ പരിഗണനയ്ക്ക്‌ വരുന്നതിനു മുമ്പ്‌ പണി നടത്താന്‍ അനുമതി കൊടുത്തതും ഇടപാടിലെ സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചു.

 

ലാലൂരില്‍ കോടതിയെ ധിക്കരിച്ചു വളരുന്ന മാലിന്യമല
തൃശൂര്‍ നഗരത്തിലെ മാലിന്യം പതിറ്റാണ്ടുകളായി ലാലൂരിലാണ്‌ നിക്ഷേപിക്കുന്നത്‌. യു.ഡി.എഫ്‌ കോര്‍പ്പറേഷന്‍ ഭരിക്കുമ്പോള്‍ ശാസ്ത്രീയമായ രീതിയില്‍ മാലിന്യം സംസ്ക്കരിക്കണമെന്ന്‌ ആവശ്യമുയര്‍ന്നു. ഈ ആവശ്യമുന്നയിച്ച്‌ ലാലൂര്‍ മലിനീകരണ വിരുദ്ധസമിതി സമരം നടത്തുകയും ചെയ്തു. എട്ട്‌ വര്‍ഷം മുമ്പ്‌ നടന്ന സമരത്തെ തുടര്‍ന്ന്‌ പ്രശ്നം പഠിക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനും പ്രമുഖശാസ്ത്രജ്ഞരടങ്ങിയ വിദഗ്ദ്ധസമിതിയെ നിയോഗിച്ചു.

 

സമിതിയുടെ ശിപാര്‍ശ പ്രകാരം ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മൂന്ന്‌ ഓര്‍ഗേവര്‍ യന്ത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. മൂന്നുവര്‍ഷം ലാലൂര്‍ ട്രഞ്ചിംഗ്‌ ഗ്രൗണ്ടില്‍ ശാസ്ത്രീയമായ മാലിന്യ സംസ്ക്കരണം നടന്നു. ജൈവവും അജൈവവുമായ മാലിന്യങ്ങള്‍ വേര്‍തിരിക്കുകയും ജൈവമാലിന്യങ്ങള്‍ വളമാക്കി മാറ്റുകയും ചെയ്യുന്ന സംസ്ക്കരണ രീതിയാണ്‌ യു.ഡി.എഫ്‌ കോര്‍പ്പറേഷന്‍ ഭരിച്ചിരുന്നപ്പോള്‍ ലാലൂരില്‍ നടപ്പാക്കിയത്‌. ജൈവമാലിന്യം സംസ്ക്കരിച്ച്‌ ഉണ്ടാക്കുന്ന വളം വിറ്റ്‌ കോര്‍പ്പറേഷന്‍ ഒരു വരുമാനമാര്‍ഗ്ഗം കണ്ടെത്തുകയും ചെയ്തു. മാലിന്യ സംസ്ക്കരണ പ്രശ്നം വിഷയമാക്കിയിരുന്ന സി.പി.എം നേതൃത്വത്തിന്‌ യു.ഡി.എഫ്‌ ഭരണത്തില്‍ കുറ്റമറ്റ രീതിയില്‍ മാലിന്യ സംസ്ക്കരണം നടത്തി പ്രശ്നം പരിഹരിച്ചത്‌ സഹിക്കാന്‍ കഴിയുമായിരുന്നില്ല.

 

വിദഗ്ദ്ധ സമിതിയില്‍ ഉള്‍പ്പെട്ടിരുന്ന ശാസ്ത്രജ്ഞരില്‍ പലരും സി.പി.എം അനുഭാവികളായിരുന്നിട്ടും പാര്‍ട്ടി പദ്ധതിയോട്‌ മുഖം തിരിഞ്ഞുനിന്നു.
2005ലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലൂടെ സി.പി.എം കോര്‍പ്പറേഷനില്‍ അധികാരത്തില്‍ വന്നു. ആര്‍.ബിന്ദു മേയറായാണ്‌ നാലര വര്‍ഷമായി ഭരണം നടക്കുന്നത്‌. യു.ഡി.എഫ്‌ ഭരണത്തില്‍ ആവിഷ്ക്കരിച്ച്‌ നടപ്പാക്കി എന്നതുകൊണ്ട്‌ മാത്രം മാലിന്യ സംസ്ക്കരണം ഇടതുഭരണക്കാര്‍ വേണ്ടെന്നുവച്ചു. അതിന്റെ ഫലമാണ്‌ ലാലൂരില്‍ ഇന്ന്‌ കാണുന്ന മാലിന്യമല.

 

ലാലൂരില്‍ എത്തുന്ന മാലിന്യം സംസ്കരിക്കാന്‍ കോര്‍പ്പറേഷന്‍ ഇപ്പോള്‍ പ്രതിമാസം 3,58,000 രൂപ ചെലവഴിക്കുന്നുണ്ട്‌. ഒരു ഘട്ടത്തില്‍ നാല്‌ ലക്ഷത്തിലധികം രൂപയും ചെലവഴിച്ചിരുന്നു. ഓര്‍ഗേവര്‍ യന്ത്രം ഉപയോഗിച്ചുള്ള ശാസ്ത്രീയ രീതിയിലുള്ള സംസ്ക്കരണത്തിന്‌ പുറമേ മാലിന്യത്തിന്‌ മുകളില്‍ ചുവന്ന മണ്ണിട്ട്‌ മൂടണമെന്നും വ്യവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ കരാറുകാരന്‍ വ്യവസ്ഥകളൊന്നും പാലിക്കുന്നില്ല. നാമമാത്രമായ തുകപോലും ചെലവഴിക്കാതെ ലക്ഷങ്ങള്‍ കൈപ്പറ്റുന്ന കരാറുകാരനും സി.പി.എം നേതൃത്വവും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ്‌ ഇതിലൂടെ പുറത്ത്‌ വരുന്നത്‌. ഇതു സംബന്ധിച്ച്‌ വിജിലന്‍സ്‌ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം ഒരുഘട്ടത്തില്‍ കോര്‍പ്പറേഷന്‍ ഭരണക്കാര്‍ക്ക്‌ അംഗീകരിക്കേണ്ടിവന്നു.

 

കൗണ്‍സില്‍ യോഗം ആറുമാസം മുമ്പ്‌ ഇതുസംബന്ധിച്ച്‌ പ്രമേയം ഐകകണ്ഠ്യേന പാസ്സാക്കിയിരുന്നു. എന്നാല്‍ അന്വേഷണം ഉറപ്പ്‌ വരുത്താനുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല. ഒരുഘട്ടത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി ബേബി ജോണ്‍ കരാറുകാരന്റെ നടപടിയെക്കുറിച്ച്‌ അന്വേഷണം വേണ്ടതാണെന്ന്‌ പറയുകയുണ്ടായി.ലാലൂരിലെ മാലിന്യമല കഴിഞ്ഞ കാലവര്‍ഷത്തില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. കിണറുകളിലേക്ക്‌ മലിനജലം ഒഴുകിയതിനു പുറമേ അസഹനീയമായ ദുര്‍ഗന്ധവും ജനജീവിതം ദുസ്സഹമാക്കി. പ്രശ്നത്തില്‍ നാട്ടുകാര്‍ ഒമ്പത്‌ മാസത്തിലധികമായി പ്രക്ഷോഭത്തിലാണ്‌. ലാലൂരില്‍ നിന്ന്‌ മാലിന്യമല നീക്കണമെന്ന്‌ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും കോര്‍പ്പറേഷന്‍ അനങ്ങാപ്പാറ നയം തുടരുകയാണ്‌.

 

മാലിന്യം സംസ്ക്കരിക്കുന്ന യന്ത്രം യഥാസമയം റിപ്പയര്‍ ചെയ്യാന്‍ ഭരണക്കാര്‍ തയ്യാറാകുന്നില്ല. വര്‍ഷങ്ങളായി മൂന്ന്‌ യന്ത്രങ്ങളും പ്രവര്‍ത്തനരഹിതമാണ്‌. കോര്‍പ്പറേഷനുകളില്‍ നടപ്പാക്കുന്ന എ.ഡി.ബി പദ്ധതിയുടെ ഭാഗമായി ലാലൂരില്‍ എന്‍ജിനീയറിംഗ്‌ ലാന്‍ഡ്‌ ഫില്ലിംഗ്‌ പദ്ധതി നടപ്പാക്കുമെന്നാണ്‌ കോര്‍പ്പറേഷന്‍ ഭരണക്കാരുടെ വാദം. ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനും അവര്‍ക്ക്‌ കഴിയുന്നില്ല. പുതിയ പദ്ധതി വരുന്നത്‌ വരെയെങ്കിലും പഴയ പദ്ധതിയനുസരിച്ച്‌ മാലിന്യ സംസ്ക്കരണം നടത്താനും തയ്യാറാകുന്നില്ല. യു.ഡി.എഫിന്റെ പദ്ധതി ഫലപ്രദമല്ലെന്ന്‌ വരുത്താന്‍ ഒരു പ്രദേശത്തെ ജനതയോട്‌ കൊടുംപാതകമാണ്‌ ഭരണക്കാര്‍ ചെയ്യുന്നത്‌. അതോടൊപ്പം സ്വകാര്യ കരാറുകാരന്‌ നാലര വര്‍ഷം കൊണ്ട്‌ രണ്ട്‌ കോടിയോളം രൂപ കൊടുത്തതുകൊണ്ട്‌ ഒരു പ്രയോജനവും ഉണ്ടാകില്ല. സി.പി.എം നടത്തുന്ന വന്‍ അഴിമതിയുടെ ചിത്രമാണ്‌ ഇതിലൂടെ തെളിയുന്നത്‌.

 

കുടിവെള്ളത്തിലെ കള്ളക്കളി സര്‍ക്കാര്‍ കണ്ടു
മാലിന്യ സംസ്ക്കരണ പദ്ധതിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയവര്‍ കുടിവെള്ളത്തിന്റെ പേരിലും വന്‍ അഴിമതിയാണ്‌ നടത്തിയിരിക്കുന്നത്‌. ഒരുവര്‍ഷം ടാങ്കര്‍ ലോറി വഴി കുടിവെള്ളം വിതരണം ചെയ്യുന്നതിന്‌ രണ്ട്‌ കോടി 20 ലക്ഷം രൂപയാണ്‌ ചെലവാക്കിയത്‌. തൃശൂര്‍ നഗരഭരണത്തിലെ അതിഭീകരമായ അഴിമതിയുടെ പശ്ചാത്തലത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന്‌ തന്നെ ടാങ്കര്‍ ലോറിയിലൂടെയുള്ള കുടിവെള്ള വിതരണം നിയന്ത്രിക്കാന്‍ പ്രത്യേക ഉത്തരവ്‌ ഇറക്കേണ്ടിവന്നു. വിജിലന്‍സ്‌ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. യു.ഡി.എഫ്‌ ഭരണത്തില്‍ ശുദ്ധജലം വിതരണം ചെയ്യാന്‍ 45 ലക്ഷം രൂപ ചെലവ്‌ വന്നത്‌ ആക്ഷേപത്തിന്‌ ഇടയാക്കിയിരുന്നു. അന്നത്തെ ഭരണനേതൃത്വം പ്രത്യേക സമിതിയെ നിയോഗിച്ച്‌ അന്വേഷണം നടത്തുകയും ചെയ്തു.

 

അന്ന്‌ പ്രതിപക്ഷത്തായിരുന്ന സി.പിഎമ്മിന്റെ ചില അംഗങ്ങളുടെ ഡിവിഷനുകളിലാണ്‌ ടാങ്കര്‍ ലോറികളില്‍ കൂടുതല്‍ വെള്ളം വിതരണം ചെയ്തതെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കാര്യം ആ കാലയളവില്‍ തന്നെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ വിട്ടിരുന്നു. ഭരണം മാറി ഇടതുമുന്നണി സംസ്ഥാന ഭരണത്തില്‍ വന്നപ്പോള്‍ വിജിലന്‍സ്‌ അന്വേഷണ നടപടികള്‍ മരവിപ്പിലായി.
തൃശൂര്‍ ജില്ലയിലെ ശേഷിക്കുന്ന പ്രദേശങ്ങളിലാകെ കുടിവെള്ള വിതരണത്തിന്‌ ജില്ലാ ഭരണകൂടം ചെലവഴിച്ചത്‌ 68 ലക്ഷം രൂപയാണ്‌. അതേ സമയം തൃശൂര്‍ നഗരത്തില്‍മാത്രം അതിന്റെ നാലിരട്ടിയിലധികം രൂപ ചെലവഴിച്ച കണക്ക്‌ അവിശ്വസനീയമായതുകൊണ്ടാകാം കോര്‍പ്പറേഷനെ നിയന്ത്രിക്കാന്‍ ഇടതുമുന്നണിയുടെ സംസ്ഥാന ഗവണ്‍മെന്റിന്‌ തന്നെ പ്രത്യേക ഉത്തരവ്‌ ഇറക്കേണ്ടിവന്നത്‌.
(തുടരും)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls