നഗരക്കൊയ്ത്ത്‌-8
Imageതുറന്ന നാള്‍ തന്നെ തകര്‍ന്ന ജലകേളീ കേന്ദ്രം
എസ്‌. സുധീശന്‍ 
തന്നതും നീയേ, കൊന്നതും നീയേ എന്നുപറയാവുന്ന സ്ഥിതിയിലാണ്‌ കൊല്ലത്തെ ജലകേളീകേന്ദ്രം.ശിലനാട്ടിയത്‌ മന്ത്രി കോടിയേരി. നാടമുറിച്ച്‌ ഉദ്ഘാടനം നിര്‍വ്വഹിച്ചതും അദ്ദേഹംതന്നെ.
കാല്‍ക്കോടി മുടിച്ച്‌ നിര്‍മ്മിച്ച കേളീഗൃഹത്തിന്റെ സ്ഥിതി എന്താണെന്ന്‌ പിന്നെ അദ്ദേഹം അന്വേഷിച്ചോ ആവോ!കടല്‍കാണാന്‍ വരുന്നവര്‍ക്ക്‌ അല്‍പ്പം കായല്‍സവാരി കൂടി നല്‍കി, ഉല്ലാസം പകരാനാണ്‌ ജലകേളീകേന്ദ്രം നിര്‍മ്മിച്ചത്‌. വിദേശികളും സ്വദേശികളുമായ സഞ്ചാരികളെ ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. മഹാത്മാഗാന്ധി പാര്‍ക്കിനുസമീപം കൊല്ലംതോടിലായിരുന്നു കേളീഗൃഹം. തോട്‌ ഡ്രഡ്ജ്‌ ചെയ്ത്‌ ആഴംകൂട്ടി കുളിക്കാനും കളിക്കാനുമുളള സൗകര്യങ്ങള്‍ ഉണ്ടാക്കി.
 
കാറ്റുകൊള്ളാന്‍ പുല്‍ത്തകിടിയും ഒരുക്കി. വെള്ളത്തില്‍ ചീറിപ്പായാന്‍ മോട്ടോര്‍ ബോട്ടുകളും ഉലാത്താന്‍ തുഴച്ചില്‍ബോട്ടുകളും സജ്ജമാക്കി. വിനോദ സഞ്ചാരവകുപ്പിനുവേണ്ടി ഉള്‍നാടന്‍ ജലഗതാഗതവകുപ്പാണ്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌. 25 ലക്ഷം രൂപയാണ്‌ ചെലവഴിച്ചത്‌. ശിലാസ്ഥാപനച്ചടങ്ങും ഉദ്ഘാടനച്ചടങ്ങും ഉത്സവമാക്കി. എന്നാല്‍ ഒറ്റദിവസംപോലും ഈ ജലകേളീകേന്ദ്രം പ്രവര്‍ത്തിച്ചില്ല. ഉദ്ഘാടനം കഴിഞ്ഞുവന്ന മഴയില്‍ കേളീകേന്ദ്രത്തിന്റെ ഭിത്തികള്‍ തകര്‍ന്ന്‌ പുല്‍ത്തകിടി ഒലിച്ചുപോയി. സവാരിക്കുവാങ്ങിയ ബോട്ടുകള്‍ നീറ്റിലിറക്കിയപ്പോള്‍ അതിലും പുകില്‌. മണ്ണിലുറച്ച്‌ നീങ്ങാന്‍ കഴിയാതെ നില്‍ക്കുന്നു. ഡ്രഡ്ജ്‌ ചെയ്തിടത്ത്‌ വീണ്ടും മണ്ണ്‌ വന്ന്‌ അടിഞ്ഞത്രെ.
 
തോട്ടിലെ വെള്ളം കെട്ടിനിന്ന്‌ ദുര്‍ഗന്ധംകൂടി ആയതോടെ കായല്‍ സവാരി എന്ന സ്വപ്നം അസ്തമിച്ചു. കാല്‍ക്കോടി പോയിക്കിട്ടിയതുമാത്രം മിച്ചം.
മഹാത്മാഗാന്ധിപാര്‍ക്ക്‌ കോര്‍പ്പറേഷന്‍ കറവപ്പശുവാക്കിയിരിക്കുകയാണ്‌. കോര്‍പ്പറേഷന്‍സാരഥികള്‍ അധികാരത്തില്‍ വന്ന ഉടനെ നഗരം ക്ലീനാക്കല്‍പരിപാടിയില്‍പ്പെടുത്തി ബീച്ച്‌ മോടിപിടിപ്പിച്ചു. ആറുലക്ഷം രൂപയാണ്‌ ഇതിന്‌ ചെലവഴിച്ചത്‌.സുനാമിദുരന്തം അധികാരികള്‍ക്ക്‌ ചാകരയായി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക്‌ കോടികള്‍ ലഭിച്ചു. ചെലവഴിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായപ്പോള്‍ പാര്‍ക്ക്‌ വീണ്ടും നവീകരിക്കാന്‍ അന്നത്തെ മേയര്‍ തീരുമാനിച്ചു.
 
തുറമുഖവകുപ്പിനെ നിര്‍മ്മാണജോലികളുടെ മേല്‍നോട്ടം ഏല്‍പ്പിച്ച്‌ നേരത്തേ നടത്തിയ നവീകരണപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഇടിച്ചുനിരത്തി. പുതിയവ കെട്ടിപ്പടുത്തു. നേരത്തേ ഉപയോഗിച്ച പാറയും ചല്ലിയും വീണ്ടും ഉപയോഗിക്കുകയായിരുന്നുവെന്നും ആറ്റുമണ്ണിനുപകരം കടല്‍മണ്ണാണ്‌ ഉപയോഗിക്കുന്നതെന്നും ആക്ഷേപമുണ്ടായി. വരുന്ന നാലാംതീയതി നവീകരിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം നിശ്ചയിച്ചിട്ടുണ്ട്‌. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുംമുമ്പ്‌ ഉദ്ഘാടനം ചെയ്യാന്‍വേണ്ടി പെരുമഴയത്തും പണിനടത്തുകയായിരുന്നു.
 
പാര്‍ക്ക്‌ നവീകരണജോലികളിലെ അഴിമതി വിജിലന്‍സിനെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന്‌ മുന്‍കൗണ്‍സിലര്‍മാരായ ജോസഫ്കുരുവിളയും എസ്‌. സുരേഷ്ബാബുവും ആവശ്യപ്പെട്ടിരിക്കുകയാണ്‌.
(തുടരും)
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls