നഗരക്കൊയ്ത്ത്‌-7

Imageകൊല്ലത്തും കൊയ്തുശതകോടികള്‍ 

എസ്‌. സുധീശന്‍

കമ്മ്യൂണിസ്റ്റ്‌ രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ അന്ത്യനിദ്ര പോളയത്തോട്‌ ശ്മശാനത്തിലാണ്‌.

 

കോണ്‍ഗ്രസ്‌ നേതാക്കളായിരുന്ന തോപ്പില്‍ രവിയുടെയും, സികെ തങ്കപ്പന്റെയും ശവകൂടിരങ്ങള്‍ അതിനടുത്തുണ്ട്‌. ജ്ഞാതരും, അജ്ഞാതരുമായ ഒരായിരം പരേതാത്മാക്കള്‍ ഇവിടെ വൈരങ്ങള്‍ ഒന്നും ഇല്ലാതെ കഴിഞ്ഞുകൂടിപോകുന്നു.

കാടുമൂടി എപ്പോഴും ഒരു ഭീകരത തളംകെട്ടിക്കിടന്ന ശ്മശാനത്തെ നവീകരിക്കണമെന്ന്‌ തോന്നിയത്‌ നഗരപിതാവായിരുന്ന കരുമാലില്‍ സുകുമാരനാണ്‌. വിറക്‌ കൊള്ളിവച്ച്‌ ശവം കരിക്കുന്നതിന്‌ പകരം ആധുനിക രീതിയിലുള്ള ഒരു വൈദ്യുതി ശ്മശാനം അദ്ദേഹം സ്വപ്നം കണ്ടു.
കേന്ദ്രമന്ത്രിയായിരുന്ന എസ്‌ കൃഷ്ണകുമാര്‍, തെന്നല ബാലകൃഷ്ണപിള്ള എന്നിവര്‍ എംപി ഫണ്ടില്‍ നിന്നും 10ലക്ഷം വീതം ഇതിനുവേണ്ടി അനുവദിച്ചതോടെ കരുമാലിയുടെ സ്വപ്നങ്ങള്‍ക്ക്‌ ചിറക്‌ വച്ചു.

 

കോര്‍പ്പറേഷന്റെ തനത്‌ ഫണ്ട്‌ ഉള്‍പ്പെടുത്തി വൈദ്യുതി ശ്മശാന പദ്ധതിയുമായി നഗരസഭ മുന്നോട്ട്‌ പോയി. കെട്ടിട നിര്‍മ്മാണം 'നിര്‍മ്മിതി'യെ ഏല്‍പിച്ചു. മെഷീനറി സ്ഥാപിക്കാന്‍ ടെന്‍ഡര്‍ വിളിച്ചു. ഏഴ്‌ ടെന്‍ഡറുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട്‌ ചെയ്ത്‌ മുംബൈ തര്‍മ്മല്‍ കമ്പനിയായിരുന്നു. 23 ലക്ഷത്തിന്‌ അവര്‍ പണിചെയ്യാമെന്ന്‌ സമ്മതിച്ചു. മദ്രാസ്സിലും, മധുരയിലും വൈദ്യുതി ശ്മശാനങ്ങള്‍ സ്ഥാപിച്ചത്‌ ഈ കമ്പനിയായിരുന്നു. ഇതിനിടയില്‍ നഗരസഭയുടെ ഭരണം മാറി. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ പുതിയ കൗണ്‍സില്‍ വന്നു. പുതിയ ഭരണക്കാര്‍ക്ക്‌ ബംഗാളിനോട്‌ പ്രത്യേക മമത ഉണ്ടെന്നത്‌ രഹസ്യമല്ല. മുംബൈ കമ്പനിയെ തഴഞ്ഞ്‌ കല്‍ക്കത്തയിലെ ട്രൂവോള്‍ട്ട്‌ കമ്പനിയെ ശ്മശാനത്തിന്റെ നിര്‍മ്മാണ ചുമതല ഏല്‍പിച്ചു. 23.50ലക്ഷം രൂപയ്ക്കായിരുന്നു കരാര്‍.

 

ഇതിനിടെ പിശാചിന്റെ രൂപത്തില്‍ ഒരു നിര്‍മ്മാണ പിശക്‌ കൂടി ശ്മശാനത്തെ ബാധിച്ചു. തെക്ക്‌ വടക്ക്‌ നില്‍ക്കേണ്ട ചൂള കിഴക്ക്‌ പടിഞ്ഞാറായിപോയി. ഹിന്ദുക്കള്‍ ശവശരീരം തെക്കോട്ടു വച്ചേ ദഹിപ്പിക്കാറുള്ളു. ചൂളയുടെ ദിശമാറ്റാന്‍ ചര്‍ച്ചകളായി. ഏതാനും ഇരുമ്പു തൂണുകള്‍ കൊണ്ടുവന്നിട്ടിട്ട്‌ കല്‍ക്കട്ട കമ്പനി 16 ലക്ഷം അഡ്വാന്‍സ്‌ വാങ്ങിപ്പോയി. പിന്നെ അവരെക്കുറിച്ച്‌ ഒരനക്കവുമില്ല.
ഇതിനിടെ മറ്റൊന്നുകൂടി സംഭവിച്ചു. നഗരസഭ കോര്‍പ്പറേഷനായി ഉയര്‍ത്തപ്പെട്ടു. സിപിഎമ്മിലെ സബിദാബീഗം പ്രഥമ മേയറായി. കല്‍ക്കട്ട കമ്പനിയെ കണ്ടെത്തുന്നതിനുള്ള പരിശ്രമമാണ്‌ അവര്‍ നടത്തിയത്‌. ഒരു ഇടതുപക്ഷ എംപി കല്‍ക്കട്ടയില്‍ പോയി അന്വേഷിച്ചപ്പോഴാണ്‌ അങ്ങനെയൊരു സ്ഥാപനം ഇല്ലെന്ന്‌ മനസ്സിലായത്‌. ഒരു ലോഡ്ജിന്റെ മുറിയില്‍ ബോര്‍ഡ്‌ വച്ചായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനം. ആ ലോഡ്ജ്‌ തന്നെ പൊളിച്ചുനീക്കപ്പെട്ടിരുന്നു.

 

പിന്നീട്‌ പത്മലോചനന്‍ മേയറായി വന്നപ്പോള്‍ വൈദ്യൂതി ശ്മശാനം എന്ന ലക്ഷ്യമേ ഉപേക്ഷിച്ചു. പകരം ഗ്യാസ്‌ ക്രിമറ്റോറിയം നിര്‍മ്മിക്കാമെന്ന്‌ തീരുമാനിച്ചു.അപ്പോഴാണ്‌ കല്‍ക്കട്ട കമ്പനി വീണ്ടും പൊങ്ങുന്നത്‌. ഗ്യാസ്‌ ക്രിമിറ്റോറിയം തങ്ങള്‍ നിര്‍മ്മിക്കാമെന്ന്‌ ഓഫര്‍ വച്ചു. ഓഫര്‍ സ്വീകരിച്ചില്ല എന്നത്‌ നല്ലകാര്യം. 16 ലക്ഷം വാങ്ങി മുങ്ങിയകക്ഷിയെ കൈയില്‍ കിട്ടിയിട്ട്‌ ചായയും വാങ്ങികൊടുത്തുവിട്ടത്‌ എന്തിന്‌ എന്ന ചോദ്യം അവശേഷിക്കുന്നു. ഗ്യാസ്‌ ക്രിമറ്റോറിയത്തിന്‌ കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ വിളിച്ചു. മുളങ്കാടകം, പോളയത്തോട്‌ ശ്മശാനങ്ങള്‍ എല്‍പിജി ക്രിമറ്റോറിയവും, ഒരു മൊബെയില്‍ ക്രിമറ്റോറിയവും സ്ഥാപിക്കാനുമായിരുന്നു തീരുമാനം.

 

ഏഴ്‌ സ്ഥാപനങ്ങള്‍ ക്വട്ടേഷന്‍ നല്‍കി. ഇതില്‍ അഞ്ച്‌എണ്ണം നിരസിച്ചു. ഇ.എം.ഡി വച്ചില്ല. മുന്‍പരിചയമില്ല എന്നിങ്ങനെ കാരണം പറഞ്ഞായിരുന്നു നിരസിക്കല്‍. പക്ഷേ പണികൊടുത്തത്‌ ഈ നിരസിച്ചവയില്‍പ്പെട്ട ആലുവ ഹൈടെക്‌ എന്‍ജിനീയറിംഗിനായിരുന്നു. യോഗ്യതയുള്ള ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്ന, ഏറ്റവും കുറഞ്ഞറേറ്റ്‌ ക്വാട്ട്‌ ചെയ്തിരുന്ന പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ ഒഴിവാക്കിയാണ്‌ ആലുവായിലെ സ്വകാര്യകമ്പനിക്ക്‌ ടെന്റര്‍ നല്‍കിയത്‌. ദോഷം പറയരുതല്ലോ മുളങ്കാടകം ശ്മശാനത്തില്‍ ഇത്‌ സ്ഥാപിക്കുന്നതിന്‌ കെല്‍ട്രോണെ തന്നെയാണ്‌ ചുമതലപ്പെടുത്തിയത്‌. പക്ഷേ ഇന്നേവരെ അവിടെ കെട്ടിടം പണിഞ്ഞുകൊടുത്തില്ല.അതുകൊണ്ട്‌ കെല്‍ട്രോണ്‍ കരാറില്‍ നിന്ന്‌ പിന്‍വാങ്ങി.

 

ഇത്‌ സംബന്ധിച്ച്‌ ലോക്കല്‍ഫണ്ട്‌ ആഡിറ്റ്‌ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തി റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. ക്വാട്ട്ചെയ്ത നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്ക്‌ അംഗീകരിക്കുകയും ആ നിരക്ക്‌ ഹൈടെക്കിന്‌ നല്‍കുകയും ചെയ്തതുവഴി നഗരസഭയ്ക്ക്‌ 310000 രൂപയുടെ നഷ്ടമുണ്ടായി എന്നാണ്‌ ആഡിറ്റ്‌ വിഭാഗം ചൂണ്ടിക്കാണിച്ചത്‌.നിയമവും, ചട്ടവും ലംഘിച്ചുകൊണ്ട്‌ മേയര്‍ കൈക്കൊണ്ട ഏകപക്ഷീയ തീരുമാനമാണ്‌ ഈ നഷ്ടത്തിന്‌ കാരണം. അതുകൊണ്ട്‌ തന്നെ നഷ്ടത്തിന്‌ ഉത്തരവാദി മേയറാണെന്ന്‌ സംശയലേശമന്യേ ആഡിറ്റ്‌ വിഭാഗം കണ്ടെത്തി.എന്ത്‌ ഫലം. ഈ വിലാപങ്ങള്‍ ആരാകേള്‍ക്കാന്‍? ഒരു ക്രിമറ്റോറിയത്തിന്‌ കൂടി അദ്ദേഹം ഓര്‍ഡര്‍ നല്‍കി. ഇപ്പോള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്‌.

 

ട്രൂവോള്‍ട്ട്‌ കമ്പനിക്ക്‌ 16 ലക്ഷം കൊണ്ടുപോകാമെങ്കില്‍ നാട്ടുകാര്‍ക്ക്‌ കുറച്ചു ഊറ്റിയാലെന്ത്‌? പരേതാന്മാക്കളുടെ പേരിലാകുമ്പോള്‍ ആരു ചോദിക്കാന്‍?
കൊതിമൂത്ത്‌ മാലിന്യത്തിലും കൈയിട്ടുദേശിംഗനാടിന്റെ സൗന്ദര്യം അഷ്ടമുടികായലാണ്‌. എട്ടുമുടികളിലായി പരന്നുകിടക്കുന്ന കായലിലേക്ക്‌ ഉല്ലാസ യാത്രനടത്താന്‍വേണ്ടിമാത്രം സഞ്ചാരികള്‍ എത്തുന്നുണ്ട്‌. കായലിലേക്ക്‌ പതിക്കുന്ന കൊല്ലം തോടും രാജവാഴ്ച കാലത്തേ പേരുകേട്ടതാണ്‌. പഴയ സന്ദേശകാവ്യങ്ങളില്‍ ഒരു പ്രധാനബിംബംതന്നെ ഈ ജലപാതയായിരുന്നു.
കായല്‍ യാത്രികരുടെ ഗേറ്റ്‌വേയെന്ന്‌ പറയാവുന്നത്‌ കൊല്ലം ബോട്ട്‌ ജെട്ടിയാണ്‌. ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഈജെട്ടിക്ക്‌ സമീപമാണ്‌ നഗരത്തിലെ അറവുശാല. മാടുകളെ വെട്ടുമ്പോഴുണ്ടാകുന്ന രക്തവും, മലവും, കുടലും പണ്ടവും ഒക്കെ ഒഴുക്കിവിടുന്നത്‌ അഷ്ടമുടി കായലിലേക്കാണ്‌.

 

നഗരമധ്യത്ത്‌ ഒരു വ്രണംപോലെ നില്‍ക്കുന്ന അറവുശാല മാറ്റണമെന്ന മുറവിളി വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ ഉയര്‍ന്നതാണ്‌. ഈ ദുര്‍ഗന്ധ കേന്ദ്രം സ്ഥിതിചെയ്യുന്ന ലേക്ക്ദര്‍ശന്‍ നഗറിലെ താമസക്കാര്‍ പ്രക്ഷോഭം തുടങ്ങിയപ്പോള്‍ അന്നത്തെ മേയര്‍ പത്മലോചനന്‍ പറഞ്ഞു "അറവുശാല മാറ്റാന്‍ പറ്റില്ല. നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ മാലിന്യ സംസ്ക്കരണ പ്ലാന്റ്‌ സ്ഥാപിച്ചുതരാം ". പത്മലോചനന്‍ വാക്കുപാലിച്ചു. ഒന്നല്ല രണ്ട്‌ ബയോഗ്യാസ്‌ പ്ലാന്റുകള്‍ സ്ഥാപിച്ചു. പോരാത്തതിന്‌ പോളയത്തോട്‌ മാര്‍ക്കറ്റിലും മറ്റൊരെണ്ണം കൂടി ബോണസ്സായി നല്‍കി. ബയോഗ്യാസ്‌ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന്‌ കോര്‍പ്പറേഷന്‍ അധികാരികള്‍ക്ക്‌ ഇത്ര താല്‍പര്യമെന്തേ എന്ന്‌ തോന്നാം. 2009 ജനുവരി 19ന്‌ ലോക്കല്‍ ഫണ്ട്‌ ആഡിറ്റ്‌ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കൊല്ലം കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക്‌ ബയോഗ്യാസ്‌ പ്ലാന്റ്‌ സ്ഥാപിച്ചത്‌ സംബന്ധിച്ച്‌ കൊടുത്ത കത്ത്‌ പരിശോധിച്ചാല്‍ ഭരണക്കാരുടെ സ്ഥാപിത താല്‍പര്യം ബോധ്യമാകും.

 

'ഖരമാലിന്യ സംസ്ക്കരണത്തിന്റെ ഭാഗമായി കൊല്ലം നഗരസഭ അറവുശാലയില്‍ 60 എംഒ ശേഷിയുള്ള രണ്ട്‌ ബയോഗ്യാസ്‌ പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ കരാര്‍ എടുത്ത സ്ഥാപനം 40 എംഒയില്‍ താഴെമാത്രം ശേഷിയുള്ള പ്ലാന്റുകള്‍ നിര്‍മ്മിച്ച്‌ കരാര്‍പ്രകാരം ഉള്ളതുക കൈപ്പറ്റിയതുവഴി നഗരസഭയ്ക്ക്‌ 12,30,000 രൂപയുടെ നഷ്ടമുണ്ടായതായി പരിശോധനയില്‍ കണ്ടെത്തി.' ആഡിറ്റ്‌ വിഭാഗത്തിന്റെ ഈ കണ്ടെത്തല്‍ അവിടെ നില്‍ക്കട്ടെ. അറവുശാലയില്‍ ഉണ്ടാകുന്ന ഖരമാലിന്യം മുഴുവന്‍ സംസ്ക്കരിച്ച്‌ അതില്‍ നിന്ന്‌ ലഭിക്കുന്ന ബയോഗ്യാസ്‌ ഉപയോഗിച്ച്‌ വഴിവിളക്കുകള്‍ കത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം.

 

പ്ലാന്റില്‍ ബയോഗ്യാസ്‌ ഉല്‍പാദിപ്പിക്കുകയോ ഒരു ദിവസം പോലും വഴിവിളക്കുകള്‍ ഇതുപയോഗിച്ച്‌ കത്തിക്കുകയോ ചെയ്തിട്ടില്ല. 2008 നവംബര്‍ ഒന്നിന്‌ നഗരവാസികളും, വിനോദസഞ്ചാരികളും ഒരു കാഴ്ചകണ്ട്‌ ഞെട്ടി. കായലില്‍ ഒരു കിലോമീറ്ററോളം മാലിന്യംപതഞ്ഞ്‌ ഒഴുകുന്നു. ദുര്‍ഗന്ധം ശ്വസിച്ച്‌ നിരവധിപേര്‍ ആശുപത്രിയിലായി. അറവുശാലയിലെ മാലിന്യപ്ലാന്റുകള്‍ പൊട്ടിയൊഴുകിയതായിരുന്നു കാരണം.പിന്നെ ഇന്നുവരെ ബയോഗ്യാസ്‌ പ്ലാന്റുകള്‍ പ്രവര്‍ത്തിച്ചില്ല. ഖരമാലിന്യം അറവുശാലയ്ക്ക്‌ സമീപം വെട്ടിമൂടുകയാണ്‌. സ്ഥലം തികയാതെ വരുമ്പോള്‍ ആദ്യത്തെ കുഴിതോണ്ടി ജീര്‍ണ്ണിച്ച മാംസം പുറത്തെടുക്കും. അപ്പോഴുണ്ടാകുന്ന ദുര്‍ഗന്ധത്തിന്റെ കാഠിന്യം അനുഭവിച്ചറിഞ്ഞവര്‍ക്കേ അറിയു.

 

ലേക്ക്‌ ദര്‍ശന്‍ നഗറിലെ താമസക്കാര്‍ നിത്യവും ഈ ദുരിതത്തിലേക്കാണ്‌ മൂക്ക്‌ തുറക്കുന്നത്‌. പൊതുമേഖലാ സ്ഥാപനമായ അനര്‍ട്ടിനെ ഒഴിവാക്കി ജ്യോതി എന്ന സ്വകാര്യ കമ്പനിയ്ക്കാണ്‌ ബയോഗ്യാസ്‌ പ്ലാന്റ്‌ സ്ഥാപിക്കാന്‍ കരാര്‍ നല്‍കിയത്‌. രണ്ടുവര്‍ഷം ഗ്യാരന്റിയും ഉണ്ടായിരുന്നു. എന്നാല്‍ ഒരു ദിവസംപോലും പ്ലാന്റ്‌ പ്രവര്‍ത്തിച്ചില്ല. പണം മുഴുവന്‍ വാങ്ങിപോവുകയും ചെയ്തു. വ്യാപകമായ ക്രമക്കേട്‌ ഈ ഇടപാടില്‍ ഉണ്ടെന്ന്‌ ആഡിറ്റ്‌ വിഭാഗം ചൂണ്ടിക്കാട്ടി. എന്നിട്ട്‌ എന്തുണ്ടായി? ഒന്നും സംഭവിച്ചില്ല. ബയോഗ്യാസ്‌ പ്ലാന്റ്‌ ഇപ്പോള്‍ മാലിന്യസംഭരണശാലയായി.

 

പോളയത്തോട്‌ ബയോഗ്യാസ്‌ പ്ലാന്റിന്റെ ഗതിയും ഇതുതന്നെ. ഒരു ദിവസം പോലും പ്രവര്‍ത്തിച്ചില്ല. ജ്യോതി പണംവാങ്ങി പോവുകയും ചെയ്തു. വല്ലഭന്‌ പുല്ലും ആയുധം എന്ന്‌ പറയുംപോലെ ഒന്നുമില്ലെങ്കില്‍ മാലിന്യമായാലും മതി. കയ്യിടാന്‍ തയ്യാര്‍.
(തുടരും)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls