നഗരക്കൊയ്ത്ത്‌-5
Imageഒരു നിശ്ചയവുമില്ല മേയര്‍ക്ക്‌
എന്‍.ശ്രീകുമാര്‍
പദ്ധതികളൊന്നുമില്ലാത്തതുകൊണ്ട്‌ കേന്ദ്രഫണ്ട്‌ കിട്ടുന്നില്ലെന്ന്‌ പറയാം. എന്നാല്‍ കൊച്ചി പോലുള്ള മഹാനഗരത്തിനായി സമര്‍പ്പിക്കാന്‍ പദ്ധതികളില്ലെങ്കില്‍ പിന്നെ എന്തിന്‌ ഇത്തരമൊരു നഗരസഭ എന്ന്‌ ആരും ചോദിച്ച്‌ പോകും.
 
ഹൈക്കോടതി പോലും ചോദിച്ചു. പണം ബാങ്കില്‍ കിടപ്പുണ്ട്‌ പക്ഷേ എടുക്കാന്‍ പറ്റില്ലെന്ന അവസ്ഥയാണ്‌.നടന്ന പദ്ധതികള്‍ ഏതെന്ന്‌ എടുത്ത്‌ പരിശോധിച്ചാല്‍ ഒരു കാര്യം ബോധ്യമാകും. ദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ ഭാഗമായി പാവപ്പെട്ടവര്‍ക്ക്‌ വീട്‌ വച്ച്‌ നല്‍കുന്ന പദ്ധതിമാത്രമാണ്‌ ഒരു വിധം നടന്നത്‌. ഇതിന്‌ കാരണം അന്വേഷിച്ച്‌ ബുദ്ധിമുട്ടേണ്ടതില്ല. തങ്ങളുടെ ഡിവിഷനുകളില്‍ ആര്‍ക്കൊക്കെ വീട്‌ നല്‍കണം എന്ന ലിസ്റ്റ്‌ അതത്‌ കൗണ്‍സിലര്‍മാരാണ്‌ നല്‍കുന്നത്‌. കൗണ്‍സിലര്‍മാര്‍ തങ്ങളുടെ പരിധിയിലുള്ള പാവപ്പെട്ടവര്‍ക്ക്‌ പരമാവധി വീടുകള്‍ നല്‍കാന്‍ ശ്രമിക്കും. അതുകൊണ്ട്‌ തന്നെ ആ പദ്ധതി തരക്കേടില്ലാതെ നടക്കുകയും ചെയ്തു. പദ്ധതികള്‍ ഉണ്ടായിരുന്നെങ്കില്‍ എത്രയോ പണം ഇത്തരത്തില്‍ ലഭിക്കുമായിരുന്നുവെന്ന്‌ ഇതില്‍ നിന്ന്‌ മനസിലാകുമല്ലോ.
 
കൊച്ചി നഗരസഭക്ക്‌ 2006ല്‍ ലഭിച്ച എ ഡി ബി - ജനുറം ഫണ്ടുകളുടെ കണക്ക്‌ ഞെട്ടിപ്പിക്കുന്നതാണ്‌. ഏകദേശ കണക്കുകള്‍ പരിശോധിച്ചാല്‍ ഏതാണ്ട്‌ ആയിരം കോടിയുടെ ഫണ്ട്‌ അനുവദിച്ചുകഴിഞ്ഞിട്ടുണ്ട്‌. ഈ തുക ചെലവഴിച്ചെങ്കില്‍ കൊച്ചി ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമായി മാറുമായിരുന്നു. ലഭ്യമായ കണക്കുകള്‍ ഇങ്ങനെ-എ ഡി ബി-ജനുറം ഫണ്ടുകള്‍ ഉള്‍പ്പെടെ. എല്ലാം കോടിയില്‍
ഖരമാലിന്യ സംസ്കരണം 88.12
കുടിവെള്ളം 201
ഉപരിതല ഗതാഗതം 9.78
പാവപ്പെട്ടവര്‍ക്കുള്ള വീട്‌ നിര്‍മാണം 104.45
-26.60
നഗരങ്ങളുടെ റോഡ്‌ ഗതാഗതം 76.02
സിറ്റി ബസ്സ്‌ -71
ഇ ഗവേര്‍ണസ്‌ 8.70
റെയില്‍ വേ ഓവര്‍ ബ്രിഡ്ജ്‌- 67.28
ഹെറിറ്റേജ്‌ -24
സോളിഡ്‌ വേസ്റ്റ്‌ -10.98
കുടിവെള്ള വിതരണം-46.44
സീവറേജ്‌ -99.28
നഗരത്തില്‍ മാത്രമുള്ള ഉപരിതല ഗതാഗതം-25.74
ഡ്രൈനേജ്‌ -15.03
ദാരിദ്ര്യ നിര്‍മാര്‍ജനം -20
 
ഇത്‌ മൊത്തം കണക്ക്‌ കൂട്ടിയാല്‍ പദ്ധതി തുക ആയിരം കോടിക്കടുത്ത്‌ വരും.എന്നാല്‍ നേരത്തെ സൂചിപ്പിച്ചത്‌ പോലെ പാവപ്പെട്ടവര്‍ക്ക്‌ വീട്‌ നിര്‍മിച്ച്‌ കൊടുക്കുന്ന പദ്ധതി മാത്രമെ നടന്നിട്ടുള്ളു. കാരണം അതില്‍ കൗണ്‍സിലര്‍മാര്‍ പൊതുവെ വലിയ താല്‍പര്യം കാണിക്കാറുണ്ട്‌. എന്നാല്‍ മറ്റ്‌ വികസന പദ്ധതികള്‍ക്ക്‌ കൃത്യമായ പ്രോജക്റ്റുകള്‍ നല്‍കിയാല്‍ മാത്രമെ ഫണ്ട്‌ ലഭിക്കു.കഴിഞ്ഞ നാല്‌ വര്‍ഷത്തിലധികം കാലം കാര്യമായ ഒരു പ്രോജക്റ്റും നല്‍കാന്‍ നഗരസഭക്ക്‌ കഴിഞ്ഞില്ല. ഈ ഫണ്ടുകള്‍ ഡെഡ്‌ മണിയായി കിടക്കുകയാണ്‌.പുതിയ നഗരസഭ അധികാരമേറ്റാല്‍ വ്യക്തമായ പദ്ധതികള്‍ ഉണ്ടായാല്‍ ഈ പണം അവര്‍ക്ക്‌ നല്‍കും.എന്നാല്‍ വര്‍ഷങ്ങള്‍ കഴിയുന്തോറും കൊച്ചിയുടെ വികസന പദ്ധതികളുടെ മുന്‍ഗണനാക്രമം മാറും.
 
അത്‌ കൊണ്ട്‌ എറ്റവും ഫലവത്തായ മാര്‍ഗ്ഗം പദ്ധതികള്‍ അതാത്‌ കാലത്ത്‌ തന്നെ നടപ്പാക്കുക എന്നതാണ്‌ .അതിനുള്ള ഇച്ഛാശക്തി കാണിക്കാന്‍ നിലവിലുള്ള കൗണ്‍സിലിന്‌ കഴിഞ്ഞില്ല. അത്‌ കൊണ്ട്‌ ഇല്ലാതായത്‌ പത്ത്‌ ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ സ്വപ്നങ്ങളാണ്‌. കൊച്ചിക്ക്‌ കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്‌ കൈനിറയെ വികസന പദ്ധതികളാണ്‌. വല്ലാര്‍ പാടം ടെര്‍മിനല്‍.എല്‍ എന്‍ ജി പദ്ധതി ഇങ്ങനെ വികസന പദ്ധതികള്‍ പലതും കൊച്ചിയില്‍ വരാന്‍ ഇടയായി.നിശ്ചലമായ ഒരു നഗരസഭക്ക്‌ എങ്ങനെ അതിന്‌ പിന്തുണ നല്‍കാന്‍ കഴിയും .വരുന്ന തെരഞ്ഞെടുപ്പില്‍ കൊച്ചി നഗരത്തിലെ ജനങ്ങള്‍ വിശകലനം ചെയ്യുന്നത്‌ ഇക്കാര്യമായിരിക്കും എന്നത്‌ ഉറപ്പ്‌.
 
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക്‌ ശക്തമായ പിന്തുണ നല്‍കുന്ന, അവര്‍ നല്‍കുന്ന ഫണ്ടുകള്‍ വേണ്ട വിധത്തില്‍ സമയാസമയത്ത്‌ ഉപയോഗിക്കുന്ന ഒരു നഗരസഭക്ക്‌ മാത്രമെ കൊച്ചിയുടെ വികസന സ്വപ്നങ്ങളെ അതിന്റെ പൂര്‍ണതയിലെത്തിക്കാന്‍സാധിക്കു.കേരളത്തില്‍ ഏറ്റവും അധികം ടൂറിസ്റ്റുകള്‍ എത്തുന്നത്‌ കൊച്ചിയിലാണ്‌.ഇവിടെ നഗരസഭയുടെ കീഴില്‍ ഒരു ഹെറിറ്റേജ്‌ സെന്ററുണ്ട്‌. ഇങ്ങനെയൊരു ഹെറിറ്റേജ്‌ സെന്ററുണ്ട്‌ എന്ന്‌ കൊച്ചിയിലെത്തുന്ന പലര്‍ക്കും അറിയില്ല. കൊച്ചി നഗരത്തില്‍ തന്നെയുള്ള നിരവധി പുരാസ്മാരകങ്ങള്‍ നഗരസഭയ്ക്ക്‌ മുന്‍കൈ എടുത്ത്‌ നവീകരിക്കാവുന്നതെയുള്ളൂ. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ നൂറ്‌ വര്‍ഷത്തിലധികംപഴക്കമുള്ള പഴയ റെയില്‍ വേസ്റ്റേഷന്‍ .
 
കൊച്ചി രാജാവ്‌ തന്റെ സ്വര്‍ണ്ണ കിരീടങ്ങള്‍ പണയം വച്ചാണ്‌ കൊച്ചിയിലേക്ക്‌ തീവണ്ടിപ്പാളം നിര്‍മിച്ചത്‌. നൂറ്‌ വര്‍ഷം മുന്‍പ്‌ പണിത ഈ റെയില്‍വേ സ്റ്റേഷന്‍ ഇന്‍ഡോ-ബ്രട്ടീഷ്‌ ശില്‍പ്പകലയുടെ ഉദാത്ത മാതൃകയാണ്‌.ഹൈക്കോടതിക്കടുത്തുള്ള ഈ റെയില്‍വേ സ്റ്റേഷന്‍ ഇന്ന്‌ കാട്‌ പിടിച്ച്‌ നശിച്ചു കൊണ്ടിരിക്കുകയാണ്‌. പല അവസരങ്ങളിലും നഗരസഭാ അധികൃതര്‍ ഇത്‌ പുനര്‍നിര്‍മിക്കുന്നതിനെക്കുറിച്ച്‌ വാചാലരാകാറുണ്ടെങ്കിലും ഇതും മറ്റ്‌ പലതും പോലെ പാഴ്‌ വാക്കായി മാറി.അത്‌ പോലെ തന്നെയാണ്‌ രാജ ഭരണകാലത്ത്‌ നിര്‍മിച്ച എറണാകുളം മാര്‍ക്കറ്റും. ഇതിന്റെ നവീകരണവും കടലാസ്സില്‍ ഒതുങ്ങി. പൈതൃക സംരക്ഷണത്തിനായി അനുവദിച്ച ഫണ്ടുകളും ഒന്നുമാകാതെ ഉപയോഗിക്കാതെ കിടക്കുന്നു. ഇരുപത്തിനാല്‌ കോടിരൂപയാണ്‌ പൈതൃക സംരക്ഷണത്തിന്‌ ഫണ്ടായി ലഭിച്ചിട്ടുള്ളത്‌.
(തുടരും)
 
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls