നഗരക്കൊയ്ത്ത്‌-4
Imageവരുമോരോ പദ്ധതി ?, വന്നപോലെ പോകും
എന്‍.ശ്രീകുമാര്‍
സാധാരണ ഗതിയില്‍ ഫെബ്രുവരി മാസത്തില്‍ ടെണ്ടര്‍ വിളിച്ച്‌ മാര്‍ച്ച്‌-ഏപ്രില്‍ മാസത്തില്‍ കരാര്‍ നല്‍കിയാല്‍ മാത്രമെ മഴയ്ക്ക്‌ മുന്‍പ്‌ മേയ്‌ മാസത്തില്‍ കാന വൃത്തിയാക്കല്‍ നടക്കുകയുള്ളു.
 
എന്നാല്‍ ഇവിടെ ഏപ്രില്‍-മേയ്‌ മാസത്തില്‍ മാത്രമെ ടെണ്ടര്‍ വിളിച്ച്‌ കരാര്‍ നല്‍കുകയുള്ളു. ജൂണ്‍ മാസത്തില്‍ പണി തുടങ്ങുമ്പോഴേക്കും മഴയുമെത്തും. പിന്നെത്തെ കാര്യം തഥൈവ. മെച്ചം ഇവിടെ കരാറുകാരന്‌ മാത്രം.നഗരത്തില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുമെന്ന്‌ എത്രയോ ബഡ്ജറ്റുകളില്‍ ആവര്‍ത്തിച്ച്‌ ഉറപ്പ്‌ പറഞ്ഞതാണ്‌. എന്നാല്‍ ആരും പരാതി നല്‍കാത്തത്‌ കൊണ്ടാണത്രെ അവ പണിയാത്തത്‌. എന്നുവച്ചാല്‍ നഗരത്തിലെത്തുന്നവര്‍ക്ക്‌ പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കണമെങ്കില്‍ ആദ്യം മേയറെ കണ്ട്‌ പരാതി പറയണം. അപ്പോള്‍ അവര്‍ സൗകര്യം ഒരുക്കിത്തരും. ഒരു തരം ആലീസിന്റെ അല്‍ഭുത ലോകം.നഗരത്തിലെ കക്കുസ്‌ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ എളംകുളത്ത്‌ സീവേജ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌ തുടങ്ങുമെന്ന്‌ പറഞ്ഞിട്ട്‌ വര്‍ഷം അഞ്ചായി. അതിനെക്കുറിച്ച്‌ ഒന്നും ഇപ്പോള്‍ കേള്‍ക്കുന്നില്ല.
 
ജൈവവാതക പ്ലാന്റിന്റെ മറവില്‍ രണ്ടുകോടി വിഴുങ്ങി
ബയോഗ്യാസ്‌ പ്ലാന്റുകള്‍ വെറും ഗ്യാസായി മാറിയതെങ്ങനെ എന്ന്‌ അന്വേഷിക്കുന്നത്‌ രസകരമായിരിക്കും. പത്തിടങ്ങളിലാണ്‌ ബയോഗ്യാസ്‌ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ നഗരസഭ തിരുമാനിച്ചത്‌. ഇതിനായി ഓരോ പ്ലാന്റിനും പതിനഞ്ച്‌ ലക്ഷം മുതല്‍ ഇരുപതുലക്ഷം വരെയാണ്‌ ചെലവാക്കിയത്‌. എന്നാല്‍ പത്തിടങ്ങളിലും ഇത്‌ അനക്കമില്ലാതെ കിടക്കുകയാണ്‌. എറണാകുളം മാര്‍ക്കറ്റ്‌, കലൂര്‍ കശാപ്പ്ശാല എന്നിവടങ്ങളിലെ മാലിന്യങ്ങള്‍ ശേഖരിച്ച്‌ അതില്‍നിന്ന്‌ ബയോഗ്യാസ്‌ ഉണ്ടാക്കുക എന്നതായിരുന്നു ഉദ്ദേശം. രണ്ടായിരത്തി ഏഴിലാണ്‌ ഇതിന്‌ തുടക്കമിട്ടത്‌. തിരുവന്തപുരം ആസ്ഥാനമായ ഒരു കമ്പനിക്കായിരുന്നു നിര്‍മാണ ചുമതല. നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും അതിലൊന്ന്‌ പോലും ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.
 
നിര്‍മാണത്തിലെ അപാകതമൂലമാണ്‌ പ്ലാന്റ്‌ പ്രവര്‍ത്തനരഹിതമായത്‌. ഏതാണ്ട്‌ രണ്ട്‌ കോടിയോളം രൂപയാണ്‌ പ്ലാന്റിന്‌ വേണ്ടി തുലച്ചത്‌. പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും പണമില്ലാത്ത അവസരത്തിലാണ്‌ ഈ തുക പാഴാക്കിയത്‌.
എറണാകുളം മാര്‍ക്കറ്റില്‍ ഏറ്റവും അത്യാവശ്യമുള്ളതാണ്‌ ബയോഗ്യാസ്‌ പ്ലാന്റ്‌. അതുപോലെ കലൂരിലെ അറവുശാലയ്ക്ക്‌ സമീപം നിര്‍മിച്ച പ്ലാന്റും. ഇടപ്പളളി, മട്ടാഞ്ചേരി, ഫോര്‍ട്ട്‌ കൊച്ചി, പള്ളുരുത്തി, പച്ചാളം എന്നിവിടങ്ങളിലാണ്‌ മറ്റ്‌ പ്ലാന്റുകള്‍ ഉള്ളത്‌. നിര്‍മാണത്തില്‍ അപാകത ഉണ്ടെങ്കിലും പ്ലാന്റ്‌ നിര്‍മിച്ച കമ്പനി പണം മുഴുവന്‍ കൈപ്പറ്റിയിട്ടുണ്ട്‌. പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും പണം എത്തേണ്ടിടത്തെത്തി എന്ന്‌ സാരം. ഇത്‌ ചൂണ്ടിക്കാട്ടിയാല്‍ അധികൃതര്‍ കേട്ടഭാവം നടിക്കുന്നില്ല. അതുപോലെ തന്നെ മാര്‍ക്കറ്റ്‌ നവീകരണപദ്ധതിയും കടലാസ്സില്‍ മാത്രമാണ്‌.
 
ഇതെല്ലാം കൊച്ചി നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതായിരുന്നു. പാര്‍ട്ടിക്കും നേതാക്കള്‍ക്കും ലഭിക്കുന്ന കമ്മീഷനല്ലാതെ ഇവര്‍ക്ക്‌ ഒന്നിനെക്കുറിച്ചും വേവലാതിയില്ല.പൊലീസ്‌ അസോസിയേഷന്‍ യോഗത്തില്‍ മേയര്‍ മേഴ്സി വില്യംസ്‌ സംസാരിച്ചത്‌ കേട്ട്‌ ചില പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ എങ്ങനെയെങ്കിലും ഇറങ്ങിപ്പോയാല്‍ മതിയെന്നായി. മേയറായിട്ട്‌ നഗരത്തിലെ പൊലീസ്‌ ഉദ്യോഗസ്ഥര്‍ തന്നെ പരിഗണിക്കുന്നില്ല. പലര്‍ക്കും താന്‍ മേയറാണെന്ന്‌ അറിയില്ലെന്നായിരുന്നു ഇവരുടെ പരിദേവനം. അതുകൊണ്ടുതന്നെ ആരും തന്നെ ബഹുമാനിക്കുന്നില്ലെന്നും മേയര്‍ പരാതി പറഞ്ഞു.
 
മേയര്‍ എന്ന അധികാര കേന്ദ്രത്തിന്റെ സ്വാധീനം കൊച്ചിയില്‍ ആര്‍ക്കും അനുഭവപ്പെടുന്നില്ല. അല്ലെങ്കില്‍ മാധ്യമങ്ങളിലൂടെയാണ്‌ നഗരത്തിന്‌ ഒരു മേയര്‍ ഉണ്ടെന്ന്‌ തന്നെ നാട്ടുകാര്‍ അറിയുന്നത്‌. അപ്പോള്‍ പിന്നെ ബയോഗ്യാസ്‌ പ്ലാന്റ്‌ പ്രവര്‍ത്തിക്കാത്തതിനെക്കുറിച്ച്‌ ചോദിച്ചാല്‍ മേയര്‍ എന്ത്‌ പറയാന്‍. ബ്രഹ്മപുരത്ത്‌ മാലിന്യസംസ്കരണമില്ലങ്കിലും അവിടെ സംസ്കരിക്കുന്ന മാലിന്യങ്ങള്‍ കൊണ്ട്‌ വളമുണ്ടാക്കും എന്ന്‌ പറയുന്ന ഡെപ്യൂട്ടി മേയറും തന്നെ ആരും അറിയില്ലെന്ന്‌ പരിതപിക്കുന്ന മേയറും കൂടി കൊച്ചിയെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളരിക്കാ പട്ടണമാക്കി മാറ്റുകയാണുണ്ടായത്‌.
 
സമരം തുടരുന്ന കരാറുകാര്‍, ചെളി കോരാതെ നിറഞ്ഞ്‌ കവിയുന്ന കാനകള്‍, ശൗചാലയങ്ങള്‍ പോലുമില്ലാതെ കഷ്ടപ്പെടുന്ന നാട്ടുകാരും വിദേശികളും, ഫുട്പാത്തുകളില്‍ പോലും നടക്കാന്‍ പറ്റാത്ത അവസ്ഥ, കൊതുകിന്റെ ആവാസകേന്ദ്രം- ഇതാണ്‌ ചുരുക്കിപ്പറഞ്ഞാല്‍ കൊച്ചി നഗരത്തിന്റെ അവസ്ഥ.
(തുടരും)
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls