|
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍തൂക്കമെന്ന് സര്‍വേ |
|
മുംബൈ: മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍ സി പി സഖ്യം മുന്നിലെത്തുമെന്ന് അഭിപ്രായ സര്‍വെ. കൂടുതല്‍ സീറ്റുകള്‍ നേടിക്കൊണ്ട് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി തീരും.
സ്റ്റാര്‍ മസ ടെലിവിഷന്‍ ചാനല്‍ നടത്തിയ അഭിപ്രായ സര്‍വെയിലാണ് കോണ്‍ഗ്രസ്-എന്‍ സി പി സഖ്യത്തിന് മുന്‍തൂക്കം പ്രതീക്ഷിക്കുന്നത്. 288 അംഗ സഭയില്‍ കോണ്‍ഗ്രസിന് 88ഉം എന്‍ സി പിക്ക് 52 സീറ്റുകളും ലഭിക്കും. ഭൂരിപക്ഷത്തിന് കേവലം അഞ്ച് സീറ്റുകള്‍ മാത്രം കുറവ്. അതേസമയം 118 സീറ്റ് പ്രതീക്ഷിക്കുന്ന ബി ജെ പി ശിവസേന സഖ്യം ഏറെ പിന്നിലാണ്. ശിവസേനക്ക് 66ഉം ബി ജെ പിക്ക് 52 സീറ്റുകളാണ് സര്‍വെ കണക്കാക്കുന്നത്. ശിവസേനയുമായി തെറ്റിപ്പിരിഞ്ഞ രാജ് താക്കറെ രൂപം നല്‍കിയ മഹാരാഷ്ട്ര നവനിര്‍മാണ്‍ സമിതി 12 സീറ്റുകളോടെ നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പിക്കും.
അതേസമയം ഏറെ കോലാഹലങ്ങളോടെ കമ്യൂണിസ്റ്റ് പാര്‍ട്ടികളടക്കമുള്ള കക്ഷികള്‍ രൂപീകരിച്ച റിപ്പബ്ലിക്കന്‍ ഡെമോക്രാര്‌റിക് ലെഫ്റ്റ് ഫ്രെണ്ടിന് 12 സീറ്റുകളിലെ പ്രതീക്ഷയുള്ളൂ സ്വതന്ത്രരും റിബലുകളും ആറ് സീറ്റ് കരസ്ഥമാക്കിയേക്കുമെന്ന് സര്‍വേ അഭിപ്രായപ്പെടുന്നു.എം എന്‍ എസിന്റെ സാന്നിധ്യം സേന-ബി ജെ പി സഖ്യത്തിനേല്‍പ്പിക്കുന്ന പരുക്ക് കനത്തതാകാനാണ് സാധ്യത. 25 ശതമാനം സീറ്റുകളുള്ള മുംബൈ, താനെ, പൂന മേഖലകളിലാണ് രാജ് താക്കറെയുടെ പാര്‍ട്ടി സേന സഖ്യത്തെ അലോസരപ്പെടുത്തുന്നത്. ഈ മേഖലകളിലെ 72 സീറ്റുകളില്‍ 12 എണ്ണം എം എന്‍ എസ് നേടുകയും 46 ഓളം സീറ്റുകളില്‍ സേനാ സഖ്യത്തിന്റെ വിജയ സാധ്യതയെ തടയുകയും ചെയ്യുമ്പോള്‍ അത് ഗുണം ചെയ്യുക കോണ്‍ഗ്രസ് സഖ്യത്തിനായിരിക്കും. മുംബൈയെ അപേക്ഷിച്ചു ഏറെ തിരിച്ചടി പ്രതീക്ഷിക്കുന്നത് പൂന, താനെ മേഖലകളിലായിരിക്കും.
ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസ് സഖ്യത്തിന് കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ചു ശതമാനം വോട്ടുകള്‍ നഷ്ടപ്പെടുത്തുമെങ്കിലും പ്രധാന പ്രതിപക്ഷമായ സേന-ബി ജെ പി സഖ്യത്തില്‍ നിന്ന് ഏഴ് ശതമാനം വോട്ടുകള്‍ കുറയുമ്പോള്‍ ഭരണസഖ്യത്തെ ഇത് ഏറെയൊന്നും പ്രതികൂലമായി ബാധിക്കില്ല.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുംബൈ മേഖലയിലെ 23 അസംബ്ലി നിയോജകമണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മുന്നിലായിരുന്നു. സഖ്യകക്ഷിയായ എന്‍ സി പി ഒരെണ്ണത്തിലും. ശിവസേന രണ്ടും എം എന്‍ എസ് അഞ്ചും നിയോജകമണ്ഡലങ്ങളില്‍ മുന്നിലായിട്ടുണ്ട്. എന്നാല്‍ പൂനെ മേഖലകളില്‍ കോണ്‍ഗ്രസ്- എന്‍ സി പി സഖ്യം ഏറെ മുന്നിലായിരുന്നു. പൂനെ, മവാള്‍, ബാരാമതി ലോക്സഭാ മണ്ഡലങ്ങളില്‍ അവര്‍ മുന്നില്‍ രണ്ടു ഭാഗം വോട്ടുകള്‍ കരസ്ഥമാക്കി. കോണ്‍ഗ്രസ് സഖ്യത്തിന് 64 ഉം ശിവസേന സഖ്യത്തിന് 24ഉം എം എന്‍ എസിന് 10 ശതമാനവും വോട്ടുകളാണ് ലഭിച്ചത്.
താനെയിലും വന്‍ മുന്നേറ്റമായിരുന്നു കോണ്‍ഗ്രസ് സഖ്യത്തിന്. അവര്‍ 56 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കിയപ്പോള്‍ ശിവസേന സഖ്യത്തിന് ലഭിച്ചത് 24 ശതമാനം വോട്ടുകളായിരുന്നു. 16 ശതമാനം വോട്ടുകള്‍ നേടി എം എന്‍ എസ് ഇവിടെ ശക്തമായ സാന്നിധ്യം പ്രകടമാക്കി. കല്യാണ്‍ മേഖലയില്‍ അന്ന് എം എന്‍ എസ് നേടിയ 35 ശതമാനം വോട്ടുകള്‍ കിടിലം കൊള്ളിക്കുന്നത് ശിവസേന സഖ്യത്തെയാണ്. ഏറെ റിബലുകള്‍ രംഗത്തുള്ള ഈ തിരഞ്ഞെടുപ്പില്‍ അഞ്ചിലധികം വിമതര്‍ ജയിക്കില്ലെന്നാണ് അഭിപ്രായ സര്‍വെ വെളിപ്പെടുത്തുന്നത്. 15 റിബലുകളെ പുറത്താക്കിയ കോണ്‍ഗ്രസ്- എന്‍ സി പി സഖ്യത്തിന് ഇത് ആശ്വാസം പകരും. തിരഞ്ഞെടുപ്പ് പ്രചരണത്തിന് തിരശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിച്ചിരിക്കെ പുറത്ത് വന്ന സര്‍വെ ഫലം കോണ്‍ഗ്രസ് സഖ്യത്തിന്റെ ആത്മവിശ്വാസം ഇരട്ടിയായി വര്‍ധിപ്പിച്ചിരിക്കയാണ്.
പുതിയ മുന്നണിയും പുതിയ പാര്‍ട്ടികളും രൂപീകരിച്ചു ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചവര്‍ക്കുണ്ടായ തിരിച്ചടി മഹാരാഷ്ട്രയിലും ആവര്‍ത്തിക്കുമെന്നുമാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നിരീക്ഷകനായ ദ്വിഗ്‌വിജയ് സിംഗ് അഭിപ്രായപ്പെടുന്നത്. |