| നഗരക്കൊയ്ത്ത്-3 |
എന്‍. ശ്രീകുമാര്‍ കോളനി നവീകരണ പദ്ധതി കൊച്ചിയെ കൈവിട്ടു ബോട്ട് ജെട്ടിക്കടുത്തുള്ള നഗരസഭാ ഓഫീസ് കെട്ടിടം എറണാകുളം മുനിസിപ്പാലിറ്റിയായിരുന്നപ്പോള്‍ തുടങ്ങിയുള്ളതാണ്. ആയിരക്കണക്കിനാളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി ദിവസവും അവിടെ എത്തുന്നത്.
നിന്നുതിരിയാന്‍ സ്ഥലമില്ലാത്ത ഈ ചെറിയ കെട്ടിടത്തില്‍ ഇത്രയധികം ആളുകള്‍ ദിവസവും കയറി ഇറങ്ങിയാലുള്ള അവസ്ഥ ആലോചിച്ച് നോക്കു. ചെന്നുപെട്ടാല്‍ എങ്ങിനെയെങ്കിലും പുറത്ത് കടന്നാല്‍ മതിയെന്നാകും. ഒരിക്കലെങ്കിലും നഗരസഭാ ഓഫീസില്‍ കയറി ഇറങ്ങിയവര്‍ക്ക് ഇത് മനസ്സിലാകും.മറൈന്‍ ഡ്രൈവിലെ ഒരേക്കര്‍ സ്ഥലത്തേക്ക് നഗരസഭാ ഓഫീസ് മാറ്റി സ്ഥാപിക്കുമെന്ന് പറഞ്ഞിട്ട് കാലം കുറെയായി. ദിനേശ് മണി മേയറായിരുന്നപ്പോള്‍ തുടങ്ങിയതാണ് ഈ ആലോചന. ആദ്യത്തെ രണ്ട് നിലയ്ക്കുള്ള പ്ലാനും ശരിയായി. മറ്റ് പലതും പോലെ ഈ പദ്ധതിക്കും പിന്നീട് അനക്കം വച്ചില്ല. നഗരസഭയുടെ അഞ്ചുമനയില്‍ പ്രവര്‍ത്തിക്കുന്ന സോണല്‍ ഓഫീസിനടുത്തുള്ള ഒന്നരയേക്കര്‍ സ്ഥലത്ത് അപ്പാരല്‍ പാര്‍ക്ക് നിര്‍മിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അവിടെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രമായി മാറിയിരിക്കുകയാണ്. നഗരത്തില്‍ എത്തുന്നവര്‍ക്ക് കുറഞ്ഞ ചിലവില്‍ താമസിക്കാനുള്ള കേന്ദ്രമായിരുന്നു നോര്‍ത്തിലെ ലിബറാ ഹോട്ടല്‍. ഇന്ന് ആ കെട്ടിടത്തിന്റെ അവസ്ഥ ഭയാനകമാണ്. ഇപ്പോള്‍ അവിടെ താമസിക്കുന്നത് തേവര-പേരണ്ടൂര്‍ കനാലിനായി കുടിയൊഴിപ്പിക്കപ്പെട്ട 36 കുടുംബങ്ങളാണ്. ഇവര്‍ക്ക് താമസിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും അവിടെയില്ല. ഇവര്‍ക്ക് മുണ്ടംവേലിയില്‍ ഫ്ലാറ്റ് പണിത് നല്‍കുമെന്ന് പറഞ്ഞിട്ട് വര്‍ഷങ്ങളായി. ഇതിനെക്കാള്‍ കഷ്ടമാണ് കോളനി നവീകരണത്തെക്കുറിച്ചുള്ള വീമ്പളക്കലുകള്‍.മട്ടാഞ്ചേരിയിലും പശ്ചിമകൊച്ചിയിലും എട്ട് ദശാബ്ദത്തിലധികം പഴക്കമുള്ള മഹാജനവാഡി പോലുള്ള കെട്ടിടങ്ങളില്‍ നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഒരു മഴ പെയ്താല്‍, കാറ്റ് വീശിയാല്‍ അവര്‍ പുറത്തേക്ക് ഓടും. അത്രയേറെ ജീര്‍ണ്ണാവസ്ഥയിലാണ് ഈ കെട്ടിടങ്ങള്‍. ഇവരെ മാറ്റി പാര്‍പ്പിക്കാന്‍ ഇതുവരെ ഒരു നടപടിയും നഗരസഭ എടുത്തിട്ടില്ല. പുനരധിവാസം ഉറപ്പ് നല്‍കാന്‍ ഇവര്‍ക്ക് കഴിയുന്നുമില്ല. ഓംബുഡ്സ്മാന്‍ പല തവണ ഇക്കാര്യത്തില്‍ ഇടപെട്ടെങ്കിലും നഗരസഭ കണ്ട മട്ടില്ല. മടിച്ചുമടിച്ചു വാങ്ങിയ എ.ഡി.ബി പണം
360 കോടി വായ്പയാണ് എ ഡി ബി നല്‍കുന്നത്. ഇത് കൂടുതലും ഉപയോഗിക്കുന്നത് അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയാണ്. കൊച്ചി പോലുള്ള നഗരങ്ങളില്‍ ഏറ്റവുമധികം പരിഗണന കൊടുക്കേണ്ടത് ഇത്തരം കാര്യങ്ങള്‍ക്കാണ്. 2006ന് ശേഷം ലഭിച്ച വായ്പാ തുക ബാങ്കില്‍ കിടക്കുകയാണ്. നാല് വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ പ്രോജക്റ്റ് സമര്‍പ്പിക്കാന്‍ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പണവും ലഭിക്കുന്നില്ല. മറ്റ് നഗരസഭകള്‍ എല്ലാം തന്നെ വായ്പയെടുത്ത പണം ഏതാണ്ട് പൂര്‍ണ്ണമായും വിനിയോഗിച്ച് കഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ എഡിബി തന്ന പണവും നഷ്ടപ്പെട്ടു.
കൗണ്‍സിലിന്റെ കാലാവധിയായ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് മൂന്ന് കോടി രൂപ വച്ച് ഓരോ അംഗത്തിനും ലഭിക്കും. ഒരു വര്‍ഷം ഇരുപത് ലക്ഷം രൂപയാണ് ഓരോ ഡിവിഷനും ലഭിക്കുക.പണികള്‍ കൃത്യസമയത്ത് തീര്‍ത്താല്‍ വേറെ തുകയും ലഭിക്കും. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കരാറുകാരുടെ നിസ്സഹകരണം മൂലം യാതൊരു പണിയും നഗരസഭയില്‍ നടക്കുന്നില്ല. കൗണ്‍സിലര്‍മാര്‍ പലരും കരാറുകാരുടെ പിറകെ നടന്നാണ് അത്യാവശ്യം പണികള്‍ തീര്‍ക്കുന്നത്. അത് കൊണ്ട് തന്നെ റോഡും തോടും കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാതെയായി.
നഗരത്തിലെ കാനകള്‍ വൃത്തിയാക്കുന്നതിന് കരാര്‍ കൊടുക്കുന്ന സംഭവം അതിലേറെ രസകരമാണ്. നഗരത്തിലെ വെള്ളക്കെട്ടുകള്‍ക്കുള്ള പ്രധാന കാരണം കൃത്യസമയത്ത് കാന വൃത്തിയാക്കാത്തത് കൊണ്ടാണ്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

എന്‍. ശ്രീകുമാര്‍ 
-°C 