നഗരക്കൊയ്ത്ത്‌-2
Imageബ്രഹ്മപുരം മാലിന്യപുരമായി എ.ഡി.ബി ഫണ്ട്‌ പാഴാക്കിക്കളഞ്ഞു
എന്‍. ശ്രീകുമാര്‍

ബ്രഹ്മപുരം പ്ലാന്റിന്റെ നിര്‍മാണത്തിന്‌ ശേഷം ഒരു വര്‍ഷം നിര്‍മാണജോലികള്‍ എറ്റെടുത്ത ആന്ധ്രാപ്രദേശ്‌ കമ്പനി തന്നെ പ്ലാന്റ്‌ പ്രവര്‍ത്തിപ്പിക്കണമെന്നായിരുന്നു കരാറില്‍ പറഞ്ഞിരുന്നത്‌.

പ്ലാന്റില്‍ സംസ്കരണം കഴിഞ്ഞ മാലിന്യങ്ങള്‍ വളമാക്കിമാറ്റി ഈ കമ്പനി തന്നെ ഏറ്റെടുത്തോളാം എന്നും കരാറിലുണ്ടായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ നിശ്ചലമായ പ്ലാന്റ്‌ എങ്ങനെ മാലിന്യം സംസ്കരിക്കാനും വളമുണ്ടാക്കാനും കഴിയും? ആന്ധ്രാ കമ്പനിക്ക്‌ നല്‍കിയ പണം വെള്ളത്തിലായി എന്നുമാത്രമല്ല, ബാക്കി നല്‍കാനുള്ള രണ്ട്‌ കോടി രൂപയ്ക്ക്‌ അവര്‍ കേസ്‌ കൊടുത്തിരിക്കുകയാണ്‌. ഇത്‌ വരെയുള്ള കേസുകളിലൊന്നും നഗരസഭ ജയിച്ചിട്ടില്ലാത്തത്‌ കൊണ്ട്‌ ഈ കേസിന്റെ ഭാവിയെപ്പറ്റിയും പ്രതീക്ഷ വേണ്ട. നിലച്ചുപോയ പ്ലാന്റിനും പകുതിപ്പണം നല്‍കിയത്‌ കേന്ദ്ര സര്‍ക്കാരിന്റെ ജനുറം പദ്ധതിയില്‍ നിന്നാണ്‌.
 
പ്ലാന്റ്‌ നിര്‍മാണത്തിനായി ചെലവഴിച്ച പണം ഏതൊക്കെ വഴികളിലൂടെ ചോര്‍ന്നു എന്ന്‌ സി പി എം കാര്‍ക്ക്‌ അറിയില്ല. പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചശേഷം കൊച്ചി നേരിടുന്നത്‌ ഗുരുതരമായ അവസ്ഥയാണ്‌. റോഡുകളില്‍ മാലിന്യം ഇല്ല എന്ന്‌ മേയറും ഡെപ്യുട്ടി മേയറും വീമ്പളക്കുന്നുണ്ട്‌. എന്നാല്‍ ശേഖരിക്കുന്ന മാലിന്യം മുഴുവന്‍ തട്ടുന്നത്‌ പ്ലാന്റ്‌ നിര്‍മാണത്തിനായി ഏറ്റെടുത്ത 102 ഏക്കര്‍ ഭൂമിയിലാണ്‌.മാലിന്യസംസ്കരണപ്ലാന്റ്‌ മാലിന്യ സംഭരണപ്ലാന്റായി മാറി. പ്ലാന്റ്‌ പുതുക്കിപ്പണിയാന്‍ സെന്റര്‍ ഫോര്‍ എന്‍വയറോണ്‍മെന്റല്‍ ഡവലപ്മെന്റ്‌ എന്ന സ്ഥാപനത്തെയാണ്‌ നിയോഗിച്ചിരിക്കുന്നത്‌. ഇതാകട്ടെ മന്ത്രി പാലോളി മൂഹമ്മദ്‌ കുട്ടിയുടെ പ്രൈവറ്റ്‌ സെക്രട്ടറി നേതൃത്വം നല്‍കുന്ന എന്‍ ജി ഒയും.
 
മറ്റൊരു സി പി എം കറക്ക്‌ കമ്പനിയെന്ന്‌ സാരം. പ്ലാന്റ്‌ പ്രവര്‍ത്തനരഹിതമാവുകയും മാലിന്യങ്ങള്‍ കുന്നുകൂടുകയും ചെയ്യുന്നത്‌ ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക്‌ വഴിവെയ്ക്കും. ഈ പ്രദേശത്തെ ജനങ്ങളെ മുഴുവനായി ഒഴിപ്പിച്ചതുകൊണ്ട്‌ ഇവിടം വിജനമാണ്‌. അതുകൊണ്ട്‌ ഈ പ്രദേശത്ത്‌ എന്ത്‌ നടക്കുന്നുവെന്ന്‌ ആരും അറിയുന്നുമില്ല. സംസ്കരണ പ്ലാന്റുണ്ടെങ്കില്‍ പ്ലാസ്റ്റിക്‌ ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങളും ജീര്‍ണ്ണിച്ച്‌ പോകുന്ന മറ്റ്‌ മാലിന്യങ്ങളും തരംതിരിച്ച്‌ സംസ്കരിക്കാമായിരുന്നു. എന്നാല്‍ ഇത്‌ രണ്ടും ഇപ്പോള്‍ ഒരുമിച്ചാണ്‌ ഡമ്പ്‌ ചെയ്യുന്നത്‌. ഇത്‌ വരുംതലമുറകള്‍ക്ക്‌ പോലും ഭീകരവിപത്ത്‌ വരുത്തിവയ്ക്കും. ഇപ്പോള്‍ തന്നെ ഇതിന്‌ സമീപത്ത്കൂടി ഒഴുകുന്ന കടമ്പ്രയാര്‍ മലിനീകരിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു.വിനാശകാരിയായ ഖരമാലിന്യങ്ങള്‍ എത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും മണ്ണില്‍ കിടക്കുകയും കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക്‌ വഴി വെയ്കുകയും ചെയ്യും.
 
 

കുടിയൊഴിപ്പിക്കപ്പെട്ടവര്‍
നരകിക്കുമ്പോള്‍ ...

നഗരസഭാ ഭരണം നഷ്ടപ്പെടുമെന്ന്‌ ഉറപ്പായപ്പോള്‍ സി പി എം മറ്റൊരു ധാര്‍ഷ്ട്യവുമായി രംഗത്ത്‌വന്നു. നഗരസഭയുടെ കണ്ണായ സ്ഥലങ്ങള്‍ സി പി എം ട്രസ്റ്റുകള്‍ക്ക്‌ പതിച്ച്‌ നല്‍കാനുള്ള പദ്ധതി അക്ഷരാര്‍ത്ഥത്തില്‍ ഒരു പകല്‍ക്കൊള്ളയ്ക്കുള്ള നീക്കമായിരുന്നു. എന്നാല്‍ അതില്‍ തക്കസമയത്ത്‌ ഇടപെട്ട്‌ പ്രതിപക്ഷത്തിനും മറ്റ്‌ ജനാധിപത്യ വിശ്വാസികള്‍ക്കും തടയാന്‍ കഴിഞ്ഞത്‌ മൂലം കോടിക്കണക്കിന്‌ രൂപയുടെ നഗരഭൂമിയാണ്‌ സംരക്ഷിക്കപ്പെട്ടത്‌. പച്ചാളത്ത്‌ ടി കെ രാമകൃഷ്ണന്‍ സാംസ്കാരിക കേന്ദ്രത്തിനായി 66 സെന്റ്‌, നാരായണന്‍ ആശാന്‍, കോരു ആശാന്‍ സ്മാരക ട്രസ്റ്റുകള്‍ക്ക്‌ വേണ്ടി പൂന്നൂരുന്നിയിലും ഇടക്കൊച്ചിയിലും യഥാക്രമം നാല്‌ സെന്റും നാലരസെന്റും ഭൂമിയാണ്‌ കൈമാറാന്‍ കൗണ്‍സിലിന്റെ അനുമതിയില്ലാതെ ഭരണകക്ഷി നീക്കം നടത്തിയത്‌.

 

ഈ ഭൂമികള്‍ക്കെല്ലാം കൂടി 30 കോടിക്കടുത്ത്‌ വില വരും. ഇതിനുമുന്‍പും സി പി എം തങ്ങളുടെ ട്രസ്റ്റുകള്‍ക്ക്‌ വേണ്ടി ഇങ്ങനെ ഭൂമി കൈമാറ്റം ചെയ്തിട്ടുണ്ട്‌. മട്ടാഞ്ചേരിയിലെ ഇക്ബാല്‍ സെന്റര്‍, ടി എം മൂഹമ്മദ്‌ സെന്റര്‍ എന്നിവ ഉദാഹരണങ്ങള്‍. നഗരസഭാ ഷോപ്പിംഗ്‌ കോംപ്ലക്സിനകത്തുള്ള മൂത്രപ്പുര പോലും സി.പി.എം പാര്‍ട്ടി ഓഫീസായി മാറി. ഭൂമി കൈമാറാനുള്ള നീക്കം ഊര്‍ജിതമായതിനെ തുടര്‍ന്ന്‌ പ്രതിപക്ഷനേതാവ്‌ എ.ബി. സാബു ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നഗരസഭക്ക്‌ നോട്ടീസ്‌ അയച്ചു. കോടതിയുടെ ഇടപെടലും ജനരോഷവും രൂക്ഷവുമായപ്പോള്‍ സിപി.എമ്മിന്‌ തീരുമാനത്തില്‍നിന്ന്‌ പിന്‍മാറേണ്ടിവന്നു. 30 വര്‍ഷം നീണ്ട ഭരണകൂട ധാര്‍ഷ്ട്യത്തിന്‌ ജനങ്ങള്‍ നല്‍കിയ തിരിച്ചടിയുടെ തുടക്കമായിരുന്നു അത്‌.
(തുടരും)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls