| ഇന്ത്യയെ അറിയാത്ത ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍-3 |
അഴിമതി മറ്റൊരു ദുര്‍മുഖം തലേക്കുന്നില്‍ ബഷീര്‍ സി.പി.എമ്മിന്റെ തൊഴിലാളി പക്ഷമുഖം നഷ്ടപ്പെട്ടുവെന്ന് പാര്‍ട്ടിയുടെ സമീപകാലസമീപനങ്ങള്‍ വ്യക്തമാക്കുന്നു. വ്യവസായത്തൊഴിലാളികളുടെയും കര്‍ഷകത്തൊഴിലാളികളുടെയും പാര്‍ട്ടി ഇപ്പോള്‍ ഫാരിസ് അബൂബേക്കറിന്റെയും സേവി മനോമാത്യുവിന്റെയം സാന്റിയാഗോ മാര്‍ട്ടിന്റെയും ലിസ് ചാക്കോയുടെയും അതു പോലുള്ള സമ്പന്നരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ മുഴുകിനില്‍ക്കുകയാണ്. മറുവശത്ത് നേതൃത്വം സാമുദായികവിഭാഗങ്ങളെ താലോലിക്കുകയും വര്‍ഗ്ഗീയനിലപാടുകളെ ആശ്ലേഷിക്കുകയും ചെയ്യുന്ന ദുര്യോഗത്തിനും അടിമപ്പെട്ടിരിക്കുന്നു. മദനിയെപ്പോലും മഹാത്മാവാക്കുന്ന ദുരന്തം ഈ സമീപനത്തിന്റെ പരിണിത ഫലമായിരുന്നു. അണികളിലും അനുഭാവികളിലും സംഭവിച്ചിരിക്കുന്ന പാര്‍ട്ടി നേതൃത്വത്തോടുള്ള വിയോജിപ്പും അതുമൂലമുള്ള വിശ്വാസത്തകര്‍ച്ചയും ഇതുപോലെ നേരിടേണ്ടിവന്ന മറ്റൊരു സന്ദര്‍ഭം സി.പി.എമ്മിനുണ്ടായിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തനായ സഹയാത്രികന്‍, ബുദ്ധിജീവിയും ചരിത്രകാരനുമായ ഡോ.എന്‍.എ. കരീമിന്റെ ഏതാനും വരികള്‍ ഇവിടെ ഉദ്ധരിക്കട്ടെ. "ഇന്ത്യയിലെ യെന്‍ ആയിത്തീരുമെന്ന് പാശ്ചാത്യലോകമുതലാളിത്തവര്‍ഗ്ഗം ഭയപ്പെട്ടിരുന്ന കേരളത്തിലെ വിപ്ലവരാഷ്ട്രീയ സംസ്കാരത്തില്‍ വന്ന പ്രത്യയശാസ്ത്രപരമായ ദാരിദ്ര്യവും പ്രവര്‍ത്തനപരമായ കെട്ടുറപ്പില്ലായ്മയും വിശ്വാസദാര്‍ഢ്യം നഷ്ടപ്പെട്ടിട്ടില്ലാത്ത ഏതൊരു സോഷ്യലിസ്റ്റു മനസ്സിനെയും വളരെയധികം വേദനിപ്പിക്കാതിരിക്കില്ല. പാര്‍ലമെന്ററി പ്രവര്‍ത്തനവും അതിന്റെ ഫലമായി ലഭിച്ച അധികാരങ്ങളും ഇടതുപക്ഷരാഷ്ട്രീയസംസ്കാരത്തില്‍ സൃഷ്ടിച്ചിട്ടുള്ള ദുഷ്പ്രവണതകള്‍ ദുരന്തമയങ്ങളാണ്. മറ്റേതൊരു പ്രതിലോമപ്രവര്‍ത്തനങ്ങളില്‍നിന്നും വ്യത്യസ്തമായൊരു ശൈലിപോലും നിലനിര്‍ത്തുവാന്‍ കമ്യൂണിസ്റ്റ് തൊഴിലാളിവര്‍ഗ്ഗപാര്‍ട്ടിക്കു കഴിയാതായിരിക്കുന്നു."തെരഞ്ഞെടുപ്പിനു മുമ്പ് എഴുതിയ 'കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയസംസ്കാരം ഇപ്പോള്‍ ഇങ്ങിനെയാണ്" എന്ന ലേഖനത്തില്‍ ദേശീയരാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ വഴിപിഴച്ച പോക്കിലേയ്ക്കും എന്‍.എ. കരീം വിരല്‍ചൂണ്ടുന്നുണ്ട്. "ജയലളിതയുടെ അണ്ണാ ഡി.എം.കെ.യുമായും മായാവതിയുടെ ബഹുജന്‍സമാജ്‌വാദിപാര്‍ട്ടിയുമായും ഒരേസമയം സഖ്യംചെയ്ത് കേന്ദ്രത്തിലെ അധികാരത്തില്‍ പങ്കുപറ്റുവാനുള്ള കുറുക്കുവഴികളെപ്പറ്റി"യാണ് മുഖ്യധാരാകമ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്ന് അദ്ദേഹം പരിതപിക്കുന്നു. (ജനശക്തി 2009 ജനുവരി 2-15) തീഷ്ണമായ അസഹിഷ്ണുത സി.പി.എമ്മിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. നേതാക്കളുടെ ഗര്‍വ്വും ധാര്‍ഷ്ഠ്യവും എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് അഴിഞ്ഞാടുന്നതാണ് കേരള ജനത അടുത്തകാലത്ത് കണ്ടത്. ഈ അടുത്തദിവസം ഒരു കോടതിവിധി പുറത്തുവന്നപ്പോള്‍ അത് ഇഷ്ടപ്പെടാതെപോയ സി.പി.എം. നേതാവ് ജഡ്ജിയെ 'ശുംഭന്‍' എന്ന് വിളിക്കുകയും അസഭ്യവര്‍ഷങ്ങള്‍ ചൊരിയുകയും ചെയ്തത് അസഹിഷ്ണുതയുടെ ഏറ്റവും ഹീനവും പ്രാകൃതവുമായ പ്രതികരണമായിരുന്നു. പാര്‍ട്ടിയുടെ ഇപ്പോഴത്തെ സാംസ്കാരികനിലവാരത്തിന്റെ പ്രതിഫലനമാണത്. അഴിമതി സി.പി.എമ്മിന്റെ മറ്റൊരു ദുര്‍മുഖമാണ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയ്ക്ക് സി.പി.എം. സംസ്ഥാന സെക്രട്ടറി തന്നെ കോടതിക്കൂട്ടില്‍ നില്‍ക്കുകയാണല്ലോ. മോന്തായം വളഞ്ഞാല്‍ കഴുക്കോലുകളൊക്കെ വളയും എന്ന ചൊല്ലുപോലെ നേതാക്കളുടെ അഴിമതി അണികള്‍ക്കും ആ വഴിക്കു പോകാന്‍ പ്രേരണയും പ്രോത്സാഹനവുമായി മാറുന്നു.കേരളത്തില്‍ എഴുത്തുകാരുടെയും മാധ്യമങ്ങളുടെയും ഉദാരമായ പരിലാളനമേറ്റ് വളര്‍ന്നതാണ് മാര്‍ക്സിസ്റ്റുപാര്‍ട്ടിയും അതിന്റെ നേതാക്കളും. നേതാക്കള്‍ക്ക് കിട്ടിയ പരിവേഷത്തിലും പാര്‍ട്ടിക്കു ലഭിച്ച തിളക്കത്തിലും എഴുത്തുകാരുടെ വലിയ സംഭാവനയുണ്ട്. സാഹിത്യ-കലാസൃഷ്ടികള്‍ കമ്യൂണിസത്തെ മലയാളികളുടെ മനസ്സില്‍ എത്തിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. എന്നാല്‍, ഇപ്പോള്‍ ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ലേഖനങ്ങളും മറ്റ് സാഹിത്യസൃഷ്ടികളുമൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായുള്ള രൂക്ഷവിമര്‍ശനങ്ങളാണ്. സി.പി.എമ്മിന്റെ വഴിപിഴച്ചപോക്കും നേതാക്കളുടെ സ്വകാര്യതാല്‍പര്യങ്ങളുടെ വിളയാട്ടവും ഒക്കെയാണ് നിശിതവിമര്‍ശനത്തിന് വിധേയമാകുന്ന വിഷയങ്ങള്‍. ഇവയൊക്കെ സി.പി.എം. നേതാക്കളെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. അതിന്റെ പ്രകടനമാണ് മാധ്യമനിലപാടുകള്‍ക്കെതിരേ ഉയര്‍ത്തുന്ന രോഷം.സി.പി.എമ്മിനെ തകര്‍ക്കാന്‍ മാധ്യമങ്ങള്‍ ഒരു സിന്‍ഡിക്കേറ്റായി പ്രവര്‍ത്തിക്കുന്നുവെന്നത് പിണറായി വിജയന്‍ ആവര്‍ത്തിച്ച് ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഒരു ആക്ഷേപമാണല്ലോ. തെരഞ്ഞെടുപ്പു പരാജയത്തിലും മാധ്യമസിന്‍ഡിക്കേറ്റിന്റെ പങ്കാണ് പ്രധാനകാരണമായി സി.പി.എം. സെക്രട്ടറിയും കൂട്ടരും കണ്ടത്. നേരത്തേ പരാമര്‍ശിച്ച എഴുത്തുകാരിലും ഈ മാധ്യമപ്രവര്‍ത്തകരിലും ഭൂരിഭാഗം മുമ്പ് സി.പി.എമ്മിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗുണകാംക്ഷികളും സഹയാത്രികരും ഒക്കെ ആയിരുന്നവരാണ്. എന്തേ ഇപ്പോള്‍ അവര്‍ക്ക് മാറ്റം വരാന്‍? ജീര്‍ണ്ണതയും അപചയവുംകൊണ്ട് വികലവും വികൃതവുമായ കമ്യൂണിസത്തിന്റെ നേര്‍ക്കാഴ്ചയാണ് പിണറായിയും അച്യുതാനന്ദനും കൂട്ടരും ഇപ്പോള്‍ നമ്മുടെ മുന്നില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. (അവസാനിച്ചു) |
| < മുന്‍ പേജ് | അടുത്തത് > |
|---|

അഴിമതി മറ്റൊരു ദുര്‍മുഖം 
-°C 