ഇന്ത്യയെ അറിയാത്ത ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍-2
Imageസി.പി.എമ്മില്‍ യദുകുലവിനാശകാലം

തലേക്കുന്നില്‍ ബഷീര്‍

കോണ്‍ഗ്രസ്‌ വിരുദ്ധ രാഷ്ട്രീയത്തില്‍ നിന്ന്‌ വ്യത്യസ്തമായ നിലപാടു സ്വീകരിക്കാന്‍ സി.പി.എമ്മും കൂട്ടരും നിര്‍ബന്ധിതമായ ഒരു സന്ദര്‍ഭമാണ്‌ യു.പി.എ.യുടെ ആദ്യ ഗവണ്മെന്റിന്റെ കാലം.
 
2004 ലെ തെരഞ്ഞെടുപ്പിലേയ്ക്ക്‌ ബി.ജെ.പി. പോയത്‌ വലിയ പ്രതീക്ഷകളുമായാണ്‌. നല്ല ഭൂരിപക്ഷത്തോടെ തീര്‍ച്ചയായും അധികാരത്തിലേയ്ക്ക്‌ മടങ്ങിവരും എന്നാണ്‌ കരുതിയത്‌. എന്നാല്‍ കോണ്‍ഗ്രസ്‌ കൂടുതല്‍ സീറ്റുകള്‍ നേടുകയും എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അധികാരത്തിലേയ്ക്ക്‌ തിരിച്ചുവരുകയും ചെയ്തു. ഇടതുപാര്‍ട്ടികള്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയസാഹചര്യങ്ങളുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി ദീര്‍ഘകാലം കൊണ്ടുനടന്ന കോണ്‍ഗ്രസ്‌ വിരോധവും കോണ്‍ഗ്രസ്‌ വിരുദ്ധ രാഷ്ട്രീയവും മാറ്റിവച്ച്‌ കോണ്‍ഗ്രസുമായി സഹകരിക്കുവാന്‍ തയ്യാറായി. ഈ നിലപാടിനെ കോണ്‍ഗ്രസ്‌ സ്വാഗതം ചെയ്യുകയാണുണ്ടായത്‌.
 
ഗവണ്മെന്റുണ്ടാക്കാന്‍ ഇടതുപാര്‍ട്ടികളുടെ പിന്തുണ സ്വീകരിച്ചതും 'യു.പി.എ.' രൂപം കൊണ്ടതും 'കോമണ്‍ മിനിമം പ്രോഗ്രാം' അംഗീകരിച്ചതും ഒക്കെ അതിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ യു.പി.എ. ഭരണകാലയളവില്‍ വിചിത്രമായ ഒരു നിലപാടാണ്‌ സി.പി.എം. സ്വീകരിച്ചത്‌. നേട്ടങ്ങളുണ്ടാവുമ്പോള്‍ അതിന്‌ കാരണക്കാര്‍ തങ്ങളാണെന്ന്‌ വിളിച്ചുകൂവുകയും പ്രതിസന്ധികളുണ്ടാവുമ്പോള്‍ അതില്‍ പങ്കു ചേരാതെ സര്‍ക്കാരിന്‌ തലവേദന സൃഷ്ടിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ സമീപനം. രാഷ്ട്രീയ മുതലെടുപ്പായിരുന്നു ഉന്നം.

ഒടുവില്‍ ഇന്തോ-യു.എസ്‌. ആണവകരാര്‍ രൂപം കൊണ്ടപ്പോള്‍ തങ്ങളുടെ 43 (ഇടതുമുന്നണിക്ക്‌ 60) എം.പി.മാരുടെ ബലത്തില്‍ ഗവണ്മെന്റിനെ മറിച്ചിടുകയോ അല്ലെങ്കില്‍ വരുതിയില്‍ വരുത്തുകയോ ചെയ്ത്‌ തങ്ങളുടെ രാഷ്ട്രീയാധിപത്യം ഉറപ്പിക്കാം എന്ന്‌ അവര്‍ കരുതി.

 

മനക്കോട്ട കെട്ടി മലപോലെ ഉയര്‍ത്തിക്കൊണ്ടുവന്ന്‌ സി.പി.എം. കളിച്ച കളികള്‍, പക്ഷേ പൊളിഞ്ഞുപോയി.ഗവണ്മെന്റ്‌ ശക്തമായി മുന്നോട്ടുപോയി. ആണവകരാറിന്റെ പേരില്‍ ബി.ജെ.പി.യുമായി ചേര്‍ന്ന്‌ വോട്ടു ചെയ്ത്‌ ഗവണ്മെന്റിനെ അട്ടിമറിക്കാനാണ്‌ സി.പി.എം. ശ്രമിച്ചത്‌. ബി.ജെ.പി.യുമായി തൊട്ടുകൂടായ്മ പറയുന്ന സി.പി.എമ്മിന്‌ ബി.ജെ.പി.യുമായി കൂടാന്‍ ഒട്ടും മനസ്സാക്ഷിക്കുത്തുണ്ടായില്ല.ഇക്കഴിഞ്ഞ ദിവസം, അഖിലേന്ത്യാഹര്‍ത്താലിന്‌ ഒന്നിച്ച്‌ അണിചേരാനും സി.പി.എമ്മിന്‌ മടിയുണ്ടായില്ല. മൂന്നാം മുന്നണി മിഥ്യയായിമാറുകയും കോണ്‍ഗ്രസ്‌ കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുന്ന ഈ കാലയളവില്‍ എഴുപത്തേഴിലും എണ്‍പത്തൊമ്പതിലും പയറ്റിയ ബി.ജെ.പി.യുമായുള്ള പരോക്ഷബാന്ധവതന്ത്രം സി.പി.എം. സ്വീകരിക്കും.

 

അതിന്റെ സൂചനകളാണ്‌ നാം കാണുന്നത്‌.ഇന്ത്യയില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി എന്നാല്‍ സി.പി.എം. എന്നുതന്നെ കരുതണം. ആ സി.പി.എമ്മിന്റെ സ്ഥിതി ആരെയും അതിശയിപ്പിക്കുന്നതാണ്‌. നഗ്നമായ പ്രത്യയശാസ്ത്രവ്യതിയാനങ്ങള്‍, കൊടികുത്തിവാഴുന്ന വിഭാഗീയത, അസഹിഷ്ണുതയും ധിക്കാരവും നിറഞ്ഞ നേതൃത്വം, ജനങ്ങളെ വിസ്മരിച്ചുകൊണ്ടുള്ള വിചിത്രനിലപാടുകള്‍, ആരെയും അത്ഭുതപ്പെടുത്തുന്ന കരണം മറിച്ചിലുകള്‍. അങ്ങനെപോകുന്നു പാര്‍ട്ടിയുടെ ഘടനയും സ്വഭാവവും. ഒരു വര്‍ഗ്ഗസംഘടനയെന്ന അസ്തിത്വം സി.പി.എമ്മിന്‌ എന്നേ നഷ്ടപ്പെട്ടിരിക്കുന്നു.

 

കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ ആവേശകരമായ പോരാട്ടങ്ങളുടെ ഒരു ഭൂതകാലമുണ്ട്‌ എന്നത്‌ ആര്‍ക്കും നിഷേധിക്കാനാവില്ല. ആ പോരാട്ടത്തിലെ രാഷ്ട്രീയാംശ നിലപാടുകളോട്‌ ഒരു വലിയ ജനവിഭാഗത്തിന്‌ വിയോജിപ്പ്‌ അന്നുമുണ്ടായിരുന്നു. ഇന്നുമുണ്ട്‌. എന്നാല്‍ സംഭവങ്ങള്‍ ചരിത്രത്തിലെ വസ്തുതകളായി നിലനില്‍ക്കുന്നു. അന്ന്‌ അധികാരത്തിനും ചൂഷണത്തിനുമെതിരേ സംഘടിക്കുകയും പോരാടുകയും ചെയ്ത പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ നേതൃത്വത്തിനെതിരേ ഉയര്‍ന്നുവന്നിരിക്കുന്ന കലാപങ്ങള്‍ ശ്രദ്ധേയമായ ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു. പുതിയ മാര്‍ക്സിസ്റ്റുപാര്‍ട്ടികള്‍ പിറക്കുകയും, സി.പി.എം. വിട്ടുപോയവരും പുറത്താക്കപ്പെട്ടവരും മാര്‍ക്സിസ്റ്റ്‌ പൊതുവേദികള്‍ക്ക്‌ രൂപം നല്‍കുകയും ചെയ്യുന്നു.

 

പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിനെതിരേ അവരുടെ ശബ്ദം ഉയരുമ്പോള്‍ അവര്‍ക്കെതിരേ നേതൃത്വത്തിന്റെ തിട്ടൂരങ്ങളും ശകാരങ്ങളും ഉയരുന്നു. പിണറായി വിജയന്റെ 'കുലംകുത്തികള്‍' എന്ന പ്രയോഗം സവിശേഷശ്രദ്ധയാകര്‍ഷിച്ചത്‌ അടുത്ത നാളുകളിലാണ്‌. 'കുലംകുത്തി'കളുടെ എണ്ണം പെരുകുക മാത്രമല്ല പാര്‍ട്ടിഗ്രാമങ്ങളില്‍പോലും മാറ്റത്തിന്റെ ഉഷ്ണക്കാറ്റ്‌ ശക്തിയോടെ വീശുന്ന സ്ഥിതിവിശേഷവും ഉണ്ടായിരിക്കുന്നു.
വിമതരും കലാപകാരികളും മുഖ്യമായും വിമര്‍ശിക്കുന്നത്‌ നേതൃത്വത്തിന്റെ പ്രത്യയശാസ്ത്രത്തില്‍നിന്നും ഉള്ള വ്യതിയാനത്തെയാണ്‌. ചെങ്ങറ സമരത്തോയുള്ള സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും സമീപനം ഏറെ വിമര്‍ശിക്കപ്പെട്ടു.
(തുടരും)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls