ഇന്ത്യയെ അറിയാത്ത ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍

Imageതലേക്കുന്നില്‍ ബഷീര്‍

ഞാന്‍ കോണ്‍ഗ്രസ്സുകാരനാണ്‌. എന്നാല്‍ ഒരു കമ്യൂണിസ്റ്റ്‌ വിരുദ്ധനല്ല എന്നു കൂടി പറയണം. അങ്ങിനെയാവരുതെന്ന്‌ എനിക്ക്‌ മാര്‍ഗ്ഗദര്‍ശനം നല്‍കിയതും കോണ്‍ഗ്രസ്‌ തന്നെയാണ്‌. അല്‍പം കൂടി വ്യക്തമാക്കിയാല്‍ പണ്ഡിറ്റ്ജിയെപ്പോലുള്ള കോണ്‍ഗ്രസ്‌ നേതാക്കളാണ്‌.
 നെഹ്‌റു തന്റെ റഷ്യാസന്ദര്‍ശനത്തെക്കുറിച്ചും അവിടുത്തെ പഞ്ചവത്സരപദ്ധതികളടക്കമുള്ള പരിപാടികളെക്കുറിച്ചുമൊക്കെ എഴുതിയിരുന്നു. അവയൊക്കെ ഇന്ത്യയ്ക്ക്‌ സ്വീകാര്യമാണെന്നും അവയില്‍നിന്ന്‌ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അതോടൊപ്പം കമ്യൂണിസ്റ്റ്‌ മാര്‍ഗത്തോടുള്ള വിയോജിപ്പും പണ്ഡിറ്റ്ജി അടിവരയിട്ട്‌ ബോദ്ധ്യപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ഏതാനും പേജുകള്‍ മാത്രമുള്ള അക്കാലത്ത്‌ പ്രസിദ്ധീകരിക്കപ്പെട്ട 'അടിസ്ഥാനസമീപനം' എന്ന രേഖ ഇക്കാര്യത്തില്‍ വിലപ്പെട്ട ഒരു മാര്‍ഗദര്‍ശനരേഖയായി ഞാന്‍ കരുതുന്നു. അപ്പോഴും ഇപ്പോഴും. കോണ്‍ഗ്രസുകാര്‍ മാത്രമല്ല, കമ്യൂണിസ്റ്റുകാരും വായിച്ചിരിക്കേണ്ട ഒരു പ്രസിദ്ധീകരണമാണിത്‌.
 

മാര്‍ക്സിസം-ലെനിനിസം ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രഗതിയെ ഗണ്യമായി സ്വാധീനിച്ച ചിന്താപദ്ധതിയാണെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. എന്നാല്‍, കമ്യൂണിസത്തിന്റെ പതനവും ആ നൂറ്റാണ്ടുകണ്ട നിര്‍ണ്ണായകസംഭവമായിരുന്നു. സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയും റുമേനിയ, ചെക്കോസ്ലോവാക്യ, അല്‍ബേനിയ തുടങ്ങിയ മറ്റു കമ്യൂണിസ്റ്റുരാഷ്ട്രങ്ങളില്‍ ആഞ്ഞടിച്ച പ്രതിസന്ധിയും ഒക്കെ ആധുനിക ചരിത്രാദ്ധ്യായങ്ങള്‍. ലോക കമ്യൂണിസത്തിന്റെ തകര്‍ച്ചയും ശൈഥില്യവും ഒക്കെ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. ലോക കമ്യൂണിസത്തില്‍ നിന്ന്‌ ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലേയ്ക്ക്‌ വരാം.

 

1920 ല്‍ താഷ്കെന്റില്‍ യോഗം ചേര്‍ന്നാണ്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ രൂപം നല്‍കിയത്‌. 1939 അവസാനം തലശ്ശേരിക്കടുത്തുള്ള പിണറായിയില്‍വച്ച്‌ കേരളത്തിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ രൂപം നല്‍കിയതായി കാണുന്നു. എട്ട്‌-ഒന്‍പത്‌ പതിറ്റാണ്ടുകള്‍ പിന്നിടുന്ന കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ വളര്‍ച്ചയും തളര്‍ച്ചയും കൗതുകകരമായ ഒരു വിശകലനവിഷയമാണ്‌.വളര്‍ച്ചയുടെ കാര്യത്തിലായാലും ജനപിന്തുണയുടെ കാര്യത്തിലായാലും അത്യന്തം നിരാശനിറഞ്ഞ ഒരു ചരിത്രമാണ്‌ ഇന്ത്യയിലെ കമ്യൂണിസ്റ്റു പാര്‍ട്ടി ഇപ്പോള്‍ കാഴ്ച വയ്ക്കുന്നത്‌. 1951 ലെ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോള്‍ കമ്യൂണിസ്റ്റ്പാര്‍ട്ടിക്ക്‌ ഏഴു സംസ്ഥാനങ്ങളില്‍ നിന്നായി 18 അംഗങ്ങളുണ്ടായിരുന്നു. അപ്പോള്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ (ഏഴ്‌) കിട്ടിയത്‌ ആന്ധ്രയില്‍ നിന്നായിരുന്നു.

 

1957 ല്‍ ഏഴു സംസ്ഥാനങ്ങളില്‍ നിന്നായി 27 അംഗങ്ങള്‍ ജയിച്ചു. അപ്പോഴും മുഖ്യപ്രതിപക്ഷസ്ഥാനം നിലനിര്‍ത്താന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ കഴിഞ്ഞു. ആ പദവി പിന്നീട്‌ നഷ്ടമായി. 2004 ലെ ലോകസഭാ തെരഞ്ഞെടുപ്പിലാണ്‌ സി.പി.എം. ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചത്‌ 43 എം.പി.മാര്‍. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത്‌ 15 ആയി കുറഞ്ഞു. സി.പി.ഐ.ക്ക്‌ 10 ല്‍ നിന്ന്‌ 5 ആയി. അരനൂറ്റാണ്ടു പിന്നിടുമ്പോഴും കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ വോട്ടുവിഹിതത്തില്‍ കാര്യമായ വര്‍ദ്ധന ഉണ്ടായിട്ടില്ല. ഏറ്റവും കൂടുതല്‍ എം.പി.മാരെ ലഭിച്ച 2004 ലെ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്‌ ലഭിച്ചത്‌ അഞ്ചുശതമാനം വോട്ടുമാത്രമാണ്‌. ഇത്തവണ സി.പി.എം. മത്സരിച്ച 80 സീറ്റുകളില്‍ 16 എണ്ണമേ ജയിച്ചുള്ളു.

 

കേരളത്തില്‍ നിന്ന്‌ നാലും ത്രിപുരയില്‍ നിന്ന്‌ രണ്ടും തമിഴ്‌നാട്ടില്‍ നിന്ന്‌ ഒന്നും. 32 സീറ്റില്‍ മത്സരിച്ച പശ്ചിമബംഗാളില്‍ ലഭിച്ചത്‌ ഒന്‍പതു സീറ്റുകള്‍ മാത്രം. 57 സീറ്റില്‍ മത്സരിച്ച സി.പി.ഐ.ക്ക്‌ കിട്ടിയത്‌ നാലെണ്ണം. കേരളത്തില്‍ ശൂന്യം. ബംഗാളില്‍ രണ്ടും ഒറീസ്സ, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളില്‍ ഓരോന്നും. 1996 മുതല്‍ ലോകസഭയില്‍ മൂന്നാമത്തെ വലിയഗ്രൂപ്പായിരുന്ന ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ എട്ടാം സ്ഥാനത്തേക്കു കൂപ്പുകുത്തി.
സി.പി.എമ്മിന്‌ കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ ലഭിച്ചത്‌ അഞ്ചുശതമാനം വോട്ടുമാത്രമാണ്‌. അരനൂറ്റാണ്ടു പിന്നിട്ടിട്ടും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വോട്ടുവിഹിതത്തില്‍ കാര്യമായ വര്‍ദ്ധന ഉണ്ടായിട്ടില്ല. പാര്‍ട്ടിയുടെ സ്വാധീനമേഖല നന്നേ ചുരുങ്ങുകയും ചെയ്തു.

 

ലോക്സഭാതെരഞ്ഞെടുപ്പിനു ശേഷം ബംഗാളിലും കേരളത്തിലും നടന്ന പഞ്ചായത്ത്‌-നഗരസഭാ തെരഞ്ഞെടുപ്പുകള്‍, നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ എന്നിവയിലെല്ലാം സി.പി.എം. പൊളിഞ്ഞു പാളീസായി എന്നതും ഓര്‍ക്കേണ്ടതുണ്ട്‌.ബംഗാളില്‍ സി.പി.എമ്മിന്റെ ഉരുക്കുകോട്ടകളില്‍ വിള്ളലുകള്‍ വീണിരിക്കുന്നു. 32 കൊല്ലമായി അവിടെ തുടരുന്ന സി.പി.എം. ഭരണത്തിന്‌ യവനിക വീഴാറായി എന്ന്‌ എല്ലാ രാഷ്ട്രീയനിരീക്ഷകരും കണക്കുകൂട്ടുന്നു.കേരളത്തില്‍ ഇടതുമുന്നണി ജനങ്ങളില്‍ നിന്ന്‌ ഏറ്റുവാങ്ങിയത്‌ കടുത്ത പ്രഹരമാണ്‌. ഇരുപതു ലോക്സഭാസീറ്റുകളില്‍ പതിനാറെണ്ണത്തിലും അവര്‍ തോറ്റമ്പി. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌. 98 സീറ്റുകളില്‍ ജയിച്ച്‌ അധികാരത്തിലേറിയെങ്കില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വോട്ടുകള്‍ 40 സീറ്റുകളിലായി ചുരുങ്ങി.

 

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ സി.പി.എമ്മിന്റെ സ്ഥാനമെന്ത്‌ എന്ന്‌ ഈ ചിത്രം വ്യക്തമാക്കുന്നു. കമ്യൂണിസത്തിന്റെ പ്രസക്തി എന്തെന്നും.കോണ്‍ഗ്രസിനെതിരെ എന്നതായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ സൈദ്ധാന്തിക സമീപനം. ആരുമായി ചേര്‍ന്നും കോണ്‍ഗ്രസിനെ തോല്‍പ്പിക്കുക എന്നതായിരുന്നു അവരുടെ രാഷ്ട്രീയ നിലപാട്‌. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായും ചേരും എന്നതായിരുന്നല്ലോ ഇ.എം.എസ്സിന്റെ സിദ്ധാന്തം. കഴിഞ്ഞ കാലങ്ങളില്‍ ഈ കുവിദിത സിദ്ധാന്തം തന്ത്രപരമായി പ്രയോഗത്തില്‍ വരുത്തുകയാണ്‌ സി.പി.എം. നേതാക്കള്‍ ചെയ്തിട്ടുള്ളത്‌. പല ഘട്ടങ്ങളിലും ബി.ജെ.പി.യുമായി ചേര്‍ന്നത്‌ അത്തരം ഒരു നീക്കമായിരുന്നു. ഇപ്പോള്‍ ഇതാ, ആ ബന്ധം വീണ്ടും വീണ്ടും അരങ്ങേറാനുള്ള അണിയറ ഒരുക്കങ്ങളാണ്‌ നടക്കുന്നത്‌.

 

ബി.ജെ.പി.യുമായി സി.പി.എം. കൈകോര്‍ക്കുന്നത്‌, ഇത്‌ ആദ്യമല്ലെന്ന്‌ എല്ലാവര്‍ക്കുമറിയാം. 1977 ല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഒത്തുചേര്‍ന്ന 'ചെകുത്താന്മാരില്‍' ഇടതുപക്ഷത്തിന്റെ ഇടത്തേ അറ്റത്ത്‌ നില്‍ക്കുന്നു എന്ന്‌ അവകാശപ്പെടുന്ന സി.പി.എമ്മിനോടൊപ്പം വലതുപക്ഷത്തിന്റെ വലത്തേ അറ്റത്തുനില്‍ക്കുന്ന ജനസംഘവുമുണ്ടായിരുന്നു. സി.പി.എം. പിന്താങ്ങിയ മൊറാര്‍ജി ദേശായി ഗവണ്മെന്റിലാണ്‌ ആദ്യമായി വാജ്പേയിയും അദ്വാനിയും കേന്ദ്രമന്ത്രിമാരാകുന്നത്‌. അന്ന്‌ കേരളനിയമസഭയില്‍ പ്രതിപക്ഷനേതാവായിരുന്ന ഇ.എം.എസ്‌. സഭയിലും പുറത്തും രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെയാണ്‌ ആ ഗവണ്മെന്റിനും ആ രാഷ്ട്രീയ സഖ്യത്തിനും വേണ്ടി വാചാലനായത്‌.

 

വാജ്പേയിയുടെ രഥയാത്രയ്ക്ക്‌ പശ്ചിമബംഗാളിലൂടെ കടന്നുപോകാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. അതിന്‌ ഒരു പ്രതീകാത്മകസ്വഭാവമുണ്ടെന്നുള്ളതു കൊണ്ടാണ്‌ ഇവിടെ പരാമര്‍ശിക്കുന്നത്‌.'89 ലെ ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ്‌, വി.പി. സിംഗ്‌ പ്രധാനമന്ത്രിയാകുന്നതും ഗവണ്മെന്റുണ്ടാകുന്നതും ഒരു വശത്ത്‌ നിന്ന്‌ ബി.ജെ.പി.യും മറുവശത്തുനിന്ന്‌ സി.പി.എം. അടക്കമുള്ള ഇടതുപക്ഷകക്ഷികളും ഒന്നുപോലെ പിന്തുണച്ചതു കൊണ്ടാണ്‌. അതിലൊന്നും കമ്യൂണിസ്റ്റുകള്‍ക്ക്‌ പ്രത്യയശാസ്ത്രഭംഗത്തിന്റെയോ, ആദര്‍ശഭംഗത്തിന്റെയോ ഒന്നും പ്രശ്നമുദിക്കുന്നുണ്ടായിരുന്നില്ല. കോണ്‍ഗ്രസ്‌ തോല്‍ക്കണം; തൊഴിലാളിവര്‍ഗ്ഗവിപ്ലവവും കമ്യൂണിസ്റ്റ്‌ വ്യവസ്ഥിതിയുടെ സ്ഥാപനവുമൊക്കെ അതിലാണിരിക്കുന്നത്‌! കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ എല്ലാ പാര്‍ട്ടികളും ഒത്തുചേര്‍ന്ന ചരിത്രമാണുള്ളത്‌.

 

എല്ലാ സൈദ്ധാന്തിക നിലപാടുകളും മാറ്റിവച്ച്‌ വലതും ഇടതുമൊക്കെ കോണ്‍ഗ്രസിനെതിരേ കോര്‍ത്തുനിന്നിട്ടുണ്ട്‌. 1967, 77, 89, 96 എന്നീ ലോക്സഭാ തെരഞ്ഞെടുപ്പു സഖ്യങ്ങളും കൂട്ടായ്മകളും പ്രത്യേകം ഓര്‍ക്കാവുന്നതാണ്‌.
ബി.ജെ.പി.യെ വളര്‍ത്തിയതില്‍ സി.പി.എമ്മിന്റെയും കൂട്ടരുടെയും കോണ്‍ഗ്രസ്‌ വിരുദ്ധരാഷ്ട്രീയത്തിനു വലിയ പങ്കുണ്ട്‌. ഏഴാം ലോക്സഭയില്‍ രണ്ട്‌ അംഗങ്ങള്‍ മാത്രം ഉണ്ടായിരുന്ന ബി.ജെ.പി.യെ 1989 ല്‍ 86 അംഗങ്ങളിലേയ്ക്ക്‌ വളര്‍ത്തിയത്‌ ആ രാഷ്ട്രീയമായിരുന്നു. അന്ന്‌ വി.പി. സിംഗിന്റെ ഗവണ്മെന്റിനെ ബി.ജെ.പി.യും ഇടതുപാര്‍ട്ടികളും ഒരുപോലെ പിന്തുണച്ചു.

 

ബി.ജെ.പി. ബാന്ധവത്തില്‍ പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെട്ടുവെന്ന്‌ തോന്നിയ ഒരു ഘട്ടത്തിലാണ്‌ ഒരേ സമയം കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരേ എന്ന സിദ്ധാന്തവുമായി സി.പി.എം. രംഗത്തു വന്നത്‌. മൂന്നാംമൂന്നണി നീക്കം അങ്ങനെയാണുണ്ടായത്‌. മൂന്നാംമൂന്നണി വെറും ചാപിള്ളയാണെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതിന്‌ യാതൊരു പ്രസക്തിയുമില്ലെന്നും തെളിയിക്കപ്പെട്ടു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls