| തീവ്രവാദം തലയ്ക്ക് മുകളില്‍; ജാഗ്രത കടലാസില്‍ - 7 |
|
ഭീകര സാന്നിധ്യം പലതും പൊലീസ് അവഗണിച്ചു 2005 ഏപ്രിലില്‍ മാലി ദീപ് സ്വദേശി ഇബ്രാഹിം ആസിഫ് എന്നയാള്‍ തിരുവനന്തപുരത്ത് പൊലീസ് പിടിയിലായി. ചോദ്യങ്ങള്‍ക്കെല്ലാം ഇംഗ്ലീഷില്‍ അനായാസം മറുപടി നല്‍കി. ഏറ്റവുമൊടുവില്‍ ഒരുവാചകം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. 'അക്രമങ്ങളില്‍ ഏര്‍പ്പെടുന്നത് ദൈവത്തിന്റെ വഴിയല്ല'. ഇയാളെ നന്നായി ചോദ്യം ചെയ്തു. ആറാം ദിവസം ആസിഫ് സത്യം വെളിപ്പെടുത്തി; "താന്‍ 'മാല്‍ഡിവിയന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പ്' അംഗമാണ്. സ്ഫോടകവസ്തുക്കള്‍ ഏറ്റവും എളുപ്പം കേരളത്തില്‍ ലഭിക്കും. മാലി ദ്വീപില്‍ ഒരു പള്ളി തകര്‍ക്കാനാണ് സ്ഫോടകവസ്തുക്കള്‍".ഇന്ന് ദേശീയതലത്തില്‍ തീവ്രവാദികള്‍ ഉപയോഗപ്പെടുത്തുന്ന ഹൈടെക് സാധ്യതകളാണ് അന്നേ അയാള്‍ ഉപയോഗപ്പെടുത്തിയത്. ഇയാള്‍ സ്വന്തം സംഘാംഗങ്ങള്‍ക്ക് ഇ-മെയില്‍ സന്ദേശങ്ങള്‍ അയയ്ക്കാറുണ്ടായിരുന്നില്ല. പകരം തന്റെ മെയില്‍ അക്കൗണ്ടില്‍ തന്റെ തന്നെ സന്ദേശങ്ങളെ 'ഡ്രാഫ്റ്റാ'യി സേവ് ചെയ്യും. പൊതുവായ ഒരു പാസ്‌വേഡ് ഉപയോഗിച്ച് ആസിഫിന്റെ സന്ദേശങ്ങള്‍ സംഘാംഗങ്ങള്‍ തുറന്നു വായിക്കും.
1998-ലെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനപരമ്പരയ്ക്കുശേഷം സ്ഫോടന ആക്രമണശൈലിയില്‍ മാറ്റം വരുത്തിയ തീവ്രവാദികളുടെ 'ട്രാന്‍സിറ്റ് പോയിന്റാ'ണ് കേരളം. ദേശീയ-അന്തര്‍ദേശീയ തീവ്രവാദസംഘടനകളുമായി നിരന്തര ബന്ധം പുലര്‍ത്തുന്ന നിരവധി 'സ്ലീപ്പിങ്ങ് സെല്ലു'കള്‍ സംസ്ഥാനത്തുണ്ട്. ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലെ വനമേഖലകള്‍, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, കാസര്‍കോട്, കൊല്ലം ജില്ലകളിലെ തീരദേശം എന്നിവിടങ്ങളിലായി തീവ്രവാദികള്‍ താവളം കണ്ടെത്തുന്നതായാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരിക്കുന്നത്.
കേരളത്തിലെ തീവ്രവാദഗ്രൂപ്പുകള്‍ പഞ്ചാബ്, ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സമാന സംഘങ്ങളുമായി ബന്ധപ്പെടുകയും അവരില്‍ നിന്ന് പ്രവര്‍ത്തനശൈലിയും ആക്രമണതന്ത്രങ്ങളും സ്വായത്തമാക്കുകയും ചെയ്യുന്നുണ്ടെന്നതാണ് മറ്റൊരു വിവരം. പഞ്ചാബില്‍ തീവ്രവാദം ശക്തിപ്പെടുത്താന്‍ 1980-കളില്‍ പ്രധാനപങ്ക് വഹിച്ച ഐഎസ്‌ഐ പിന്നീട് കശ്മീരിലേക്കും അവിടെ നിന്ന് ബംഗാള്‍, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ദേശീയതലത്തില്‍ വ്യത്യസ്ത സംഘടനകളില്‍ സമാനമായ ചില മാതൃകകള്‍ അവര്‍ മുന്നോട്ടുവെക്കുന്നതായി രഹസ്യാന്വേഷണവിഭാഗങ്ങള്‍ കരുതുന്നു.
ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഓള്‍ ഇന്ത്യാ സിഖ് ഫെഡറേഷന്‍, ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ് എന്നീ സംഘടനകളാണ് തീവ്രവാദ പ്രവര്‍ത്തനരംഗത്ത് പഞ്ചാബില്‍ ഇപ്പോഴും സജീവമായിട്ടുള്ളത്. ഇന്ത്യയില്‍ കൊടുംഭീകരരുടെ പട്ടികയിലുള്ള ബബ്ബര്‍ ഖല്‍സ ഇന്റര്‍ നാഷണല്‍ തലവന്‍ വാധ്വാസിങ് ഐഎസ്‌ഐയുടെ സംരക്ഷണയില്‍ ലാഹോറിലാണ്. ഇവരുടെ സിഖ് തീവ്രവാദസംഘടനകളുമായി കേരളത്തിലെ ചില ഗ്രൂപ്പുകള്‍ക്ക് ബന്ധമുണ്ട്. ഇന്ത്യയുമായി 4,098 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ബംഗ്ലാദേശില്‍ നിന്നുള്ള തീവ്രവാദികള്‍ ബംഗാളില്‍ ചുവടുറപ്പിച്ചിട്ട് കാലമേറെയായി. ഈ മേഖലയില്‍ നിന്നുള്ളവര്‍ പെരുമ്പാവൂര്‍, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ തോട്ടം മേഖലയില്‍ വലിയ കൂട്ടായ്മകളാണ് ഉണ്ടാക്കിയിരിക്കുന്നത്.
ബംഗാളില്‍ നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന തൊഴിലാളികളില്‍ പലരും ബ്ലംഗ്ലാദേശികളാണ്. അനധികൃതമായി കുടിയേറിയവര്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം ബംഗാള്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കിയതോടെ ഇവര്‍ ബംഗാളികളാവുകയായിരുന്നു. കുറഞ്ഞകൂലിക്ക് തൊഴില്‍ ചെയ്യാന്‍ ആളെക്കിട്ടുമെന്ന അത്യാഗ്രഹത്തിലാണ് കേരളം ബംഗാളികളെ ഇറക്കുമതി ചെയ്യുന്നത്. ഇവരുടെ പൂര്‍വ്വചരിത്രമോ മറ്റ് പ്രവര്‍ത്തനശൈലികളോ തിരിച്ചറിയാതെ സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു. ഇത് വരും കാലങ്ങളില്‍ കേരളത്തിന് തന്നെ ഭീഷണിയാകുമെന്നുറപ്പാണ്.
'സിമി' നിരോധനത്തിനുശേഷം തമിഴ് നാട്ടില്‍ സംഭവിച്ച സംഘടനാപരമായ പുനര്‍വിന്യാസം കേരളത്തിലും തീവ്രവാദിഗ്രൂപ്പുകള്‍ അതേ രീതിയില്‍ നടപ്പാക്കി. 'സിമി' നിരോധനത്തിനുശേഷം തമിഴ് നാട്ടിലെ പഴയ നേതാക്കളില്‍ പലരും ധര്‍മസ്ഥാപനങ്ങളും സന്നദ്ധസംഘടനകളുമാണ് രൂപീകരിച്ചത്. ധര്‍മസ്ഥാപനങ്ങള്‍ (ആംബുലന്‍സ്, ചികിത്സാസഹായം, പഠനച്ചെലവ്), സാംസ്കാരികം (പ്രസിദ്ധീകരണം, ദലിതന്യൂനപക്ഷ- മനുഷ്യാവകാശം), 'ദഅ്‌വ' പ്രവര്‍ത്തനം (മതപ്രചാരണം) എന്നിങ്ങനെ വിവിധ സംഘടനകള്‍ 'സിമി' നിരോധനാനന്തരം തമിഴ്‌നാട്ടില്‍ രൂപം കൊണ്ടപ്പോള്‍ കേരളത്തിലും സന്നദ്ധ സാംസ്കാരിക ധര്‍മസ്ഥാപനങ്ങളുടെ വേലിയേറ്റമുണ്ടായി. മലബാറില്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് പത്തിലധികം സംഘടനകളാണ് രൂപപ്പെട്ടത്.
വിവിധ തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതില്‍ ഇത്തരം സംഘടനകള്‍ക്കും നേതാക്കള്‍ക്കും പങ്കുണ്ടെന്ന സംശയത്തിലാണ് സംസ്ഥാന ഇന്റലിജന്‍സ് ഒടുവില്‍ എത്തിയിരിക്കുന്നത്. 'ശാന്തസുന്ദരമായ കേരളം' എന്ന് പരമ്പരാഗതമായി വിശ്വസിപ്പിച്ചുവരുന്നതുകൊണ്ട് പൊലീസിന് യഥാസമയം പലതിനോടും സംശയം പുലര്‍ത്താന്‍ പൊലും സാധിച്ചില്ല. ഇവിടെ സംഭവിക്കുന്നതൊന്നും യാദൃച്ഛികമല്ല. എന്നാല്‍ ഇതൊന്നും കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല എന്നതിലാണ് ദുരൂഹത. ഊഹാപോഹങ്ങളല്ലാതെ വസ്തുനിഷ്ഠമായ ഒരു വിവരവും പൊലീസിനു പറയാനില്ല. ഇതാണു കേരളത്തിന്റെ മണ്ണില്‍ തീവ്രവാദികള്‍ വേരുപ്പുറപ്പിക്കുന്നതിനു കാരണം. ഒരു കേസിലും അന്വേഷണങ്ങള്‍ യഥാര്‍ഥ പ്രതികളിലെത്തുന്നില്ല.
ഇന്‍റലിജന്‍സും സ്പെഷ്യല്‍ബ്രാഞ്ചും യഥാസമയം ഒന്നും മണത്തറിയുന്നില്ല. അഥവാ അറിഞ്ഞതിന്റെ ഫലമില്ല. അറിഞ്ഞു റിപ്പോര്‍ട്ടു നല്‍കിയാലും ഉന്നത ഉദ്യോഗസ്ഥരോ ഭരണ നേതൃത്വമോ ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കില്ല. ഇവിടെയും വോട്ടിലാണു കണ്ണ്. ഇക്കാര്യങ്ങള്‍ സുരക്ഷിത താവളങ്ങള്‍ തേടി നടക്കുന്ന തീവ്രവാദികള്‍ക്കും നന്നായി അറിയാം.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

നിസാര്‍ മുഹമ്മദ് 
-°C 