തീവ്രവാദം തലയ്ക്ക്‌ മുകളില്‍; ജാഗ്രത കടലാസില്‍ - 6
Imageകള്ളപ്പണക്കടത്തിനും കള്ളക്കടത്തിനും കസ്റ്റംസ്‌ ഒത്താശ

നിസാര്‍ മുഹമ്മദ്‌

കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പണമെത്തുന്ന വഴികളിലൊന്ന്‌ ഗള്‍ഫില്‍ നിന്നുവരുന്ന ചില മലയാളികളാണെന്ന്‌ ഇന്റലിജന്‍സ്‌ ബ്യൂറോയ്ക്ക്‌ വിവരം ലഭിച്ചിട്ടുണ്ട്‌.
 
തീവ്രവാദവുമായി ഇവര്‍ക്ക്‌ നേരിട്ട്‌ ബന്ധമില്ല. വളരെ ആസൂത്രിതമായി ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക്‌ വരുന്ന മലയാളികളെ പണമെത്തിക്കാന്‍ മാത്രം ഉപയോഗപ്പെടുത്തുകയാണ്‌.നാട്ടിലെത്തുന്ന മലയാളികളുടെ പാസ്പോര്‍ട്ടിന്റെ കോപ്പി ചില ഏജന്‍റുമാര്‍ വാങ്ങും. തങ്ങള്‍ക്കോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലുമോ വിദേശത്തുനിന്നും ഏതെങ്കിലും സാധനം വരുത്തേണ്ടതുണ്ടെന്നും നാട്ടിലെത്തിയ പാസ്പോര്‍ട്ടിന്റെ കോപ്പി കിട്ടിയാല്‍ പാസ്പോര്‍ട്ട്‌ ഉടമയുടെ പാഴ്സലായി അയാള്‍ വന്നിടത്തു നിന്നും നാട്ടിലേക്കു വരുത്താന്‍ കഴിയുമെന്നും വിശ്വസിപ്പിക്കും. ചെറിയ തുക പ്രതിഫലവും നല്‍കും. ഇത്തരത്തില്‍ സംഘടിപ്പിക്കുന്ന പാസ്പോര്‍ട്ടിന്റെ കോപ്പി ഗള്‍ഫിലേക്കു ഫാക്സ്‌ ചെയ്യും.
 
അവിടെനിന്നും ലഗേജായി പണമെത്തും. പിടിക്കപ്പെട്ടാല്‍ പാസ്പോര്‍ട്ടുടമ അകത്താകും. പണം അയയ്ക്കുന്നവനും സ്വീകരിക്കുന്നവനും സുരക്ഷിതര്‍.

ഏറ്റവും സുരക്ഷിതമായ മറ്റൊരു മാര്‍ഗം വിദേശ സാധനങ്ങളുടെ കടത്താണ്‌. സിഗരറ്റും മദ്യവും മൊബെയില്‍ ഫോണും വിലയേറിയ ഫോറിന്‍ ഉല്‍പന്നങ്ങളും അനധികൃതമായി കടത്തുകയും കേരളത്തിലെ മാര്‍ക്കറ്റില്‍ മൊത്തവിലയ്ക്കു വില്‍ക്കുകയുമാണ്‌ ഈ സംവിധാനത്തില്‍ ചെയ്യുന്നത്‌. ഒരു രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഈ മാര്‍ഗത്തിലൂടെ തീവ്രവാദികള്‍ സമ്പാദിക്കുന്ന പണത്തിനു തടയിടാന്‍ കഴിയില്ല. ഒന്നുരണ്ടുവര്‍ഷത്തിനിടെ ഇവര്‍ സ്വീകരിക്കുന്ന മറ്റൊരു മാര്‍ഗവും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്‌. മിനിറ്റുകള്‍ കൊണ്ടു വിദേശ രാജ്യങ്ങളില്‍ നിന്നും സ്വന്തം സ്ഥലത്തു പണമെത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയ സ്ഥാപനങ്ങള്‍ വഴിയാണിത്‌.

 

കശ്മീരില്‍ വെടിയേറ്റു മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്കു പണം ലഭിച്ചിരുന്നതും ഇത്തരം സ്ഥാപനങ്ങള്‍ വഴിയാണ്‌. തടിയന്റവിട നസീറും പണം അയച്ചിരുന്നതും സ്വീകരിച്ചിരുന്നതും ഈ സംവിധാനം വഴിയാണെന്നു തെളിഞ്ഞിട്ടുണ്ട്‌. എല്ലാ മാര്‍ഗങ്ങളിലും സഹായിക്കാന്‍ ഉദ്യോഗസ്ഥരുണ്ടെന്നുള്ളതാണ്‌ വാസ്തവം. പക്ഷേ, ആര്‍ക്കാണ്‌ ഈ പണമെത്തുന്നത്‌ എന്നറിയാതെയാണ്‌ അവരും സഹായിക്കുന്നത്‌. കുറച്ചുനാള്‍ മുമ്പ്‌ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിആര്‍ഐ ഒരു യാത്രക്കാരന്റെ ബാഗേജ്‌ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നു യാത്രക്കാരനെ വിളിച്ചുവരുത്താന്‍വേണ്ടി സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍്ര‍െപെസസിന്റെ ഗോഡൗണിലേക്കു ബാഗേജ്‌ മാറ്റി.

 

രണ്ടാം ദിവസം ബാഗേജ്‌ പരിശോധിക്കാന്‍ ഡിആര്‍ഐ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ബാഗേജിനുള്ളിലെ സാധനങ്ങള്‍ അപ്രത്യക്ഷമായിരുന്നു. ബാഗേജ്‌ കീറി സാധനങ്ങള്‍ കടത്തിയതായാണു കണ്ടെത്തിയത്‌. ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പോയതിനുശേഷം ഒരു ഉന്നത കസ്റ്റംസ്‌ ഉദ്യോഗസ്ഥന്‍ ഗോഡൗണില്‍ എത്തിയിരുന്നുവെന്നു തൊഴിലാളികളുടെ മൊഴികളില്‍ നിന്നു വ്യക്തമായിരുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏറ്റവും അധികം സുരക്ഷയുള്ള ഗോഡൗണില്‍ നിന്നാണു കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടതെന്നത്‌ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ചു. ഇതോടെ, ഉന്നത ഉദ്യോഗസ്ഥര്‍ക്ക്‌ ഈ സംഭവുമായി ബന്ധമുണ്ടെന്നു വ്യക്തമായി. എന്നാല്‍ ബാഗേജിനുള്ളില്‍ എന്തായിരുന്നുവെന്നതിന്‌ ഒരു തെളിവും കിട്ടിയില്ല. ഇപ്പോഴും ഈ സംഭവം ഡിആര്‍ഐ അന്വേഷിക്കുന്നു. ഇത്തരത്തിലുള്ള സഹായം ലഭിക്കുന്നതു കൊണ്ട്‌ തീവ്രവാദികളുടെ പ്രവര്‍ത്തനത്തിന്‌ അല്ലലില്ലാതെ പ്രവഹിക്കുന്നു.

 

ഇന്ത്യയില്‍ മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ആനുപാതികമല്ലാത്ത രീതിയില്‍ കേരളത്തില്‍ വിദേശപണം എത്തുന്നത്‌ എന്‍ഫോഴ്സ്മെന്റ്‌, റവന്യൂ ഇന്റലിജന്‍സ്‌ വിഭാഗങ്ങളെപ്പോലും അതിശയിപ്പിക്കുന്നു. ഇത്‌ വെറും 'ഗള്‍ഫ്‌ മണി' മാത്രമല്ലെന്നാണ്‌ സൂചന. 2001 ഒക്ടോബറില്‍ കോഴിക്കോട്ടെ ഒരു സംഘടനാ ഓഫീസില്‍ നടന്ന പൊലീസ്‌ റെയ്ഡില്‍, ആഴ്ചയില്‍ ഒരു ലക്ഷം സൗദി റിയാല്‍ വരെ ഇവര്‍ക്ക്‌ വിദേശത്തുനിന്ന്‌ ലഭിക്കുന്നതായി തെളിവു ലഭിച്ചു. 2006 ജൂണില്‍ 'സിമി' നിരോധനവുമായി ബന്ധപ്പെട്ട്‌ ജസ്റ്റിസ്‌ ബിഎന്‍ ചതുര്‍വേദി ട്രൈബ്യൂണലിന്‌ മുമ്പാകെ കേരളസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്‌ മുന്‍ 'സിമി' അംഗങ്ങള്‍ 12 സംഘടനകളിലായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌.

 

പശ്ചിമേഷ്യയില്‍ നിന്നും ഇവര്‍ക്ക്‌ ഫണ്ടുകള്‍ ലഭിക്കുന്നതായും സത്യവാങ്മൂലത്തിലുണ്ട്‌. 2000-2002 വര്‍ഷങ്ങളിലായി ഒരു നെറ്റ്‌ വര്‍ക്കിലൂടെ മാത്രം 708 കോടി രൂപയാണ്‌ ഹവാലാ ചാനല്‍ വഴി കേരളത്തിലെത്തിയത്‌. പ്രതിവര്‍ഷം 10,000 കോടി രൂപ ഹവാലാ ചാനലുകളിലൂടെ കേരളത്തില്‍ എത്തുന്നുണ്ട്‌. ലക്ഷക്കണക്കിന്‌ രൂപയുടെ അത്യാധുനിക ആയുധങ്ങളും. 2008 ഒക്ടോബര്‍ ഒന്‍പതിന്‌ 29 പിസ്റ്റള്‍, 30 റിവോള്‍വര്‍ എന്നിവയാണ്‌ കോഴിക്കോട്‌ വിമാനത്താവളത്തില്‍ പിടികൂടിയത്‌. ഇതിനുമുമ്പ്‌ 2006 ജനവരിയില്‍, 22 റൈഫിള്‍, 12 മാഗസിനുകള്‍, ട്രിഗര്‍ ലോക്കറുകള്‍, വെടിയുണ്ടകള്‍ എന്നിവ ഇവിടെ പിടിച്ചെടുത്തു. എവിടെ നിന്നാണ്‌ ഈ പണവും ആയുധങ്ങളും വന്നതെന്നും ആരാണ്‌ ഇവ അന്തിമമായി കൈപ്പറ്റുന്നതെന്നും ഇപ്പോഴും അജ്ഞാതമാണ്‌.

 

മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടക്കുന്ന തീവ്രവാദമാണ്‌ അന്വേഷണ സംഘത്തിന്‌ കിട്ടിയിരിക്കുന്ന പുതിയ വിവരം. പുറമേ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളാണ്‌ ഈ സംഘടനകളുടെ മുഖമുദ്ര. അപകടസ്ഥലങ്ങളിലും മറ്റും ഇവര്‍ ഓടിയെത്തും. പരിക്കേറ്റവരെയും മറ്റും ആശുപത്രിയിലെത്തിക്കും, രക്തം നല്‍കും, ശുശ്രൂഷിക്കും. സമൂഹത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിലും പ്രതികരിക്കുകയും പ്രതിഷേധിക്കുകയുമാണ്‌ മറ്റൊരു വഴി. ഇതോടെ ജനങ്ങളുടെ ഇടയില്‍ ഇവര്‍ നല്ല സ്വാധീനമുണ്ടാക്കുന്നു. കഴിഞ്ഞ കുറേവര്‍ഷങ്ങളിലായി ഇത്തരം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുമായി രംഗത്തുള്ള ചില ഹിന്ദു സംഘടനകളെയും ചില മുസ്ലിം സംഘടനകളെയും കുറിച്ചും അവരുടെ പ്രവര്‍ത്തനരീതികളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

 

ഈ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരുടെ മുഴുവന്‍ 'ഡീറ്റെയ്‌ല്‌സും' ശേഖരിച്ച്‌ ഫയലിലാക്കാന്‍ ആഭ്യന്തരവകുപ്പ്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

സംസ്ഥാനത്തെ ചില മനുഷ്യാവകാശ സംഘടനകള്‍ പ്രത്യേക താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ്‌ ദുരൂഹമാണെന്നും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞത്‌ ഇതേക്കുറിച്ചുളള വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌.
(തുടരും)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls