| തീവ്രവാദം തലയ്ക്ക് മുകളില്‍; ജാഗ്രത കടലാസില്‍ - 5 |
ധര്‍മ്മസ്ഥാപനങ്ങള്‍ വഴി കള്ളനോട്ട് ഒഴുകുന്നു നിസാര്‍ മുഹമ്മദ് ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയും റോയും നേരത്തെ കേരളത്തിലെ അന്വേഷണ സംവിധാനങ്ങളെക്കുറിച്ച് ഒരു സംശയം പ്രകടിപ്പിച്ചു. അത് കള്ളനോട്ട് കേസുകള്‍ പിന്തുടരുന്നതിലും അന്വേഷിക്കുന്നതിലുമുള്ള കഴിവിനെക്കുറിച്ചായിരുന്നു. കേരളത്തിലേക്ക് വന്‍തോതില്‍ വ്യാജകറന്‍സികള്‍ എത്തുന്നു. അറിഞ്ഞും അറിയാതെയും കേരളത്തില്‍ ഹവാലാ ഇടപാടുകള്‍ നടക്കുന്നു. എന്നാല്‍ ഇതേക്കുറിച്ചൊന്നും അന്വേഷണം ലക്ഷ്യപ്രാപ്തിയിലെത്തുന്നില്ല. എന്നിങ്ങനെയായിരുന്നു ഐബിയും റോയും സംശയം പ്രകടിപ്പിച്ചത്. എന്തായാലും കേരള പോലീസും സര്‍ക്കാരും ഒരു കാര്യം സമ്മതിക്കും. ഇവിടേക്കു വന്‍തോതില്‍ വ്യാജ കറന്‍സി കടത്തുന്നുണ്ട്. അറിഞ്ഞും അറിയാതെയും ഹവാല ഇടപാടുകള്‍ നടക്കുന്നു. എന്നാല്‍ ഒരിടത്തും ഒരന്വേഷണവുമില്ല. കണ്ടെത്തലുകളുമില്ല. ഈ പണം എവിടെ എങ്ങനെ ആരുപയോഗിക്കുന്നുവെന്ന് ആര്‍ക്കുമറിയില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തുണ്ടായ സംഘടനകള്‍, സ്ഥാപനങ്ങള്‍, ചില വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇതിന് ചെലവഴിച്ച പണത്തെക്കുറിച്ചും ആര്‍ക്കും ഒരു വിവരവുമില്ല. കേരളത്തില്‍ വേരുറപ്പിക്കുന്ന തീവ്രവാദ സംഘടനകള്‍ക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ആളെച്ചേര്‍ക്കാനും സ്ഫോടക വസ്തുക്കള്‍ സംഭരിക്കാനുമൊക്കെ പണം വരുന്നുണ്ട്. കേരളത്തില്‍ നിന്നുണ്ടാക്കുന്ന പണമല്ല ഇവിടെ ഉപയോഗിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ചില സംഘടനകളെക്കുറിച്ചു രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തി. ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തു വന്നത്. ഓരോ സ്ഥാപനത്തിന്റെയും അക്കൗണ്ടുകളിലേക്കു വന്‍ തോതില്‍ പണമെത്തുന്നു. ഇതു ചെലവഴിക്കാന്‍ അവരുടെ കൈകളില്‍ രേഖകളുമുണ്ട്. എന്നാല്‍ ഇത്രയധികം പണം അവര്‍ ചെലവഴിച്ചുവെന്ന് എത്ര രേഖകള്‍ പരിശോധിച്ചാലും ബോധ്യമാകില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പണം വരുന്ന പ്രധാനപ്പെട്ട വഴിയാണു ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍. രൂപയടച്ച് ഒരു ബെയിലോയുണ്ടാക്കി രജിസ്ട്രാര്‍ ഓഫീസില്‍ ചെന്നാല്‍ ആര്‍ക്കും ഒരു ചാരിറ്റബിള്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് അതിന്റെ പേരില്‍ ഒരു അക്കൗണ്ട് തുടങ്ങിയാല്‍ ഏതു രാജ്യത്തു നിന്നു വേണമെങ്കിലും സംഭാവനയായി പണം സ്വീകരിക്കാം. ആര്‍ക്കും കണക്കു നല്‍കേണ്ടതില്ല. ഇത്തരത്തില്‍ വളരെ സുരക്ഷിതമായി കേരളത്തില്‍ പണമെത്തിക്കാന്‍ കഴിയും. കാരിയര്‍മാരെ ഉപയോഗിക്കുന്നതാണ് മറ്റൊരു വഴി. വിദേശങ്ങളില്‍ ജോലി ചെയ്യുന്ന സാധാരണക്കാരനെ കണ്ടുപിടിച്ച്, അവര്‍ നാട്ടിലേക്കു തിരിക്കുമ്പോള്‍ അവരുടെ പക്കല്‍ പാഴ്സലെന്ന പേരില്‍ പണം കൊടുത്തയയ്ക്കുന്നു. കാരിയറായി പ്രവര്‍ത്തിക്കുന്നതിന് വന്‍തുക പ്രതിഫലം നല്‍കും. മൂന്നും നാലും വര്‍ഷം കഷ്ടപ്പെട്ടു നിസാര സമ്പാദ്യവുമായി നാട്ടിലേക്കു തിരിക്കുന്നവരില്‍ പലരും വന്‍ തുകയുടെ ഓഫറില്‍ വീണ് കാരിയര്‍മാരായിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലായി കറന്‍സിയുമായി പിടിക്കപ്പെട്ടവരില്‍ 90 ശതമാനം പേരും കാരിയറുകള്‍ മാത്രമാണെന്നു ഡിആര്‍ഐ നടത്തിയ അന്വേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ഇവരെ എങ്ങനെ ചോദ്യം ചെയ്താലും നാട്ടിലെവിടെ, ആര്‍ക്കാണ് ഈ പണമെത്തിക്കുന്നത് എന്നതിന് ഒരു തെളിവും ലഭിക്കില്ല. വിദേശത്തുനിന്നു ബാഗേജ് നല്‍കുന്നയാള്‍ നല്‍കുന്ന വിവരങ്ങള്‍ ഒരിക്കലും യഥാര്‍ത്ഥമല്ല. കാരിയര്‍ ആര്‍ക്കും പിടികൊടുക്കാതെ വിമാനത്താവളത്തിന് പുറത്തുവരുമ്പോഴാണ് യഥാര്‍ത്ഥ അവകാശിയോ, അല്ലെങ്കില്‍ അവരുടെ ഏജന്റുമാരോ രംഗത്തുവരിക. കാരിയര്‍ പിടിക്കപ്പെടുകയോ, സംശയത്തിന് ഇടനല്‍കുകയോ ചെയ്താല്‍ പണം വാങ്ങാനെത്തുന്നയാളുടെ പൊടിപോലും കണ്ടുപിടിക്കാനാവില്ല. അത്രയ്ക്ക് വിദഗ്ധമായാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.ഗള്‍ഫില്‍നിന്നും നാട്ടിലേക്ക് വരുന്ന മലയാളികളാണ് പണമെത്തിക്കുന്ന മറ്റൊരു വഴി. നാട്ടിലെത്തുന്ന ഇവരുടെ പാസ്പോര്‍ട്ടിന്റെ കോപ്പി ചില ഏജന്‍റുമാര്‍ വാങ്ങും. തങ്ങള്‍ക്കോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലുമോ വിദേശത്തു നിന്നും ഏതെങ്കിലും സാധനം വരുത്തേണ്ടതുണ്ടെന്നും നാട്ടിലെത്തിയ പാസ്പോര്‍ട്ടിന്റെ കോപ്പി കിട്ടിയാല്‍ പാസ്പോര്‍ട്ട് ഉടമയുടെ പാഴ്സലായി അയാള്‍ വന്നിടത്തുനിന്നും നാട്ടിലേക്കു വരുത്താന്‍ കഴിയുമെന്നും വിശ്വസിപ്പിക്കും. (തുടരും) |
| < മുന്‍ പേജ് | അടുത്തത് > |
|---|

ധര്‍മ്മസ്ഥാപനങ്ങള്‍ വഴി കള്ളനോട്ട് ഒഴുകുന്നു 
-°C 