| തീവ്രവാദം തലയ്ക്ക് മുകളില്‍; ജാഗ്രത കടലാസില്‍ - 4 |
നിസാര്‍ മുഹമ്മദ് കള്ളനോട്ട് കേസുകള്‍ മരവിപ്പിച്ചതാര്? കേരളത്തില്‍ മാവോയിസ്റ്റ് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന ദമ്പതികളിലെ വനിതാ നേതാവ് കുറച്ചുകാലം മുമ്പ് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് വീണ്ടുമൊരു കത്തെഴുതി. രൂപേഷിന്റെ ഭാര്യ ഷൈനി, ആദ്യം എഴുതിയ കത്തില്‍ തങ്ങളെ പോലീസ് പിന്തുടരുന്നുവെന്നും ജോലിക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നുമാണ് സൂചിപ്പിച്ചിരുന്നത്. ആ കത്തിന് മറുപടിയുണ്ടാകാതിരുന്നതോടെയാണ് രണ്ടാമത്തെ കത്ത് എഴുതിയത്. ഭര്‍ത്താവിനൊപ്പം താനും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയാണെന്നും കേരളത്തിലെ സര്‍ക്കാരും പോലീസുമാണ് അതിനുത്തരവാദികളുമെന്നുമായിരുന്നു രണ്ടാമത്തെ കത്തിലെ ഉള്ളടക്കം. തുടര്‍ന്ന് ഷൈനിയും രൂപേഷിനൊപ്പം ഒളിവില്‍ പോയി. ഇവരുടെ മക്കള്‍ ഒപ്പമില്ലെന്നും വിദ്യാഭ്യാസത്തിനു വേണ്ടി സുരക്ഷിതമായി താമസിപ്പിച്ചിരിക്കുകയാണെന്നുമാണ് ഒടുവില്‍ പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പാലക്കാട് കളക്ടറായിരുന്ന ഡബ്ല്യു ആര്‍ റെഡ്ഡിയെ വര്‍ഷങ്ങള്‍ക്കു മുമ്പ് ചേംബറില്‍ ബന്ദിയാക്കിയ കേസിലെ പ്രതികളിലൊരാളായ അജയനാണ് മാവോയിസ്റ്റ് മുഖപത്രമായ ജനകീയപാതയുടെയും പരസ്യപ്രവര്‍ത്തനങ്ങളുടെയും ചുമതല. നേരത്തെ ചില സംശയങ്ങളെ തുടര്‍ന്ന് മാവോയിസ്റ്റ് ഇംഗ്ലീഷ് പ്രസിദ്ധീകരണമായ പീപ്പിള്‍സ് സെന്റര്‍ പത്രാധിപര്‍ ഗോവിന്ദന്‍കുട്ടിയെ ഇടയ്ക്ക് പോലീസ് അറസ്റ്റു ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. ഇടുക്കിയിലും വയനാട്ടിലും തൃശൂരിലും പത്തനംതിട്ടയിലുമൊക്കെ മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ ശക്തമായിക്കഴിഞ്ഞു. പക്ഷെ, ദേശീയ അന്വേഷണ ഏജന്‍സി രജിസ്റ്റര്‍ ചെയ്ത ആറുകേസുകളല്ലാതെ മാവോയിസ്റ്റുകള്‍ക്കെതിരെ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ല. കേരളത്തിലെ തീവ്രവാദികള്‍ക്കും മാവോയിസ്റ്റ്-നക്സല്‍ ഗ്രൂപ്പുകള്‍ക്കും എവിടെ നിന്നാണ് പണം ലഭിക്കുന്നത്?. ഏറെനാളായി കേള്‍ക്കുന്ന ചോദ്യമാണിത്. വിശ്വസനീയമായ ഉത്തരങ്ങളൊന്നും കിട്ടുന്നില്ല. കേരളത്തിലെത്തുന്ന വ്യാജകറന്‍സികളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ എങ്ങുമെത്താത്തതിന്റെ കാരണങ്ങള്‍ തേടുമ്പോഴാണ്, കുറച്ചൊക്കെ വിശ്വസനീയമായ ചില ഉത്തരങ്ങളിലെത്താന്‍ കഴിയുന്നത്. 2008 ആഗസ്റ്റ് മാസത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ 75 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി പിടിച്ചു. ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍. ഈ സംഭവത്തിന് ഒരു വര്‍ഷം മുമ്പ് പാകിസ്ഥാനില്‍ അച്ചടിച്ച വ്യാജകറന്‍സി കൊച്ചിയിലെത്തി. ഈ സംഭവങ്ങളില്‍ അന്വേഷണം ഏതുവരെയായി? ആര്‍ക്കുമറിയില്ല. കറന്‍സി കടത്താന്‍ നിയോഗിക്കപ്പെടുന്ന യാത്രക്കാരനില്‍ മാത്രമായി അന്വേഷണം ഒതുങ്ങി. ഇത്തരമൊരു സ്ഥിതി കേരളത്തില്‍ മാത്രമേയുള്ളൂ. (തുടരും) |
| < മുന്‍ പേജ് | അടുത്തത് > |
|---|

നിസാര്‍ മുഹമ്മദ് 
-°C 