തീവ്രവാദം തലയ്ക്ക്‌ മുകളില്‍; ജാഗ്രത കടലാസില്‍ - 3
Imageമാവോതീവ്രവാദത്തിന്‌ കേരളം വളമിടുന്നു

നിസാര്‍ മുഹമ്മദ്‌

"നിലമ്പൂരിലെ തീവണ്ടി അട്ടിമറിനീക്കത്തിനും വഞ്ചിനാട്‌ എക്സ്പ്രസ്സില്‍ നിന്ന്‌ സ്ഫോടക വസ്തുക്കള്‍ പിടിച്ചതിനും പിന്നില്‍ ഏതെങ്കിലും തീവ്രവാദ ശക്തികള്‍ക്ക്‌ ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കും.
 
മാവോവാദികള്‍ പ്രഖ്യാപിച്ചിരുന്ന ബന്ദുമായും സംഭവത്തിന്‌ ബന്ധമുണ്ടോ എന്ന്‌ അന്വേഷിക്കും. ഒരു സാധ്യതയും തള്ളിക്കളയുന്നില്ല" - സംസ്ഥാന ആഭ്യന്തരമന്ത്രിയുടേതാണ്‌ വാക്കുകള്‍. "നിലമ്പൂരില്‍ തീവണ്ടിയുടെ ബ്രേക്ക്‌ പൈപ്പുകള്‍ മുറിച്ച്‌ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത്‌ അതിഗുരുതരമായ വിഷയമാണ്‌. തീവണ്ടിയുടെ പ്രവര്‍ത്തനം നന്നായി മനസ്സിലാക്കിയ ഒരു സംഘത്തിനുമാത്രമേ ഇത്‌ ചെയ്യാന്‍ കഴിയുകയുള്ളൂ. അങ്ങേയറ്റത്തെ ഗൗരവത്തോടെയാണ്‌ പോലീസ്‌ ഇത്‌ അന്വേഷിക്കുന്നത്‌" - ഈവാക്കുകള്‍ ഡിജിപി ജേക്കബ്‌ പുന്നൂസിന്റേതും.
 

ആഭ്യന്തരമന്ത്രിയും ഡിജിപിയും പറയുന്നത്‌ സംഭവം ഗൗരവമാണെന്ന്‌. ഗൗരവം വാക്കുകളില്‍ മാത്രം മതിയോ?. ഇതുപോലെ എത്രയെത്ര സംഭവങ്ങള്‍, അപ്പോഴെല്ലാം പറഞ്ഞു; ഗൗരവമായി അന്വേഷിക്കും. ഏതെങ്കിലും പാവങ്ങളെ പൊലീസ്‌ കസ്റ്റഡിയില്‍ തല്ലിച്ചതയ്ക്കും, പീഡിപ്പിക്കും. ഒടുവില്‍ തെളിവില്ലെന്ന്‌ പറഞ്ഞ്‌ തള്ളിക്കളയും. മാവോയിസ്റ്റ്‌ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കേരളത്തിന്റെ അന്വേഷണത്തിനും സംഭവിച്ചത്‌ അതുതന്നെയാണ്‌. മാവോയിസ്റ്റുകളുടെ രഹസ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ കേരളത്തില്‍ നേതൃത്വം നല്‍കുന്നത്‌ രൂപേഷ്‌-ഷൈനി എന്ന ദമ്പതികളാണെന്ന്‌ ഏറെനാള്‍ മുമ്പുതന്നെ പോലീസിന്‌ വിവരം ലഭിച്ചിരുന്നു. ഇവരെ പിടിക്കാന്‍ പോലീസ്‌ 'ഊര്‍ജ്ജിത' അന്വേഷണമാണ്‌ നടത്തിയത്‌. പക്ഷെ, അന്വേഷണം വിജയിച്ചിട്ടില്ല. ഇവര്‍ ഒളിവിലാണത്രെ. ഇതിനിടെ ഒളിവില്‍ കഴിയുന്ന വനിതാ നേതാവ്‌ സിപിഐ (എംഎല്‍) മാവോയിസ്റ്റ്‌ സംഘടനയുടെ മുഖപ്രസിദ്ധീകരണത്തില്‍ സിനിമ നിരൂപണം എഴുതി. അപ്പോഴും പോലീസ്‌ പറഞ്ഞു ഇവരെക്കുറിച്ച്‌ അന്വേഷിക്കുന്നുണ്ട്‌.

 

ഈ ദമ്പതികള്‍ മാവോയിസ്റ്റുകളുടെ ദേശീയ നേതൃത്വവുമായും മറ്റു സംസ്ഥാന നേതൃത്വങ്ങളുമായും അടുത്തബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ്‌ കേന്ദ്രരഹസ്യാന്വേഷണ വിഭാഗം കേരള പൊലീസിനു നല്‍കിയ വിവരം. ഇവരെക്കുറിച്ച്‌ സംസ്ഥാന പൊലീസ്‌ അന്വേഷണം നടത്തുന്നുവെന്ന്‌ അവകാശപ്പെടുമ്പോഴാണ്‌ മാവോയിസ്റ്റ്‌ പ്രസിദ്ധീകരണമായ ജനകീയപാതയില്‍ കാഞ്ചീവരം സിനിമയെക്കുറിച്ച്‌ ഷൈനി ലേഖനം എഴുതിയത്‌. തപാലില്‍ ലഭിച്ച ലേഖനം പ്രസിദ്ധീകരിക്കുക മാത്രമാണു ചെയ്തതെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നുമായിരുന്നു മാസിക പ്രസാധകരുടെ വിശദീകരണം. കൂടുതല്‍ അന്വേഷണത്തിനു പൊലീസ്‌ താല്‍പര്യം കാണിച്ചില്ല. തുടര്‍ന്ന്‌ മാവോയിസ്റ്റ്‌ പ്രവര്‍ത്തനം കേരളത്തില്‍ കാര്യമായി നടക്കുന്നില്ലെന്ന റിപ്പോര്‍ട്ടാണ്‌ കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്‌ അയച്ചതത്രെ. സിപിഐ (എംഎല്‍) നിരോധിത സംഘടനയായതിനാല്‍ മറ്റൊരു പേരില്‍ സംഘടന രൂപീകരിച്ച്‌ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ദമ്പതികള്‍ ഇപ്പോഴും പരസ്യ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ്‌ വിവരം.

 

സിപിഐ (എംഎല്‍ റെഡ്ഫ്ലാഗ്‌) യുവജന വിഭാഗമായിരുന്ന യുവജനവേദിയുടെ പ്രവര്‍ത്തകനായിരുന്ന രൂപേഷ്‌ പിന്നീട്‌ സിപിഐ (എംഎല്‍) മാവോയിസ്റ്റിന്റെ സജീവ പ്രവര്‍ത്തകനും സംസ്ഥാന നേതാവുമായി മാറുകയായിരുന്നു. അപ്പോഴൊന്നും ഹൈക്കോടതി ജീവനക്കാരിയായിരുന്ന ഭാര്യ ഷൈനി സജീവമായി സഹകരിച്ചിരുന്നില്ല. എന്നാല്‍ പശ്ചിമബംഗാളിലെ നന്ദിഗ്രാം ഭൂമി പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ സമരം നടത്തിയവര്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍, രൂപേഷിന്റെ നിര്‍ദേശപ്രകാരം എറണാകുളത്ത്‌ അവര്‍ക്ക്‌ താമസ സ്ഥലം നല്‍കിയത്‌ ഷൈനിയായിരുന്നുവത്രെ. അതിന്റെ പേരില്‍ ഷൈനിയെയും രണ്ടു മക്കളെയും പോലീസ്‌ കസ്റ്റഡിയിലെടുത്തു. പിന്നീട്‌ വിട്ടയച്ചെങ്കിലും പോലീസ്‌ പിന്നാലെ കൂടിയിരിക്കുന്നുവെന്ന്‌ കാണിച്ച്‌ അവര്‍ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനു കത്തെഴുതി.

 

ജോലിക്കു പോകാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്നും ഭീകരവാദിയായി പോലീസ്‌ മുദ്രകുത്തിയിരിക്കുന്നുവെന്നുമായിരുന്നു ആദ്യകത്തിലെ പരാതി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ പ്രതികരണമുണ്ടാകാതിരുന്നതിനെത്തുടര്‍ന്ന്‌ രണ്ടാമതും കത്തയച്ചു.
(തുടരും)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls