തീവ്രവാദം തലയ്ക്ക്‌ മുകളില്‍; ജാഗ്രത കടലാസില്‍-2
Imageതാലിബാന്‍ മോഡല്‍ കോടതികള്‍
നിസാര്‍ മുഹമ്മദ്‌
എന്നും കേരളം ഇങ്ങനെതന്നെയാണ്‌. ദുരന്തങ്ങള്‍ കണ്‍മുന്നിലെത്തുന്നതുവരെ കണ്ണടച്ചിരിക്കും.
 
 
തീവ്രവാദികള്‍ക്കും മാവോവാദികള്‍ക്കും നക്സല്‍ ഗ്രൂപ്പുകള്‍ക്കും വളക്കൂറുള്ള മണ്ണായി കേരളം മാറിയെന്ന്‌ പലതവണ സുരക്ഷാ മുന്നറിയിപ്പ്‌ ലഭിച്ചു. അനങ്ങിയില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കേരളത്തില്‍ നടന്ന നിരവധി സംഭവങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അപ്പോഴെല്ലാം കേരളം നിസംഗത പാലിച്ചു. ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ വരെയെത്തി നില്‍ക്കുന്നു കേരളത്തിന്റെ 'കുപ്രസിദ്ധി'.അന്തര്‍ദേശീയ അന്വേഷണ സംഘങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ കേരളത്തിന്റെ വേരുകള്‍ തേടുന്നു. വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ചൂണ്ടുവിരല്‍ നമ്മുടെ കൊച്ചു സംസ്ഥാനത്തേക്ക്‌ നീളുന്നു. മറ്റ്‌ സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്കും തെറ്റയ്ക്കും നടക്കുന്ന ചില സ്ഫോടനങ്ങളിലെ പ്രതികളെ തേടി ദേശീയവും അന്തര്‍ദേശീയവുമായ അന്വേഷണ സംഘങ്ങള്‍ നമ്മുടെ നാട്ടില്‍ ചുറ്റിത്തിരിയുന്നു. തമിഴ്‌നാടും കര്‍ണാടകവുമൊക്കെ അവരുടെ നാട്ടില്‍ സംഭവിക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളുടെ വേരുകള്‍ കേരളത്തിലാണെന്നു പോലും വിശ്വസിക്കുന്നു.
 
ഇടയ്ക്കും തലയ്ക്കും തീവ്രവാദവുമായ ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും അതെല്ലാം മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ നിന്ന്‌ നീങ്ങുന്നതോടെ അവസാനിക്കും കേരളത്തില്‍ അന്വേഷണങ്ങളടക്കം എല്ലാം. കൂടിവന്നാല്‍ ഒരു റിപ്പോര്‍ട്ട്‌ ഡിജിപിയ്ക്ക്‌, അല്ലെങ്കില്‍ ആഭ്യന്തരമന്ത്രിക്ക്‌. 'ജനങ്ങളെ പരിഭ്രാന്തരാക്കാന്‍' മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ചില വാര്‍ത്തകള്‍ മാത്രമെന്ന നിസംഗതയാണ്‌ കേരളത്തിന്‌. പക്ഷെ ഇനിയും അവഗണിച്ചാല്‍ സംസ്ഥാനം വന്‍വില നല്‍കേണ്ടി വരുമെന്ന്‌ വ്യക്തമാക്കുന്ന സൂചനകളാണ്‌ ഓരോദിവസവും പുറത്തുവരുന്നത്‌.
 
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന സംഘത്തിന്‌ ഒരു സുപ്രധാന വിവരം ലഭിച്ചിട്ടുണ്ടത്രെ. കേരളത്തില്‍ താലിബാന്‍ മോഡല്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നു. പേര്‌ 'ദാറുല്‍ ഖദാ' (നിര്‍ബന്ധിത ബാധ്യത നിറവേറ്റല്‍ കേന്ദ്രം). ഇതില്‍ മധ്യകേരളത്തിന്റെ ചുമതലയുള്ള കോടതിയുടെ വിധി പ്രകാരമാണ്‌ അധ്യാപകന്റെ കൈവെട്ടിയത്‌. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ആസ്ഥാനമായാണ്‌ മധ്യകേരളത്തില്‍ ദാറുല്‍ഖദാ പ്രവര്‍ത്തിക്കുന്നതെന്നും സംഘത്തിന്‌ സൂചന ലഭിച്ചിട്ടുണ്ട്‌. എന്നാല്‍ ഇതില്‍ എത്രത്തോളം വസ്തുതയുണ്ടെന്ന്‌ ഉറപ്പാക്കാന്‍ കൂടുതല്‍ അന്വേഷണത്തിലാണു പോലീസ്‌. പോലീസില്‍ ഉന്നത ഉദ്യോഗസ്ഥതലത്തില്‍ മാത്രമാണ്‌ ഈ വിവരം പങ്കവെച്ചിട്ടുള്ളത്‌.
 
അതീവഗൗരവമുള്ള വിവരമെന്ന നിലയിലാണ്‌ ഇത്‌ കൈകാര്യം ചെയ്യുന്നത്‌. സമാന്തര നീതിന്യായ സംവിധാനം മുമ്പുമുതല്‍ തന്നെ പ്രവര്‍ത്തിച്ചിരുന്നുവെന്നു തെളിഞ്ഞാല്‍ അതു പോലീസിന്‌ വന്‍ നാണക്കേടാകുമെന്നതിനാലാണ്‌ സംഭവം രഹസ്യമാക്കി വെച്ചിരിക്കുന്നത്‌.മുസ്ലിം സമുദായത്തിലെ ഒരു പ്രത്യേക വിഭാഗവുമായി ബന്ധപ്പെട്ട ആഭ്യന്തര തര്‍ക്കങ്ങള്‍, വിവാഹ കേസുകള്‍ തുടങ്ങിയവ പോലീസ്‌ സ്റ്റേഷനിലോ കോടതിയിലേ എത്താതെ ദാറുല്‍ ഖദായില്‍ തന്നെ തീര്‍പ്പാക്കുകയാണു ചെയ്യുന്നത്‌. സമുദായത്തിലെ മറ്റു പല പ്രശ്നങ്ങളിലും ഇടപെട്ട്‌ കര്‍ക്കശമായി തീരുമാനം നടപ്പാക്കിയിട്ടുമുണ്ടെന്നാണ്‌ വിവരം. വിവാഹമോചന കേസുകളില്‍ ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ തീരുമാനത്തേക്കാള്‍ ദാറുല്‍ ഖദായില്‍ ഉണ്ടാകുന്ന വിധിയാണ്‌ നടപ്പാവുക.
 
പുറംലോകം അറിയാത്ത ഇത്തരം കേസുകള്‍ക്കു പുറമേ ദാറുല്‍ ഖദാ ഇടപെട്ട ആദ്യ കേസാണ്‌ കൈവെട്ടല്‍ സംഭവം എന്നാണു വിവരം. തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ടിജെ ജോസഫുമായി ബന്ധപ്പെട്ട്‌ ചോദ്യപേപ്പര്‍ വിവാദം ഉണ്ടായപ്പോള്‍തന്നെ ഇതേ രീതിയില്‍ പ്രതികരിക്കാന്‍ കോടതി തീരുമാനിച്ചിരുന്നു. എന്നാല്‍ അധ്യാപകനെതിരേ പൊതുവികാരമുണ്ടാവുകയും സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തപ്പോള്‍ തല്‍ക്കാലം വേണ്ടെന്നുവെക്കുകയായിരുന്നത്രെ. അതേസമയം പോലീസ്‌ അന്വേഷണത്തെ വഴിതെറ്റിക്കാനും കേസ്‌ ദുര്‍ബലമാക്കാനും ദാറുല്‍ ഖദായെപ്പറ്റി ബോധപൂര്‍വം പ്രചരണം നടത്തുകയാണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്‌.
 
ഇതേക്കുറിച്ച്‌ വ്യക്തമാകണമെങ്കില്‍ സംസ്ഥാനത്ത്‌ എവിടെയൊക്കെ ഇത്തരം കോടതികളുണ്ട്‌, അവയുടെ പ്രവര്‍ത്തന രീതി, കൈകാര്യം ചെയ്ത കേസുകള്‍, നടപ്പായ വിധികള്‍, അത്‌ സമൂഹത്തിലുണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയൊക്കെ അന്വേഷിക്കേണ്ടിവരും. താലിബാന്‍ മോഡല്‍ കോടതികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന സൂചനകള്‍ സത്യമാണെങ്കില്‍, കേരളം ഏറെ വൈകിപ്പോയെന്ന്‌ വേണം കരുതാന്‍. ഒരുദിവസം കൊണ്ട്‌ ഇത്തരമൊരു സംവിധാനം തട്ടിക്കൂട്ടാന്‍ കഴിയില്ല. 'ഊര്‍ജ്ജിത അന്വേഷണ'മെന്ന്‌ നാഴികയ്ക്ക്‌ നാല്‍പ്പത്‌ തവണ പറയുന്ന ആഭ്യന്തരവകുപ്പും കേരളത്തിന്റെ രഹസ്യാന്വേഷണ വിഭാഗവുമൊന്നും ഇക്കാര്യം അറിഞ്ഞില്ലേ?. അതെങ്ങനെ; സംസ്ഥാന പോലീസിന്റെ മൂക്കിന്‌ താഴെ, പത്തനംതിട്ടയില്‍ മാവോയിസ്റ്റുകള്‍ പരസ്യമായി യോഗം ചേര്‍ന്നത്‌ പോലും നമ്മുടെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറിഞ്ഞത്‌ ആദിവാസികള്‍ അറിയിച്ചിട്ടാണ്‌. അതും മൂന്നുമാസത്തിന്‌ ശേഷം മാവോയിസ്റ്റുകള്‍ പൊടിയും തട്ടി സ്ഥലംവിട്ടശേഷം.
 
കേരളത്തില്‍ മാവോയിസ്റ്റ്‌-നക്സല്‍ ഗ്രൂപ്പുകള്‍ ശക്തമാകുന്നതായി വളരെ നേരത്തെ തന്നെ കേന്ദ്രരഹസ്യാന്വേഷണ വിഭാഗം സംസ്ഥാനത്തിന്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. പക്ഷെ, ഇത്‌ മുഖവിലയ്ക്കെടുക്കാനോ ഊര്‍ജ്ജിതമായ അന്വേഷണങ്ങള്‍ നടത്താനോ സംസ്ഥാന പോലീസ്‌ തയ്യാറായില്ല. ഇതിനിടെയാണ്‌ പത്തനംതിട്ട ജില്ലയിലെ കോന്നി വനമേഖലയില്‍ നക്സല്‍ഗ്രൂപ്പുകള്‍ യോഗം ചേര്‍ന്നത്‌. വിവരം ലഭിച്ചതാകട്ടെ, മൂന്നുമാസത്തിന്‌ ശേഷം. അടൂര്‍ ഡിവൈഎസ്പി പി അജിത്തിന്റെ നേതൃത്വത്തില്‍ പോലീസ്‌ സംഘം പ്രദേശത്ത്‌ റെയ്ഡ്‌ നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. കോന്നിയില്‍ നിന്ന്‌ 28 കിലോമീറ്റര്‍ അകലെയുള്ള കോട്ടാമ്പാറ എന്ന നിബിഡ വനപ്രദേശത്ത്‌ നക്സല്‍ ഗ്രൂപ്പുകളില്‍പ്പെട്ടവര്‍ സ്ഥിരമായി യോഗം ചേരുന്നത്‌ വനമേഖലയില്‍ താമസിക്കുന്ന ആദിവാസികളുടെ കണ്ണില്‍പ്പെട്ടത്‌ യാദൃശ്ചികമായിരുന്നില്ല.
 
നേരത്തെയും പലകുറി ഇവിടെ ആളുകള്‍ വരുന്നതും സംഘം ചേര്‍ന്ന്‌ നടക്കുന്നതും ഇടയ്ക്കിടെ യോഗം ചേരുന്നതും ആദിവാസികള്‍ കണ്ടിട്ടുണ്ട്‌. ഇക്കാര്യം അവര്‍ വനപാലകരെ അറിയിക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിന്‌ സമീപം ചേര്‍ന്ന യോഗം നേരില്‍ക്കണ്ടുവന്ന വെളിപ്പെടുത്തലുണ്ടായതോടെയാണ്‌ വനപാലകര്‍ ഇടപെട്ടത്‌. അപരിചിതരായ ഒരുസംഘം ഇവിടെയെത്തിയതും ഇവരില്‍ ചിലര്‍ പുസ്തകങ്ങള്‍ വായിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടുവെന്നുമാണ്‌ വനപാലകര്‍ക്ക്‌ പ്രദേശവാസികളില്‍ നിന്ന്‌ ലഭിച്ച വിവരം. എന്നാല്‍ ഏത്‌ സംഘടനയില്‍പ്പെട്ടവരാണെന്ന്‌ വ്യക്തമല്ലാത്തതിനാല്‍ പോലീസിന്‌ വിവരം കൈമാറുകയായിരുന്നു.
 
വനമേഖലയോട്‌ ചേര്‍ന്നുള്ള ഒരു വീട്‌ കേ്ന്ദ്രീകരിച്ച്‌ ഇപ്പോള്‍ അന്വേഷണം നടക്കുന്നുവെന്നാണ്‌ അറിയുന്നത്‌. കേരളത്തിന്റെ വനമേഖലകളില്‍ നക്സല്‍ ഗ്രൂപ്പുകള്‍ യോഗം ചേരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന്‌ ഗുജറാത്ത്‌ സര്‍ക്കാരും നേരത്തെ സംസ്ഥാനത്തിന്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഇക്കാര്യം മാസങ്ങള്‍ക്ക്‌ മുമ്പേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തപ്പോള്‍ ആഭ്യന്തരവകുപ്പ്‌ കാര്യമായി എടുത്തില്ല. പിന്നീട്‌ സംസ്ഥാനത്ത്‌ മാവോയിസ്റ്റ്‌ സംഘടനകളുടെ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‌ നിയമസഭയില്‍ തുറന്ന്‌ സമ്മതിക്കേണ്ടി വന്നു. "മാവോയിസ്റ്റ്‌ സംഘടനകളുടെ പ്രവര്‍ത്തനം പരിമിതമായ തോതില്‍ സംസ്ഥാനത്ത്‌ ചില ജില്ലകളില്‍ നടന്നുവരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന ഇന്‍റലിജന്‍സ്‌ വിഭാഗം ആവശ്യമായ നിരീക്ഷണം നടത്തി വരുന്നുണ്ട്‌.
 
മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ ആറ്‌ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തിട്ടുണ്ട്‌" - നിയമസഭയില്‍ മന്ത്രിയുടെ മറുപടി ഇങ്ങനെ. ഇത്രയ്ക്കേയുള്ളൂ കേരളത്തിന്റെ ജാഗ്രത. കേരളത്തില്‍ മാവോയിസ്റ്റ്‌-നക്സല്‍ ഗ്രൂപ്പുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ ദമ്പതികളാണെന്ന വിവരം നേരത്തെ തന്നെ അന്വേഷണ സംഘങ്ങള്‍ക്ക്‌ വിവരം ലഭിച്ചിരുന്നതാണ്‌. എങ്ങും തൊടാതെയുള്ള ഒരന്വേഷണം. ഇപ്പോഴതിന്റെ സ്ഥിതിയെന്തെന്ന്‌ ആര്‍ക്കറിയാം?....
(തുടരും)
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls