തീവ്രവാദം തലയ്ക്ക്‌ മുകളില്‍; ജാഗ്രത കടലാസില്‍
Imageദൈവത്തിന്റെ സ്വന്തം നാട്ടില്‍ തീവ്രവാദത്തിന്റെ നീരാളിക്കൈകള്‍ പിടിമുറുക്കുകയാണ്‌. ഏത്‌ നിമിഷവും എന്തും സംഭവിക്കുമെന്നാണ്‌ കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍. എന്നിട്ടും കേരളം അര്‍ഹമായ ഗൗരവം നല്‍കുന്നില്ല. ഫലപ്രദമായ ജാഗ്രതാ നടപടികള്‍ സ്വീകരിക്കുന്നില്ല. എവിടെയാണ്‌ പിഴവ്‌? അതിന്‌ നാം എന്തുവില കൊടുക്കേണ്ടിവരും? തിരുവനന്തപുരം ബ്യൂറോ ചീഫ്‌ നിസാര്‍ മുഹമ്മദ്‌ തയ്യാറാക്കിയ പരമ്പര ഇന്നുമുതല്‍
കഴിഞ്ഞ ശനിയാഴ്ച സംസ്ഥാനത്തെ ഡിജിപിയടക്കമുള്ള എട്ട്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ഒരു ഇ-മെയില്‍ സന്ദേശമെത്തി. 'കേരളത്തിലെ മൂന്ന്‌ പ്രധാന നഗരങ്ങളില്‍ സ്ഫോടനം നടക്കും' എന്നതായിരുന്നു ഉള്ളടക്കം. കേരളത്തിലെ ഒരു സാമൂഹികനേതാവിനെ പൊലീസും എന്‍ഐഎയും ചേര്‍ന്ന്‌ പീഡിപ്പിക്കുന്നത്‌ അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ ഈമാസം 30നകം സ്ഫോടനങ്ങള്‍ നടക്കുമെന്നായിരുന്നു മുന്നറിയിപ്പ്‌. മൂന്ന്‌ ദിവസത്തിന്‌ ശേഷമാണ്‌ സംഭവം പുറത്തുവന്നത്‌. പൊലീസ്‌ ഹൈടെക്‌ സെല്‍ അന്വേഷണം തുടങ്ങി. യുഎഇയില്‍ നിന്നാണ്‌ സന്ദേശമെത്തിയത്‌. കുറ്റക്കാരെ കണ്ടെത്തണമെങ്കില്‍ ഒരു അന്താരാഷ്ട്ര ഏജന്‍സിയുടെ സഹായം വേണം. ദേശീയ അന്വേഷണ ഏജന്‍സിയെയും മറ്റും ഈ വിവരം പൊലീസ്‌ അറിയിച്ചു. തീര്‍ന്നു, സംസ്ഥാന പൊലീസിന്റെ പണി. ഇനി അന്താരാഷ്ട്ര ഏജന്‍സി കുറ്റക്കാരെ കണ്ടെത്തട്ടെ!
 
ഇ-മെയില്‍ സന്ദേശം എത്തിയതിന്‌ തൊട്ടടുത്ത ദിവസങ്ങളിലാണ്‌ ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരിയുടെ കേരളസന്ദര്‍ശനം. പബ്ലിക്‌ ആന്റ്‌ റിലേഷന്‍സ്‌ വകുപ്പ്‌ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ 'ചാര്‍ട്ട്‌' മാധ്യമങ്ങള്‍ക്ക്‌ പ്രസിദ്ധീകരണത്തിന്‌ നല്‍കി. ഉപരാഷ്ട്രപതി എട്ടാം തീയതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്‌ മുതല്‍ പത്തിന്‌ തിരികെ ഡല്‍ഹിക്ക്‌ മടങ്ങുന്നത്‌ വരെയുള്ള മുഴുവന്‍ വിവരങ്ങളുമുള്ള കാര്യവിവരപ്പട്ടിക-എത്രമണിക്ക്‌ എത്തും, ഏതൊക്കെ പരിപാടികളില്‍ പങ്കെടുക്കും, എവിടെ വിശ്രമിക്കും, എപ്പോള്‍ തിരികെ മടങ്ങും... തുടങ്ങിയവയുടെ സമയക്രമം അടക്കം.
 
തൊട്ടുപിന്നാലെ ചാനലുകളില്‍ 'ബ്രേക്കിംഗ്‌ ന്യൂസ്‌' നിറയുന്നു. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ തീവണ്ടിയുടെ ബ്രേക്ക്‌ പൈപ്പുകള്‍ മുറിച്ച്‌ അട്ടിമറിനീക്കം, എറണാകുളത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ പോവുകയായിരുന്ന വഞ്ചിനാട്‌ എക്സ്പ്രസ്സിന്റെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ സ്ഫോടകവസ്തുക്കള്‍ ഉപേക്ഷിച്ച നിലയില്‍. ഉപരാഷ്ട്രപതി കണ്ണൂരിലേക്ക്‌ പുറപ്പെടുന്നതിന്റെ തലേദിവസമാണ്‌ തീവണ്ടികളിലുണ്ടായ ഈ സംഭവങ്ങള്‍. പൊലീസ്‌ അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച്‌ പാലക്കാട്‌ ഡിവൈഎസ്പി എംആര്‍ മണിയന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ്‌ ചുമതല.
സംഭവങ്ങളില്‍ തീവ്രവാദ-നക്സല്‍ സംഘടനകളുടെ പങ്ക്‌ തള്ളിക്കളയാനാവില്ലെന്നാണ്‌ ക്രൈംബ്രാഞ്ച്‌ സംഘത്തിന്റെ പ്രാഥമിക നിഗമനം.
 
തൊട്ടടുത്ത ദിവസം, ഇന്നലെ കണ്ണൂരിലെ എടക്കാട്ടില്‍ സ്വകാര്യബസ്സില്‍ നിന്ന്‌ പൊലീസ്‌ മുന്നൂറോളം ഡിറ്റണേറ്ററുകളും 96 മീറ്റര്‍ ഫ്യൂസ്‌ വയറുകളും കണ്ടെടുത്തു. ബസ്സിന്റെ പിറകിലെ സീറ്റിനടിയില്‍ ചാക്കില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്ഫോടകവസ്തുക്കള്‍. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ്‌ ബസ്‌ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ്‌ ഇവ കണ്ടെത്തിയത്‌. തുടരെത്തുടരെ സംശയാസ്പദമായ സംഭവങ്ങള്‍. ഈ സംഭവങ്ങളില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നോ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക്‌ ബന്ധമുണ്ടെന്നോ പറയണമെങ്കില്‍ അന്വേഷണം പൂര്‍ത്തിയാകണം. പക്ഷെ ഇവയൊക്കെ ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന നിലയില്‍ തള്ളിക്കളയാന്‍ കഴിയില്ല, മുന്‍കാലങ്ങളിലുണ്ടായ പല സംഭവങ്ങളും തള്ളിക്കളഞ്ഞതിന്റെ ദുരനുഭവങ്ങള്‍ നമുക്ക്‌ മുന്നിലുള്ളപ്പോള്‍.
 
കേരളം തീവ്രവാദികളുടെ ഏറ്റവും വലിയ ലക്ഷ്യകേന്ദ്രമായി വളര്‍ന്നിരിക്കുന്നുവെന്ന്‌ കേരളത്തിലെ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്‌. ഏത്‌ നിമിഷവും അത്‌ വന്‍ പൊട്ടിത്തെറിയിലേക്ക്‌ മാറാമെന്ന കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകളിലെ മുന്നറിയിപ്പ്‌ നമുക്ക്‌ അവഗണിക്കാന്‍ കഴിയില്ല. പക്ഷേ, സംസ്ഥാനത്തെ തീവ്രവാദത്തിന്റെ ഗൗരവം ഇനിയും കേരളം തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന ചോദ്യം ബാക്കി. ജമ്മുകാശ്മീരില്‍ ദിനംപ്രതി നടക്കുന്ന സ്ഫോടനങ്ങള്‍ക്ക്‌ കേരളം നേരത്തെ ചെവി കൊടുത്തിരുന്നില്ല. പിന്നീട്‌ ഡല്‍ഹിയിലും മുംബൈയിലും നൂറുകണക്കിന്‌ നിരപരാധികള്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടപ്പോഴും, ഇതൊന്നും ഇവിടെ നടക്കില്ലെന്ന്‌ കേരളം നെഞ്ചുവിരിച്ചുനിന്ന്‌ പറഞ്ഞു. പിന്നീട്‌ ചെറുചെറു സ്ഫോടനങ്ങളുണ്ടാവുകയും സ്ഫോടനശ്രമങ്ങളോ, ഭീഷണികളോ പുറത്തുവരികയും ചെയ്തപ്പോഴാണ്‌ ചെറിയൊരു അമ്പരപ്പ്‌ പടര്‍ന്നത്‌.
 
ഇപ്പോഴും ചെറു ചെറു സ്ഫോടനങ്ങള്‍ മാത്രമായേ കേരളം തീവ്രവാദത്തെ മനസ്സിലാക്കുന്നുള്ളൂ. നേരത്തെയും പല മുന്നറിയിപ്പുകളും സുരക്ഷാ വിഭാഗങ്ങള്‍ കേരളത്തിന്‌ നല്‍കിയിട്ടുണ്ട്‌. പക്ഷെ മുന്നറിയിപ്പുകള്‍ നിരാകരിക്കുന്നതിലാണ്‌ നമുക്കെന്നും പരിചയം. കേരളത്തിന്റെ വനമേഖലകളില്‍ മാവോയിസ്റ്റ്‌-നക്സല്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം അതിശക്തമായെന്ന്‌ റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ സംസ്ഥാനം കാര്യമായെടുത്തില്ല. പിന്നീട്‌ ഇക്കാര്യം ആഭ്യന്തരമന്ത്രിക്ക്‌ നിയമസഭയില്‍ തന്നെ സമ്മതിക്കേണ്ടിവന്നു. 'ശാന്തമായ ഒരിടം' എന്ന കേരളത്തിന്റെ പ്രതിച്ഛായയ്ക്ക്‌ മങ്ങലേറ്റു കഴിഞ്ഞു. തീവ്രവാദത്തിന്റെ നീരാളിക്കൈകള്‍ കേരളത്തിലും പിടിമുറുക്കുകയാണെന്നതിന്‌ സമീപകാല സംഭവവികാസങ്ങള്‍ സാക്ഷ്യം പറയുന്നു.
 
എന്നിട്ടും ഫലപ്രദമായ ജാഗ്രതാനടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ല. തീവ്രവാദത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ മേല്‍ തീവ്രവാദബന്ധത്തിന്റെ കരിനിഴല്‍ വീഴുമ്പോള്‍ കേരളത്തിന്റെ ജാഗ്രത എത്രയെന്ന്‌ മനസ്സിലാക്കണം. കഴിഞ്ഞ മേയ്‌ ആറിനു പുലര്‍ച്ചെ പാക്കിസ്ഥാന്‍ വൈമാനികന്‍ പറത്തിയ വിമാനം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ സംഭവം കേരളം ഞെട്ടലോടെയാണ്‌ കേട്ടത്‌. അബുദാബിയില്‍ നിന്നെത്തിയ ഇത്തിഹാദ്‌ വിമാനത്തിന്റെ (ഇവൈ 273) പെയിലറ്റ്‌ ഇന്‍ കമാന്‍ഡ്‌ ഖാന്‍ ഖാലിദ്‌ റഷീദിനാണ്‌ (56) ചട്ടവിരുദ്ധമായി തിരുവനന്തപുരത്ത്‌ ഇറങ്ങാന്‍ അവസരം ലഭിച്ചത്‌. ബിഎഫ്‌ 4109113 എന്നതാണ്‌ റഷീദിന്റെ പാസ്പോര്‍ട്ട്‌ നമ്പര്‍. മേയ്‌ അഞ്ചിനു അര്‍ധരാത്രി അബുദാബിയില്‍ നിന്നു പുറപ്പെട്ട വിമാനം അടുത്ത ദിവസം പുലര്‍ച്ചെ മൂന്നിനാണ്‌ തിരുവനന്തപുരത്തെയിത്‌. ഖാന്‍ ഖാലിദ്‌ റഷീദിനു പുറമെ ആറു പേര്‍ കൂടി വിമാന ജീവനക്കാരായി ഉണ്ടായിരുന്നു. എന്നാല്‍ റഷീദ്‌ മാത്രമായിരുന്നു പാക്‌ പൗരന്‍.
 
പാക്‌ പെയിലറ്റ്‌ പറപ്പിച്ച വിമാനത്തിനു സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ ലാന്‍ഡിങ്‌ പെര്‍മിറ്റ്‌ നല്‍കിയത്‌ ആരാണെന്നും ഏത്‌ സാഹചര്യത്തിലാണ്‌ തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം ഇറക്കേണ്ടി വന്നതെന്നതും സംബന്ധിച്ച്‌ ഐബിയും റോയും കേരളാ പോലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഒഴികെ രാജ്യത്തെ മറ്റൊരു വിമാനത്താവളത്തിലും പാക്‌ വൈമാനികരെയോ പാകിസ്ഥാനികളായ വിമാന ജീവനക്കാരെയോ ഇറക്കാന്‍ പാടില്ലെന്നാണ്‌ നിയമം. ഈ മൂന്നു വിമാനത്താവളങ്ങളില്‍ പാക്കിസ്ഥാനില്‍ നിന്നു നേരിട്ടെത്തുന്ന വിമാനത്തിലെ പെയിലറ്റുമാര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തില്‍ വിമാനത്താവളത്തില്‍ കഴിച്ചുകൂട്ടി അതേ വിമാനത്തില്‍ മടങ്ങും. എന്നാല്‍ ഇവിടെ ഇറങ്ങിയെ വൈമാനികന്‍ ഒരു ദിവസം തലസ്ഥാനത്തു തങ്ങി തന്ത്രപ്രധാന കേന്ദ്രങ്ങള്‍ രഹസ്യമായി സന്ദര്‍ശിച്ചത്രെ.
 
രണ്ടു മാസം മുമ്പ്‌ നടന്ന സംഭവം സംസ്ഥാന ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ അറിഞ്ഞില്ല. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ സബ്മിഷന്‍ വേണ്ടി വന്നു ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയാന്‍. ഈ സംഭവത്തെക്കുറിച്ച്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചതെന്താണെന്നോ; "ഇത്തിഹാദ്‌ എയര്‍ലൈന്‍സിന്റെ പാക്‌ പൗരനായ പെയിലറ്റ്‌ ഖാന്‍ ഖാലിദ്‌ റഷീദിനു തിരുവനന്തപുരത്തു താമസസൗകര്യത്തിനു അനുവാദം നല്‍കിയ പൊലീസ്‌ ഉദ്യോഗസ്ഥര്‍ വ്യക്തമായ പരിശോധന നടത്തിയിരുന്നില്ല. ഇവര്‍ ശരിയായ പരിശോധന നടത്തിയിരുന്നുവെങ്കില്‍ പാക്‌ പൗരന്‍ തിരുവനന്തപുരത്തിറങ്ങില്ലായിരുന്നുവെന്ന്‌". ആരുടേതാണ്‌ കുറ്റം? പാക്‌ വൈമാനികന്‌ തീവ്രവാദബന്ധമുണ്ടോ, ഇല്ലയോ എന്നതല്ല പ്രശനം. നിയമസഭയില്‍ മന്ത്രി ഒരു മറുപടി പറഞ്ഞതോടെ കേരളത്തിന്റെ ഉത്തരവാദിത്വം തീര്‍ന്നോ?... (തുടരും)
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls