| ഇന്ത്യന്‍ ശാസ്ത്രരംഗം-4 |
മിസെയില്‍ മുതല്‍ അണുപരീക്ഷണം വരെ ഡോ.എം.എന്‍. ശ്രീധരന്‍ നായര്‍ ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡില്‍ രൂപകല്‍പന ചെയ്തുനിര്‍മ്മിച്ച HT-2 എന്ന ആദ്യത്തെ എയര്‍ക്രാഫ്റ്റ് 1951ല്‍ പരീക്ഷണ പറക്കലിന് സജ്ജമായി. 1954ല്‍ അത് ഇന്ത്യന്‍ വായുസേന പരിശീലനത്തിനായി ഉപയോഗിച്ചു തുടങ്ങി. പിന്നീട് പുഷ്പക്, കൃഷക് എന്നീ രണ്ട് ലഘുവിമാനങ്ങള്‍ അവിടെത്തന്നെ രൂപകല്‍പന ചെയ്ത് നിര്‍മ്മിച്ചു. അടുത്തതായി ഇവിടെ വികസിപ്പിച്ചടുത്ത നാട്ട് (Gnat) എന്ന ലഘു യുദ്ധവിമാനം 1965ലെയും 1971ലെയും ഇന്‍ഡോപാകിസ്ഥാന്‍ യുദ്ധങ്ങളില്‍ ഉപയോഗിച്ചു. ഏറ്റവും ശ്രദ്ധേയമായ സംരംഭം HF-24 മാരുത് എന്ന ബഹുമുഖശേഷിയുള്ള യുദ്ധ വിമാനത്തിന്റെ രൂപകല്‍പനയും നിര്‍മ്മാണവുമായിരുന്നു. ഇത് 1961ല്‍ പറക്കലിന് സജ്ജമായി. കൂടാതെ വാമ്പയര്‍, മിഗ് -21j, HS-748 ആവ്രോ എന്നീ വിമാനങ്ങളും അവയുടെ എഞ്ചിനുകളും നിര്‍മ്മിക്കാനുള്ള വിദേശ ലൈസന്‍സ് സമ്പാദിച്ച് നിര്‍മ്മാണം തുടങ്ങി. മിഗ് 21ന്റെ പിന്‍ഗാമികളായി ഇന്ത്യന്‍ വ്യോമസേനയിലെത്തിയ വിദേശീയ യുദ്ധവിമാനങ്ങളാണ് ജഗ്വാര്‍, മിഗ്27 എന്നിവ. പില്‍ക്കാലത്ത് ലൈസന്‍സ് നേടി ഇവ ഇവിടെത്തന്നെ നിര്‍മ്മിക്കുകയുണ്ടായി. സുഖോയ് 30 എന്ന വളരെ മികച്ച റഷ്യന്‍ വിമാനമാണ് പിന്നീട് വ്യോമസേനയ്ക്ക് കൈവന്നത്. ദക്ഷിണേഷ്യയില്‍ എവിടെയും ഗൈഡഡ് മിസെയിലുകള്‍ കൃത്യതയോടെ ലക്ഷ്യസ്ഥാനത്ത് വര്‍ഷിക്കാന്‍ ഇതിനു കഴിയും. ഹംസ3 എന്ന പരിശീലന വിമാനവും ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (LCA) എന്ന യുദ്ധ വിമാനവും ഇന്ത്യയുടെ അഭിമാനകരമായ നേട്ടങ്ങളാണ്. ബഹുമുഖ ശേഷിയുള്ള LCA, എയര്‍ ടൂ എയര്‍, എയര്‍ ടൂ ഗ്രൗണ്ട്, എയര്‍ ടു സീ എന്നീ മൂന്നുതരം മിസെയിലുകളേയും വഹിക്കാന്‍ കഴിവുള്ളതാണ്. മിസെയില്‍ - പരിപാടി 1983ല്‍ ആരംഭിച്ചതാണ് ഇന്ത്യയുടെ സംയോജിത മിസ്സെയില്‍ വികസന പരിപാടി. ദീര്‍ഘദൂര മിസ്സെയിലുകള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ സ്വയം വികസിപ്പിച്ചെടുത്ത അപൂര്‍വ്വം ചില രാഷ്ട്രങ്ങളുടെ നിരയില്‍ ഭാരതം സ്ഥാനം നേടിക്കഴിഞ്ഞു. ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ഡോ.എ.പി.ജെ. അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിലെ (DRDO) ശാസ്ത്രജ്ഞരാണ് ഈ അസാധാരണ നേട്ടത്തിന് പിന്നില്‍. പൃഥ്വി, ആകാശ്, നാഗ്, ധനുഷ് എന്നീ വിവിധഇനം മിസ്സെയിലുകള്‍ പരീക്ഷണഘട്ടം കഴിഞ്ഞ് പ്രതിരോധ വകുപ്പിന് കൈമാറിക്കഴിഞ്ഞവയാണ്. വന്‍പിച്ച സാങ്കേതിക മുന്നേറ്റത്തെ വിളംബരം ചെയ്യുന്ന ഒന്നാണ് അഗ്നിയുടെ വിജയം. പൊഖ്‌റാനിലെ അണുവിസ്ഫോടന പരീക്ഷണങ്ങള്‍ ഭാരതത്തിന്റെ അണുവായുധ നിര്‍മ്മാണശേഷി തെളിയിച്ചുവെങ്കിലും അണുവായുധങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ശേഷി അഗ്നി 2ന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ മാത്രമാണ് കൈവന്നത്. രണ്ടായിരം കിലോമീറ്ററിനപ്പുറമുള്ള സ്ഥാനങ്ങളെ ഇത് ലക്ഷ്യം വയ്ക്കുന്നു.കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള വാര്‍ത്താവിനിമയത്തിന്റെയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെയും യുഗത്തിലാണ് നാമിന്ന്. രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ശക്തമായ പിന്‍ബലം നല്‍കുന്ന ഘടകങ്ങളില്‍ ഒന്നാണ് ടെലികമ്മ്യൂണിക്കേഷന്‍. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഉള്‍ക്കൊള്ളുന്ന സാധ്യതകളിലേക്ക് ഒന്നു കണ്ണോടിക്കാം. സമീപസ്ഥമായ കമ്പ്യൂട്ടറുകളെ ബന്ധിപ്പിച്ച് ഒരു ലോക്കല്‍ ഏരിയാ നെറ്റ്‌വര്‍ക്ക് (LAN) സ്ഥാപിച്ചാല്‍ പ്രസ്തുത കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിക്കും. 1980കളില്‍ വിദേശ സഞ്ചാര്‍ നിഗാം ഏര്‍പ്പെടുത്തിയ ഗേറ്റ്‌വേ പാക്കറ്റ് സ്വിച്ചിങ് സിസ്റ്റം വഴി വിദേശത്ത് നിലവിലുള്ള കമ്പ്യൂട്ടര്‍ ശൃംഖലയില്‍നിന്നും ഡേറ്റാ ലഭിക്കാനുള്ള സൗകര്യം ലഭ്യമായി. സോഫ്റ്റ് വെയര്‍ കയറ്റുമതി വികസനത്തില്‍ ഒരു സുപ്രധാന പങ്ക് ഈ സംവിധാനം വഹിക്കുകയുണ്ടായി. രാജ്യത്തെ മിക്ക ഗവേഷണ സ്ഥാപനങ്ങളും വിമാനക്കമ്പനികളും റെയില്‍വേയും ഡേറ്റാ വിനിമയത്തിനുള്ള കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീട്ടിലിരുന്ന് കമ്പ്യൂട്ടര്‍ ശൃംഖലയുടെ സഹായത്തോടെ ഷോപ്പിംഗ് നടത്താനും ഡോക്ടര്‍ക്ക് വിദൂരസ്ഥനായ രോഗിയുടെ രോഗലക്ഷണങ്ങള്‍ അപഗ്രഥിച്ചത് ചികില്‍സ നിശ്ചയിക്കാനും മറ്റുമുള്ള സൗകര്യം ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വാഗ്ദാനം ചെയ്യുന്നു. കമ്പ്യൂട്ടറുകളുടെ ഒരു ആഗോളതല ബൃഹത് ശൃംഖലയാണ് ഇന്റര്‍നെറ്റ്. ലോകത്ത് എവിടെയുമുള്ള ഏത് ഇന്റര്‍നെറ്റ് ഉപഭോക്താവുമായും ആശയവിനിമയം നടത്താനും ഈ ശൃംഖല ഉള്‍ക്കൊള്ളുന്ന വിജ്ഞാന ഭണ്ഡാരത്തില്‍ നിന്നും ആവശ്യാനുസരണം പകര്‍ന്നെടുക്കാനും ഇത് അവസരം നല്‍കുന്നു. ഭാരതം ഇന്നൊരു പ്രമുഖ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ശക്തിയായിത്തീര്‍ന്നിട്ടുണ്ട്. ആഗോള വാര്‍ത്താവിനിമയ രംഗത്ത് ഭാരതത്തിന് സുപ്രധാനമായ പങ്ക് വഹിക്കാനാകും. വികസ്വര രാഷ്ട്രങ്ങളിലെ ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനം വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സഹായവും സഹകരണവും നല്‍കാം ഇവിടങ്ങളില്‍ വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനും വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ സ്ഥാപിക്കുന്നതിനും ഭാരതത്തിനു കഴിയും. ആരോഗ്യരംഗം രണ്ടായിരമാണ്ടോടെ എല്ലാവര്‍ക്കും ആരോഗ്യം എന്ന ണഒഛ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് 1983ല്‍ ദേശീയ ആരോഗ്യനയം ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചത്. സ്വാതന്ത്ര്യപ്രാപ്തിയുടെ കാലത്ത് ഭാരതത്തില്‍ മസൂരി, കോളറ, മലേറിയ, പ്ലേഗ് എന്നീ മാരകമായ പകര്‍ച്ചവ്യാധികള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരുന്നു. ഇവമൂലം ആയിരത്തിന് 27 എന്ന തോതില്‍ ആളുകള്‍ മരണപ്പെട്ടിരുന്നു. ശിശുമരണനിരക്ക് ആയിരത്തിന് 134 ആയിരുന്നു. പൊതുജനാരോഗ്യ പ്രവര്‍ത്തങ്ങളും ആരോഗ്യപരിരക്ഷയ്ക്കുവേണ്ട സൗകര്യങ്ങളും തുലോം അപര്യാപ്തമായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ ഭാരതീയന്റെ ശരാശരി ആയൂര്‍ദൈര്‍ഘ്യം കേവലം 31 വര്‍ഷമായിരുന്നു. ഇന്ന് സ്ഥിതി ആകെ മാറി. ദാരിദ്ര്യം, അജ്ഞത, അനാരോഗ്യം എന്നിവയുടെ നിര്‍മ്മാര്‍ജ്ജനം ഇന്ത്യന്‍ ഭരണഘടന എടുത്തുകാട്ടുന്ന ലക്ഷ്യങ്ങളാണ്. മുഖ്യ പകര്‍ച്ച വ്യാധികളുടെ നിര്‍മ്മാര്‍ജനത്തിന് വേണ്ടി നിരവധി ദേശീയ ആരോഗ്യ പരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ സഹായ സഹകരണത്തോടെ മസൂരി പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞു. ക്ഷയരോഗവും മലേറിയയും വലിയൊരളവുവരെ നിയന്ത്രണവിധേമായിട്ടുണ്ട്. (തുടരും) |
| < മുന്‍ പേജ് | അടുത്തത് > |
|---|

മിസെയില്‍ മുതല്‍ അണുപരീക്ഷണം വരെ 
-°C 