| ഇന്ത്യന്‍ ശാസ്ത്രരംഗം |
|
പ്രാചീന ഭാരതത്തില്‍ ആദ്ധ്യാത്മികതയോടൊപ്പം ശാസ്ത്രവും സാങ്കേതിക വിദ്യകളും വളര്‍ന്നു വികാസം പ്രാപിച്ചിരുന്നു.
ജ്യോതിശാസ്ത്രം, ഗണിതം, ഭൗതികം, രസതന്ത്രം, ലോഹസംസ്കരണം, വൈദ്യശാസ്ത്രം, കപ്പല്‍ നിര്‍മ്മാണം, വാസ്തുവിദ്യ തുടങ്ങി പല ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും പ്രാചീന ഭാരതത്തിന് കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് ശക്തമായ ഒരു ശാസ്ത്രീയ അടിത്തറയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നു. പാശ്ചാത്യ സമൂഹം അജ്ഞതയുടെ അന്ധകാരത്തിലാണ്ടു കഴിഞ്ഞ മധ്യയുഗത്തില്‍ ഭാരതത്തില്‍ വിജ്ഞാനത്തിന്റെ ദീപശിഖ കത്തിജ്വലിച്ചു നിന്നിരുന്നു. എന്നാല്‍ രാജ്യം വിദേശാധിപത്യത്തിലമര്‍ന്നതോടെ ഈ സുവര്‍ണയുഗം അവസാനിക്കുകയും നിഷ്ക്രിയത്വത്തിന്റെ ഒരു കാലഘട്ടം സംജാതമാകുകയും ചെയ്തു. പാശ്ചാത്യലോകം ഉണര്‍ന്നെണീറ്റതും ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ വിപ്ലവകരമായ പുരോഗതി നേടിയതും ഈ കാലഘട്ടത്തിലായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു മുന്‍പുള്ള ഏതാനും ദശകങ്ങള്‍ ഇന്ത്യന്‍ സയന്‍സിന്റെ നവോത്ഥാനത്തിന് സാക്ഷ്യം വഹിച്ചതായി കാണാം. ജഗദീശ് ചന്ദ്രബോസ്, സി.വി. രാമന്‍, ശ്രീനിവാസ രാമാനുജന്‍, മേഘനാദസാഹാ, ആചാര്യ പി.സി. റേ, ഹോമിഭാഭാ, സത്യേന്ദ്രനാഥ ബോസ് എന്നീ പ്രതിഭാശാലികളായ ശാസ്ത്രജ്ഞരുടെ വളര്‍ച്ച ഭാരതം ദര്‍ശിച്ചത് ഈ കാലഘട്ടത്തിലായിരുന്നു. അടിസ്ഥാന ശാസ്ത്ര വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും വേണ്ട പ്രാഥമിക സൗകര്യങ്ങള്‍ സ്വാതന്ത്ര്യം നേടുമ്പോഴേക്കും ഇവിടെ ലഭ്യമായിരുന്നു.
1942ല്‍ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് സ്ഥാപിതമായി. 1944ല്‍ ഹോമി ഭാഭയുടെ പരിശ്രമഫലമായി അണു ഗവേഷണ കേന്ദ്രം ബോംബെയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും, ഗവേഷണകേന്ദ്രങ്ങളും1983 ജനുവരിയില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഗവണ്‍മെന്റിന്റെ ടെക്നോളജി നയം പ്രഖ്യാപിച്ചു. വികസനത്തിന്റെ എല്ലാ മേഖലകളിലും രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മതിയായ തോതില്‍ ശാസ്ത്രകാരന്മാരെയും സാങ്കേതികവിദഗ്ദ്ധരെയും വാര്‍ത്തെടുക്കുകയും ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പ്രയോഗം വഴി വന്നുചേരുന്ന നേട്ടങ്ങള്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാക്കുക തുടങ്ങിയവയാണ് ലക്ഷ്യം.
സ്വതന്ത്രഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു 1958 മാര്‍ച്ച് നാലാം തീയതി ദേശീയ ശാസ്ത്രനയം പ്രഖ്യാപിക്കുകയുണ്ടായി. രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തില്‍ ശാസ്ത്രത്തിന് അതിപ്രധാനമായ സ്ഥാനം നെഹ്‌റു നല്‍കിയിരുന്നു. ഇന്ത്യയില്‍ ശാസ്ത്രം വളരുന്നതോടൊപ്പം അത് നമ്മുടെ സാമൂഹ്യ പുരോഗതിക്കുള്ള മുഖ്യ ഉപകരണമായിത്തീരണമെന്നതായിരുന്നു അദ്ദേഹത്തിന്റെ സങ്കല്‍പം. ഇവ കൂടാതെ ശാസ്ത്ര സാങ്കേതിക പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും സൗകര്യമുള്ള ഉന്നത നിലവാരം പുലര്‍ത്തുന്ന ഐ.ഐ.റ്റികളും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്ത്യന്‍കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, സി എസ് ഐ ആര്‍, അറ്റോമിക് എനര്‍ജി കമ്മീഷന്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍, ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലാബറട്ടറികളും ഗവേഷണ കേന്ദ്രങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
ഊര്‍ജ രംഗം
ട്രാന്‍സ്മിഷന്‍ ലൈനുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പവര്‍ ഗ്രിഡുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. സംസ്ഥാനങ്ങള്‍ തമ്മില്‍ വൈദ്യുതിയുടെ കൊടുക്കല്‍ വാങ്ങലിന് ഈ സംവിധാനം സഹായിക്കുന്നു. അതുവഴി, ലഭ്യമായ വിഭവം പങ്കുവച്ച് പരമാവധി ഉപയുക്തത ഉറപ്പുവരുത്താന്‍ കഴിയുന്നു.
ഊര്‍ജത്തിന്റെ ഉറവിടങ്ങള്‍
പ്രകൃതിദത്തമായ ജലപാതങ്ങളും, ജലസമ്പത്തും, നദീതടങ്ങളും കൊണ്ട് അനുഗൃഹീതമായ നമ്മുടെ രാജ്യത്ത്, ആദ്യകാലത്തുല്‍പാദിപ്പിച്ചിരുന്ന വൈദ്യുതിയുടെ 40 ശതമാനത്തോളം ജലവൈദ്യുത പദ്ധതികളില്‍ നിന്നായിരുന്നു. എന്നാല്‍ ഈ സ്ഥിതിയില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. മണ്‍സൂണിന്റെ ശക്തിയിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ കാരണം പവര്‍ സ്റ്റേഷനുകള്‍ മിക്കപ്പോഴും പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല. കൂടാതെ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പ് കാരണം പുതിയ പദ്ധതികള്‍ തുടങ്ങാനോ, തുടങ്ങിയവ പൂര്‍ത്തീകരിക്കാനോ കഴിയാത്ത സ്ഥിതിയാണിപ്പോള്‍.
താപവൈദ്യുതി നിലയങ്ങളും വന്‍തോതില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സഹായകമാണ്. ഇവ രണ്ടുതരമുണ്ട്.: (1) ഫോസില്‍ ഇന്ധനങ്ങളായ എണ്ണ, പ്രകൃതി വാതകം, കല്‍ക്കരി ഇവയിലേതെങ്കിലും ഒന്ന് ഇന്ധനമായിട്ടുപയോഗിക്കുന്നവ (2) ആണവനിലയങ്ങള്‍ ഇവിടെ അണുവിഘടന ഫലമായി ലഭിക്കുന്ന താപോര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. എണ്ണയും പ്രകൃതി വാതകവും നമ്മുടെ ആവശ്യത്തിന്റെ നല്ലൊരു പങ്കും ഇറക്കുമതി ചെയ്യുകയാണ്. വിദേശ നാണ്യശേഖരത്തിന്റെ ഗണ്യമായ പങ്ക്, ഇതിനുവേണ്ടി ചെലവഴിക്കേണ്ടിവരുന്നു. അതിനാല്‍ വന്‍തോതില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് പെട്രോളിയത്തിനെ ആശ്രയിക്കാന്‍ പറ്റുകയില്ല.
ഇന്ത്യയുടെ ഊര്‍ജ്ജ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം കല്‍ക്കരിയെ അടിസ്ഥാനമാക്കിയുള്ള തെര്‍മല്‍ പവര്‍ പ്ലാന്റുകളാണ്. അനേക വര്‍ഷക്കാലത്തേക്ക് ആവശ്യമുള്ളത്ര കല്‍ക്കരി നിക്ഷേപം ഇവിടെ ഉണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗുരുതരമായ പരിസര മലിനീകരണം സൃഷ്ടിക്കുന്നവയാണ് ഇത്തരം വൈദ്യുത നിലയങ്ങള്‍.
അണുശക്തി നിലയങ്ങള്‍
അണുശക്തിരംഗത്ത് ഇന്ത്യ സ്വാശ്രയത്വം കൈവരിച്ചുകഴിഞ്ഞു. സ്വന്തമായി അണുശക്തി നിലയങ്ങള്‍ നിര്‍മ്മിക്കുവാനും കമ്മീഷന്‍ ചെയ്യുവാനും ഇന്ത്യക്ക് ഇന്ന് ശേഷിയുണ്ട്. യുറേനിയം മൈനുകള്‍, ഇന്ധന ഫാബ്രിക്കേഷന്‍ ഫാക്ടറികള്‍, ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷനുകള്‍, ഇന്ധനാവിശിഷ്ടങ്ങളുടെ പുനസംസ്കരണത്തിനുള്ള പ്ലാന്റുകള്‍ എന്നിവയുള്‍ക്കൊള്ളുന്ന സ്വയം പര്യാപ്തമായ ഒരു ന്യൂക്ലിയര്‍ പരിപാടി നാം വികസിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഫാസ്റ്റ് ബ്രിഡര്‍ റിയാക്ടര്‍ ടെക്നോളജിയും നാം സ്വയം വികസിപ്പിച്ചെടുത്തിരിക്കുന്നു. തോറിയം ഇന്ധനമായിട്ടുപയോഗിക്കുന്ന പുതിയ ഇനം റിയാക്ടറിന്റെ ടെക്നോളജിയും ഇപ്പോള്‍ നമുക്ക് സ്വായത്തമാണ്.
ഇതൊക്കെയാണെങ്കിലും പ്രായോഗിക രംഗത്തിന് ഇനിയും ബഹുദൂരം പോകാനുണ്ട്. 2020-ാമാണ്ടോടെ രാജ്യത്തെ മൊത്തം വൈദ്യുതി ഉല്‍പാദനത്തിന്റെ 10 ശതമാനമെങ്കിലും അണുശക്തിയില്‍ നിന്ന് ആയിരിക്കണമെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ ധീരമായ നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. മറ്റ് വന്‍കിട വൈദ്യുതി ഉല്‍പാദന പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ആണവനിലയങ്ങള്‍ പൊതുവെ അപകടസാധ്യത കുറഞ്ഞതും, ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളില്‍ നിന്ന് മുക്തവുമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ദേശീയവും അന്തര്‍ദ്ദേശീയവുമായ സംഘടനകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാവ്യവസ്ഥകളും ഇവിടെ പാലിക്കപ്പെടുന്നുമുണ്ട്.
ആണവപദ്ധതിയെ എതിര്‍ക്കുന്നവര്‍, വികസിതരാജ്യങ്ങള്‍ അണുശക്തി നിലയങ്ങള്‍ അടച്ചുപൂട്ടുകയാണെന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ഫ്രാന്‍സില്‍ 76 ശതമാനവും, ജപ്പാനില്‍ 34 ശതമാനവും, ജര്‍മ്മനിയില്‍ 29 ശതമാനവും ഇംഗ്ലണ്ടില്‍ 25 ശതമാനവും അമേരിക്കയില്‍ 22.5 ശതമാനവും വൈദ്യുതി ഇപ്പോഴും അണുശക്തിയില്‍ നിന്നാണുല്‍പാദിപ്പിക്കുന്നത്.
പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍: സൗരോര്‍ജ്ജം, കാറ്റ്, തിരമാല, ബയോമാസ്സ്, ഭൂതാപം തുടങ്ങിവയില്‍ നിന്നുല്‍പാദിപ്പിക്കാവുന്ന ഊര്‍ജ്ജം ഈ ഇനത്തില്‍പ്പെടുന്നു. ഇവ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കാത്തവയാണെന്നു മാത്രമല്ല, പലതും പുതുക്കപ്പെടാവുന്നവയുമാണ്. ഗ്രാമപ്രദേശങ്ങളില്‍ പാചകത്തിനും, വെളിച്ചത്തിനും, വെള്ളം പമ്പു ചെയ്യുന്നതിനും, ചെറുകിട വ്യാവസായികാവശ്യങ്ങള്‍ക്കും മറ്റും പ്രാദേശികമായി ലഭ്യമായ ഇത്തരം ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കാവുന്നതാണ്. ഈ വസ്തുത കണക്കിലെടുത്ത് കേന്ദ്ര ഗവണ്‍മെന്റ് 1992ല്‍ ഒരു പ്രത്യേക മന്ത്രാലയം രൂപീകരിച്ചു. എന്നാല്‍ ഈ രംഗത്തെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും കൂടുതല്‍ മുതല്‍മുടക്കേണ്ടതുണ്ട്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ഡോ. എം.എന്‍. ശ്രീധരന്‍ നായര്‍ 
-°C 