അടിതെറ്റിയ അടവുനയം-9
Imageമാര്‍ക്സിസ്റ്റ്‌ മുറ്റത്ത്‌ ഒളിച്ചുകളിക്കുന്ന വര്‍ഗവും വര്‍ഗീയതയും
കെ.എം.ചുമ്മാര്‍ 
ആ മാര്‍ഗ്ഗം ഉപേക്ഷിച്ച്‌ കറകളഞ്ഞ മതനിരപേക്ഷ പാര്‍ട്ടിയായ ബി.ജെ.പിയായി മാറി, മസ്ജിദുകള്‍ പൊളിച്ചുനടക്കുന്നു എന്നുകൂടി എഴുതിവയ്ക്കേണ്ടതായിരുന്നു.
സി.പി.ഐക്കാരുടെ ബി.ജെ.പി വിരുദ്ധ നിലപാട്‌ അംഗീകരിക്കാന്‍ പറ്റുന്നില്ലെന്ന്‌ ഇ.എം.എസ്‌ എഴുതുന്നു - മാര്‍ക്സിസ്റ്റു പാര്‍ട്ടിയും സി.പി.ഐയും തൊഴിലാളി കര്‍ഷകരംഗങ്ങളില്‍ ഒന്നിച്ചു നിന്ന്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. പക്ഷെ അവരുടെ ആന്റി വാജ്പയ്‌ നയത്തോടു യോജിക്കാന്‍ ഞങ്ങള്‍ക്കു കഴിയില്ല. (കേരള ശബ്ദം വിശേഷാല്‍പ്രതി 1979)

1983 ല്‍ ഒരു പത്രപ്രതിനിധി ഇ.എം.എസിനോട്‌ ഭാവിയില്‍ ബി.ജെ.പിയുമായി സഹകരിക്കുകയില്ലെന്ന്‌ ഉറപ്പു പറയാമോ എന്നുചോദിച്ചു. അതിന്‌ ഭാവിയില്‍ എന്തു നടക്കുമെന്ന്‌ എങ്ങനെ പറയാനാണ്‌? എന്ന്‌ ഒരു മറുചോദ്യം ചോദിച്ചു വെന്ന്‌ 3.9.83 ലെ ചിന്തയില്‍ അദ്ദേഹം എഴുതിയിരുന്നു. അത്ര ഫ്ലെക്സിബിളാണ്‌ വിട്ടുവീഴ്ചയില്ലാത്ത നമ്മുടെ മതനിരപേക്ഷത.

 

കമ്യൂണിസ്റ്റു പാര്‍ട്ടിയെ തോല്‍പ്പിക്കുന്നതിന്‌ കേരളത്തില്‍ ജാതിമത വര്‍ഗ്ഗീയശക്തികളോട്‌ ആദ്യം കൂട്ടുകൂടിയത്‌ കോണ്‍ഗ്രസ്സാണ്‌. (1954 - ലെ മലബാര്‍ ജില്ലാ ബോര്‍ഡില്‍ മുസ്ലീം ലീഗ്‌-കമ്യൂണിസ്റ്റു മിശ്രവിവാഹം നടന്നത്‌ അതിനും മൂന്നുകൊല്ലം മുമ്പായിരുന്നു എന്ന പരമാര്‍ത്ഥം തല്‍ക്കാലം മറക്കാം-ലേഖകന്‍) ആ തന്ത്രത്തിനു മറുതന്ത്രമെന്ന നിലയ്ക്ക്‌ കമ്യൂണിസ്റ്റു പാര്‍ട്ടിയും അതേ തന്ത്രം ഉപയോഗിച്ചു. കേരളത്തില്‍ ലീഗുമായും അഖിലേന്ത്യാതലത്തില്‍ ജനസംഘവുമായും ഒരുഘട്ടത്തില്‍ ഞങ്ങള്‍കൂട്ടുകൂടി (ദേശാഭിമാനിയിലെ ലേഖനപരമ്പര- ഫെബ്രുവരി 1988)
ആറുമാസം കഴിഞ്ഞ്‌ 29.7.88 ലെ ചിന്തയില്‍ അദ്ദേഹം തന്നെ ഇങ്ങനെ എഴുതി-
തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനുവേണ്ടി ആരുമായും കൂട്ടുകെട്ടുണ്ടാക്കുക എന്ന സമീപനമാണ്‌ മൂന്നു പതിറ്റാണ്ടിലേറെക്കാലമായി കോണ്‍ഗ്രസ്‌ തുടര്‍ന്നു പോരുന്നത്‌.

 

അതു പൊളിക്കാന്‍ അതേ അവസരവാദം തന്നെ പ്രതിപക്ഷ പാര്‍ട്ടികളും അംഗീകരിക്കുകയാണെങ്കില്‍ അവര്‍ ജനങ്ങളുടെ അപഹാസത്തിനു പാത്രമാവുകയേ ഉള്ളൂ. ഫെബ്രുവരിയിലെ ദേശാഭിമാനി ലേഖനപരമ്പര എഴുതുമ്പോള്‍ ഈ വിവേകബുദ്ധി ഇല്ലായിരുന്നോ?
ഇത്രവലിയ മതേതരത്വം പറയുന്ന പാര്‍ട്ടി കേരളത്തില്‍ ആദ്യമായി (അവസാനമായും) സ്വന്തശക്തികൊണ്ട്‌ ജനാധിപത്യ കക്ഷികളുടെ സഹായം കൂടാതെ - വിജയിച്ചത്‌ 1957 ല്‍ ആയിരുന്നല്ലോ. ആ വിജയം പോലും വര്‍ഗ്ഗീയശക്തികളുടെ കാരുണ്യംകൊണ്ട്‌ ലഭിച്ചതാണെന്ന്‌ ഇ.എം.എസു തന്നെ രേഖപ്പെടുത്തി വച്ചിട്ടുള്ളതു നോക്കുക-മലബാര്‍ പ്രദേശത്തെ മുസ്ലീം ലീഗ്‌, തിരു-കൊച്ചി പ്രദേശത്തെ കോണ്‍ഗ്രസ്സിനകത്ത്‌ പള്ളിമേധാവികള്‍ക്കുള്ള സ്വാധീനം നിമിത്തം അസംതൃപ്തരായ ഒരുവിഭാഗം സവര്‍ണ്ണ ഹിന്ദുപ്രമാണികള്‍ - ഈ നിലയ്ക്ക്‌ കേരളത്തിലെ ബൂര്‍ഷ്വാരാഷ്ട്രീയം ഭിന്നിച്ചു നില്‍ക്കുകയായിരുന്നു.

 

ഈ ഭിന്നിപ്പാണ്‌ പല മണ്ഡലങ്ങളിലും കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചത്‌. ഈ ഭിന്നിപ്പില്ലായിരുന്നെങ്കില്‍ കമ്യൂണിസ്റ്റു സ്ഥാനാര്‍ത്ഥികള്‍ക്കും സ്വതന്ത്രന്മാര്‍ക്കും കൂടി നിയമസഭയില്‍ ഭൂരിപക്ഷം കിട്ടുകയില്ലായിരുന്നു. (ഒരു മുന്‍ മുഖ്യമന്ത്രിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ - പേജ്‌ - 133)
മലബാര്‍ പ്രദേശത്തെ മുസ്ലീം ലീഗ്‌ കേരള സംസ്ഥാനമാകെ വ്യാപിക്കുന്നതിനുവേണ്ടി ഒരു സ്വതന്ത്രപാര്‍ട്ടിയെന്ന നിലയ്ക്ക്‌ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിറുത്തി മത്സരിച്ചു. അതിന്‌ പി.എസ്‌.പിയുടെ പിന്തുണയുമുണ്ടായിരുന്നു. മലബാര്‍ പ്രദേശത്ത്‌ കോണ്‍ഗ്രസ്സിനെ ക്ഷീണിപ്പിക്കാന്‍ സഹായിച്ച ഒരു സംഭവ വികാസമാണിത്‌. തിരു-കൊച്ചി പ്രദേശത്താകട്ടെ കോണ്‍ഗ്രസ്സിനകത്ത്‌ ക്രിസ്ത്യന്‍ മേധാവിത്വം കൊടികുത്തി വാഴുകയാണെന്ന കാരണത്താല്‍ രണ്ടു പ്രബല ഹൈന്ദവസമുദായങ്ങളായ നായന്മാരിലും ഈഴവരിലും അസ്വാസ്ഥ്യവും അസംതൃപ്തിയും ഉണ്ടായിരുന്നു.

 

ക്രിസ്ത്യന്‍ മേധാവിത്വം കുറയ്ക്കുകയെങ്കിലും ചെയ്യുന്നതിന്‌ കമ്യൂണിസ്റ്റുകാരെ വിജയിപ്പിക്കുകയാണ്‌ നല്ലതെന്ന വിചാരം അവരില്‍ ഒരുവിഭാഗത്തില്‍ പരന്നു. തിരു-കൊച്ചി പ്രദേശത്തെ പല നിയോജകമണ്ഡലങ്ങളലിലും തിരഞ്ഞെടുപ്പു ഫലത്തെ ഇതുകാര്യമായി ബാധിച്ചു. (കമ്യൂണിസ്റ്റു പാര്‍ട്ടി കേരളത്തില്‍ - ഭാഗം രണ്ട്‌ - പേജ്‌ 85)
എന്നിട്ടു കിട്ടിയ ഭൂരിപക്ഷമെത്രയാ? വെറും രണ്ടേ രണ്ട്‌.
ഈ അവകാശവാദങ്ങളെല്ലാം പരിശോധിക്കുമ്പോള്‍ കാണുന്നത്‌ മുസ്ലീം - നായര്‍ - ഈഴവ - ക്രിസ്ത്യന്‍ മതജാതി നാമങ്ങളാണ്‌. തൊഴിലാളിവര്‍ഗ്ഗപ്പാര്‍ട്ടിയെന്ന്‌ അഭിമാനിക്കുന്ന കമ്യൂണിസ്റ്റു പാര്‍ട്ടിക്ക്‌ വര്‍ഗ്ഗങ്ങളുടെ കാര്യമൊന്നും പറയാനില്ല - ആ പ്രവണതയാണല്ലോ വളര്‍ന്നു വളര്‍ന്നുവന്ന്‌ സത്വവിവാദമായി പരിണമിച്ചിട്ടുള്ളത്‌.

 

കഴിഞ്ഞ മേയ്‌ 20-ാ‍ം തീയതി കൊല്ലത്ത്‌ ദേശാഭിമാനി സംഘടിപ്പിച്ച ഒരു സമ്മേളനത്തില്‍ പ്രസംഗിച്ചു കൊണ്ട്‌ പിണറായി വിജയന്‍ എന്‍.എസ്‌.എസ്‌ ഇപ്പോള്‍ എല്‍.ഡി.എഫ്‌ അനുകൂല നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളതെന്നും, അവരെ പിണക്കരുതെന്നും പറഞ്ഞതായി പൈറ്റ്‌ ദിവസം മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി.ന്യൂനപക്ഷങ്ങള്‍ ശക്തിസംഭരിക്കുന്നുവെന്ന്‌ വിളിച്ചു പറഞ്ഞ്‌ ഭൂരിപക്ഷങ്ങളെ പ്രകോപിപ്പിച്ച്‌ 1957 ആവര്‍ത്തിക്കാനുള്ള ഈ വെപ്രാളം, മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ ന്യൂനപക്ഷക്കാരായ പു.ക.സക്കാരിലും ഊശാന്‍ താടിക്കാരിലും സത്വപ്പനി പരത്തിയിട്ടുണ്ടെങ്കില്‍ അതു സ്വാഭാവികം മാത്രം.
സത്വജ്വരം എന്ന പന്നിപ്പനി പിടികൂടുന്നതിനും അരനൂറ്റാണ്ട്‌ മുമ്പ്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയെ പിടികൂടിയിരുന്ന ഒരു ഡങ്കിപ്പനിയാണ്‌ ജനതകളുടെ സ്വയംനിര്‍ണ്ണയാവകാശം എന്ന ഭ്രാന്ത്‌.

 

സോവ്യറ്റ്‌ യൂണിയനില്‍ നിന്നും സ്റ്റാലിന്റെ 'മാര്‍ക്സിസം ആന്‍ഡ്‌ ദി നാഷണല്‍ ആന്‍ഡ്‌ കൊളോണിയല്‍ ക്രിസ്ത്യന്‍' എന്ന കൊതുകാണ്‌ ആ രോഗത്തിന്റെ അണുക്കള്‍ ഇന്ത്യയിലെത്തിച്ചത്‌. ഭാഷ, പ്രദേശം, സാമ്പത്തികജീവിതം, സാമാന്യമായി ഒരു പൊതുസംസ്ക്കാരത്തില്‍ പ്രത്യക്ഷപ്പെടുന്ന മാനസികഘടന എന്നിവയാല്‍ ചരിത്രപരിണാമം വഴി സ്ഥിരമായിത്തീര്‍ന്നിട്ടുള്ള സാമാന്യ തത്വമാണ്‌ ഒരു രാഷ്ട്രം എന്ന്‌ സ്റ്റാലിന്‍ നിര്‍വ്വചിച്ചു.മേല്‍്പ്പറഞ്ഞ ഘടകങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ അഭാവം കൊണ്ട്‌ ഒരു സമൂഹം രാഷ്ട്രമല്ലാതായിത്തീരുമെന്നു ചൂണ്ടിക്കാട്ടിയ സ്റ്റാലിന്‍ ഇതില്‍ ഏതെങ്കിലും ഒന്നു മാത്രമുണ്ടാകുന്നതു കൊണ്ടും രാഷ്ട്രമാവുകയില്ലെന്ന്‌ വ്യക്തമാക്കി. ഉദാഹരണമായി റഷ്യയിലുണ്ടായിരുന്ന യഹൂദന്മാര്‍ക്ക്‌ ഒരു പ്രത്യേക മതമുണ്ടായിരുന്നു എന്ന കാരണത്താല്‍ അവരൊരു രാഷ്ട്രമാവുകയില്ല എന്ന്‌ വിശദീകരിച്ചു.

 

ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക്‌ ഒരു പൊതുമതമുള്ളതുകൊണ്ട്‌ അവര്‍ ഒരു പ്രത്യേക രാഷ്ട്രമാണ്‌ എന്നുള്ളതായിരുന്നല്ലോ പാകിസ്ഥാന്‍ വാദത്തിന്റെ അടിത്തറ. സ്റ്റാലിന്‍ പറഞ്ഞ തത്വമനുസരിച്ച്‌ ജിന്നായുടെ വാദത്തിന്‌ അടിസ്ഥാനമില്ല. പക്ഷെ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക്‌ തിരിഞ്ഞത്‌ നേരെ തലതിരിച്ചാണ്‌. അവര്‍ പാകിസ്ഥാന്‍ വാദത്തെ ശക്തിയായി പിന്താങ്ങി.
(തുടരും)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls