മുണ്ടശ്ശേരിയെ ഉദ്ധരിച്ചപ്പോള്‍ ഇ.എം.എസിനും പിഴച്ചു കെ.എം.ചുമ്മാര്‍ അച്യുതമേനോന്‍ മുന്നണിവിട്ട അവര്‍ സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസിനോടും സ്വതന്ത്രാപാര്‍ട്ടിയോടും ചേര്‍ന്ന് ഒരു മൂന്നാം മുന്നണി ഉണ്ടാക്കി 1970-ല്‍ മത്സരിച്ചു.
കേരളാ കോണ്‍ഗ്രസിന് 14-ഉം, സിന്‍ഡിക്കേറ്റിന് മൂന്നുംം സീറ്റു ലഭിച്ചു. കോണ്‍ഗ്രസിന്റെ 33 എം.എല്‍.എ.മാര്‍ മുന്നണിയില്‍ ചേരാതെ പുറത്തുനിന്നു പിന്താങ്ങിയതുമൂലം അച്യുതമേനോന്‍ മുന്നണിയ്ക്ക് 71 പേരുടെ പിന്തുണയായി. സി.പി.എമ്മിനു ലഭിച്ച 33 സീറ്റുള്‍പ്പടെ ഇടതുമുന്നണിയ്ക്ക് 45 എം.എല്‍.എമാര്‍. അവരായിരുന്നു പ്രതിപക്ഷം. കേരളാ കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റ് കൂട്ടുകെട്ടിന്റെ 17 എം.എല്‍.എമാര്‍ ഭരണപക്ഷത്തുമല്ല, പ്രതിപക്ഷത്തുമല്ല. ആ സാഹചര്യത്തില്‍ ഇടതുമുന്നണിയുമായി അസംബ്ലിയിലും പുറത്തും യോജിച്ചു പ്രവര്‍ത്തിക്കാന്‍ അവര്‍ നിര്‍ബന്ധിതമായി. എന്‍.ജി.ഒ അദ്ധ്യാപകസമരം, അടിയന്തിരാവസ്ഥാ വിരുദ്ധപ്രകടനങ്ങള്‍ ഇവയിലെല്ലാം അവര്‍ സഹകരിച്ചു. കെ.എം. ജോര്‍ജുപോലും ജയിലിലായി. ഈ ഘട്ടത്തില്‍ ഇ.എം.എസ് എഴുതി-
'അടുത്തകാലം വരെ മാര്‍ക്സിസ്റ്റു വിരോധം കേരളാ കോണ്‍ഗ്രസിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായിരുന്നു. അതുമാറി കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയെ സഖ്യകക്ഷിയായി കാണുക എന്ന സ്ഥിതിയിലേയ്ക്ക് അവര്‍ മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് കര്‍ഷക ഫെഡറേഷന്‍ പ്രസിഡന്റ് ഇ. ജോണ്‍ ജേക്കബുമായി അവര്‍ തെറ്റിപ്പിരിഞ്ഞത്. ഈ മാറ്റങ്ങള്‍ക്കടിസ്ഥാനമായി നില്‍ക്കുന്ന ഒരു രേഖ ഏതാനും മാസങ്ങള്‍ക്കുമുമ്പ് നടന്ന ആലുവാ സമ്മേളനത്തില്‍ വച്ച് കേരളാ കോണ്‍ഗ്രസ് അംഗീകരിക്കുകയുണ്ടായി.' (ചിന്ത 6-9-74). 'കേരളശബ്ദം' വാരികയുടെ 27-10-74 ലെ ലക്കത്തില്‍ ഇ.എം.എസുമായി കെ.വി.എസ്. ഇളയത് നടത്തിയ ഒരു അഭിമുഖ സംഭാഷണം പ്രസിദ്ധീകരിച്ചിരുന്നു. കേരളാ കോണ്‍ഗ്രസിലുണ്ടായി എന്ന് പറയപ്പെടുന്ന മാറ്റങ്ങളെപ്പറ്റി സംശയരൂപേണയുള്ള ചോദ്യം ചോദിച്ച ഇളയതിനോട് ഇ.എം.എസ് ഒരു മറു ചോദ്യം ചോദിച്ചു- 'കേരളാ കോണ്‍ഗ്രസില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് നിങ്ങള്‍ക്കെങ്ങനെ പറയാന്‍ സാധിക്കും? ലോക കത്തോലിക്കാ മതത്തില്‍ത്തന്നെ പുരോഗമനമുണ്ടായിട്ടില്ലെ? പീറ്റര്‍ 23-ാമന്‍ മാര്‍പാപ്പ ലോക കത്തോലിക്കാ സഭയില്‍ ഒരു വിപ്ലവമായിരുന്നില്ലെ?' (കത്തോലിക്കാസഭയില്‍ കഴിഞ്ഞ 2000 വര്‍ഷക്കാലം 262 മാര്‍പാപ്പമാരാണ് ഉണ്ടായിരുന്നത്. അവരില്‍ പീറ്റര്‍ എന്ന പേരില്‍ ഒരാളെ ഉള്ളൂ- പ്രഥമ മാര്‍പാപ്പ ആയ പത്രോസ് അപ്പസ്തോലന്‍ മാത്രം) 1958-ല്‍ കാലം ചെയ്ത 12-ാം പിയൂസ് മാര്‍പാപ്പയെ പിന്തുടര്‍ന്ന ജോണ്‍ 23-ാമന്‍ മാര്‍പാപ്പ സഭയില്‍ കുറെയേറെ പരിവര്‍ത്തനങ്ങള്‍ വരുത്തി. ആ മാറ്റം ആളെ വലിയൊരു വിപ്ലവമായി പ്രകീര്‍ത്തിച്ചുകൊണ്ട് പ്രൊഫ. മുണ്ടശ്ശേരി 1963-ലെ നവയുഗം വാര്‍ഷികപ്പതിപ്പിലും 1967-ലെ ദേശാഭിമാനി വിഷുപ്പതിപ്പിലും ഓരോ ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതു വായിച്ചശേഷമാണ് 'പീറ്റര്‍ 23-ാമന്‍' മാര്‍പാപ്പായുടെ വിപ്ലവത്തെപ്പറ്റി ഇ.എം.എസ് കെ.വി.എസ് ഇളയതിനോട് 'സഭാചരിത്രം' പറഞ്ഞത്. പറഞ്ഞയാള്‍ക്കും കേട്ടയാള്‍ക്കും വിഷയം നല്ല പിടിയുള്ളതാണല്ലോ! രണ്ടാമത്തെ കാര്യം; കത്തോലിക്കാസഭയില്‍ വിപ്ലവം ഉണ്ടായാല്‍ കേരളാ കോണ്‍ഗ്രസ്സിലും വിപ്ലവം ഉണ്ടാകണമല്ലോ- അതുതാനല്ലയോ ഇത്? ഇ.എം.എസ് എഴുതി- 'കത്തോലിക്കരില്‍ ഒരുവിഭാഗം, പുരോഹിതന്മാരില്‍ ഒരു വിഭാഗമടക്കം, സാമ്പത്തിക രാഷ്ട്രീയ കാര്യങ്ങളില്‍ പള്ളിയുടെ നിര്‍ദ്ദേശങ്ങള്‍ക്കു വഴങ്ങാത്ത ഒരു നിലയിലെത്തിയിട്ടുണ്ട്. 1967 മുതല്‍ ഇന്നുവരെ കേരളത്തിലെ പള്ളി മേധാവികള്‍പോലും പഴയ കടുംപിടുത്തം വിട്ട് കമ്യൂണിസ്റ്റുകാരുമായി ഒരു പരിധിവരെ സഹകരിക്കുന്ന നിലപാടെടുക്കുകയുണ്ടായി:' (ചിന്ത 12-10-79) 'കേരളമടക്കം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുള്ള കമ്യൂണിസ്റ്റുകാര്‍ക്കും അവരുടെ പ്രസ്ഥാനം കത്തോലിക്കാ പള്ളിയുമായി സൗഹാര്‍ദപൂര്‍വ്വവും സഹകരണാത്മകവുമായ രീതിയിലാക്കുന്നതാവശ്യമാണ്. അതിനുള്ള ശ്രമം ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ സദാ നടത്തിപ്പോന്നിട്ടുണ്ട്.' (ചിന്ത 3-10-80) (1989-ല്‍ യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ (മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലല്ല) ചേരാന്‍ ചെന്ന പി.ജെ. ജോസഫിനോട് 'പള്ളിയേയും പട്ടക്കാരനേയും തള്ളിപ്പറഞ്ഞിട്ട് വാ' എന്നു പറഞ്ഞ് വിരട്ടി ഓടിച്ചത് ഈ മുകളില്‍പ്പറഞ്ഞ സമീപനത്തിന് വിരുദ്ധമായിരുന്നില്ലെ?) അവസാനം പി.ജെ. ജോസഫ് അതിനും തയ്യാറായി. അപ്പോള്‍ ഇ.എം.എസ് എഴുതി- 'ക്രിസ്ത്യന്‍ പള്ളികളുടെ സ്വാധീനം കേരളാ കോണ്‍ഗ്രസില്‍ ശക്തമായി നില്‍ക്കുന്നുണ്ട്. ജോസഫ് ഗ്രൂപ്പ് കേരളാ കോണ്‍ഗ്രസ് മതവും രാഷ്ട്രീയവും സംബന്ധിച്ചുള്ള ബന്ധം സംബന്ധിച്ച അഭിപ്രായം മാറ്റിയിട്ടുണ്ട്. മതം രാഷ്ട്രീയ കാര്യങ്ങളിലും രാഷ്ട്രീയം മതകാര്യങ്ങളിലും ഇടപെടാതിരിക്കുക എന്ന സമീപനം ആ പാര്‍ട്ടി അംഗീകരിച്ചിട്ടുണ്ട്.' (ജാതി-മതം-രാഷ്ട്രീയം എന്ന ലഘുലേഖയില്‍ നിന്ന്) (പേജ് 14) തൊട്ടുതാഴെ ഇങ്ങനെ പറയുന്നു- 'മാണി കേരളാ അങ്ങനെ ചെയ്തിട്ടില്ല. അതുകൊണ്ട് ഇന്നത്തെ പ്രായോഗിക രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് (ഐ) ന്റെ ജൂണിയര്‍ പങ്കാളിയാണ് മാണി കേരളാ എന്നതിനാലും ആ പാര്‍ട്ടിയുമായി കൂട്ടുകെട്ടുണ്ടാക്കുന്ന പ്രശ്നം ഉദിക്കുന്നില്ല.' ഇതു വാസ്തവമാണെങ്കില്‍ 1980-82 കാലത്ത് മാണി കേരളാ കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ ചേര്‍ക്കുകയും മാണിയെ നായനാര്‍ മന്ത്രിസഭയില്‍ അംഗമാക്കുകയും ചെയ്തത് എങ്ങനെ! 'ഏതാനും വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള ഒരു പുതിയ സംവിധാനത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറായി.' എന്ന് ഇ.എം.എസ് എഴുതിവച്ചത് (കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍- ഭാഗം മൂന്ന്- പേജ് 207) എന്തടിസ്ഥാനത്തിലാണ്? മാണിയുടെ പള്ളി പട്ടക്കാരന്‍ ബന്ധം എന്തുകൊണ്ടാണ് മാര്‍ക്സിസ്റ്റുകാര്‍ അയോഗ്യതയായി കാണാഞ്ഞത്? അപ്പോള്‍ ഇത്തരം മാനദണ്ഡങ്ങള്‍പോലും കാലഭേദമനുസരിച്ച് മാറ്റിയും മറിച്ചും കൊണ്ടും ഇരിക്കും അല്ലേ? ഹിന്ദു വര്‍ഗ്ഗീയതയോടുള്ള സമീപനം ഭൂരിപക്ഷ ഹിന്ദുവര്‍ഗ്ഗീയതയില്‍ നിന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ രക്ഷിക്കാന്‍ ജീവന്‍ ബലികഴിച്ചും വിട്ടുവീഴ്ചയില്ലാതെയും പോരാടുന്നഏകപാര്‍ട്ടി സി.പി.എം ആണെന്ന അവസാനമില്ലാത്ത അവകാശവാദം ഒന്നോ രണ്ടോ ദിവസം മുമ്പ് പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നത് ടി.വിയില്‍ കണ്ടു. ഇക്കാര്യത്തിലും സ്ഥലകാലഭേദമനുസരിച്ച് പാര്‍ട്ടി കൈക്കൊണ്ടിട്ടുള്ള അടവു മാറ്റങ്ങളുടെ ഏതാനും ഉദാഹരണങ്ങള്‍ താഴെ ചേര്‍ക്കുന്നു ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന്റെ ഏകകക്ഷി മേധാവിത്വത്തില്‍ നിന്ന് ഉടലെടുക്കുന്ന ഫാസിസ്റ്റു വിപത്തിനെതിരായി വ്യാപകമായ ഒരു പ്രക്ഷോഭം അഴിച്ചുവിടണമെന്നും അതില്‍ ജനസംഘമടക്കമുള്ള പ്രതിപക്ഷ ബൂര്‍ഷ്വാ ശക്തികളെക്കൂടി അണിനിരത്തണമെന്നും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട് (ഇ.എം.എസ് ചിന്ത 13.6.75) 1.4.77 ലെ ചിന്തയില്‍ ഇ.എം.എസ് എഴുതിയത് ജനസംഘം അതിന്റെ വര്‍ഗ്ഗീയപാരമ്പര്യം ഉപേക്ഷിച്ചു കൊണ്ടിരിക്കുന്നുവെന്നാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക- ജനതാപാര്‍ട്ടിയുടെ ഘടകകക്ഷികളില്‍ മൂന്നെണ്ണം (ജനസംഘം, സംഘടനാ കോണ്‍ഗ്രസ് ബി.എല്‍.ഡി) വലതുപക്ഷ വീക്ഷണത്തോടെ രാഷ്ട്രീയം കൈകാര്യം ചെയ്തിരുന്ന പാര്‍ട്ടികളായിരുന്നു. കഴിഞ്ഞഏഴെട്ടു കൊല്ലത്തെ അനുഭവങ്ങളുട വെളിച്ചത്തില്‍ ആ വഴിക്കു നീങ്ങുന്നത് ഗുണമല്ല ദോഷമാണു ചെയ്യുകയെന്നു ബോധ്യപ്പെട്ടതിന്റെ ഫലമായി അവരിന്ന് ആ മാര്‍ഗ്ഗം ഉപേക്ഷിച്ചിരിക്കുകയാണ് (ചിന്ത 1.4.77) (തുടരും) |