| അടിതെറ്റിയ അടവുനയം-7 |
ക്രിസ്ത്യന്‍-കമ്മ്യൂണിസ്റ്റ് സഹകരണത്തിന്റെ തുടക്കം കെ.എം.ചുമ്മാര്‍
കേരളത്തില്‍ ക്രിസ്ത്യന്‍-കമ്യൂണിസ്റ്റു സഹകരണത്തിന്റെ തുടക്കം ഈ സുഷിരങ്ങളിലൂടെയാണ്. കേരളത്തില്‍, പ്രത്യേകിച്ചും കത്തോലിക്കര്‍ക്കിടയില്‍, കമ്യൂണിസ്റ്റ് വിരുദ്ധവികാരം ഏറ്റവുമധികം വളര്‍ത്തിയത് അഖില കേരള കമ്യൂണിസ്റ്റ് വിരുദ്ധമുന്നണിയും അതിന്റെ നേതാവായിരുന്ന ഫാദര്‍ വടക്കനുമായിരുന്നു. അദ്ദേഹവും കമ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലനും തമ്മില്‍ അമരാവതിയിലാരംഭിച്ച സഹകരണം അവസാനം ആ ഇരുമ്പുമറയെത്തന്നെ മറിച്ചിട്ടുകളഞ്ഞു. അടുത്തപടി കൊട്ടിയൂര്‍ ക്ഷേത്രവക ഭൂമി എന്‍.എസ്.എസ്. മേല്‍ച്ചാര്‍ത്തു വാങ്ങിയതിനെതിരെ വടക്കനച്ചനും എ.കെ.ജിയും കൂടി യോജിച്ചു നടത്തിയ കൊട്ടിയൂര്‍ ജാഥയായിരുന്നു. കെ.പി.സി.സി ബുള്ളറ്റിനില്‍ വന്ന ഒരു മുഖപ്രസംഗത്തെ വിമര്‍ശിച്ചുകൊണ്ട് 2.9.61-ലെ 'നവയുഗ'ത്തില്‍ ഇ.എം.എസ് എഴുതിയ ഒരു ലേഖനത്തില്‍ പറഞ്ഞു. 'അമരാവതിയും കൊട്ടിയൂരുമൊക്കെ പാര്‍ട്ടികളുടെ മതില്‍ക്കെട്ടുകള്‍ പൊളിച്ച് യോജിച്ച പ്രക്ഷോഭസമരങ്ങളായി ഉയര്‍ന്നതും, അവയില്‍ കമ്യൂണിസ്റ്റുകാരും വിരുദ്ധ മുന്നണിക്കാരും കൂടി യോജിച്ചു പോരാടുന്നതും അദ്ദേഹം (ബുള്ളറ്റിന്‍ പത്രാധിപര്‍) അറിഞ്ഞിട്ടില്ലായിരിക്കാം.'1964-ല്‍ കേരളത്തിലെ കോണ്‍ഗ്രസ് പിളര്‍ന്ന് കേരളാ കോണ്‍ഗ്രസ് എന്നൊരു പ്രാദേശിക പാര്‍ട്ടിയുണ്ടായി. തുടക്കത്തില്‍ അതോടൊപ്പം നേതൃനിരയില്‍ത്തന്നെയുണ്ടായിരുന്ന മന്നവും എന്‍.എസ്.എസും രണ്ടുകൊല്ലം മാത്രമേ കൂടെ നിന്നുള്ളൂ.
1967-ലെ തിരഞ്ഞെടുപ്പായപ്പോഴേയ്ക്കും അവര്‍ വീണ്ടും കോണ്‍ഗ്രസ് പക്ഷത്തെത്തി. അതിനുശേഷം പൊതുവെ പറഞ്ഞാല്‍ ക്രിസ്ത്യന്‍, പ്രത്യേകിച്ചും കത്തോലിക്കാ, ഭൂരിപക്ഷ പ്രദേശങ്ങളിലാണ് കേരളാ കോണ്‍ഗ്രസ് സജീവമായി ഉണ്ടായിരുന്നത്. കേരളാ കോണ്‍ഗ്രസിനെ കത്തോലിക്കരുടെ പാര്‍ട്ടിയായി പരിഗണിക്കുകയാണ് ഇ.എം.എസും കമ്യൂണിസ്റ്റ് നേതാക്കളും ചെയ്തത്.
'കേരളത്തിലും ഇന്ത്യയിലാകെയുമുള്ള ജനങ്ങളുടെ ജീവിതത്തെ സംബന്ധിച്ച മുഖ്യപ്രശ്നങ്ങളില്‍ കേരളാ കോണ്‍ഗ്രസ് എടുക്കുന്ന നിലപാട് കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കും മറ്റ് ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും സ്വീകരിക്കാന്‍ വയ്യാത്തതാണ്. തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധവും അതില്‍നിന്നുളവാകുന്ന സമരങ്ങളും, ഭക്ഷ്യധാന്യമടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തില്‍ മൊത്തക്കച്ചവടക്കാര്‍ക്കുള്ള സ്ഥാനം വിദ്യാഭ്യാസരംഗത്ത് സ്വകാര്യ മാനേജ്മെന്റുകള്‍ വഹിക്കുന്ന പങ്ക്, പിന്നോക്ക സമുദായക്കാര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സംവരണാനുകൂല്യം ഇങ്ങനെ ഒട്ടേറെ ജീവിത പ്രശ്നങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനത്തിന്റേതില്‍ നിന്ന് കടകവിരുദ്ധമായ നിലപാടാണ് കേരളാ കോണ്‍ഗ്രസിനുള്ളത്.' (ചിന്ത 13-7-73)
അച്യുതമേനോന്‍ മന്ത്രിസഭയില്‍ പങ്കാളിത്തമുണ്ടായിരിക്കുകയും, തിരഞ്ഞെടുപ്പില്‍ ആ മുന്നണിയില്‍ പാറപോലെ ഉറച്ചുനില്‍ക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്ത കേരളാ കോണ്‍ഗ്രസിന് ആ നിലപാടു മാറ്റാന്‍ ഏറെ സമയം വേണ്ടിവന്നില്ല. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ക്രിസ്ത്യന്‍-കമ്മ്യൂണിസ്റ്റ് സഹകരണത്തിന്റെ തുടക്കം 
-°C 