ഷീല വധക്കേസ്‌: പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു
Image79 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി
പാലക്കാട്‌: പുത്തൂര്‍ ഷീല വധക്കേസിലെ പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ കോടതി രണ്ട്‌ മജിസ്ട്രേറ്റ്‌ ടി ജി വര്‍ഗീസിന്‌ മുമ്പാകെയാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. കൊലപാതകം ആസൂത്രിതമാണെന്ന്‌ കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്‌.
 

ഷീല വധം അന്വേഷിക്കുന്ന ഡി വൈ എസ്‌ പി എം കെ പുഷ്ക്കരന്‍ വൈകീട്ട്‌ നാല്‌ മണിയോടെയാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌.കൊലപാതകം, കൊലപാതക ശ്രമം, മോഷണം, ഗൂഢാലോചന, തെളിവ്‌ നശിപ്പിക്കല്‍ എന്നിവയാണ്‌ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്‌. മുഖ്യപ്രതി സമ്പത്ത്‌ കസ്റ്റഡിയിലിരിക്കെ മരിച്ചതു കൊണ്ട്‌ മറ്റ്‌ രണ്ടുപ്രതികളായ കനകരാജിനെയും മണികണ്ഠനെയുമാണ്‌ പ്രതിസ്ഥാനത്ത്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. കനകരാജ്‌ ഒന്നാം പ്രതിയും മണികണ്ഠന്‍ രണ്ടാംപ്രതിയുമാണ്‌.

 

സമ്പത്ത്‌ കസ്റ്റഡിയിലിരിക്കെ മരിച്ചതിനാല്‍ ഇയാളെ പ്രതിപട്ടികയില്‍ നിന്ന്‌ ഒഴിവാക്കണമെന്ന ആവശ്യപ്പെടുന്ന ഹര്‍ജിയും അന്വേഷണ സംഘം ഇതോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌.261 പേജ്‌ വരുന്ന കുറ്റപത്രത്തില്‍ 79 സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്‌. സംഭവം നടന്നതിനു ശേഷം 86-ാ‍മത്തെ ദിവസമാണ്‌ അന്വേഷണ സംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്‌. ഷീല കൊല്ലപ്പെടുമ്പോള്‍ പരുക്കേറ്റ ഇവരുടെ അമ്മ കാര്‍ത്യായിനി ഉള്‍പ്പടെയുള്ള സാക്ഷികളുടെ മൊഴിയാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌.
മാര്‍ച്ച്‌ 23നാണ്‌ പുത്തൂര്‍ സായൂജ്യം വീട്ടില്‍ ജയകൃഷ്ണന്റെ ഭാര്യ ഷീല പട്ടാപ്പകല്‍ കവര്‍ച്ചക്കിടെ കൊലചെയ്യപ്പെട്ടത്‌. കരിങ്കരപ്പുള്ളി കരിപ്പാല്‍ വീട്ടില്‍ സമ്പത്ത്‌, മണികണ്ഠന്‍, കനകരാജ്‌ എന്നിവരടങ്ങുന്ന മൂന്നംഗ സംഘമാണ്‌ ഷീലയെ കൊലപ്പെടുത്തിയതെന്നാണ്‌ പൊലീസ്‌ അന്വേഷണത്തില്‍ വ്യക്തമായത്‌.

 

ഷീല കൊല്ലപ്പെട്ടതിന്‌ ഒരാഴ്ചക്കകം പ്രതികളെ മൂന്ന്‌ പേരെയും പൊലീസ്‌ പിടികൂടിയെങ്കിലും മുഖ്യപ്രതിയെന്ന്‌ പൊലീസ്‌ പറയുന്ന സമ്പത്ത്‌ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെടുകയായിരുന്നു. അതിക്രൂരമായ മര്‍ദ്ദനത്തിന്‌ ഇരയായാണ്‌ സമ്പത്ത്‌ മരിച്ചതെന്ന്‌ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. ക്ഷതമേറ്റതിന്റെ 63 പാടുകള്‍ സമ്പത്തിന്റെ ശരീരത്തിലുണ്ടായിരുന്നു. ഇതിനു പുറമെ വാരിയെല്ല്‌ ഒടിഞ്ഞ നിലയിലുമായിരുന്നു. ഡി വൈ എസ്‌ പി സി കെ രാമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ഷീല വധക്കേസ്‌ ആദ്യം അന്വേഷിച്ചിരുന്നത്‌. എന്നാല്‍ സമ്പത്ത്‌ കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന്‌ അന്വേഷണം ഡി വൈ എസ്‌ പി പുഷ്കരനെ ഏല്‍പ്പിക്കുകയായിരുന്നു.

 

സമ്പത്തിന്റെ കസ്റ്റഡി മരണത്തില്‍ ഡി വൈ എസ്‌ പിയും സി ഐയും ഉള്‍പ്പടെ 14 പേര്‍ കുറ്റക്കാരാണെന്ന്‌ ക്രൈംബ്രാഞ്ച്‌ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന്‌ ഇവരെ അന്വേഷണ വിധേയമായി സസ്്പെന്റ്‌ ചെയ്യുകയും ചെയ്തു. ഡി വൈ എസ്‌ പി രാമചന്ദ്രന്‍, സി ഐ വിപിന്‍ദാസ്‌, എസ്‌ ഐമാരായ ഉണ്ണികൃഷ്ണന്‍, രമേശ്‌ എന്നിവരുള്‍പ്പടെ 14 പേരാണ്‌ സമ്പത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട്‌ പ്രതിപട്ടികയിലുള്ളത്‌.

 

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls