| രണ്ട് വാഹാനാപകടങ്ങളില്‍ കോട്ടയത്ത് നാലു മരണം |
കോട്ടയം: കോട്ടയത്ത് രണ്ടിടങ്ങളിലായുണ്ടായ വാഹാനാപകടത്തില്‍ നാലു പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാണക്കാരിയിലും മാങ്ങാനത്തും ഇന്നലെ വെളുപ്പിനാണ് രണ്ട് അപകടങ്ങളും സംഭവിച്ചത്. കടുത്തുരുത്തിക്കടുത്ത് കാണക്കാരിയില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നിലിടിച്ച് രണ്ടുപേര്‍ മരിച്ചതാണ് ആദ്യ അപകടം. വെളുപ്പിന് നാലോടെയുണ്ടായ ഈ അപകടത്തില്‍ കാല്‍നടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ എരുമേലി കനകപ്പലം ഇളപ്പുങ്കല്‍ പരേതനായ തമ്പിക്കുട്ടി റാവുത്തരുടെ മകന്‍ ഇബ്രാഹിംകുട്ടി(48), ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഏറ്റുമാനൂര്‍ മുല്ലശേരില്‍ ഖാനികുട്ടി റാവുത്തറുടെ മകന്‍ ഷഹാസ് (34) എന്നിവരാണ് മരിച്ചത്. കാണക്കാരി ഗവണ്‍മെന്റ് ഹൈസ്കൂളിനു സമീപമാണ് അപകടം. കാറിടിച്ചു തെറിപ്പിച്ച കാല്‍നടയാത്രക്കാരന്‍ കുറുപ്പന്തറ ഇരവിമംഗലം തടത്തില്‍ സദാശിവന്‍ നായര്‍ (48) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജെസിബിയും കയറ്റിവന്ന ലോറി പഞ്ചറായതിനെത്തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഫ്ലൈയിംഗ് സ്ക്വാഡ്, കുറവിലങ്ങാട് പോലീസ്, കടുത്തുരുത്തി ഫയര്‍ഫോഴ്സ് എന്നിവര്‍ സ്ഥലത്തെത്തിയാണ് കാര്‍ പുറത്തെടുത്ത് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. കോണ്‍ക്രീറ്റ് പണി കഴിഞ്ഞ് മടങ്ങിയ വാന്‍ കഞ്ഞിക്കുഴി-പുതുപ്പള്ളി റോഡില്‍ മാങ്ങാനത്ത് തോട്ടിലേക്കു മറിഞ്ഞ് രണ്ടു പേര്‍ മരിച്ചതാണ് മറ്റൊരപകടം. പുലര്‍ച്ചെ ഉണ്ടായ ഈ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പുതുപ്പള്ളി ഇഞ്ചക്കാട്ട്പറമ്പില്‍ പ്രകാശ് (50), മണര്‍കാട് വലിയപുരയ്ക്കല്‍ സുമതി സുധാകരന്റെ മകന്‍ സന്തോഷ് (35) എന്നിവരാണ് മരിച്ചത്. പയ്യപ്പാടിയില്‍ എന്‍ജിനിയറിംഗ് കോളജിന്റെ കോണ്‍ക്രീറ്റ് പണി കഴിഞ്ഞ് മടങ്ങുകയായിരുന്നു. മാങ്ങാനം മേനാശേരിപടിക്കു സമീപത്തെ തോട്ടിലേക്കാണ് വാന്‍ മറിഞ്ഞത്. അപകടം അറിഞ്ഞെത്തിയ നാട്ടുകാര്‍ വാന്‍ വെട്ടിപ്പൊളിച്ച് ഒരാളെ രക്ഷപ്പെടുത്തി. രാത്രിയില്‍ കോണ്‍ക്രീറ്റ് പണി കഴിഞ്ഞ് പണിക്കാരെ വീട്ടിലിറക്കാന്‍ വരികയായിരുന്നു. നിയന്ത്രണം വിട്ട വാന്‍ റോഡിനു വലതുവശത്തേക്കു പാഞ്ഞ് കലുങ്കിനു സമീപത്തെ പോസ്റ്റ് ഇടിച്ചു തകര്‍ത്ത് തോട്ടിലേക്ക് കുത്തനെ മറിയുകയായിരുന്നു. വാന്‍ ഡ്രൈവര്‍ പുതുപ്പള്ളി സ്വദേശി ബിനീഷ്, മറ്റൊരു തൊഴിലാളി ഷാജി എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാങ്ങാനം സ്വദേശി സുമയാണ് മരിച്ച സന്തോഷിന്റെ ഭാര്യ. നന്ദന, നയന, നവീന എന്നിവരാണ് മക്കള്‍. സഹോദരങ്ങള്‍: ഉഷ, സുരേഷ് (നേവി), പ്രമീള, സിന്ധു, സുഭാഷ് (സുബി). സുലോചനയാണ് പ്രകാശിന്റെ ഭാര്യ. ഉഷ, നിഷ, ഉല്ലാസ് (ഗോവ) എന്നിവരാണ് മക്കള്‍. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കോട്ടയം: കോട്ടയത്ത് രണ്ടിടങ്ങളിലായുണ്ടായ വാഹാനാപകടത്തില്‍ നാലു പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാണക്കാരിയിലും മാങ്ങാനത്തും ഇന്നലെ വെളുപ്പിനാണ് രണ്ട് അപകടങ്ങളും സംഭവിച്ചത്. 
-°C 