കെ എസ്‌ യു നേതാക്കള്‍ക്ക്‌ നേരെ പൊലീസിന്റെ ക്രൂരത
Imageകണ്ണൂര്‍: സി എം എസ്‌ കോളേജില്‍ അക്രമം നടത്തുമ്പോള്‍ നോക്കിനിന്ന പോലീസ്‌ കണ്ണൂരില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്‌ മുന്നില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നം അവതരിപ്പിക്കാന്‍ ചെന്ന കെ എസ്‌ യു നേതാക്കളെ ബലമായി വലിച്ചിഴച്ച്‌ കസ്റ്റഡിയില്‍ എടുക്കുകയും

കെ എസ്‌ യു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ റിജില്‍ മാക്കുറ്റിയെ കള്ളക്കേസുകളുടെ പേരില്‍ ജയിലലടക്കുകയും ചെയ്തു. ഇന്നലെ കണ്ണൂര്‍ ഡി ഡി ഓഫീസിലാണ്‌ സംഭവം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ്‌ ഹനീഷ്‌ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന്‌ അറിഞ്ഞ്‌ കെ എസ്‌ യു നേതാക്കള്‍ അദ്ദേഹത്തെ വിവരം ധരിപ്പിക്കാന്‍ ചെന്നതായിരുന്നു. ഒരു മാസമായിട്ടും പാഠപുസ്തക വിതരണം നടക്കാത്തതും ഒമ്പതാം ക്ലാസില്‍ ആറു മാസം കഴിഞ്ഞ്‌ നല്‍കേണ്ട പുസ്തകത്തിന്‌ മുന്‍കൂറായി പണം വാങ്ങുന്നതും നിലവാരം കുറഞ്ഞ കടലാസില്‍ പാഠപുസ്തകം അച്ചടിച്ചതും ശ്രദ്ധയില്‍പ്പെടുത്താനെത്തിയ കെ എസ്‌ യു നേതാക്കളെയാണ്‌ പോലീസ്‌ അകാരണമായി ബലം പ്രയോഗിച്ച്‌ കസ്റ്റഡിയിലെടുത്തത്‌.

 

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നം മനസിലാക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഈ മാസം 30നകം പാഠപുസ്തകം വിതരണം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്നും പാഠപുസ്തക അച്ചടിയില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നും ഉറപ്പ്‌ നല്‍കി. വളരെ സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കെയാണ്‌ ടൗണ്‍ എസ്‌ ഐ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസുകാര്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക്‌ കടന്നതും ബലപ്രയോഗം നടത്തിയതും. കെ എസ്‌ യു നേതാക്കളെ മര്‍ദ്ദിച്ച്‌ വാഹനത്തിലേക്ക്‌ വലിച്ച്‌ കയറ്റി എസ്‌ ഐയും സംഘവും സ്റ്റേഷനിലേക്ക്‌ കൊണ്ടുപോവുകയായിരുന്നു.

 

കെ എസ്‌ യു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ റിജില്‍മാക്കുറ്റി, ജില്ലാ നേതാക്കളായ സുധീപ്‌ ജെയിംസ്‌, ദിനേഷ്‌ ചുള്ള്യാന്‍, കെ കെ ധനേഷ്‌, കെ അനുശ്രി, കെ പി റഷീദ്‌, രാഹുല്‍ പൂഴാതി എന്നിവരാണ്‌ പൊതു വിദ്യാഭ്യാസ ഡയറക്ടറെ കാണനെത്തിയത്‌. സമാധാനപരമായ അന്തരീക്ഷത്തില്‍ ഡി ഡി ഓഫീസില്‍ ചര്‍ച്ചക്കെത്തിയ നേതാക്കളെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ്‌ ഡി സി സി പ്രസിഡന്റ്‌ പി രാമകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ ടൗണ്‍ സ്റ്റേഷനിലെത്തി. കെ എസ്‌ യു നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ വകുപ്പൊന്നുമില്ലെന്ന്‌ പറഞ്ഞ പോലീസ്‌ റിജില്‍ മാക്കുറ്റിയെ മാത്രം പഴയ കേസില്‍ വാറണ്ടുണ്ടെന്ന്‌ പറഞ്ഞ്‌ അറസ്റ്റ്‌ ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്യിക്കുകയായിരുന്നു.

 

കെ എസ്‌ യു നേതാക്കളോട്‌ പകതീര്‍ക്കുകയായിരുന്നു പോലീസ്‌. എസ്‌ എഫ്‌ ഐ, ഡി വൈ എഫ്‌ ഐ ജില്ല-സംസ്ഥാന നേതാക്കള്‍ക്ക്‌ പല കേസുകളിലായി വാറണ്ട്‌ നിലവിലുണ്ട്‌. കണ്ണൂരില്‍ പോലീസിന്റെ കണ്‍വെട്ടത്ത്‌ വിഹരിക്കുന്ന ഇവരെയൊന്നും തൊടാന്‍ ധൈര്യം കാണിക്കാത്ത പോലീസ്‌ ഇന്നലെ കെ എസ്‌ യു നേതാക്കളുടെ സമാധാനപരമായ സമരത്തെ അക്രമ സമരമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതു പൊളിഞ്ഞപ്പോള്‍ പഴയ കേസുകളുടെ കണക്കെടുത്ത്‌ റിജില്‍മാക്കുറ്റിയെ ജയിലലടക്കുകയാണ്‌ ചെയ്തത്‌. സംഭവത്തില്‍ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, കെ സുധാകരന്‍ എം പി, എന്‍ എസ്‌ യു അഖിലേന്ത്യാ പ്രസിഡന്റ്‌ ഹൈബി ഈഡന്‍, കെ എസ്‌ യു സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പില്‍, ഡി സി സി പ്രസിഡന്റ്‌ പി രാമകൃഷ്ണന്‍ എന്നിവര്‍ പ്രതിഷേധിച്ചു.

 

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls