|
തദ്ദേശസ്ഥാപനങ്ങള്‍ വരുമാനമുണ്ടാക്കാന്‍ പുതിയ മേഖല കണ്ടെത്തണം: മന്ത്രി |
|
തിരുവനന്തപുരം: ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാതെ തന്നെ വരുമാനം വര്‍ധിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ പുതിയ മേഖലകള്‍ കണ്ടെത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി നിര്‍ദ്ദേശിച്ചു.
ആവശ്യങ്ങള്‍ വര്‍ധിക്കുന്നതനുസരിച്ച് സാമ്പത്തികസ്ഥിതി മെച്ചപ്പെടാത്തതിനാല്‍ ഗ്രാമീണമേഖലയിലെ പ്രശ്നങ്ങള്‍ ഫലപ്രദമായി പരിഹരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നാലാമത് സംസ്ഥാനധനകാര്യ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് സംബന്ധിച്ച ചര്‍ച്ച മസ്ക്കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വികസനം ഒരു തുടര്‍പ്രക്രിയ ആയതിനാലും ജനങ്ങളുടെ ആവശ്യങ്ങള്‍ വര്‍ധിച്ചുവരുന്നതിനാലും ക്രമാനുഗതമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയണം. അതിനു സഹായകമായ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ നിന്നുയര്‍ന്നു വരണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാഹചര്യങ്ങളുമായി ഒത്തുപോകാത്തതിനാല്‍ പല കേന്ദ്രാവിഷ്കൃതപദ്ധതികളുടെയും പ്രയോജനം പൂര്‍ണ്ണതോതില്‍ ലഭിക്കുന്നില്ല. പി എം ജി എസ് വൈ, തൊഴിലുറപ്പ്, ജെ എന്‍ എന്‍ യു ആര്‍ എം എന്നിവ ഉദാഹരണങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അധികാരവികേന്ദ്രീകരണം നടത്തുന്നതില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകാന്‍ കേരളത്തിനു കഴിഞ്ഞു.മൂന്നാമത് ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ പൂര്‍ണ്ണമായി നടപ്പാക്കിയതും കേരളമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.കമ്മീഷന്‍ ചെയര്‍മാന്‍ എം എ ഉമ്മന്‍, രണ്ടാം കേന്ദ്ര ഭരണപരിഷ്കാര കമ്മീഷനംഗം വി രാമചന്ദ്രന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് ഒ പി മാഥൂര്‍, തദ്ദേശസ്വയംഭരണകട്ടറി എസ് എം വിജയാനന്ദ്, സംസ്ഥാന ധനകാര്യ കമ്മീഷനംഗം ഇഷിതാ റോയ് പങ്കെടുത്തു.
|