ഷാജഹാന്‍ വീണ്ടും ആഞ്ഞടിക്കുന്നു; സിപിഎം ഭീഷണിക്ക്‌ പുല്ലുവില

Imageനിസാര്‍ മുഹമ്മദ്‌
തിരുവനന്തപുരം:
സിപിഎമ്മിന്റെ ഭീഷണി മുഖവിലയ്ക്കെടുക്കാതെ വിഎസ്‌ അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി കെഎം ഷാജഹാന്‍ വീണ്ടും പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്‌.

മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും വിമര്‍ശിച്ച്‌ ചാനലുകളിലും വാരികയിലും വിവാദ അഭിമുഖം നല്‍കിയതിന്റെ പേരില്‍ സി-ഡിറ്റിലെ വെബ്‌ സര്‍വീസ്‌ ടീം ലീഡറായ ഷാജഹാനെതിരെ നടപടിയെടുക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ഇദ്ദേഹത്തിനെതിരെ സി-ഡിറ്റ്‌ നോട്ടീസ്‌ നല്‍കിയിരുന്നു. എന്നാല്‍ ഇത്‌ അവഗണിച്ച്്‌ ഷാജഹാന്‍ വീണ്ടും പാര്‍ട്ടിയെ വിമര്‍ശിച്ച്‌ ഇന്നലെ ജയ്ഹിന്ദ്‌ ചാനലിന്‌ അഭിമുഖം നല്‍കി. തനിക്കെതിരെ നടപടിയെടുത്താല്‍ നിയമപരമായി നേരിടുമെന്നും വരുമാനമില്ലാതാക്കിയാലും പാര്‍ട്ടിയിലെ ജീര്‍ണതയ്ക്കെതിരെ പോരാടുമെന്നും ഷാജഹാന്‍ അഭിമുഖത്തില്‍ തുറന്നടിച്ചു. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെതിരെ ശക്തമായ ഭാഷയിലാണ്‌ അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്‌.


പാര്‍ട്ടിക്കുള്ളിലെ വ്യതിയാനങ്ങള്‍ക്കെതിരെയും ജീര്‍ണതയ്ക്കെതിരെയും അഭിപ്രായം പറയുന്നവരുടെ വരുമാനമാര്‍ഗം ഇ്ല‍്ലാതാക്കുന്നത്‌ എന്തുതരം കമ്മ്യൂണിസമാണെന്ന്‌ തനിക്ക്‌ മനസ്സിലാകുന്നില്ലെന്ന്‌ ഷാജഹാന്‍ പറയുന്നു. സിപിഎമ്മിന്‌ ആര്‍ജവമുണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളിലെ നയവ്യതിയാനങ്ങള്‍ക്കെതിരെയാണ്‌ നടപടിയെടുക്കേണ്ടത്‌. തനിക്കെതിരെയുള്ള നടപടി പ്രസക്തമല്ല. സി-ഡിറ്റ്‌ സ്വയംഭരണ സ്ഥാപനമാണ്‌. അവിടെ ജോലി ചെയ്യുമ്പോള്‍ രാഷ്ട്രീയം പറയുന്നതില്‍ തെറ്റില്ലെന്നാണ്‌ തന്റെ വിശ്വാസം. സി-ഡിറ്റിന്റെ പെരുമാറ്റച്ചട്ടത്തില്‍ സിപിഎമ്മിന്റെ ഭീഷണി വിലപ്പോവില്ല. തനിക്കെതിരെ നടപടിയുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നില്ല. സി-ഡിറ്റില്‍ നിന്ന്‌ തന്നെ പുറത്താക്കി വരുമാനം ഇല്ലാതാക്കാന്‍ ഈ നേതൃത്വം താല്‍ക്കാലികമായി വിജയിച്ചാല്‍ പോലും അതിനെതിരെ നിയമനടപടി സ്വീകരിക്കും. മാത്രമല്ല താന്‍ തന്നെയായിരിക്കും കോടതിയില്‍ ഈ കേസ്‌ വാദിക്കുകയെന്നും ഷാജഹാന്‍ പറയുന്നു.

തന്റെ ജോലി കളയാനുള്ള ശ്രമം ആദ്യമായല്ല നടക്കുന്നത്‌. ഇതിന്‌ മുമ്പ്‌ പലതവണ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടന്നിട്ടുണ്ട്‌. കേരളാ യൂണിവേഴ്സിറ്റിയിലെ ബിഎഡ്‌ സെന്ററില്‍ കരാര്‍ ജീവനക്കാരിയായ, എംഎ ബിഎഡ്കാരിയായ തന്റെ ഭാര്യയുടെ ജോലി കളയാനായി കഴിഞ്ഞ അഞ്ചുവര്‍ഷമായി ചില കുട്ടിസഖാക്കള്‍ ശ്രമിക്കുകയാണ്‌.
ഇനി ഞങ്ങളുടെ രണ്ടാളുടെയും ജോലി കളഞ്ഞാലും പാര്‍ട്ടിയിലെ ജീര്‍ണതയ്ക്കെതിരെയുള്ള പോരാട്ടം തുടരും. ജോലിയില്‍ നിന്ന്‌ പുറത്താക്കിയാല്‍ പോരാട്ടം ശക്തിപ്പെടുകയേയുള്ളൂവെന്നും ഷാജഹാന്‍ തുറന്നടിക്കുന്നു.


പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെതിരെയും അതിരൂക്ഷമായ കടന്നാക്രമണമാണ്‌ ഷാജഹാന്‍ അഭിമുഖത്തില്‍ നടത്തിയിരിക്കുന്നത്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ്‌ നേതാവാണ്‌ പിണറായി വിജയനെന്ന്‌ ഷാജഹാന്‍ പറയുന്നു. തനിക്ക്‌ പിണറായിയെ പേടിയില്ല. 1964-ല്‍ സിപിഎം ഉണ്ടായതിന്‌ ശേഷം പാര്‍ട്ടിയെ തകര്‍ത്ത്‌ ഛിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്ന നേതാവാണ്‌ പിണറായി. തന്നെ വ്യക്തിപരമായി ഏറെ വേദനിപ്പിച്ചിട്ടുണ്ട്‌. അഞ്ചാറു വര്‍ഷക്കാലമായി തന്റെ സമരത്തിന്റെ കുന്തമുന പിണറായിയുടെ നേര്‍ക്കാണെന്നും ഷാജഹാന്‍ പറയുന്നു. വിഎസിന്റെ ശത്രു പ്രതിപക്ഷമല്ല, മറിച്ച്‌ സിപിഎമ്മാണ്‌. പാര്‍ട്ടി തന്നെയാണ്‌ അദ്ദേഹത്തിന്റെ പ്രധാനശത്രു.


തോറ്റുതുന്നം പാടിയാലും വിഎസിനെ ഇല്ലായ്മ ചെയ്യാനും ചവിട്ടിത്തേയ്ക്കാനുമാണ്‌ സിപിഎമ്മിന്റെ ശ്രമം. അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ്‌ സിപി നാരായണനെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം. വിഎസിനോട്‌ അന്ധമായ ആരാധനയില്ല. അദ്ദേഹത്തെ വിമര്‍ശിക്കുന്നതോടൊപ്പം നല്ലകാര്യങ്ങളെ അഭിനന്ദിക്കാറുണ്ടെന്നും ഷാജഹാന്‍ വ്യക്തമാക്കുന്നു.



 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls