|
പാര്‍ലമെന്ററി വ്യാമോഹം പാര്‍ട്ടിയിലെ വിഭാഗീയതയ്ക്ക് കാരണം: സിപിഎം |
|
തിരുവനന്തപുരം: കേരളത്തില്‍ പാര്‍ട്ടിയിലെ വിഭാഗീയതയ്ക്ക് പ്രധാന കാരണം പാര്‍ലമെന്ററി വ്യാമോഹമാണെന്ന് പരാമര്‍ശിക്കുന്ന സിപിഎമ്മിന്റെ തെറ്റുതിരുത്തല്‍ രേഖ പ്രസിദ്ധീകരിച്ചു. അധികാര സ്ഥാനങ്ങള്‍ക്കായി പാര്‍ട്ടിയ്ക്കുള്ളില്‍ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും പിന്തുണ തേടുന്നത് ജനാധിപത്യ കേന്ദ്രീകരണമെന്ന പാര്‍ട്ടിതത്വത്തിന്റെ നഗ്നമായ ലംഘനമാണ്.
ഉദാരവത്ക്കരണവും മുതലാളിത്തവും പാര്‍ട്ടി നേതാക്കളെയും അണികളെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഈ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കണം. ഇതിനായി ഏഴ് നിര്‍ദ്ദേശങ്ങളാണ് തെറ്റുതിരുത്തല്‍ രേഖയിലുള്ളത്. പാര്‍ലമെന്ററി സ്ഥാനങ്ങളിലേക്ക് പരമാവധി മത്സരിക്കാവുന്നത് മൂന്ന് തവണയായി നിജപ്പെടുത്തും. ഫണ്ട് പിരിവിന് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൊണ്ട് വരും. അഴിമതിയുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. പിബി മുതല്‍ ലോക്കല്‍ കമ്മറ്റിവരെയുള്ള നേതാക്കള്‍ സ്വത്തുവിവരം പാര്‍ട്ടിയെ അറിയിക്കണം. വീടുകള്‍ നിര്‍മ്മിക്കുന്നതിനും കാര്‍ ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ വാങ്ങുന്നതിനും മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് മുന്‍കൂര്‍ അനുവാദം വാങ്ങണമെന്നും രേഖയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. വിഭാഗീയത ഇല്ലാതാക്കാന്‍ ജനാധിപത്യ കേന്ദ്രീകരണത്തെക്കുറിച്ച് പാര്‍ട്ടിയംഗങ്ങളെ കൂടുതല്‍ ബോധവാന്‍മാരാക്കണം. വിഭാഗീയത പ്രവണതകള്‍ കര്‍ശനമായി തടയുമ്പോള്‍ തന്നെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും രേഖ നിര്‍ദ്ദേശിക്കുന്നു. ആഡംബര ജീവിത രീതി, മക്കളുടെ വിവാഹത്തിന് വന്‍തുക ചിലവഴിക്കല്‍, വലിയ വീടുകള്‍,വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം തുടങ്ങിയവ നേതാക്കളില്‍ കൂടിവരികയാണെന്നും ഇത് കര്‍ശനമായി തടയണമെന്നും രേഖയിലുണ്ട്. മേല്‍ ഘടകങ്ങളുടെ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ച് കീഴ്ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രവണത വളരുന്നുവെന്നും രേഖയില്‍ പറയുന്നു. |