നയപ്രഖ്യാപന വിവാദം: സര്‍ക്കാരിന്‌ ഗവര്‍ണര്‍ വീണ്ടും കത്ത്‌ നല്‍കും

Imageതിരുവനന്തപുരം: മന്ത്രിസഭാ യോഗം പൂര്‍ണമായി അംഗീകരിക്കാത്ത നയപ്രഖ്യാപന പ്രസംഗത്തെ സംബന്ധിച്ച്‌ വിശദീകരണം നല്‍കാത്ത സാഹചര്യത്തില്‍ ഇന്നോ നാളെയോ ഗവര്‍ണര്‍ വീണ്ടും മുഖ്യമന്ത്രിക്ക്‌ കത്തു നല്‍കും. ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടു സര്‍ക്കാരിനു കത്തു നല്‍കിയിട്ട്‌ ഇന്ന്‌ 28 ദിവസമാകുന്നു.

ഇതിനിടയില്‍ ചേര്‍ന്ന നാലു മന്ത്രിസഭാ യോഗങ്ങളിലും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയോ ഗവര്‍ണര്‍ക്ക്‌ ഔദ്യോഗികമായി വിശദീകരണം നല്‍കുകയോ ചെയ്തില്ല. വീണ്ടും ഗവര്‍ണര്‍ ആര്‍.എസ്‌.ഗവായ്‌ സര്‍ക്കാരിനു കത്തയക്കുന്നതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണമാകും. ഭരണഘടനാ പ്രശ്നമായതിനാല്‍ സര്‍ക്കാര്‍ ഇതുവരെ നിയമോപദേശം തേടുകയായിരുന്നു. എന്നാല്‍ ഒരുമാസത്തോളമായിട്ടും വിശദീകരണം നല്‍കാത്തതില്‍ രാജ്ഭവന്‍ കടുത്ത അതൃപ്തിയാണ്‌ പ്രകടിപ്പിക്കുന്നത്‌. ഇക്കാര്യത്തില്‍ ഇനിയും കാത്തിരിക്കുന്നില്ലെന്നും ഒരിക്കല്‍ കൂടി വിശദീകരണം ആവശ്യപ്പെട്ടു കത്തയക്കാനുമാണ്‌ തീരുമാനമെന്നാണ്‌ രാജ്ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 

ഇതിനിടെ ഇക്കാര്യത്തില്‍ സി.പി.എം മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തുക കൂടി ചെയ്തതോടെ മുഖ്യമന്ത്രിയെന്ന നിലയില്‍ വീഴ്ചപറ്റിയതില്‍ വി.എസ്‌ ഖേദം പ്രകടിപ്പിക്കുമെന്ന സൂചന ലഭിച്ചിരുന്നു. എന്നാല്‍ അഡ്വക്കേറ്റ്‌ ജനറല്‍ സി.പി. സുധാകരപ്രസാദ്‌ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയെ കൈവെടിഞ്ഞതോടെ വിശദീകരണം സംബന്ധിച്ച്‌ സര്‍ക്കാര്‍ തീരുമാനം വൈകുകയായിരുന്നു.
നയപ്രഖ്യാപന പ്രസംഗം മന്ത്രിസഭായോഗം അംഗീകരിച്ചതല്ലെന്നു ജോസഫ്‌ എം പുതുശേരി എം.എല്‍.എക്കു വിവരാവകാശ നിയമപ്രകാരം ചീഫ്‌ സെക്രട്ടറി മറുപടി നല്‍കിയതോടെയാണ്‌ സംഭവം വിവാദമായത്‌. നയപ്രഖ്യാപന പ്രസംഗം മന്ത്രിസഭാ ഉപസമിതി മാത്രമേ കണ്ടിരുന്നുള്ളൂ. ഈ സമിതി പൂര്‍ണമാക്കിയ പ്രസംഗം ഫെബ്രുവരി 17-നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യാനിരുന്നതാണ്‌. എന്നാല്‍ സമയക്കുറവു കാരണം പ്രസംഗം പൂര്‍ണമായി വായിച്ചില്ല. പ്രസംഗം അംഗീകരിച്ചെന്ന തീരുമാനം മന്ത്രിസഭാ നോട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നതുമില്ല.


സമ്പൂര്‍ണ മന്ത്രിസഭാ യോഗം നയപ്രഖ്യാപനം അംഗീകരിക്കണമെന്നാണു ചട്ടം. ഉപസമിതി തയാറാക്കി സമര്‍പ്പിക്കുന്ന പ്രസംഗം ഓരോ വരിയും വായിച്ചുവേണം അംഗീകരിക്കേണ്ടത്‌. തുടര്‍ന്നാകണം ഗവര്‍ണര്‍ക്കു സമര്‍പ്പിക്കേണ്ടത്‌. ഗവര്‍ണര്‍ക്കു പ്രസംഗം നല്‍കുമ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നു വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും നയപ്രഖ്യാപന പ്രസംഗം രാജ്ഭവനില്‍ എത്തിച്ചപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്ന കുറിപ്പ്‌ ഫയലില്‍ വച്ചിരുന്നു. മന്ത്രിസഭ അംഗീകരിക്കാത്ത പ്രസംഗം സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന നടപടിയായിരുന്നു ഇത്‌. സംസ്ഥാന ഭരണത്തലവനെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചതു ഭരണഘടനാപരമായി ഗുരുതര കുറ്റമാണ്‌.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls