|
എല്‍ ഡി എഫ് മുങ്ങുന്ന കപ്പല്‍: ഉമ്മന്‍ ചാണ്ടി |
|
ന്യൂഡല്‍ഹി: എല്‍.ഡി.എഫ് മുങ്ങുന്ന കപ്പലാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. മുങ്ങുന്ന കപ്പലിലെ എല്ലാവര്‍ക്കും നല്‍കാന്‍ യു.ഡി.എഫിന്റെ പക്കല്‍ ലൈഫ് ജാക്കറ്റുകളില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളാഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നേരത്തേ തന്നെ നഷ്ടപ്പെട്ടു. ഘടകകക്ഷികള്‍ ഈ രാഷ്ട്രീയ യാഥാര്‍ത്ഥ്യം ഇപ്പോള്‍ തിരിച്ചറിയുന്നു. എല്‍.ഡി.എഫെന്ന മുങ്ങുന്ന കപ്പലില്‍ നിന്നും രക്ഷപെടാനാണ് ഇപ്പോള്‍ എല്ലാവരും ശ്രമിക്കുന്നത്. വിജയസാധ്യതയും അര്‍ഹതയും നോക്കിയാകും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുക. രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്താനാണ് സി.പി.എം തദ്ദേശ സ്വായംഭരണ സ്ഥാപനങ്ങളെ ഉപയോഗിക്കുന്നത്. അര്‍ഹത നോക്കി നല്‍കേണ്ട സേവനങ്ങള്‍ പാര്‍ട്ടി നോക്കി നല്‍കുന്നുവെന്ന പരാതി കേരളത്തില്‍ വ്യാപകമാണ്. ഇത് ക്രൂരമായ സമീപനമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ അര്‍ഹതയുടെ പേരിലായിരിക്കണം. പാര്‍ട്ടി ഏതായാലും അര്‍ഹിക്കുന്നവര്‍ക്ക് അത് ലഭിക്കണം. സാമാന്യനീതി നിഷേധിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം പല സ്ഥലത്തും തിരിച്ചടി ഉണ്ടാക്കയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഏറ്റവും മെച്ചപ്പെട്ട സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനും, ഉത്പാദന മേഖലയില്‍ ഉള്‍പ്പെടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കുക എന്നതിനുമാകും യു.ഡി.എഫ് ഏറ്റവു കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|