|
എച്ച് വണ്‍ എന്‍ വണ്‍ വൈറസ് കേരളത്തില്‍ പടരുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്; അനങ്ങാപ്പാറ നയവുമായി ആരോഗ്യവകുപ്പ്
ജോയി മാരൂര്‍ കാസര്‍കോട്: ഈ മഴക്കാലത്ത് സംസ്ഥാനത്ത് എച്ച്1 എന്‍ 1 (പന്നിപ്പനി) വന്‍തോതില്‍ പടരുമെന്ന് ലോകാരാഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് സംസ്ഥാനമാകെ പ്രതിരോധ നടപടി ഊര്‍ജിതമാക്കേണ്ട ആരോഗ്യവകുപ്പ് മുന്നറിയിപ്പിനെ വേണ്ടത്ര ഗൗരവത്തില്‍ എടുത്തിട്ടില്ലെന്ന ആക്ഷേപവും ഉണ്ട്.സംസ്ഥാനമൊട്ടാകെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവെപ്പിനുള്ള നിര്‍ദേശം നല്‍കിയതിനപ്പുറം സമഗ്രമായ എന്തെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ ആരോഗ്യവകുപ്പ് മുന്‍കൈ എടുത്തിട്ടില്ല. 17 മുതല്‍ 22 വരെ സംസ്ഥാനത്തെ ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, പ്രധാന സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കുത്തിവെപ്പെടുക്കാനാണ് നീക്കം. പന്നിപ്പനി പ്രതിരോധിക്കാനുള്ള പനന്‍സാ വാക്സിന്‍ നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് നല്‍കുക. ഒരു ഡോസ് വാക്സിന് മുന്നൂറ് രൂപയാണ് വില. സര്‍ക്കാര്‍ ആശുപത്രികളില്‍ക്കൂടി മാത്രമാണ് പനന്‍സാ വാക്സിന്‍ ലഭിക്കുന്നത്. മൂന്നുമാസത്തിനുള്ളില്‍ സ്വകാര്യ ആശുപത്രികളില്‍ വിതരണത്തിനെത്തിയേക്കും. പന്നിപ്പനി ബാധിച്ചവര്‍ക്കുള്ള ഗുളിക സ്വകാര്യ മെഡിക്കല്‍ ഷോപ്പുകള്‍ വഴി ഇപ്പോള്‍ വാങ്ങാന്‍ കിട്ടും. പന്നിപ്പനി സ്ഥീരീകരണ പരിശോധനയ്ക്ക് ഇപ്പോള്‍ ചെലവാകന്നത് 5000 രൂപയാണ്. ചികിത്സയ്ക്ക് മുന്നോടിയായി സാധാരണക്കാര്‍ക്ക് ഇത്രയും വലിയ തുക താങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
പനി സ്ഥിരീകരിക്കുന്നത് രോഗബാധിതന്റെ തൊണ്ടയിലെ സ്രവം പരിശോധിച്ചാണ്. കേരളത്തില്‍ തിരുവനന്തപുരത്തെ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്നോളജിയില്‍ മാത്രമാണ് പരിശോധനാ സൗകര്യമുള്ളത്. എണ്ണം കൂടുന്തോറും ഫലം കിട്ടാന്‍ ഏറെ വൈകും. പന്നിപ്പനി പടരുമെന്നമുന്നറിയിപ്പിനെ തുടര്‍ന്ന് രോഗസ്ഥിരീകരണത്തിനുള്ള കേന്ദ്രങ്ങള്‍ കൂട്ടണമെന്ന ആവശ്യം പ്രസക്തമാകുന്നുണ്ട്. തൊണ്ടവേദനയോടുകൂടിയ പനിയാണ് പന്നിപ്പനിയുടെ ആദ്യലക്ഷണം. ഇത് ശ്രദ്ധയില്‍പ്പെട്ടാലുടന്‍ വിദഗ്ധ ചികിത്സതേടിയില്ലെങ്കില്‍ അപകടസാധ്യത ഏറെയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
വായുവില്‍കൂടിയാണ് രോഗം പകരുന്നതെന്നതുകൊണ്ടുതന്നെ പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടുതലാണ്. പൂര്‍ണ ആരോഗ്യവാനായ ഒരാള്‍ക്ക് രോഗം പിടിപെട്ടാല്‍ ചികിത്സിച്ചുമാറ്റാമെന്നിരിക്കെ മറ്റസുഖങ്ങള്‍ ഉള്ളവര്‍ക്ക് ബാധിച്ചാല്‍ ഗുരുതരമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ സീസണില്‍ പന്നിപ്പനി പടര്‍ന്നുപിടിച്ചപ്പോള്‍ രാജ്യത്ത് നൂറുകണക്കിനുപേരാണ് ഇങ്ങനെ മരണമടഞ്ഞത്. കേരളത്തിലും ജീവഹാനിയുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ജാഗരൂകരായില്ലെങ്കില്‍ കേരളത്തിന് വന്‍ദുരന്തം നേരിടേണ്ടിവരും. |